Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എളുപ്പം പണമുണ്ടാക്കാവുന്ന പണിയായി ഭിക്ഷാടനം മാറുന്നോ...? യാചകൻ ഭിക്ഷ കഴിഞ്ഞ് 50 ലക്ഷം രൂപ വിലയുള്ള ഓഡിയിൽ കയറി വീട്ടിൽ പോകുന്ന ചിത്രം പുറത്ത്

എളുപ്പം പണമുണ്ടാക്കാവുന്ന പണിയായി ഭിക്ഷാടനം മാറുന്നോ...? യാചകൻ ഭിക്ഷ കഴിഞ്ഞ് 50 ലക്ഷം രൂപ വിലയുള്ള ഓഡിയിൽ കയറി വീട്ടിൽ പോകുന്ന ചിത്രം പുറത്ത്

മേലനങ്ങാതെ എങ്ങനെ ചുളുവിൽ നല്ല പോലെ കാശുണ്ടാക്കി സുഖിച്ച് ജീവിക്കാമെന്നാണ് ഇന്ന് ഭൂരിഭാഗവും സദാസമയവും ആലോചിച്ച് കൊണ്ടിരിക്കുന്നത്. അതിനായി മറ്റുള്ളവരെ പറ്റിച്ച് കാശടിച്ചെടുക്കുന്നതിനായി പലരും പലവിധ തട്ടിപ്പുകളും പയറ്റുന്നുമുണ്ട്. ഇത്തരക്കാർക്ക് ഏറ്റവും എളുപ്പം പണമുണ്ടാക്കുന്നതിനുള്ള പണിയായി ഭിക്ഷാടനം മാറുന്നുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പലരും ഭിക്ഷാടനത്തിലൂടെ മില്യൺ കണക്കിന് പൗണ്ട് യാതൊരു മുതൽ മുടക്കുമില്ലാതെ സമ്പാദിച്ച് കോടിപതികളായിത്തീരുന്നതിന്റെ വാർത്തകൾ സമീപകാലത്ത് വെളിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണീ സന്ദേഹമുയർന്നിരിക്കുന്നത്. ബ്രിട്ടനിലെ സിറ്റിസെന്ററിൽ പിച്ചയെടുക്കുന്ന യാചകൻ ദിവസം 50,000 രൂപ വരെ സമ്പാദിക്കുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നിരുന്നത്. ഇയാൾക്ക് ലഭിക്കുന്ന വാർഷിക വരുമാനവും പ്രധാനമന്ത്രി കാമറോണിന് ലഭിക്കുന്ന വാർഷിക വരുമാനവും തമ്മിൽ വെറും 12,00,000 രൂപയുടെ വ്യത്യാസമേയുള്ളുവെന്നും വെളിപ്പെട്ടിരുന്നു....!!.  ഇപ്പോഴിതാ മറ്റൊരു കോടീശ്വരനായ യാചകനെ പറ്റിയുള്ള ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. കോൺവാളിലെ ഈ യാചകൻ ഭിക്ഷ കഴിഞ്ഞ് 50,00,000 രൂപ വിലയുള്ള ഓഡിയിൽ കയറി വീട്ടിൽ പോകുന്ന ചിത്രമാണ് ഇപ്പോൾ തെളിവായി പുറത്ത് വന്നിരിക്കുന്നത്...!!.

ഈ കാറിൽ സഞ്ചരിക്കുന്ന ചിത്രം പുറത്ത് വന്നത് മുതൽ തനിക്ക് നേരെ വധഭീഷണി ഉയർന്നിരിക്കുന്നുവെന്നും ഈ യാചകൻ വെളിപ്പെടുത്തിയിട്ടുണ്ട്. കോൺവാളിലെ ന്യൂക്വേയിലുള്ള ബാങ്ക് സ്ട്രീറ്റിൽ വർഷങ്ങളായി ഭിക്ഷയെടുക്കുന്ന മാത്യു ബ്രിന്റൻ ആണ് കഥാനായകൻ. ഇയാൾ തന്റെ ഓഡി ടിടിയിലേക്ക് തന്റെ കാവൽ നായായ ഹേസലിനൊപ്പം ഒരു ലോക്കൽ കാർ പാർക്കിൽ നിന്ന് കയറിപ്പോകുന്ന ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്. ഈ കാർ തനിക്ക് അമ്മൂമ്മയിൽ നിന്നും ഒസ്യത്തായി ലഭിച്ചതാണെന്നാണ് 35കാരനായ ബ്രിന്റൻ പറയുന്നത്. യാചകൻ കാറിൽ കയറുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം 100ൽ അധികം പേരാണ് ഇതിന് കമന്റിട്ടിരിക്കുന്നത്. ഇയാൾക്ക് ഒരു സ്വന്തമായി ഒരു സ്പോർട്സ് കാരും ന്യൂഖ്വേയിൽ താമസിക്കാൻ ഒരിടവുമുണ്ടെന്നറിഞ്ഞതോടെ ഇയാൾക്ക് പണവും ആഹാരവും കൊടുത്തവർ തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് കമന്റുകളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ ചിത്രം പുറത്ത് വന്നതോടെ തനിക്ക് ലഭിച്ച് കൊണ്ടിരുന്ന സഹായങ്ങൾ നിലച്ചുവെന്നും അതിനാൽ താനാകെ നിരാശയിലും പട്ടിണിയിലുമായിരിക്കുകയാണെന്നാണ് ബ്രിന്റൻ പ്രതികരിച്ചിരിക്കുന്നത്.

താനീ സോഷ്യൽ മീഡിയ പോസ്റ്റ് കണ്ടിട്ടില്ലെന്നും കാരണം തനിക്ക് ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ സാധിക്കില്ലെന്നും ബ്രിന്റൻ പറയുന്നു. എന്നാൽ തനിക്ക് നേരെ നിരവധി വധഭീഷണികൾ ഉയർന്നിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നതെന്നും അയാൾ വെളിപ്പെടുത്തുന്നു. തനിക്കേറെ സമ്പത്തുണ്ടെന്ന് ആളുകൾ ഈ ഫോട്ടോയിലൂടെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും അതിന്റെ പേരിൽ തനിക്കേറെ പഴി കേൾക്കേണ്ടി വരുന്നുണ്ടെന്നും ബ്രിന്റൻ പറയുന്നു. ഈ പോസ്റ്റ് ഫേസ്‌ബുക്കിലെത്തിയതിന് ശേഷം ഈ യാചകനെ അധിക്ഷേപിച്ചും പിന്തുണച്ച് കൊണ്ടും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇയാൾ ടൗണിലൂടെ ഡ്രൈവ് ചെയ്ത് പോകുന്നത് ഇഷ്ടപ്പെട്ടുവെന്നാണ് ചിലർ പ്രതികരിച്ചിരിക്കുന്നത്. യാചകൻ ഒരു പ്രായമായ ആളിൽ നിന്നും 40 പൗണ്ട് സഹായമായി വാങ്ങുന്നത് കണ്ട് തനിക്ക് വെറുപ്പ് തോന്നിയിരുന്നുവെന്നും വയോധികൻ യാചകൻ ഭക്ഷണം വാങ്ങിക്കോട്ടെയെന്ന് കരുതിയാണിത് നൽകിയതെന്നും എന്നാൽ തന്റെ ദയാവായ്പ് ഈ വിധത്തിൽ ചൂഷണം ചെയ്യപ്പെട്ടുവെന്നറിഞ്ഞ് വയോധികൻ ആകെ ദുഃഖിതനാണെന്നാണ് മറ്റൊരാൾ യാചകനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. എന്നാൽ യാചകനെ അയാളുടെ പാട്ടിന് വിടാനും അയാൾക്ക് നേരെ ദേഷ്യം തോന്നേണ്ട ആവശ്യമില്ലെന്നും അയാളെ പ്രലോഭനങ്ങൾക്ക് എളുപ്പം വശംവദനാകുന്ന ആളായി കണ്ടാൽ മതിയെന്നുമാണ് മറ്റൊരാൾ പ്രതികരിച്ചിരിക്കുന്നത്.

യാചകൻ കാറിൽ കയറിപ്പോകുന്ന വീഡിയോ ഫെബ്രുവരി 18നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മാത്യൂ ബ്രിന്റന് ഇതിന് ശേഷം കാർ നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും ഇയാൾ തെരുവിലേക്ക് തന്നെ മടങ്ങിയെത്തിയെന്നുമാണ് പൊലീസ് പറയുന്നത്. യാചകന് ഒരിക്കൽ ഒരു ബന്ധുവിൽ നിന്ന് ഒസ്യത്തായി ഈ കാർ ലഭിച്ചിരുന്നുവെന്നും എന്നാൽ അധികം വൈകാതെ അയാൾക്കത് നഷ്ടപ്പെട്ടുവെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. ബ്രിന്റന്റെ ജീവന് ഭീഷണിയുണ്ടെന്നും എന്നാൽ ഉടൻ അയാളുടെ സുരക്ഷയ്ക്ക് പ്രശ്‌നമുണ്ടാക്കുന്ന ഭീഷണികളൊന്നുമുണ്ടായിട്ടില്ലെന്നുമാണ് ന്യൂഖ്വേയിലെ മുതിർന്ന പൊലീസ് ഓഫീസറായ ഇൻസ്‌പെക്ടർ ഡേവ് മെറിഡിത്ത് പറയുന്നത്. യാചകനോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP