Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെസ്ലിയും സിനിയും ജയിലിൽ ആയതോടെ സോഷ്യൽ സർവീസിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കുഞ്ഞിനെ ബന്ധുക്കളുടെ സംരക്ഷണയിൽ വിട്ട് പൊലീസ്; വളർത്തു മകളെ കൊലയ്ക്ക് കൊടുത്ത മലയാളി ദമ്പതികൾക്ക് സ്വന്തം കുഞ്ഞും നഷ്ടമായേക്കും

വെസ്ലിയും സിനിയും ജയിലിൽ ആയതോടെ സോഷ്യൽ സർവീസിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കുഞ്ഞിനെ ബന്ധുക്കളുടെ സംരക്ഷണയിൽ വിട്ട് പൊലീസ്; വളർത്തു മകളെ കൊലയ്ക്ക് കൊടുത്ത മലയാളി ദമ്പതികൾക്ക് സ്വന്തം കുഞ്ഞും നഷ്ടമായേക്കും

ടെക്‌സസ്: വളർത്തു മകളായിരുന്ന ഷെറിൻ മാത്യുസിനെ കൊന്ന കേസിൽ ജയിലിൽ ആയ മലയാളി ദമ്പകതികൾ വെസ്ലി മാത്യുസിന്റെയും സിനി മാത്യുസിന്റെയും മൂന്ന് വയസ്സുകാരിയായ സ്വന്തം മകളെ ചൈൽഡ് പ്രൊട്ടക്ടീവ് സർവീസസ് (സിപിഎസ്) കുഞ്ഞിന്റെ ബന്ധുക്കൾക്കു കൈമാറി. ഷെറിനെ കാണാതാകുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തതോടെ കഴിഞ്ഞ ഒക്ടോബർ ഏഴു മുതൽ ഈ കുട്ടി ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കുട്ടിയെ ബന്ധുക്കൾക്ക് കൈമാറി. കുഞ്ഞിനെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട സിനിയും വെസ്ലിയും നേരത്തെ ശിശുസംരക്ഷണ സമിതിക്ക് പരാതിയും നൽകിയിരുന്നു.

ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വെസ്‌ലിയും സിനിയും ജയിലിലാണ്. ഹൂസ്റ്റണിലുള്ള ബന്ധുവിന്റെ സംരക്ഷണയിലാണു കുഞ്ഞിനെ കൈമാറിയത്. ഇതേസമയം, ഷെറിനെ തനിയെ വീട്ടിലാക്കി പോയ കുറ്റത്തിന് അറസ്റ്റിലായ സിനി ജാമ്യത്തുകയിൽ ഇളവുതേടി കോടതിയെ സമീപിച്ചു. ഇപ്പോൾ രണ്ടരലക്ഷം ഡോളർ ബോണ്ടിലാണു സിനി റിച്ചർഡ്‌സൺ ജയിലിൽ കഴിയുന്നത്.

വടക്കൻ ടെക്‌സാസിലെ റിച്ചാർഡ്‌സണിലുള്ള വെസ്ലി മാത്യുവും സിനി മാത്യുവും ബിഹാറിലെ നളന്ദയിലുള്ള ഒരു അനാഥാലയത്തിൽ നിന്നും ദത്തെടുത്തതായിരുന്നു സരസ്വതി ആയിരുന്ന ഷെറിൻ മാത്യുസിനെ. കുട്ടിയെ പാലു കുടിക്കാത്തതിന്റെ പേരിൽ വീടിന് പുറത്ത് നിർത്തുകയും പിന്നീട് കുട്ടിയെ കാണാതാകുകയുമായിരുന്നെന്നാണ് വെസ്ലി പൊലീസിന് നൽകിയ വിവരം. എന്നാൽ പിന്നീട് ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം റിച്ചാർഡ്‌സണിലെ വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഒരു കലുങ്കിനടിയിൽ നിന്നും കിട്ടിയത്.

മകളെ സ്‌നേഹത്തോടെയാണ് സംരക്ഷിച്ചിരുന്നതെന്നും മറിച്ച് കേൾക്കുന്നതൊന്നും ശരിയല്ലെന്നും വെസ്ലി ആണയിട്ടത്രേ. കുഞ്ഞിന് പ്രായത്തിനനുസരിച്ച് തൂക്കം ഇല്ലാത്തത് അവിടെ കുറ്റകരമാണ്. നിശ്ചിത ഇടവേളകളിൽ പരിശോധനയ്ക്കു ഹാജരാക്കണം. ഷെറിന് തൂക്കം കുറവായതുകൊണ്ടാണ് പാൽ കുടിക്കാൻ നിർബന്ധിച്ചത്. പുറത്തുനിർത്തിയ കുഞ്ഞ് തനിയെ മടങ്ങിവരുമെന്നാണു കരുതിയത്. 15 മിനിറ്റ് കഴിഞ്ഞും എത്താതെ വന്നപ്പോൾ പുറത്തുചെന്ന് നോക്കിയെങ്കിലും കണ്ടില്ലെന്നാണ് വെസ്ലി പറഞ്ഞത്. ഈ മാസം ഏഴിന് പുലർച്ചേ മൂന്നോടെയാണ് സംഭവം. എന്നാൽ, അഞ്ചു മണിക്കൂർ കഴിഞ്ഞാണ് വെസ്ലി പൊലീസിനെ വിവരമറിയിച്ചത്. അതോടെയാണ് പൊലീസിന്റെ സംശയം ഇയാളിലേക്കായി. വീടിന് പിന്നിൽ നൂറടി ദൂരെയുള്ള മരത്തിനടിയിലാണ് കുഞ്ഞിനെ നിർത്തിയതെന്ന് വെസ്ലി പറയുന്നു.

ചെന്നായ്ക്കളുടെ ശല്യമുണ്ടെന്നറിഞ്ഞിട്ടും ഇവിടെ കുഞ്ഞിനെ കൊണ്ടുനിർത്തിയതിന് ഇയാൾക്കു വിശ്വസനീയ മറുപടിയില്ല. സ്വന്തം കുഞ്ഞിനെ കാണാതാകുമ്പോൾ പിതാവിനുണ്ടാകുന്ന മാനസികവ്യഥ വെസ്ലിയിൽ പ്രകടമായില്ലെന്നതും പൊലീസിന്റെ സംശയങ്ങൾ ബലപ്പെടുത്തി. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് വെസ്ലി പിടിയിലാകുന്നത്.

2015 ഫെബ്രുവരി നാലിന് സന്നദ്ധ സംഘടനയ്ക്കു ലഭിച്ച കുട്ടിയെ നളന്ദയിലെ ബാലസംരക്ഷണകേന്ദ്രത്തിൽനിന്ന് കഴിഞ്ഞ ജൂൺ 23നാണ് വെസ്്‌ലിയും സിനിയും ദത്തെടുത്ത് അമേരിക്കയിലേക്കു കൊണ്ടുപോയത്. മൂന്നടി ഉയരമുള്ള കുഞ്ഞിന് 22 പൗണ്ടായിരുന്നു തൂക്കം. കാഴ്ചയും കുറവായിരുന്നു. പ്രായത്തിനനുസരിച്ച സംസാരശേഷിയും ഇല്ലായിരുന്നത്രേ.

കൊച്ചിക്കാരനാണ് വെസ്ലി. ഇപ്പോൾ അമേരിക്കയിൽ കുഞ്ഞു ഷെറിനെ കാണാതായെന്ന വാർത്തകൾ വന്നപ്പോഴാണ് ഒന്നര വർഷത്തോളം മുമ്പ് വെസ്ലിയും സിനിയും ദത്തെടുത്ത കുഞ്ഞായിരുന്നു അതെന്ന് വൈറ്റിലയിൽ വെസ്ലിയുടെ കുടുംബവീടിന്റെ അയൽവാസികൾ അറിയുന്നത്. വൈറ്റില ജനത എൽ.എം. പൈലി റോഡിൽ നടുവിലേഴത്ത് സാം മാത്യുവിന്റെയും വൽസമ്മയുടെയും മകനാണു വെസ്ലി മാത്യു. ഷെറിനെ കാണാതായ വാർത്തകൾ വന്നശേഷം സാമും വൽസമ്മയും വീടുപൂട്ടി പോയതായി സമീപവാസികൾ പറഞ്ഞു. അയൽക്കാരുമായി അധികം ഇടപഴകാത്ത പ്രകൃതമായിരുന്നു സാമിന്റേത്. കഴിഞ്ഞ 15-നു പള്ളിയിൽ പോയശേഷം തിടുക്കത്തിൽ സാധനങ്ങളുമെടുത്ത് വീടുപൂട്ടി പോകുകയായിരുന്നു. വാർത്തകൾ സംബന്ധിച്ച് അയൽക്കാരുമായി സംസാരിക്കാൻ ഇവർ തയാറായിരുന്നില്ല.

നാട്ടിലെത്തിയപ്പോൾ വെസ്ലിയും സിനിയും വളരെ സ്‌നേഹത്തോടെയാണു കുഞ്ഞിനോടു പെരുമാറിയിരുന്നതെന്നു സമീപവാസികൾ പറയുന്നു. വെസ്ലിക്ക് മൂത്ത മകൾ ഉണ്ടായിരുന്നെങ്കിലും ഷെറിനോടും വളരെ കരുതലായിരുന്നു. എന്നാൽ സാമിനും വൽസമ്മയ്ക്കും കുഞ്ഞിനെ ദത്തെടുത്തതിനോടു താൽപര്യമില്ലായിരുന്നുവെന്നു സൂചനയുണ്ട്. വിദേശത്തായിരുന്ന സാം ഇരുപതു വർഷമായി ജനതയിൽ വീടുവച്ച് താമസം തുടങ്ങിയിട്ട്. ഇവിടെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഒരു വർഷത്തേക്ക് അമേരിക്കയിലേക്കു പോയ സാമും ഭാര്യയും രണ്ടു മാസം മുമ്പാണു തിരിച്ചെത്തിയത്. പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ സാമിന് മൂന്നു മക്കളാണുള്ളത്. ആൺമക്കൾ രണ്ടുപേരും അമേരിക്കയിൽ. മകൾ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ. സാം താമസിക്കുന്ന വീടിനു സമീപം മകളുടെ വീടുമുണ്ട്. ഇതു വാടകയ്ക്കു കൊടുത്തിരിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP