Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേണൽ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം വിമതരുടെ തടവിൽ നിന്നു മോചിതനായി; കൊല്ലപ്പെട്ട ഏകാധിപതിയുടെ മകന്റെ മോചനം പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ; സെയ്ഫിന്റെ അടുത്ത നടപടിക്കായി കാതോർത്ത് ലിബിയ

കേണൽ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം വിമതരുടെ തടവിൽ നിന്നു മോചിതനായി; കൊല്ലപ്പെട്ട ഏകാധിപതിയുടെ മകന്റെ മോചനം പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ; സെയ്ഫിന്റെ അടുത്ത നടപടിക്കായി കാതോർത്ത് ലിബിയ

 

ട്രിപ്പോളി: കൊല്ലപ്പെട്ട ലിബിയൻ ഏകാധിപതി കേണൽ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാമിനു വിമതന്മാരുടെ തടവിൽനിന്നു മോചനം. ലിബിയയിലെ സിന്റാൻ മേഖല ഭരിക്കുന്ന വിമത വിഭാഗത്തിന്റെ പിടിയിലായിരുന്ന സെയ്ഫ്(44) ഗദ്ദാഫിയുടെ മക്കളിൽ പ്രമുഖനാണ്.

ജയിൽ മോചിതനായശേഷം മറ്റൊരു നഗരത്തിലേക്കു കടന്ന സെയ്ഫിന്റെ കൂടുതൽ വിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്താനാകില്ലെന്നും സെയ്ഫിന്റെ അഭിഭാഷകൻ ഖാലിദ് അൽ സെയ്ബി പറഞ്ഞു. കിഴക്കൻ ലിബിയയിൽ പൊതുമാപ്പ് അനുവദിച്ചതിന്റെ ആനുകൂല്യത്തിലാണു സെയ്ഫ് മോചിതനായതെന്നും ഖാലിദ് അറിയിച്ചു.

റമസാൻ മാസത്തിലെ 14ാം ദിവസമായ വെള്ളിയാഴ്ച സെയ്ഫിനെ സ്വതന്ത്ര്യനാക്കിയെന്നും അദ്ദേഹം സിന്റാൻ വിട്ടുപോയെന്നും സുരക്ഷാച്ചുമതലയുള്ള സൈന്യവിഭാഗം അബൂബക്കർ സാദിഖ് ബ്രിഗേഡ് അറിയിച്ചു. ട്രിപ്പോളിയിൽനിന്നു 145 കിലോമീറ്റർ അകലെയാണു സിന്റാൻ.

ജയിൽ മോചിതനായ സെയ്ഫ് അൽ ഇസ്ലാം ലിബിയയിൽ ഏതുതരത്തിലാണ് ഇനി ഇടപെടുകയെന്നതു ദുരൂഹമാണ്. സൈന്യത്തിലെയും സമരക്കാരിലെയും ഒരു വിഭാഗത്തെ സംഘടിപ്പിച്ച് അധികാരകേന്ദ്രമാകാൻ സെയ്ഫ് ശ്രമിച്ചേക്കുമെന്നും സൂചനയുണ്ട്.

2011ലെ ജനകീയ മുന്നേറ്റത്തെ തകർക്കാൻ നടത്തിയ കൊലപാതകങ്ങളുടെയും മറ്റും പേരിൽ സെയ്ഫ് ഉൾപ്പെടെ ഒൻപതുപേർക്കു കോടതി വധശിക്ഷ വിധിച്ചിരുന്നു. കേണൽ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം, ഗദ്ദാഫിയുടെ ഭരണകാലത്തെ അവസാന പ്രധാനമന്ത്രി അൽ ബഗ്ദാദി അൽ മഹ്മൂദി, മുൻ ഇന്റലിജൻസ് മേധാവി അബ്ദുല്ല സെൻസൂയി എന്നിവരടക്കം ഒൻപതു പേരെയാണു 2015ൽ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ആകെ 37 പ്രതികളുള്ളതിൽ നാലുപേരെ വിട്ടയച്ചു. എട്ടുപേർക്കു ജീവപര്യന്തം തടവും ഏഴുപേർക്കു 12 വർഷം വീതം തടവും ബാക്കിയുള്ളവർക്കു ചെറിയ ശിക്ഷകളും ലഭിച്ചു.

രാജ്യാന്തര കോടതിയിലും യുദ്ധക്കുറ്റങ്ങൾ സംബന്ധിച്ച കേസിൽ സെയ്ഫ് പ്രതിയാണ്. പിതാവിന്റെ വലംകൈയായിരുന്ന ഇയാളാണ് ഏതു വിധേനയും ജനകീയപ്രക്ഷോഭത്തെ അടിച്ചമർത്തുകയെന്ന ലക്ഷ്യത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP