Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

23 ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ റഷ്യയും പുറത്താക്കി; ബ്രിട്ടീഷ് മണ്ണിൽ ഒരു ജീവനും പൊലിയൻ അനുവദിക്കില്ലെന്ന് തെരേസ മെയ്‌; വിഷമേറ്റ് ചാരൻ ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ബ്രിട്ടനും റഷ്യയും പരസ്പരം പോരടിച്ച് മുന്നോട്ട്

23 ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ റഷ്യയും പുറത്താക്കി; ബ്രിട്ടീഷ് മണ്ണിൽ ഒരു ജീവനും പൊലിയൻ അനുവദിക്കില്ലെന്ന് തെരേസ മെയ്‌; വിഷമേറ്റ് ചാരൻ ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ബ്രിട്ടനും റഷ്യയും പരസ്പരം പോരടിച്ച് മുന്നോട്ട്

മുൻ റഷ്യൻ ചാരൻ സെർജിസ്‌ക്രിപാലിനെയും മകൾ യൂലിലയെയും സാലിസ്‌ബറി റസ്‌റ്റോറന്റിൽ വച്ച് മാർച്ച് നാലിന് വിഷബാധയേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ റഷ്യയും ബ്രിട്ടനും തമ്മിലുള്ള സ്പർധ നാൾക്ക് നാൾ വർധിച്ച് വരുന്നുവെന്ന് റിപ്പോർട്ട്. ഇവരുടെ വിഷബാധയ്ക്ക് പുറകിൽ റഷ്യയാണെന്ന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും അതിനാൽ ബ്രിട്ടനിലുള്ള 23 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കാനും ബ്രിട്ടൻ ഈ ആഴ്ചയുടെ തുടക്കത്തിൽ തീരുമാനിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലയിൽ റഷ്യയിലുള്ള 23 ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ പുറത്താക്കാൻ ഇപ്പോൾ റഷ്യയും തീരുമാനിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ബ്രിട്ടീഷ് നയതന്ത്രജ്ഞരെ പുറത്താക്കാനുള്ള റഷ്യയുടെ തീരുമാനത്തെ തുടർന്ന് റഷ്യക്കെതിരായി അടുത്ത നടപടി പരിഗണിച്ച് വരുന്നുവെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ മുന്നറിയിപ്പേകിയിരിക്കുന്നത്. ബ്രിട്ടീഷ് മണ്ണിൽ ബ്രിട്ടീഷ്പൗരന്മാരുടെയും മറ്റുള്ളവരുടെയും ജീവന് റഷ്യൻ ഗവൺമെന്റ് ഭീഷണി സൃഷ്ടിക്കുന്നത് തങ്ങൾക്ക് ഒരിക്കലും വച്ച് പൊറുപ്പിക്കാനാവില്ലെന്നും അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് കൺസർവേറ്റീവ് പാർട്ടി കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കവെ തെരേസ തറപ്പിച്ച് പറഞ്ഞിരിക്കുന്നത്.

ലിബറൽ, ജനാധിപത്യ മൂല്യങ്ങളെ ചവിട്ടിത്തേച്ച് കൊണ്ടാണ് യുകെയുടെ പരമാധികാരത്തിലേക്ക് റഷ്യ കടന്ന് കയറാൻ ശ്രമിക്കുന്നതെന്നും തെരേസ ആരോപിക്കുന്നു. റഷ്യ നെർവ് ഏജന്റ് ഉപയോഗിച്ചാണ് സ്‌ക്രിപാലിനെയും മകളെയും വിഷബാധയേൽപ്പിച്ചതെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും അതിനാൽ റഷ്യ ഒരു നിശ്ചിത സമയത്തിനകം ഇതിന് വിശദീകരണമമേകണമെന്നും തെരേസ നിഷ്‌കർഷിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഒരു നിശ്ചിത സമയപരിധിക്കുള്ളിലൊന്നും വിശദീകരണം നൽകാനാവില്ലെന്നായിരുന്നു റഷ്യൻ പ്രസിഡന്റ് വ്‌ലാദിമെർ പുട്ടിന്റെ മറുപടി.

അതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് ബ്രിട്ടൻ 23 റഷ്യ നയതന്ത്രജ്ഞരെ ഇവിടെ നിന്നും നാട് കടത്തിയിരുന്നത്. ഇവർ പുട്ടിന്റെ ചാരന്മാരാണെന്നാണ് തെരേസ ആരോപിച്ചിരിക്കുന്നത്. സാലിസ് ബറിയിലെ സിസി റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച് അൽപനേരം കഴിഞ്ഞ് സാലിസ്‌ബറിയിലെ ഒരു ഷോപ്പിങ് സെന്ററിന് പുറത്തെ ബെഞ്ചിലായിരുന്നു സ്‌ക്രിപാലിനെയും മകളെയും അബോധാവസ്ഥയിൽ കാണപ്പെട്ടിരുന്നത്. കടുത്ത വിഷമേൽപ്പിക്കാൻ ശേഷിയുള്ള നെർവ് ഏജന്റായ നോവിചോക്ക് ഉപയോഗിച്ചാണ് ഇവരെ വിഷബാധയേൽപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇരുവരും നിലവിൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.

ഏറ്റവും പുതിയ തീരുമാനമനുസരിച്ച് 23 ബ്രിട്ടീഷ് നയതന്ത്രജ്ഞർ ഒരാഴ്ചക്കകം റഷ്യ വിട്ട് പോകണമെന്നാണ് പുട്ടിൻ ഉത്തരവിട്ടിരിക്കുന്നത്. താൻ പുറത്താക്കിയ റഷ്യൻ നയതന്ത്രജ്ഞർക്ക് തെരേസയും ഇതേ സമയമായിരുന്നു നൽകിയിരുന്നത്. ബ്രിട്ടീഷ് സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന റഷ്യയിലെ കേന്ദ്രമായ ബ്രിട്ടീഷ് കൗൺസിൽ അടച്ച് പൂട്ടാനും റഷ്യൻ ഫോറിൻ മിനിസ്ട്രി ഒരു പ്രസ്താവനയിലൂടെ ഉത്തരവിട്ടിട്ടുണ്ട്. സെന്റ് പീറ്റേഴ്‌സ് ബർഗിൽ ബ്രിട്ടീഷ് കോൺസുലേറ്റ് വീണ്ടും തുറക്കാനുള്ള കരാറിൽ നിന്നും പിന്മാറാനും റഷ്യ തീരുമാനിച്ചിട്ടുണ്ട്. റഷ്യയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ഒരു പ്രതികരണം പ്രതീക്ഷിച്ചതാണെന്നും അടുത്ത നടപടിയിലേക്ക് പ്രവേശിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി നാഷണൽ സെക്യൂരിറ്റി കൗൺസിൽ അടുത്ത ആഴ്ച ചേരുമെന്നും ബ്രിട്ടന്റെ ഫോറിൻ ഓഫീസ് വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP