Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സമ്പത്ത് മടുത്ത സൗദി രാജകുമാരൻ ദാനം ചെയ്യുന്നത് രണ്ടുലക്ഷം കോടി രൂപ! ഗൾഫിലെ ബാരൻ ബഫറ്റ് സ്വത്തുക്കൾ മുഴുവൻ പാവങ്ങൾക്ക് നൽകി ഇനി സാധാരണക്കാരനായി ജീവിക്കും

സമ്പത്ത് മടുത്ത സൗദി രാജകുമാരൻ ദാനം ചെയ്യുന്നത് രണ്ടുലക്ഷം കോടി രൂപ! ഗൾഫിലെ ബാരൻ ബഫറ്റ് സ്വത്തുക്കൾ മുഴുവൻ പാവങ്ങൾക്ക് നൽകി ഇനി സാധാരണക്കാരനായി ജീവിക്കും

ലോകത്തെ ധനാഢ്യന്മാരിലൊരാളായ സൗദി രാജകുമാരൻ അൽവലീദ് ബിൻ തലാൽ സാമൂഹിക സേവനത്തിനായി ദാനം ചെയ്യുന്നത് 2.1 ലക്ഷം കോടി രൂപ. ഗൾഫിലെ ബാരൻ ബഫെയെന്നറിയപ്പെടുന്ന അൽവലീദ്, മൈക്രോസോഫ്റ്റ് ഉടമ ബിൽഗേറ്റ്‌സ് തുടങ്ങിവച്ച് ദ ഗിവിങ് പ്ലെഡ്ജ് കാമ്പെയിന്റെ ചുവടുപിടിച്ചാണ് തന്റെ സമ്പത്തുമുഴുവൻ ദാനം ചെയ്യാനൊരുങ്ങുന്നത്.

സാംസ്‌കാരിക, ജീവകാരുണ്യ, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളടക്കമുള്ളവയ്ക്കു വേണ്ടിയാണ് വരും വർഷങ്ങളിൽ അൽവലീദ് തന്റെ സമ്പത്ത് ചെലവഴിക്കുക. വിവിധ രാജ്യങ്ങൾ തമ്മിലുള്ള സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കുക, പിന്നാക്ക സമുദായങ്ങളെ വികസന പാതയിലെത്തിക്കുക, സ്ത്രീകളെ മുൻനിരയിലെത്തിക്കാനുള്ള പദ്ധതികൾ നടപ്പാക്കുക, യുവജനക്ഷേമ പദ്ധതികൾ രൂപീകരിക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, ലോകസമാധാന നീക്കങ്ങളെ പിന്തുണയ്ക്കുക തുടങ്ങിയവയാണു ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഫോബ്‌സിന്റെ ശതകോടീശ്വര പട്ടികയിൽ 34-ാം സ്ഥാനത്താണു അൽവലീദ് രാജകുമാരൻ. പട്ടികയിൽ തന്റെ സ്ഥാനം കുറഞ്ഞുപോയെന്നും തന്റെ സ്വത്ത് കുറച്ചു കാണിച്ചെന്നും ആരോപിച്ചു മാസികയ്‌ക്കെതിരെ കേസ് നൽകാനും അദ്ദേഹം ശ്രമിച്ചിരുന്നു. സമ്പത്തിനെ അത്രമേൽ സ്‌നേഹിച്ചിരുന്നയാളാണ് ഇപ്പോൾ അതെല്ലാം ലോകത്തെ ക്ഷേമപദ്ധതികൾക്കായി ചെലവഴിക്കാൻ തയ്യാറാകുന്നത്.

സൗദി അറേബ്യയുടെ സ്ഥാപകനായ ഇബ്ൻ സൗദിന്റെ പേരക്കുട്ടിയാണ് അൽവലീദ്. ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ഇത്രയും തുക ചെലവഴിച്ചാലും അൽവലീദിന്റെ സമ്പാദ്യം കാലിയായിപ്പോവില്ല. തന്റെ സമ്പത്തിനെ ഇതെങ്ങനെ ബാധിക്കുമെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. പിതാവ് നൽകിയ 30,000 ഡോളർ സമ്മാനവും മറ്റൊരു മൂന്നുലക്ഷം ഡോളർ വായ്പയുമായാണ് അൽവലീദ് തന്റെ വ്യവസായ സാമ്രാജ്യത്തിന് തുടക്കമിട്ടത്. 2005-ലെ കണക്കനുസരിച്ച് ആയിരം കോടി ഡോളറായിരുന്നു അദ്ദേഹത്തിന്റെ ആസ്തി.

ആപ്പിൾ, ലണ്ടനിലെ സവോയ് ഹോട്ടൽ, സിറ്റിഗ്രൂപ്പ്, ന്യൂസ് കോർപ് എന്നിവയിലെല്ലാം അൽവലീദിന് നിക്ഷേപങ്ങളുണ്ട്. വിലകൂടിയ സമ്മാനങ്ങൾ നൽകുന്നത് ഹരമാക്കിയിരുന്ന ആളാണ് അൽവലീദ്. സൗദി അറേബ്യൻ ഫുട്‌ബോൾ ടീമിലെ 25 അംഗങ്ങൾക്ക് അദ്ദേഹം സമ്മാനം നൽകിയത് 25 ബെന്റ്‌ലി കാറുകളാണ്. യെമനിലെ വ്യോമാക്രമണത്തിൽ പങ്കാളികളാകുന്ന ഓരോ പൈലറ്റിനും ബെന്റ്‌ലി കാർ സമ്മാനം നൽകുമെന്നും അൽവലീദ് പ്രഖ്യാപിച്ചിരുന്നു.

ലോകത്തെ ശതകോടീശ്വര പട്ടികയിൽ തന്റെ സ്ഥാനം കുറച്ചുവെന്ന് കാണിച്ച് 2013-ൽ ഫോബ്‌സ് മാസിക ബഹിഷ്‌കരിക്കുമെന്നും അൽവലീദ് ഭീഷണിപ്പെടുത്തിയിരുന്നു. 26-ാം സ്ഥാനത്തായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. 1988-ൽ ഫോബ്‌സ് മാസിക ആദ്യമായി ധനാഢ്യ പട്ടിക പ്രസിദ്ധപ്പെടുത്തിയപ്പോൾ, അൽവലീദ് മാസികയെ സമീപിച്ച് തന്റെ സ്വത്തുവിവരം വെളിപ്പെടുത്തുകയായിരുന്നു.

അടുത്തവർഷത്തെ പട്ടിക മുതൽ ഫോബ്‌സ് അൽവലീദിനെയും ഉൾപ്പെടുത്തി. എന്നാൽ, 2013-ൽ തന്റെ സ്വത്ത് 1300 കോടി ഡോളറായി കാണിച്ചതോടെ ബന്ധം ഉലഞ്ഞു. തനിക്ക് 1950 കോടി ഡോളർ സ്വത്തുണ്ടെന്നാണ് അദ്ദേഹം കണക്കാക്കുന്നത്.

അത്യാഢംബര സൗകര്യങ്ങളോടുകൂടിയ ബോയിങ് വിമാനമടക്കം ഒട്ടേറെ വിമാനങ്ങൾ ഇദ്ദേഹത്തിനുണ്ട്. ആഡംബര യാട്ടും സ്വന്തമായുണ്ട്. അമീറ അൽ തവീൽ രാജകുമാരിയാണ് ഭാര്യ. രണ്ടുമക്കളുമായി റിയാദിലെ നാന്നൂറിലേറെ മുറികളുള്ള കൊട്ടാര സമാനമായ വീട്ടിലാണ് താമസം. ഫെരാരികളും ലംബോർഗിനികളുമടക്കം 200-ലേറെ കാറുകളും അദ്ദേഹത്തിന് സ്വന്തമായുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP