Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒടുവിൽ ലോകം കാത്തിരുന്ന ആ രക്ഷാ ദൗത്യം വിജയിക്കുന്നു; തായ്ലാൻഡിലെ ഗുഹയിൽ കുടുങ്ങിയ നാലു കുട്ടികളെ പുറത്തെത്തിച്ചു; രണ്ടു കുട്ടികളെ ഗുഹയ്ക്കകത്ത് തന്നെ ബേസ് ക്യാമ്പിലും എത്തിക്കാനായി; ശേഷിക്കുന്ന ഏഴുപേരെയും പിന്നാലെ രക്ഷിക്കാനാകണേ എന്ന പ്രാർത്ഥനയോടെ ലോകം; ഇന്നത്തെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി; ഇനി ഗുഹയിൽ ശേഷിക്കുന്നത് ഫുട്‌ബോൾ താരങ്ങളായ ആറ് കുട്ടികളും അവരുടെ പരിശീലകനും; രക്ഷിച്ചവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി

ഒടുവിൽ ലോകം കാത്തിരുന്ന ആ രക്ഷാ ദൗത്യം വിജയിക്കുന്നു; തായ്ലാൻഡിലെ ഗുഹയിൽ കുടുങ്ങിയ നാലു കുട്ടികളെ പുറത്തെത്തിച്ചു; രണ്ടു കുട്ടികളെ ഗുഹയ്ക്കകത്ത് തന്നെ ബേസ് ക്യാമ്പിലും എത്തിക്കാനായി; ശേഷിക്കുന്ന ഏഴുപേരെയും പിന്നാലെ രക്ഷിക്കാനാകണേ എന്ന പ്രാർത്ഥനയോടെ ലോകം; ഇന്നത്തെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി; ഇനി ഗുഹയിൽ ശേഷിക്കുന്നത് ഫുട്‌ബോൾ താരങ്ങളായ ആറ് കുട്ടികളും അവരുടെ പരിശീലകനും; രക്ഷിച്ചവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി

മറുനാടൻ ഡെസ്‌ക്‌

ബാങ്കോക്ക്: ഒടുവിൽ ലോകത്തിന്റെ പ്രാർത്ഥന സഫലമാകുന്നു. തായ്ലൻഡിൽ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ 12 കുട്ടികളിൽ ആറുപേരെ രക്ഷിക്കാനായി. ഇതിൽ നാലുപേരെ പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേർ ഗുഹയ്ക്കകത്തു തന്നെ സുരക്ഷിത കേന്ദ്രത്തിലും എത്തിക്കാൻ ഇന്നത്തെ രക്ഷാ ദൗത്യത്തിന് കഴിഞ്ഞു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് കുട്ടികളെ രക്ഷിച്ച് പുറത്തിറക്കി തുടങ്ങിയ കാര്യം പുറത്തറിയിച്ചത്. രക്ഷിച്ച കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.

തായ്ലാൻഡ് ജൂനിയർ ഫുട്‌ബോൾ ടീം അംഗങ്ങളായ പന്ത്രണ്ട് കുട്ടികളും അവരുടെ പരിശീലകനുമാണ് ഗുഹയിൽ അകപ്പെട്ടത്. ഓരോ മണിക്കൂറിലും രണ്ടു കുട്ടികളെ വീതം രക്ഷിച്ച് ഗുഹയിൽ നിന്ന് പുറത്തെത്തിക്കാൻ കഴിഞ്ഞത് വലിയ വിജയമായി. എന്നാൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ബാക്കിയുള്ളരെ പുറത്തെത്തിക്കുന്നത് തുടങ്ങാൻ പത്തുമണിക്കൂർ കൂടെ കഴിഞ്ഞാവും ശ്രമമെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി.

ഇന്ന് ഇന്ത്യൻ സമയം ആറുമണിയോട് അടുപ്പിച്ചാണ് രണ്ടു കുട്ടികളെ രക്ഷിച്ചുവെന്ന വിവരം പുറത്തുവന്നത്. ഇതിന് പിന്നാലെ ഓരോ മണിക്കൂറിലും രണ്ടുപേരെ വീതം പുറത്തെത്തിക്കാൻ കഴിയുന്നു എന്ന റിപ്പോർട്ടുകളും വരുന്നു. അതിനാൽ ഇന്ന് രാത്രി തന്നെ മറ്റുള്ളവരെയും പുറത്തെത്തിക്കാനാകുമെന്നായിരുന്നു സൂചനകൾ. ഏകദേശം 11 മണിക്കൂറോളം നേരം രക്ഷാ പ്രവർത്തനം തുടരുമെന്ന് രക്ഷാപ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനി പത്തുമണിക്കൂറിനുള്ളിൽ മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമം തുടങ്ങും.

കഴിഞ്ഞ ജൂൺ 23നാണ് അണ്ടർ 16 ഫുട്ബോൾ ടീം അംഗങ്ങളായ 12 കുട്ടികളും പരിശീലകനും പരിശീലനം കഴിഞ്ഞുള്ള യാത്രയ്ക്കിടെ കനത്തമഴയിൽനിന്ന് രക്ഷപ്പെടാൻ ഗുഹയ്ക്കുള്ളിൽ കയറിയത്. എന്നാൽ മഴയെ തുടർന്ന് ചെളിയും മറ്റും അടിഞ്ഞ് ഗുഹാമുഖം അടയുകയും കുട്ടികളും പരിശീലകനും ഗുഹയ്ക്കുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. രണ്ടാഴ്ചയോളമായി ഗുഹയിൽ കുടുങ്ങിയ കുഞ്ഞുങ്ങളുടെയും രക്ഷയ്ക്കായി ഇതോടെ അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം എല്ലാവരും പ്രാർത്ഥനയിലായി. രക്ഷാശ്രമങ്ങൾ തുടങ്ങിയെങ്കിലും വലിയ ദൗത്യമായിരുന്നു ഇത്. ഇതിനാണ് ഫലം കാണുന്നത്. ഇന്നുതന്നെ എല്ലാവരേയും രക്ഷിക്കാനാകുമെന്ന പ്രതീക്ഷയാണ് രക്ഷാപ്രവർത്തകർ ഒടുവിൽ പങ്കുവച്ചത്.

'ഇന്ന് നിർണായക ദിവസമാണ്. ഏതു പ്രതിസന്ധിയും നേരിടാൻ ആൺകുട്ടികൾ തയ്യാറാണ്'- ഇങ്ങനെയായിരുന്നു രക്ഷാസംഘത്തലവൻ നാരോങ്സാക് ഒസോട്ടാനാകോൺ മാധ്യമപ്രവർത്തകരോട് പറഞ്ഞത്്. പ്രാദേശിക സമയം രാവിലെ പത്തുമണിയോടെ രക്ഷാപ്രവർത്തകർ ഗുഹയിൽ പ്രവേശിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കി. ഇതിന് പിന്നാലെയാണ് ആദ്യം രണ്ടു കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞത്. രക്ഷാ പ്രവർത്തനത്തിന് മുന്നോടിയായി മുങ്ങൽ വിദഗ്ദ്ധർ, വൈദ്യസംഘം,സുരക്ഷാ ജീവനക്കാർ എന്നിവർ ഒഴികെയുള്ള മുഴുവൻ ആളുകളെയും പ്രദേശത്തുനിന്ന് മാറ്റി. ഇതിന് പിന്നാലെ രക്ഷാ ദൗത്യവുമായി ഇറങ്ങിയ മുങ്ങൽ വിദഗ്ദ്ധർ ഓരോ തവണ പോയി തിരിച്ചുവരുമ്പോഴും രണ്ടു കുട്ടികളെ വീതമാണ് പുറത്തെത്തിച്ചത്.

അതും ഓരോ മണിക്കൂർ ഇടവേളകളിൽ. അങ്ങനെയെങ്കിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടുമണിക്ക് അകം എല്ലാവരേയും പുറത്തെത്തിക്കാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയായിരുന്നു ആദ്യം. എന്നാൽ നാലുപേരെ പുറത്തെത്തിക്കാനും രണ്ടുപേരെ ഗുഹയിലെ തന്നെ മറ്റൊരു സുരക്ഷിത സ്ഥലത്ത് എത്തിക്കാനും കഴിഞ്ഞതോടെ വലിയ പ്രതീക്ഷയായി. ഗുഹയിൽ തന്നെ ചേംബർ 3 എന്ന ബേസ് ക്യാമ്പിന് സമീപത്തേക്കാണ് അവസാനം രക്ഷിച്ച രണ്ടു കുട്ടികളെ എത്തിച്ചിട്ടുള്ളത്. ഇത്രയും നടന്നതിന് പിന്നാലെ രക്ഷാദൗത്യം താൽക്കാലികമായി നിർത്തി. മറ്റുള്ളവരെ രക്ഷിക്കുംമുമ്പ് കുറച്ച് തയ്യാറെടുപ്പുകൾ കൂടെ വേണമെന്നും അതിന് പത്തുമണിക്കൂർ സമയം വേണ്ടിവരുമെന്നാണ് രക്ഷാസംഘം വിശദീകരിച്ചിട്ടുള്ളത്. ഇനി കോച്ച് ഉൾപ്പെടെ ഏഴുപേരെ രക്ഷിക്കുന്ന പ്രവർത്തനം പത്തുമണിക്കൂറിനകം തുടങ്ങും. ഇവർ നിലവിൽ വിശ്രമത്തിലാണെന്നും ഗുഹാമുഖത്തേക്ക് അടുക്കുകയാണെന്നും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നല്കുന്ന നാരോംഗ്‌സാങ് വ്യക്തമാക്കി.

വിദേശത്തുനിന്നുള്ള 13 മുങ്ങൽവിദഗ്ധരും തായ് നാവികസേനയിലെ അഞ്ച് മുങ്ങൽ വിദഗ്ധരും രക്ഷാസംഘത്തിലുണ്ട്. രക്ഷാപ്രവർത്തനത്തിന് ഏകദേശം പതിനൊന്നു മണിക്കൂർ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പുറത്തെത്തിക്കുന്ന കുട്ടികൾക്കും പരിശീലകനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് 13 ആംബുലൻസുകളും ഹെലികോപ്ടറുകളും രണ്ടിടങ്ങളിലായി തയ്യാറാക്കി നിർത്തിയിരുന്നു. ഒരു കുട്ടിക്കൊപ്പം രണ്ട് മുങ്ങൽവിദഗ്ധരാണ് സഹായത്തിനെത്തുകയെന്നും സംഘം വ്യക്തമാക്കിയിരുന്നു.

വൈകിട്ട് 5.40ന് ആദ്യത്തെ കുട്ടിയെ പുറത്തെത്തിച്ചു. 5.50ന് രണ്ടാമത്തെയാളും പുറത്തെത്തി. മൂന്നാമൻ 7.40നും നാലാമത്തെ കുട്ടി 7.50നും പുറത്തെത്തി. ഇതിനു പിന്നാലെയാണു രണ്ടു കുട്ടികളെ ഗുഹയിലെ ബേസ് ക്യാംപിനു സമീപത്ത് എത്തിച്ചത്. ഡൈവിങ് സംഘങ്ങൾക്കുള്ള ഓക്‌സിജൻ സിലിണ്ടറുകൾ എത്തിക്കുകയാണിപ്പോൾ ചെയ്യുന്നത്. ഇതുവരെ ഒരു കിലോമീറ്റർ ദൂരം കുട്ടികൾ രക്ഷാസംഘത്തോടൊപ്പം ഡൈവിങ് നടത്തി. കുട്ടികളെ തങ്ങളോടു ചേർത്തു വച്ചാണു ഡൈവിങ് സംഘത്തിന്റെ മുന്നേറ്റം.

ഗുഹയിൽ നിന്നും പുറത്തെത്തുന്ന കുട്ടികളെ ലോകകപ്പ് ഫൈനൽ കാണാൻ ഫിഫ മോസ്‌കോയിലേക്ക് കൊണ്ട് പോകും. ഇക്കാര്യം ഫിഫ തന്നെ സ്ഥിരീകരിച്ചിരുന്നു. ഈ കുഞ്ഞുങ്ങളും പരിശീലകനും രക്ഷിക്കാൻ പ്രാർത്ഥനയോടെ ലോകം മുഴുവൻ കാത്തിരിക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ ഒരു മുങ്ങൽ വിദഗ്ധൻ മരിക്കുകയും ചെയ്തിരുന്നു. ഇതോടെ ഗുഹയിൽ പ്രാണവായു ഉറപ്പുവരുത്താൻ ഓക്സിജൻ പൈപ്പുകൾ വരെ സ്ഥാപിച്ചാണ് രക്ഷാപ്രവർത്തനം തുടരുന്നത്. ഗുഹയിൽ നിന്ന് രക്ഷിച്ച കുട്ടികളെ ആംബുലൻസിൽ കൊണ്ടുപോകുന്നതും പിന്നീട് ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നു. ആറു ദിവസം മുമ്പാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. കുഞ്ഞുങ്ങളുടെ കുടുംബങ്ങളെല്ലാം ഗുഹയ്ക്ക് സമീപത്തുതന്നെ പ്രാർത്ഥനയുമായി കഴിയുകയാണ്.

രക്ഷപ്പെടുത്തിയവരെ ചിയാങ് റായിയിലെ ആശുപത്രിയിലേക്കാണ് എത്തിച്ചിട്ടുള്ളത്. ശനിയാഴ്ച ഗുഹയിലേക്ക് ഡോക്ടർമാരെ എത്തിച്ച് പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും അവശരായവരെ ആദ്യം രക്ഷപ്പെടുത്താൻ തീരുമാനിച്ചു. മെച്ചപ്പെട്ട ആരോഗ്യ സ്ഥിതിയുള്ളവരെ പിന്നീടും. ഇത്തരത്തിൽ ആരോഗ്യസ്ഥിതി മോശമായ കുട്ടികളെ പുറത്തെത്തിക്കാനായത് വലിയ വിജയമായി മാറിയത് രക്ഷാസംഘത്തിന് വലിയ ആവേശമായി. ആരോഗ്യനിലയുടെ അടിസ്ഥാനത്തിൽ ഇങ്ങനെ മുൻഗണനാ ക്രമത്തിൽ ആദ്യമാദ്യം പുറത്തെത്തിക്കേണ്ടവരുടെ പട്ടികയും ഓസ്ട്രേലിയൻ ഡോക്ടർമാരുടെ സംഘം തയാറാക്കി. ഏതെങ്കിലും കാരണവശാൽ രക്ഷാപ്രവർത്തനം തടസ്സപ്പെടുമോ എന്ന ആശങ്കയുള്ളതിനാലാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. അഞ്ചു തായ് മുങ്ങൽ വിദഗ്ധരും 13 വിദേശ നീന്തൽ വിദഗ്ധരും അടക്കം 18 പേരാണ് കുട്ടികളെ പുറത്തെത്തിക്കാനുള്ള അടിയന്തര രക്ഷാപ്രവർത്തക സംഘത്തിലുള്ളത്. ഒപ്പം യുഎസിൽ നിന്നുള്ള അഞ്ച് നേവി സീൽ കമാൻഡോകളും ഉണ്ട്.

അതേസമയം, ഏതു സമയത്തും മഴ പെയ്യാമെന്നത് രക്ഷാപ്രവർത്തനത്തിനു കനത്ത സമ്മർദമുണ്ടാക്കുന്നുണ്ട്. ഇന്ന് മഴ തുടങ്ങുകയും ചെയ്തു. മഴ പെയ്താൽ ജലനിരപ്പുയരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. ഏതാനും ദിവസങ്ങളായി മഴ മാറി നിന്നതിനാൽ കുട്ടികളിലേക്ക് എത്താനുള്ള വഴികൾ കൂടുതൽ വ്യക്തമായി എന്നതിനാലാണ് ഇവരെ പുറത്തെത്തിക്കാൻ ഇതുതന്നെയാണ് ഏറ്റവും യോജിച്ച സമയമെന്ന രക്ഷാസംഘം തീരുമാനിക്കാൻ കാരണം. അത് വിജയത്തിലേക്കെത്തി. നാളെയോടെ എല്ലാവരേയും രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP