Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലൈവ് ഷോയ്ക്കിടെ റിപ്പോർട്ടറെയും ക്യാമറ മാനെയും വെടി വച്ച് കൊന്നത് പുറത്താക്കപ്പെട്ട റിപ്പോർട്ടർ; ദുരന്തം കറുത്തവർക്കിടയിലെ വളരുന്ന പ്രതിഷേധത്തിന്റെ പൊട്ടിത്തെറി; പൊലീസ് എത്തും മുമ്പ് പ്രതി സ്വയം വെടിവച്ച് മരിച്ചു

ലൈവ് ഷോയ്ക്കിടെ റിപ്പോർട്ടറെയും ക്യാമറ മാനെയും വെടി വച്ച് കൊന്നത് പുറത്താക്കപ്പെട്ട റിപ്പോർട്ടർ; ദുരന്തം കറുത്തവർക്കിടയിലെ വളരുന്ന പ്രതിഷേധത്തിന്റെ പൊട്ടിത്തെറി; പൊലീസ് എത്തും മുമ്പ് പ്രതി സ്വയം വെടിവച്ച് മരിച്ചു

ബ്ല്യൂ.ഡി.ബി.ജെ സെവൻ ചാനലിലെ റിപ്പോർട്ടറായ അലിസൺ പാർക്കറും ക്യാമറാമാനായ അദം വാർഡും ലൈവ് ഷോയ്ക്കിടെ വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെട്ടു. ഇവരെ കൊലപ്പെടുത്തിയത് ചാനലിൽ നിന്ന് പുറത്താക്കപ്പെട്ട റിപ്പോർട്ടറായ വെസ്റ്റർ ലീ ഫ്‌ലാനഗ നാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോൾ. അമേരിക്കയിൽ കറുത്തവർക്കിടയിലെ വളരുന്ന പ്രതിഷേധത്തിന്റെ പൊട്ടിത്തെറിയായി ഇതിനെ കണക്കാക്കാമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കറുത്ത വരോടുള്ള ആക്രമണവും അവഗണനയും പെരുകുന്നതിലുള്ള പ്രതിഷേധമായാണ് താനിത് ചെയ്തതെന്ന് ഫ്‌ലാനഗൻ വ്യക്തമായി സൂചിപ്പിച്ചിട്ടുമുണ്ട്. ഈ ക്രൂരമായ പാതകം ചെയ്ത ശേഷം പൊലീസെത്തുന്നതിന് മുമ്പ് ഫ്‌ലാനഗൻ സ്വയം വെടിവച്ച് മരിക്കുകയുമായിരുന്നു.

41കാരനായ ഫ്‌ലാനഗൻ തന്റെ ഉദ്ദേശങ്ങളും പ്രേരണകളും വെളിപ്പെടുത്തിക്കൊണ്ട് 23 പേജുള്ള മാനിഫെസ്റ്റോ ഇന്നലെ രാവിലെ എട്ടരയയ്ക്ക് എബിസി ന്യൂസിലേക്ക് ഫാക്‌സ് ചെയ്യുകയുമുണ്ടായിരുന്നു. കഴിഞ്ഞ ജൂണിൽ സൗത്ത് കരോലിനയിലെ ചാർലെസ്റ്റണിലെ കറുത്ത വർഗക്കാരുടെ ചർച്ചിലുണ്ടായ വെടിവയ്പിൽ ഒമ്പത് പേർ മരിച്ചതു മുതലാണ് തനിക്ക് തിരിച്ചടിക്കാൻ പ്രേരണമയുണ്ടായതെന്നും അദ്ദേഹം സൂചന നൽകിയിട്ടുണ്ട്. ചാർലെസ്റ്റണിലെ വെടിവയ്പിൽ പൊലിഞ്ഞുപോയ കറുത്തവരായ ഇരകൾക്കുള്ളതാണ് താൻ പ്രയോഗിക്കാൻ പോകുന്ന വെടിയുണ്ടകളെന്നും ഫ്‌ലാനഗൻ വെളിപ്പെടുത്തിയിട്ടുണ്ട്. 

ഓൺ എയറിൽ ബ്രൈസ് വില്യംസ് എന്നറിയപ്പെട്ടിരുന്ന ഫ്‌ലാനഗൻ 2000ത്തിലാമ് നോർത്ത് ഫ്‌ലോറിഡ ന്യൂസ് സ്‌റ്റേഷനിൽ ജോയിന്റ് ചെയ്യുന്നത്. ഇവിടെ വച്ച് താൻ കടുത്ത വംശീയവിവേചനത്തിന് ഇരായായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ചാനലിന്റെ തലവന്മാർ തന്നെ കുരങ്ങൻ എന്ന് വിളിച്ച് അധിക്ഷേപിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. വെടിയേറ്റ് മരിച്ച അലിസൺ പാർക്കറും വംശീയ വിരോധത്തിന്റെ വക്താവായിരുന്നുവെന്ന് ഫ്‌ലാനഗൻ ആരോപിച്ചിരുന്നു. ചാർലെസ്റ്റണിലെ സംഭവത്തിന് രണ്ടുദിവസത്തിന് ശേഷമാണ് താൻ തോക്കെടുത്തതെന്നും പ്രസ്തുത കത്തിൽ ഫ്‌ലാനഗൻ സൂചിപ്പിക്കുന്നുണ്ട്. വെർജീനിയയിൽ വെടിവയ്പ് നടത്തിയ സീയുംഗ് ഹുയ് ചോയും കൊളംബിയൻ ഹൈസ്‌കൂളിൽ വെടിവച്ച് കൊല നടത്തിയ കൊലയാളികളും തനിക്ക് പ്രചോദനമായിട്ടുണ്ടെന്നാണ് ഫ്‌ലാഗനഗൻ പറയുന്നത്. ജോലി സ്ഥലത്തുള്ള വംശീയ പീഡനവും ലൈംഗികപരമായ ആക്ഷേപങ്ങളും നിമിത്തമാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായെഴുതി ആത്മഹത്യാ കുറിപ്പിൽ ഫ്‌ലാനഗൻ വ്യക്തമാക്കുന്നുണ്ട്.

എപ്പോഴും അസന്തുഷ്ടനായ ആളായിരുന്ന ഫ്‌ലാനഗനെന്നാണ് ഡബ്ല്യൂഡിബിജെയുടെ പ്രസിഡന്റും ജനറൽ മാനേജരുമായ ജെഫ്രി മാർക്ക്‌സ് പറയുന്നത്. അയാൾക്കൊപ്പം ജോലി ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എപ്പോഴും ആളുകളുമായി കലഹിക്കുകയായിരുന്നു ഫ്‌ലാനഗൻ ചെയ്തിരുന്നതെന്നും പരിധി വിട്ടപ്പോൾ സസ്‌പെൻഡ് ചെയ്യാൻ നിർബന്ധിതരാവുകയായിരുന്നുവെന്നും മാർക്ക്‌സ് പറയുന്നു. എല്ലാവരും തന്നെ വംശീയമായി അധിക്ഷേപിക്കുന്നുവെന്നായിരുന്നു ഫ്‌ലാനഗന്റെ ആരോപണമെന്നും എന്നാൽ അത് വാസ്തവവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്നും മാർക്‌സ് വെളിപ്പെടുത്തുന്നു.

വെടിവയ്പിന് ശേഷം ഫ്‌ലാനഗൻ 2009 മോഡൽ ഫോർഡ് മസ്റ്റാംഗിൽ കടന്ന് കളയുകയായിരുന്നു. പൊലീസ് പിന്തുടരുന്നുണ്ടെന്ന് കണ്ട ഇയാൾ വാഹനം റൊനോക്ക് റീജിയണൽ എയർപോർട്ടിൽ ഉപേക്ഷിച്ച് കടന്ന് കളയുകയുമായിരുന്നു. തുടർന്ന് ഷെവർലെ സോണിക്കിലായിരുന്നു അയാളുടെ സഞ്ചാരം. ഈ മാസം ആദ്യമായിരുന്നു അതയാൾ വാടകയ്‌ക്കെടുത്തത്. പൊലീസ് വീണ്ടും പിന്തുടരുന്നതറിഞ്ഞ് അയാൾ വെർജീനിയയിലെ ഹൈവേയായ ഇന്റർ‌സ്റ്റേറ്റ് 66ലെ ഒരിടത്ത് കാർ ഇടിപ്പിക്കുകയും സ്വയം വെടിവച്ച് മരിക്കുകയുമായിരുന്നു.

ഇന്നലെ രാവിലെ 6.45ന് ചാനലിന്റെ പ്രഭാതപരിപാടിയുടെ ലൈവ് നടക്കുമ്പോഴാണ് വെർജീനിയയിലെ മോനെറ്റയിൽ വച്ച് വെടിവയ്പുണ്ടായത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ ബ്രിഡ്ജ് വാട്ടർ പ്ലാസിയിലാണ് പരിപാടിയുടെ ചിത്രീകരണം നടന്നിരുന്നത്. പ്രഭാത പരിപാടിയിൽ അതിഥിയായെത്തിയ വ്യവസായ പ്രമുഖയായ വിക്കി ഗാർഡ്‌നർ വെടിയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ വച്ചാണ് മരിച്ചിരുന്നത്. ലൈവ് പരിപാടിക്കിടെയാണ് ആക്രമണം നടന്നതെന്നതിനാൽ പ്രേക്ഷകർക്ക് എല്ലാം തത്സമയം കാണാൻ സാധിച്ചിരുന്നു.ചാനലിന്റെ ഹിറ്റ് പരിപാടിക്കിടെയാണ് സ്റ്റാർ റിപ്പോർട്ടറായ അലിസൺ പാർക്കർ വെടിയേറ്റ് മരിച്ചിരിക്കുന്നത്. ഇവരുടെ ആരാധകരെ ഇത് കടുത്ത ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്. അമേരിക്കയിൽ അസന്തുഷ്ടരായ കറുത്ത വർഗക്കാരുടെ പ്രതികരണമെന്നോണ് ഫ്‌ലാനഗൻ നടത്തിയ ഈ ആക്രമണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് തിരികൊളുത്തുമെന്നുറപ്പാണ്. പൊട്ടാൻ തുടങ്ങുന്ന ഒരു അഗ്‌നിപർവതത്തിന്റെ ആപത് സൂചനയാണിത് നൽകുന്നതെന്ന് അഭിപ്രായപ്പെടുന്നവരേറെയുണ്ട്.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP