Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്രിട്ടനിൽ നിന്നും പഠിച്ച കായികപ്രേമിയായ ഷെയ്ഖ് റാഷിദിനെ മരണം വിളിച്ചത് അപ്രതീക്ഷിതമായി; രാജകുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേർന്നത് ലോകം ഒരുമിച്ച്

ബ്രിട്ടനിൽ നിന്നും പഠിച്ച കായികപ്രേമിയായ ഷെയ്ഖ് റാഷിദിനെ മരണം വിളിച്ചത് അപ്രതീക്ഷിതമായി; രാജകുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേർന്നത് ലോകം ഒരുമിച്ച്

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുത്രനായ ഇന്നലെ രാവിലെ അന്തരിച്ച ശൈഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മറ്റ് അറബ് രാജകുമാരന്മാരിൽ നിന്നും തികച്ചും വ്യത്യസ്തമായ വ്യക്തിത്വം പുലർത്തിയ ആളായിരുന്നു. ബ്രിട്ടനിൽ നിന്നും പഠിച്ച കായികപ്രേമിയായ ഷെയ്ഖ് റാഷിദിനെ മരണം വിളിച്ചത് തികച്ചും അപ്രതീക്ഷിതമായായിരുന്നു. രാജകുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേർന്ന് ലോകം ഒരുമിച്ച് സാന്ത്വനം ചൊരിയുകയാണിപ്പോൾ.ഹൃദയാഘാതത്തെത്തുടർന്നായിരുന്നു ഇന്നലെ കാലത്ത് അദ്ദേഹം ഈ ലോകം വിട്ട് പോയത്. മുപ്പത്തിനാലാം വയസിലാണ് ശൈഖ് റാഷിദിനെ മരണം തട്ടിയെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ശനിയാഴ്ച മുതൽ മൂന്നുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ട് സാബീൽ പള്ളിയിൽ മഗ്രീബ് നിസ്‌കാരത്തിനുശേഷം ബർദുബായിലെ ഉംഹുറൈർ ശ്മശാനത്തിലാണ് അദ്ദേഹത്തിന്റെ കബറടക്കം നടന്നത്.

മയ്യിത്ത് നമസ്‌കാരത്തിൽ പിതാവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യുട്ടി സുപ്രീം കമാൻഡർ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് റാഷിദിന്റെ സഹോദരന്മാർ, മറ്റു ഷെയ്ഖുമാർ, ഭരണാധികാരികൾ എന്നിവരടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. 

എന്നും അധികാരത്തിന്റെ കോട്ടകൊത്തളങ്ങളിൽ വേറിട്ട് നടക്കാൻ താൽപര്യം പ്രകടിപ്പിച്ച വ്യക്തിത്വമായിരുന്നു ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെത്. പകരം സ്‌പോർട്‌സിലും കുതിരയോട്ടത്തിലുമായിരുന്നു ഈ യുവാവ് ലഹരി കണ്ടെത്തിയത്. യു.എ.ഇ.യിലെ വിശേഷിച്ച്, ദുബായിലെ ചെറുപ്പക്കാരുടെ ആരാധനാപാത്രമായി കളിക്കളങ്ങളിൽ നിറഞ്ഞുനിന്ന രാജകുമാരനാണ് അകാലത്തിൽ കടന്ന് പോകുന്നത്. അദ്ദേഹത്തിന്റെ ആരാധകരെ തീരാദുഃഖത്തിലേക്ക് തള്ളിവിട്ടാണ് അദ്ദേഹം വിടപറഞ്ഞിരിക്കുന്നത്. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെയും ശൈഖ ഹിന്ദിന്റെയും മകനായി 1981ലാണ് ശൈഖ് റാഷിദ് ഭൂജാതനായത്. 2002ൽ ബ്രിട്ടനിലെ സാൻഡ്‌ഹേഴ്സ്റ്റ് സൈനിക അക്കാദമിയിൽനിന്ന് ബിരുദപഠനം പൂർത്തിയാക്കിയ രാജകുമാരനാണ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ്. സബീൽ റേസ് കോഴ്‌സിന്റെ ഉടമസ്ഥനായിരുന്ന അദ്ദേഹം കുതിരയോട്ടത്തിലായിരുന്നു ഏറെ പേരെടുത്തിരുന്നത്. 2008ലെ ദോഹ ഏഷ്യാഡിൽ 120 കി.മീറ്റർ കുതിരയോട്ടമത്സരത്തിൽ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ശൈഖ് റാഷിദ് സ്വർണം കരസ്ഥമാക്കിയിരുന്നു.

അറബ് ലോകത്ത് ശ്രദ്ധേയമായ തികച്ചും വേറിട്ട വ്യക്തിത്വം കാഴ്ച വച്ച രാജകുമാരന്മാരിൽ ഒരാളായിരുന്നു ശൈഖ് റാഷിദ്. 2011ൽ ലോകത്തിലെ രാജകുടുംബാംഗങ്ങൾക്കിടയിലെ ഏറ്റവും ആകർഷണീയരായ 20 യുവാക്കളിരൊളെന്ന ബഹുമതി മുഹമ്മദ് ബിൻ റാഷിദിനെത്തേടിയെത്തി. ഫോബ്‌സ് മാസിക തയ്യാറാക്കിയ പട്ടികയിലായിരുന്നു അദ്ദേഹത്തിന് പ്രസ്തുത സ്ഥാനം ലഭിച്ചത്. അതിന് മുമ്പ് 2010ൽ എസ്‌ക്വയർ മാസികയുടെ പട്ടികയിലും അറബ് രാജവംശങ്ങളിലെ ആകർഷക വ്യക്തിത്വങ്ങളിലൊന്നായി അദ്ദേഹം അംഗീകരിക്കപ്പെട്ടു. 2006മുതൽ 2010വരെ അറബ് യുവാക്കൾക്കിടയിലെ ഏറ്റവും ആകർഷണീയനായ ചെറുപ്പക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതും മറ്റാരുമായിരുന്നില്ല. 2008ൽ യു.എ.ഇ. ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം അദ്ദേഹത്തെ തേടിയെത്തിയെങ്കിലും 2010ൽ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. നൂർ ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പ്, നൂർ ഇസ്ലാമിക് ബാങ്ക്, യുനൈറ്റഡ് ഹോൾഡിങ്‌സ് ഗ്രൂപ്പ്, സബീൽ റേസിങ് ഇന്റർനാഷണൽ, ദുബായ് ഹോൾഡിങ് കമ്പനി തുടങ്ങിയവയ്ക്ക് ചുക്കാൻ പിടിച്ചതും ഈ ഊർജസ്വലനായ രാജകുമാരനായിരുന്നു. ദുബായ് കെയറിന്റെ പ്രവർത്തനങ്ങൾക്കായി അദ്ദേഹം തന്റെ നല്ലൊരു സമയം വിനിയോഗിച്ചിരുന്നു. ലോകത്തിലെ എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പു വരുത്തുകയായിരുന്നു ഈ ഫിലാൻത്രോപിക് ഓർഗനൈസേഷന്റെ അടിസ്ഥാന ലക്ഷ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP