Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്ലാമിക സംഭാവനകൾക്കുള്ള സൗദി രാജാവിന്റെ പരമോന്നത പുരസ്‌കാരം മുംബയിലെ മുസ്ലിം പണ്ഡിതന്; ആക്ഷേപം ചൊരിഞ്ഞ് പാശ്ചാത്യ മാദ്ധ്യമങ്ങൾ

ഇസ്ലാമിക സംഭാവനകൾക്കുള്ള സൗദി രാജാവിന്റെ പരമോന്നത പുരസ്‌കാരം മുംബയിലെ മുസ്ലിം പണ്ഡിതന്; ആക്ഷേപം ചൊരിഞ്ഞ് പാശ്ചാത്യ മാദ്ധ്യമങ്ങൾ

മുംബൈക്കാരനായ ഡോക്ടർ സാക്കിർ നായിക്കിന് സൗദി അറേബ്യ നൽകുന്ന ഇസ്ലാമിക സംഭാവനകൾക്കുള്ള പരമോന്ന പുരസ്‌കാരം ലഭിച്ചതിൽ അമർഷവുമായി പാശ്ചാത്യ മാദ്ധ്യമങ്ങൾ. അടിമകളുമായി ലൈംഗിക ബന്ധം ഖുർആൻ അനുവദിക്കുന്നുണ്ടെന്ന് വ്യാഖ്യാനം നൽകിയ നായിക്കിനാണ് സൗദി രാജാവ് തന്നെ നേരിട്ട് ഈ പുരസ്‌കാരം നൽകിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിൽ ആക്ഷേപിക്കുന്നു. സെപ്റ്റംബർ 11 ആക്രമണത്തിനു പിന്നിൽ അമേരിക്ക തന്നെയാണെന്നും മുൻ പ്രസിഡന്റ് ജോർജ് ബുഷിന് അതിൽ പങ്കുണ്ടെന്നും പറഞ്ഞ സാക്കിർ നായിക്കിനാണ് ഈ പുരസ്‌കാരം നൽകിയിരിക്കുന്നതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിവാദമായ പല പ്രസ്താവനകളും നടത്തിയതിന് ഇയാൾക്ക് ബ്രിട്ടൻ നേരത്തെ വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഡോക്ടറായ 49-കാരൻ ഇന്ത്യയിലെ അറിയപ്പെട്ട ടെലിവിഷൻ പ്രബോധകനും മുസ്ലിം പണ്ഡിതനുമാണ്. ഇസ്ലാമിക സേവനങ്ങൾക്കുള്ള കിങ് ഫൈസൽ അന്താരാഷ്ട പുരസ്‌കാരം കഴിഞ്ഞ ദിവസമാണ് നായിക്ക് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിൽ നിന്ന് ഏറ്റുവാങ്ങിയത്. പ്രശസ്തി പത്രവും ഒരു കോടിയിലേറെ സമ്മാനത്തുകയും ലഭിക്കുന്ന ഈ പുരസ്‌കാരത്തിന്റെ ഈ വർഷത്തെ ജേതാക്കളായ അഞ്ചു പ്രമുഖരിൽ ഒരാളാണ് നായിക്ക്. മുംബയ് ആസ്ഥാനമായുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകനായ നായിക്ക് പീസ് ടിവി എന്ന പേരിൽ ഇസ്ലാമിക് ചാനലും നടത്തുന്നുണ്ട്. മതതാരതമ്യ പരിപാടികൾ അവതരിപ്പിക്കുന്ന ലോകത്തെ ഒരേ ഒരു ചാനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചാനലിന് ഇംഗ്ലീഷ് സംസാരിക്കുന്ന 100 ദശലക്ഷത്തിലേറെ പ്രേക്ഷകരുണ്ടെന്നും ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്ന കുറിപ്പിൽ പറയുന്നു.

ഇസ്ലാമിനെ കുറിച്ചും മതതാരതമ്യം വിഷയമാക്കിയും നിരവധി പുസ്തകങ്ങളെഴുതിയ നായിക്ക് അറിയപ്പെടുന്ന ഒരു ടെലിവാഞ്ചലിസ്റ്റ് കൂടിയാണ്. മത പ്രഭാഷണങ്ങളിലൂടെയാണ് നായിക്ക് പ്രശസ്തനായത്. വിവിധ വിഭാഗങ്ങളുള്ള മുസ്ലിംകൾക്കിടയിൽ ഒരു വിഭാഗത്തേയും താൻ പ്രതിനധീകരിക്കുന്നില്ലെന്ന് ഇദ്ദേഹം പറയുന്നുണ്ടെങ്കിലും കടുത്ത മത യാഥാസ്ഥികരായ സലഫികളുടെ പ്രത്യയശാസ്ത്രമാണ് ഇദ്ദേഹം പ്രസംഗിക്കുന്നതെന്ന്് മുസ്ലിംകൾക്കിടയിൽ തന്നെ ആക്ഷേപമുണ്ട്. മത നിയമങ്ങളെന്ന പേരിൽ പ്രാക്യത മുറകൾ അടിച്ചേൽപ്പിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകളും ഈ പ്രത്യയശാസ്ത്രക്കാരാണ്. ഇന്ത്യയിലെ മുസ്ലിംകൾക്കിടയിൽ വെറും ന്യൂനപക്ഷമാണ് സലഫികൾ. അതേസമയം ഇംഗ്ലീഷ് മതപ്രസംഗങ്ങളിലൂടെയും ഒരു വിഭാഗത്തേയും താൻ പ്രതിനിധീകരിക്കുന്നില്ലെന്ന പരസ്യ പ്രഖ്യാപനത്തിലൂടെയും വിദ്യാഭ്യാസമുള്ള നിരവധി മുസ്ലിംകളെ ഇയാൾക്ക് ആരാധകരനായി ലഭിച്ചിട്ടുണ്ട്.

1991-ലാണ് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ച് സാക്കിർ നായിക്ക് ഇസ്ലാം പ്രബോധനവുമായി രംഗത്തെത്തിയത്. ഭാര്യ ഫർഹത്ത് നായിക്ക് ഫൗണ്ടേഷന്റെ വനിതാ വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. മത വിശ്വാസത്തിൽ നിന്നും അകന്നു പോയ മുസ്ലിം ചെറുപ്പക്കാരെ മതത്തിലേക്ക് ആകർഷിക്കുന്നതിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സാക്കിർ നായിക്ക് പറയുന്നു. മുംബയിൽ ഇസ്ലാമിക് ഇന്റർനാഷണൽ സ്‌കൂളും നായിക്ക് സ്ഥാപിച്ചിട്ടുണ്ട്. പാവപ്പെട്ട മുസ്ലിം ചെറുപ്പക്കാർക്ക് പഠനത്തിനും മറ്റും സ്‌കോളർഷിപ്പ് നൽകുന്ന യുനൈറ്റഡ് ഇസ്ലാമിക് എയ്ഡ് എന്ന സ്ഥാപനവും നായിക്ക് നടത്തുന്നു.

Stories you may Like

More News in this category+

MNM Recommends +

Go to TOP