Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രഹസ്യം ചോർന്നതിൽ ഇന്ത്യയ്ക്ക് പങ്കില്ല; വിവരങ്ങൾ അടിച്ചുമാറ്റിയത് ഫ്രഞ്ച് ജീവനക്കാർ തന്നെ; അന്വേഷണത്തിനായി ഇന്ത്യൻ സംഘം ഫ്രാൻസിലേക്ക്

രഹസ്യം ചോർന്നതിൽ ഇന്ത്യയ്ക്ക് പങ്കില്ല; വിവരങ്ങൾ അടിച്ചുമാറ്റിയത് ഫ്രഞ്ച് ജീവനക്കാർ തന്നെ; അന്വേഷണത്തിനായി ഇന്ത്യൻ സംഘം ഫ്രാൻസിലേക്ക്

ന്യൂഡൽഹി : സ്‌കോർപീൻ അന്തർവാഹിനികളെക്കുറിച്ചുള്ള തന്ത്രപ്രധാനരേഖകൾ ചോർന്നതല്ലെന്നും മോഷ്ടിക്കപ്പെട്ടതാണെന്നും ഫ്രഞ്ച് സർക്കാർ വെളിപ്പെടുത്തിയതായി റിപ്പോർട്ട്. കമ്പനിയിലെ ജീവനക്കാരനായ ഫ്രഞ്ച് പൗരനാണ് ഇതിനു പിന്നിലെന്നും ഇയാളെ തിരിച്ചറിഞ്ഞെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയതായി റിപ്പോർട്ടിലുണ്ട്. ദി ഓസ്‌ട്രേലിയൻ എന്ന പത്രമാണ് വിവരങ്ങൾ പുറത്തുവിട്ടത്.

അതേസമയം, സ്‌കോർപീൻ അന്തർവാഹിനികളുടെ നിർണായക വിവരങ്ങൾ ചോർന്ന വിഷയത്തിൽ ഇന്ത്യ, ഫ്രഞ്ച് ആയുധ കമ്പനിയുടെ വിശദീകരണം തേടി. സമഗ്ര അന്വേഷണത്തിന് ഇന്ത്യ പ്രത്യേക സംഘത്തെ ഫ്രാൻസിലേക്ക് അയക്കും. അന്തർവാഹിനി നിർമ്മിച്ച ഡിസിഎൻഎസ് കമ്പനിയിൽ പരിശോധന അടക്കം നടപടികൾക്കാണ് ഇന്ത്യയുടെ ശ്രമം. 2011 ലാണ് അന്തർവാഹിനിയുടെ വിവരങ്ങളടങ്ങിയ രേഖകൾ മോഷ്ടിക്കപ്പെട്ടത്. സ്‌കോർപീൻ അന്തർവാഹിനികളുടെ തന്ത്രപ്രധാന രഹസ്യങ്ങൾ ചോർന്നത് ഇന്ത്യയിൽ നിന്നല്ല എന്നാണു നാവികസേനയുടെ കണ്ടെത്തൽ.

ഇന്ത്യയ്ക്ക് വേണ്ടി നിർമ്മിക്കുന്ന തന്ത്രപ്രധാനമായ അന്തർവാഹിനിയെ സംബന്ധിക്കുന്ന വിവരങ്ങൾ ഫ്രഞ്ച് ആയുധ കമ്പനി ഡി.സി.എൻഎസിൽ നിന്ന് ചോർന്നു. കമ്പനികൾ തമ്മിലുള്ള കിടമത്സരമാണ് രഹസ്യവിവരങ്ങൾ ചോരുന്നതിലേയ്ക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. ഫ്രഞ്ച് സർക്കാരിന് 63% ഓഹരിയുള്ള സ്ഥാപനമാണു ഡിസിഎൻഎസ്. ടേൽസ് എന്ന സ്വകാര്യ കമ്പനിയുടേതാണു 35% ഓഹരികൾ. പാക്കിസ്ഥാന് അഗോസ്റ്റ അന്തർവാഹിനികൾ നിർമ്മിച്ചുനൽകുന്നതും ഡിസിഎൻഎസാണ്. ഇന്ത്യ നിലവിൽ നടപ്പാക്കുന്നതിൽ ഏറ്റവും വലിയ ആയുധനിർമ്മാണ കരാറാണു മുംബൈയിലെ മസ്ഗാവ് ഡോക്കിൽ നിർമ്മിക്കുന്ന സ്‌കോർപീൻ അന്തർവാഹിനികളുടേത്. 2005ൽ ഒപ്പുവച്ച പദ്ധതിക്ക് ഏകദേശം 19,000 കോടി രൂപയാണു ചെലവു കണക്കാക്കിയത്. പദ്ധതിയിലെ ആദ്യത്തെ അന്തർവാഹിനി കഴിഞ്ഞ ഏപ്രിലിലാണു പരീക്ഷണ സഞ്ചാരത്തിനായി കടലിലിറക്കിയത്. ഇതിനിടെയാണ് വിവരങ്ങൾ ചോർന്നത്.

കമ്പനിയിൽ നിന്ന് 22,000 പേജുകൾ അടങ്ങുന്ന വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. അന്തർവാഹിനിയിൽ നിന്ന് കപ്പലുകൾക്കെതിരെ തൊടുക്കുന്ന ടോർപ്പിഡോകളുടെ വിക്ഷേപണ സംവിധാനം, വിവിധ വേഗതയിൽ അന്തർവാഹിനിയിൽ നിന്ന് പുറപ്പെടുന്ന ശബ്ദം, വെള്ളത്തിനിടയിൽ എത്ര ആഴത്തിൽ കിടക്കാം തുടങ്ങിയ തന്ത്രപ്രധാനമായ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. അന്തർവാഹിനിയിലെ സെൻസറുകൾ, ആശയവിനിമയം, ഗതിനിർണയം തുടങ്ങിയവയും പുറത്തായി.

അതീവ രഹസ്യസ്വഭാവമുള്ള സംഗതികൾ തങ്ങൾ പുറത്തുവിടുന്നില്ലെന്നാണു ഓസ്‌ട്രേലിയൻ പത്രത്തിന്റെ നിലപാട്. വിവരങ്ങൾ ഏറെയും ഇന്ത്യയിൽ നിർമ്മിക്കുന്ന ആറു സ്‌കോർപീൻ അന്തർവാഹിനികളെക്കുറിച്ചാണ്. ചിലെ, റഷ്യ എന്നിവയ്ക്കു ഡിസിഎൻഎസ് വിൽക്കാനുദ്ദേശിക്കുന്ന ആയുധക്കപ്പലുകളെക്കുറിച്ചുള്ള രഹസ്യവിവരങ്ങളും ലഭ്യമായ രേഖകളിലുണ്ടത്രേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP