ഇരുന്നിടത്തുനിന്നും തെറിച്ചുവീണ് യാത്രക്കാർ; ലഗേജുകൾ നിലംപൊത്തി; ഇങ്ങനെയൊരു ലാൻഡിങ് നിങ്ങൾക്ക് ഊഹിക്കാവുമോ? റ്യാനെയർ വിമാനത്തിൽ സംഭവിച്ചത്
July 17, 2017 | 08:51 AM | Permalink

സ്വന്തം ലേഖകൻ
സുഖകരമായ ലാൻഡിങ്ങാണ് ഒരു വിമാനയാത്രയുടെ ഏറ്റവും സവിശേഷമായ അനുഭവം. എന്നാൽ, സൗത്ത് യോർക്കിലെ ലീഡ്ബ് ബ്രാഡ്ഫഡ് വിമാനത്താവളത്തിലിറങ്ങിയ റ്യാനെയർ വിമാനത്തിൽ സഞ്ചരിച്ചവർക്ക് അതൊരു ദുസ്വപ്നമായി മാറി. കാനറി ദ്വീപിലെ ഫ്യൂർട്ടെവെഞ്ചുറയിൽനിന്നുവന്ന ബോയിങ് വിമാനത്തിന്റെ ലാൻഡിങ്ങാണ് യാത്രക്കാരെ പരിഭ്രാന്തരാക്കിയത്.
വിമാനം റൺവേയോട് അടുത്തപ്പോൾ പെട്ടെന്ന് നിലത്തേക്കിരിക്കുകയായിരുന്നു. ലാൻഡിങ് ഗിയറിലുണ്ടായ തടസ്സമാണ് ഇതിന് കാരണമെന്ന് കരുതുന്നു. യാത്രക്കാർ സീറ്റിൽനിന്ന് മുന്നോട്ട് തെറിക്കുകയും ലഗേജുകൾ നിലംപൊത്തുകയും ചെയ്തു. വിമാനം അപകടത്തിൽപ്പെട്ടുവെന്ന് കരുതിയ യാത്രക്കാർ അലമുറയിട്ടു. എന്നാൽ, അവസാന നിമിഷം നിയന്ത്രണം തിരിച്ചുപിടിച്ച പൈലറ്റ് അപകടമൊഴിവാക്കി.
കനത്തകാറ്റാണ് വിമാനത്തിന്റെ ലാൻഡിങ് ദുഷ്കരമാക്കിയതെന്ന് റ്യാനെയർ വക്താവ് പറഞ്ഞു. ലാൻഡിങ് ഗിയറിന് കുഴപ്പമുണ്ടായിരുന്നില്ലെന്നും യാത്രക്കാരൊക്കെ സുരക്ഷിതരായി പുറത്തിറങ്ങിയെന്നും വക്താവ് അഭിപ്രായപ്പെട്ടു. ലാൻഡിങ് ഗിയർ തകരാറിലായിരുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിലെ ഏറ്റവും ഉയരംകൂടിയ വിമാനത്താവളമാണ് ലീഡ്സിലേത്. കാറ്റ് ഇവിടെ പലപ്പോഴും വിമാനങ്ങളെ ബാധിക്കാറുണ്ട്. പലപ്പോഴും കാറ്റിനെത്തുടർന്ന് ലാൻഡിങ് ഒഴിവാക്കേണ്ടിയും വന്നിട്ടുണ്ട്. 2016 ജനുവരിയിൽ ജനീവയിൽനിന്നുള്ള ഈസിജെറ്റ് വിമാനം ലാൻഡ് ചെയ്യാനാകാതെ തിരിച്ചുപോയത് ഉദാഹരണം.