Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജർമനിക്കും ഡെന്മാർക്കിനും ഏറെ വൈകാതെ റഫറണ്ടം നടത്തേണ്ടി വന്നേക്കും; കൂടുതൽ അവകാശങ്ങൾ ലഭിച്ചില്ലെങ്കിൽ വിട്ട് പോകാൻ ആലോചിച്ച് ഡെന്മാർക്ക്

ജർമനിക്കും ഡെന്മാർക്കിനും ഏറെ വൈകാതെ റഫറണ്ടം നടത്തേണ്ടി വന്നേക്കും; കൂടുതൽ അവകാശങ്ങൾ ലഭിച്ചില്ലെങ്കിൽ വിട്ട് പോകാൻ ആലോചിച്ച് ഡെന്മാർക്ക്

ബ്രെക്സിറ്റിനെ തുടർന്ന് യൂറോപ്യൻ യൂണിയനിൽ പെട്ട വിവിധ രാജ്യങ്ങളിൽ തീവ്ര വലത് പക്ഷ കക്ഷികൾ ഊർജസ്വലമാവുകയും അവർ യൂണിയനിൽ നിന്ന് വിട്ട് പോകാൻ അതാത് രാജ്യങ്ങളിൽ ശക്തമായ ശ്രമങ്ങൾ നടത്താനുമാരംഭിച്ചപ്പോഴും അംഗങ്ങളെ യോജിപ്പിച്ച് നിർത്തി യൂണിയനെ ശക്തിപ്പെടുത്താനാണ് ജർമൻ ചാൻസലർ ഏയ്ജല മെർകലിന്റെ നേതൃത്വത്തിൽ യൂണിൻ നേതാക്കൾ ഇക്കഴിഞ്ഞ ദിവസങ്ങളിലായി ശ്രമിച്ച് വരുന്നത്. യൂണിയനിലെ രാജ്യങ്ങളെ വിവിധ രംഗങ്ങളിൽ സഹകരിപ്പിച്ച് ഒരു യൂറോപ്യൻ സൂപ്പർസ്റ്റേറ്റ് നിർമ്മിക്കാൻ വരെ അവർ ആലോചന ആരംഭിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പാളയത്തിൽ പട എന്ന പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുകയാണ് മെർകലിന്.യൂറോപ്യൻ യൂണിയൻ അടിമത്തത്തിൽ നിന്നും ജർമൻ ജനതയെ മോചിപ്പിക്കണമെന്നും അതിനായി റഫറണ്ടം നടത്തണമെന്നുമുള്ള ആവശ്യമാണിപ്പോൾ ഇവിടെ ഉയർന്ന് വന്നിരിക്കുന്നത്.അതുപോലെ തന്നെ യൂണിയൻ വിരുദ്ധത ഡെന്മാർക്കിലും ഉയർന്ന് വന്നിട്ടുണ്ട്. കൂടുതൽ അവകാശങ്ങൾ ലഭിച്ചില്ലെങ്കിൽ റഫറണ്ടം നടത്തി യൂണിയനിൽ നിന്നും വിട്ട് പോകാൻ ഡെന്മാർക്കും ആലോചിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

ജർമനിയിലെ തീവ്ര വലത് പക്ഷ പാർട്ടിയായ ആർട്ടർനേറ്റീവ് ഫോർ ജർമനി(എഎഫ്ഡി) ആണ് ഇവിടെ റഫറണ്ടം നടത്താൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്. അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ തങ്ങൾ സ്ഥാനാർത്ഥികളെ നിർത്തുമെന്നും അതിലൂടെ ജർമൻ പാർലിമെന്റിലെത്തി ഡെക്സിറ്റിന് വേണ്ടി സമ്മർദം ചെലുത്തുമെന്നാണ് പാർട്ടി വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രസൽസിന്റെ ബ്യൂറോക്രസി ഭീകരമാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഡ്യൂറ്റ്സ്‌ക് ലാൻഡ് അഥവാ ജർമനി യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് കടക്കുന്ന പ്രക്രിയ എന്ന നിലയിലാണ് പാർട്ടി ഡെക്സിറ്റ് എന്ന പദം ഉയർത്തിക്കൊണ്ട് വരുന്നത്. യൂറോപ്യൻ യൂണിയൻ അടിമത്തത്തിൽ നിന്നും മോചിപ്പിക്കപ്പെടാൻ ജർമനിയിലെ ജനത ആഗ്രഹിക്കുന്നുവെന്ന് തനിക്കറിയാമെന്നാണ് എഎഫ്ഡി ചെർമാൻ ബ്ജോൺ ഹോക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.

അനധികൃതമായി ജർമനിയിലേക്ക് കുടിയേറുന്നവർക്കെതിരെ ജർമൻ പൊലീസ് വെടി വയ്ക്കണമെന്ന ആഹ്വാനമുയയർത്തി ഈ വർഷം ആദ്യം പാർട്ടി നേതാവ് ഫ്രൗക്കെ പെട്രി വൻ വിവാദമാണ് ഉയർത്തിയിരുന്നത്. ബ്രസൽസുമായി കർക്കശമായി വിലപേശിയ ബ്രിട്ടന്റെ നിലപാടിൽ അവർ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. യൂണിയന്റെ ബ്യൂറോക്രസി മേധാവിത്വം എന്നിവയിൽ മടുത്താണ് ബ്രിട്ടൻ യൂണിയൻ വിട്ട് പോകുന്നതെന്നും എന്നിട്ടും ബ്രസൽസ് നേതൃത്വം തെറ്റായ പാതയിൽ നിന്നും മാറാൻ തയ്യാറായിട്ടില്ലെങ്കിൽ കൂടുതൽ യൂണിയൻ രാജ്യങ്ങൾ ഈ കൂട്ടായ്മയിൽ നിന്നും വിട്ട് പോയി സ്വാതന്ത്ര്യം തിരികെ നേടുമെന്നും അവർ ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്.രാജ്യങ്ങളുടെ പരമാധികാരം മാനിച്ച് കൊണ്ടുള്ള ഒരു മാറ്റത്തിന് യൂണിയൻ വിധേയമാകേണ്ട സമയമായെന്നും അവർ വാദിക്കുന്നു.കാര്യങ്ങൾ ഇത്തരതത്തിൽ പുരോഗതിക്കുന്നുണ്ടെങ്കിലും ജർമനിയിൽ റഫറണ്ടം നടത്തുകയെന്നത് ലളിതമായ ഒരു കാര്യമല്ലെന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്.യുദ്ധാനന്തരം രൂപീകരിക്കപ്പെട്ട രാജ്യത്തെ ഭരണഘടന റഫറണ്ടം നടത്തുന്നതിന് കർക്കശമായ മാനദണ്ഡങ്ങൾ വച്ചതിനാലാണിത്.

ബ്രിട്ടന്റെ പാത പിന്തുടർന്ന് ഡെന്മാർക്കും റഫറണ്ടം നടത്തി യൂണിയനിൽ നിന്ന് വിട്ട് പോകണമെന്ന ആവശ്യമുന്നയിച്ച് ഇവിടുത്തെ തീവ്ര വലത് കക്ഷിയായ ഡാനിഷ് പീപ്പിൾ പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. യൂറോ പോളിന് യൂണിയനിലെ അംഗരാജ്യങ്ങൾക്ക് മേൽ കൂടുതൽ അധികാരം ലഭിക്കുന്നതിൽ ഡെന്മാർക്കിന് കടുത്ത എതിർപ്പുണ്ട്. ഈ ക്രിസ്മസിന് മുമ്പ് യൂറോപ്യൻ കോ ഓപ്പറേഷൻ ഓർഗനൈസേഷനിൽ പുതിയ കരാറിൽ എത്തിച്ചേരാൻ സാധിച്ചില്ലെങ്കിൽ യൂണിയനെതിരെ കലാപമുണ്ടാക്കുമെന്ന് ഡെന്മാർക്ക് മുന്നറിയിപ്പേകിയിട്ടുമുണ്ട്.

ഇത്തരം ഒരു പുതിയ കരാറിൽ യൂറോപോളുമായി എത്തിച്ചേരാൻ സാധിക്കുന്നില്ലെങ്കിൽ റഫറണ്ടം നടത്തണമെന്നാണ് ഡെന്മാർക്കിലെ 60 ശതമാനം പേരും ഒരു പുതിയ പോളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങൾക്കിനിയും ഇക്കാര്യത്തിൽ കാത്തിരിക്കാൻ സാധിക്കില്ലെന്നാണ് ലിബറലിന്റെ യൂറോപ്യൻ യൂണിയൻ വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ ഡെന്മാർക്ക് യൂണിയന്റെ നീതിന്യായ വിഷയങ്ങൾക്ക് പുറത്താണ് നിലകൊള്ളുന്നത്. യൂണിയന്റെ ക്രിമിനൽ ജസ്റ്റിസ് ആൻഡ് ഹോം അഫയേർസ് സിസ്റ്റത്തിന് വെളിയിലാണ് ഡെന്മാർക്കുള്ളത്. എന്നാൽ യൂറോപോൾ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഡെന്മാർക്കിനെയും തങ്ങളുടെ നീതിന്യായ വ്യവസ്ഥയിലേക്ക് കൊണ്ടു വരാൻ ബ്രസൽസ് സമ്മർദംചെലുത്തുന്നുണ്ട്. ഇക്കാര്യത്തിലാണ് ഡെന്മാർക്കിന് യൂണിയനോട് കടുത്ത എതിർപ്പുള്ളത്. നെതർലാൻഡ്സിലും യൂറോപ്യൻ വിരുദ്ധത ഉയർന്ന് വരുന്നുണ്ട്. ഇവിടുത്തെ മൂന്നിൽ രണ്ട് വോട്ടർമാരും ഉക്രയിൻ-ഇയു കരാറിനെ എതിർക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP