Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ വാസ്തവമെന്ന് റിപ്പോർട്ടുകൾ; തെരഞ്ഞെടുപ്പു വേളയിൽ ട്രംപിന്റെ മകനും റഷ്യൻ അഭിഭാഷകയും തമ്മിൽ കൂടിക്കാഴ്ച നടത്തി; കൂടിക്കാഴ്ചയിൽ റഷ്യൻ ചാരസംഘടനയിലെ അംഗവും പങ്കെടുത്തതായി ആരോപണം; ഹിലരിയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ട്രംപിന്റെ മകന് ലഭിച്ചതായും സൂചന

അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ വാസ്തവമെന്ന് റിപ്പോർട്ടുകൾ; തെരഞ്ഞെടുപ്പു വേളയിൽ ട്രംപിന്റെ മകനും റഷ്യൻ അഭിഭാഷകയും തമ്മിൽ കൂടിക്കാഴ്ച നടത്തി; കൂടിക്കാഴ്ചയിൽ റഷ്യൻ ചാരസംഘടനയിലെ അംഗവും പങ്കെടുത്തതായി ആരോപണം; ഹിലരിയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ട്രംപിന്റെ മകന് ലഭിച്ചതായും സൂചന

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ സഹായിക്കാൻ റഷ്യൻ 'ഇടപെടൽ' ഉണ്ടായെന്ന വാദത്തെ ശരിവച്ച് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പിന്റെ സമയത്ത് ട്രംപിന്റെ മകൻ ട്രംപ് ജൂനിയറും റഷ്യൻ അഭിഭാഷക നതാലിയ വെസെൽനിറ്റ്‌സ്‌കായയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ റഷ്യൻ ചാരസംഘടനയിൽ പ്രവർത്തിച്ചിരുന്നെന്ന ആരോപണം നേരിടുന്ന, ഇപ്പോൾ റഷ്യൻ അമേരിക്കൻ ലോബിയിസ്റ്റ് ആയി പ്രവർത്തിക്കുന്ന റിനാത്ത് അഖ്‌മെതിഷിൻ കൂടി പങ്കെടുത്തെന്ന വിവരമാണ് പുറത്തുവരുന്നത്.

ഈ കൂടിക്കാഴ്ചയിൽ എതിർ സ്ഥാനാർത്ഥിയായിരുന്ന ഹിലറി ക്ലിന്റനെ ബാധിക്കുന്ന രഹസ്യ വിവരം ട്രംപ് ജൂനിയറിനു ലഭിച്ചുവെന്നാണു സംശയിക്കുന്നത്.അതേസമയം, താൻ യോഗത്തിൽ പങ്കെടുത്തിരുന്നെന്നും എന്നാൽ റഷ്യൻ ചാരസംഘടനയിൽ പ്രവർത്തിച്ചിരുന്നില്ലെന്നുമാണ് ഇരട്ട പൗരത്വമുള്ള റിനാത്ത് അഖ്‌മെതിഷിന്റെ നിലപാട്. 2016 ജൂൺ ഒൻപതിനായിരുന്നു കൂടിക്കാഴ്ച. മാത്രമല്ല, ഇയാൾക്ക് ഇപ്പോഴും റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധമുണ്ടെന്നും നിരവധി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കൂടിക്കാഴ്ചയിൽ ഇങ്ങനെയൊരാൾ പങ്കെടുത്തിരുന്ന കാര്യം ട്രംപ് ജൂനിയർ പുറത്തുവിട്ടിരുന്നില്ല. എട്ടുപേരായിരുന്നു അന്ന് ആ യോഗത്തിൽ പങ്കെടുത്തത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഡോണൾഡ് ട്രംപ് അവരോധിതനായി അധികം വൈകാതെ ന്യൂയോർക്കിലെ ട്രംപ് ടവർ കെട്ടിടത്തിൽവച്ചായിരുന്നു യോഗം.

ട്രംപിന്റെ പ്രചാരണത്തിന്റെ മാനേജർ പോൾ മനാഫോർട്ട്, മരുമകൻ ജറാദ് കുഷ്‌നർ തുടങ്ങിയവരും പങ്കെടുത്തതു യോഗത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. അഭിഭാഷകയ്‌ക്കൊപ്പം പരിഭാഷകനും പങ്കെടുത്തു. പരിഭാഷകന്റെ പേര് അവർ പുറത്തുവിട്ടില്ലെങ്കിലും റഷ്യക്കാരനായ അനാറ്റൊലി സമോചോർനോവ് ആണെന്ന് യുഎസ് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു.

മാത്രമല്ല, യോഗത്തിൽ അഖ്‌മെതിഷിനും അഭിഭാഷക നതാലിയയും കുറച്ചു രേഖകൾ കൊണ്ടുവന്നെന്നും ഇവ ട്രംപ് ജൂനിയർക്കു കൈമാറിയിരുന്നുവെന്നും വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. ഡെമോക്രാറ്റിക് പാർട്ടിയുടെ അനധികൃത പണമൊഴുക്കുകളെക്കുറിച്ചുള്ള വിവരങ്ങളായിരുന്നുവെന്നു നതാലിയ വിശ്വസിക്കുന്നുണ്ടെന്നുമായിരുന്നു എപി റിപ്പോർട്ട് ചെയ്തത്.

എന്നാൽ അന്നു രാവിലെയാണ് നതാലിയ തന്നോട് യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ജീൻസും ടി ഷർട്ടും ധരിച്ചാണ് യോഗത്തിനെത്തിയതെന്നും അഖ്‌മെതിഷിൻ പറഞ്ഞു. റഷ്യൻ സർക്കാർ നൽകിയ രേഖകളാണോ ഇതെന്നു വ്യക്തമല്ലെന്നും അഖ്‌മെതിഷിൻ എപിയോടു വ്യക്തമാക്കുന്നുണ്ട്. രേഖകളിലെ വിവരങ്ങൾക്കു തെളിവുണ്ടോയെന്ന ചോദ്യത്തിന് അതു ട്രംപിന്റെ പ്രചാരണ വിഭാഗം തന്നെ അന്വേഷണം നടത്തി ഉറപ്പു വരുത്തണമെന്നായിരുന്നു നതാലിയ പറഞ്ഞതെന്നും ഇതു കേട്ടതോടെ ട്രംപ് ജൂനിയറിന് വിഷയത്തിൽ താൽപ്പര്യം നഷ്ടപ്പെട്ടെന്നും എപിക്കു നൽകിയ പ്രസ്താവനയിൽ അഖ്‌മെതിഷിൻ പറയുന്നു.

അതേസമയം, ഈ ആരോപണങ്ങൾ എല്ലാം തന്നെ മുൻ എഫ്ബിഐ മേധാവി റോബർട്ട് മുള്ളർ നേതൃത്വം നൽകുന്ന ജസ്റ്റിസ് ഡിപ്പാർട്‌മെന്റ് അന്വേഷിക്കുന്നുണ്ട്.വിഷയത്തിൽ ഭരണകൂടത്തിന് വെളിയിൽ നിന്നുള്ള, നിഷ്പക്ഷമായ അന്വേഷണം വേണമെന്ന ആവശ്യം സജീവമായിരുന്നു. ഇതു പരിഗണിച്ചായിരുന്നു റോബർട്ട് മുള്ളറെ അന്വേഷണത്തിന്റെ നേതൃത്വം ഏൽപിച്ചത്.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിനായി റഷ്യൻ ഇടപെടലുണ്ടായെന്നും, റഷ്യയും ട്രംപിന്റെ പ്രചാരണസംഘവും തമ്മിൽ ബന്ധപ്പെട്ടിരുന്നുവെന്നും ശക്തമായ ആരോപണം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിനിടെ നിലവിലെ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിയെ ട്രംപ് പുറത്താക്കിയിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP