Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒറ്റയടിക്ക് 5000 മൈൽ താണ്ടാനുള്ള ശ്രമം വിജയിച്ചില്ല; ചൈനയിൽനിന്ന് അമേരിക്കയ്ക്ക് പുറപ്പെട്ട പുറപ്പെട്ട സോളാർ വിമാനം ജപ്പാനിൽ ഇറക്കി

ടോക്കിയോ: വ്യോമയാന ചരിത്രത്തിൽ പുതിയ ചരിത്രം കുറിക്കാൻ ചൈനയിലെ നാൻജിങ്ങിൽനിന്ന് യാത്ര പുറപ്പെട്ട സോളാർ ഇംപൾസ് 2 വിമാനത്തിന് ലക്ഷ്യം പൂർത്തിയാക്കാനായില്ല. അമേരിക്കയിലെ ഹവായിലിലേക്ക് 5079 മൈൽ യാത്ര പുറപ്പെട്ട ഒറ്റയാൾ വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് ജപ്പാനിൽ ഇറക്കേണ്ടിവന്നു. സൗരോർജമുപയോഗിച്ച് ലോകം ചുറ്റുകയെന്ന ലക്ഷ്യവുമായി യാത്ര പുറപ്പെട്ട വിമാനം കൊടുങ്കാറ്റിനെത്തുടർന്ന് ജപ്പാനിലെ നഗോയയിലാണ് ഇറക്കിയത്.

ഒരു തുള്ളി പെട്രോൾ ഇല്ലാതെ  ലോകം ചുറ്റുകയെന്ന ദൗത്യവുമായി പറക്കുന്ന സോളാർ ഇംപൾസിന്റെ യാത്രയ്ക്ക് അമരക്കാരനായിരുന്നത് സ്വിറ്റ്‌സർലൻഡുകാരനായ ആന്ദ്രെ ബോഷ്‌ബെർഗായിരുന്നു. നാൻജിങ്ങിൽനിന്ന് പസഫിക് സമുദ്രത്തിന്റെ മറുകര തേടിയായിരുന്നു യാത്ര. എന്നാൽ, മോശമായിക്കൊണ്ടിരുന്ന കാലാവസ്ഥ യാത്ര ഇടയ്ക്കുവച്ച് നിർത്താൻ നിർബന്ധിതമാക്കിയെന്ന് പദ്ധതിയുടെ ആസൂത്രകർ ട്വിറ്ററിലൂടെ അറിയിച്ചു.

പസഫിക് കുറുകെ കടന്ന് ഹവായിലിലെത്തുകയെന്നതായിരുന്നു ബോഷ്‌ബെർഗിന്റെ ലക്ഷ്യം. ആറു ദിവസം നീണ്ടുനിൽക്കുന്ന ഒറ്റയടിക്കുള്ള യാത്ര വ്യോമയാന ചരിത്രത്തിൽ നാഴികക്കല്ലായി മാറുമായിരുന്നു. എ്ന്നാൽ, കാലാവസ്ഥ വില്ലനായതോടെ യാത്ര പാതിവഴിയിൽ മുടങ്ങി. കാലാവസ്ഥ അനുകൂലമാകുന്നതു വരെ ജപ്പാനിൽ കാത്തിരിക്കുകയാണ് ബോഷ്‌ബെർഗ്.

കാലാവസ്ഥ മോശമായാൽ, സമുദ്രത്തിനുമുകളിൽവച്ച് വിമാനം ഉപേക്ഷിച്ച് പാരച്യൂട്ടിൽ ചാടി രക്ഷപ്പെടുവാനാണ് ബോഷ്‌ബെർഗിന് കിട്ടിയിരുന്ന ലക്ഷ്യം. എന്നാൽ, 12 വർഷത്തെ പ്രയത്‌നത്തിലൂടെ നിർമ്മിച്ച വിമാനം ഒരു നിമിഷത്തെ അവിവേകം കൊണ്ട് ഇല്ലാതാക്കാൻ കഴിയുമായിരുന്നില്ലെന്ന് ബോഷ്‌ബെർഗ് പറഞ്ഞു. വിമാനം നഗോയക്ക് തിരിച്ചുവിടാൻ തീരുമാനിച്ചത് അതുകൊണ്ടാണ്.

ആകാശത്തുകൂടി പുതിയ ചരിത്രം കുറിക്കാനുള്ള ഏകാന്തയാത്ര 130 മണിക്കൂറെങ്കിലും എടുക്കുമെന്നാണ് കരുതിയിരുന്നത്. ഹവായിയിലേക്കുള്ള യാത്ര നാൻജിങ്ങിൽനിന്ന് ഞായറാഴ്ച പുലർച്ചെ 2.40നാണ് ആരംഭിച്ചത്. എന്നാൽ, തിങ്കളാഴ്ച ഉച്ചയോടെ വിമാനം നഗോയയിൽ ലാൻഡ് ചെയ്തു. സാധാരണ ഇന്ധനമുപയോഗിച്ച് അതിവേഗം പറക്കുന്ന ജെറ്റുകൾക്കുപോലും വിഷമം പിടിച്ച യാത്രയാണ് ബോർഷ്ബർഗ് ഒറ്റയ്ക്ക് താണ്ടാനൊരുങ്ങിയത്. ഹവായിയിലെ കലീലോവ വിമാനത്താവളമായിരുന്നു യഥാർഥ ലക്ഷ്യം. മണിക്കൂറിൽ പരമാവധി 140 കിലോമീറ്ററിലാണ് വിമാനം പറന്നത്.

കഴിഞ്ഞ മാർച്ചിലാണ് സോളാർ ഇംപൾസ് പരീക്ഷണപ്പറക്കൽ തുടങ്ങിയത്. അബുദാബിയിൽനിന്ന് തുടങ്ങി യാത്രയ്ക്കിടെ വിമാനം ഇന്ത്യയിലുമെത്തിയിരുന്നു. മറ്റൊരു പൈലറ്റായ ബെർട്രാൻഡ് പിക്കാർഡും ഈ യാത്രയിൽ കൂടെയുണ്ടായിരുന്നു. ഇരുവരും മാറി മാറിയാണ് വിമാനം പറത്തിയിരുന്നത്. യാത്രയുടെ ഏഴാം ഘട്ടമാണ് ഇപ്പോഴത്തേത്. ആറു ഘട്ടങ്ങളും വിജയമായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ, പ്രതീക്ഷിച്ചതിനും രണ്ടുമാസം വൈകിയാണ് നാൻജിങ്ങിൽനിന്നുള്ള യാത്ര തുടങ്ങാനായത്.

വിമാനം പറക്കുന്നത് പൂർണമായും സൗരോർജ്ജത്തിലായതിനാൽ, തെളിഞ്ഞ കാലാവസ്ഥ വിമാനത്തിന് അത്യാവശ്യമാണ്. മാത്രമല്ല, കാറ്റ് അനുകൂലമാവുകയും വേണം. കാറിന്റെ മാത്രം ഭാരമുള്ള വിമാനത്തിന്റെ ചിറകുകളിലുള്ള 17,000 സൗര ബാറ്ററികളിലാണ് ഇന്ധനം ശേഖരിക്കപ്പെടുന്നത്. വൈകുന്നേരമാകുമ്പോഴേക്ക് എല്ലാ ബാറ്ററികളിലും പൂർണമായി ഇന്ധനം നിറഞ്ഞാൽ മാത്രമേ രാത്രി യാത്ര സാധ്യമാകൂ. ഇന്ധനം ലാഭിക്കാൻ പകൽസമയങ്ങളിൽ 28,000 അടി ഉയരത്തിലും രാത്രിയിൽ 3000 അടിയിലുമാകും യാത്ര.

മൊണാക്കോയിലെ കൺട്രോൾ റൂമിലിരുന്നാണ് വിമാനത്തിന്റെ യാത്രാവഴിയും മറ്റും നിയന്ത്രിക്കുന്നത്. ആറുദിവസവും തനിച്ച് തന്നെ യാത്ര ചെയ്യേണ്ടതിനാൽ, പരമാവധി ഉറങ്ങാതിരുന്ന് വിമാനം നിയന്ത്രിക്കാനാണ് ബോർഷ്‌ബെർഗ് തീരുമാനിച്ചിരിക്കുന്നത്. യാത്ര പൂർത്തിയാക്കാനാവുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പരിചയസമ്പന്നനായ വൈമാനികനാണ് ബോർഷ്‌ബെർഡ്. വ്യോമമേഖലയിൽ അതിവിദഗ്ധനായ എൻജിനിയറുമാണ്. ബോർഷ്‌ബെർഗ് വിശ്രമമെടുക്കുന്ന ഘട്ടങ്ങളിൽ വിമാനം നിയന്ത്രിക്കാൻ ഓട്ടോ പൈലറ്റ് സംവിധാനം ഇതിലുണ്ട്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന യാത്രയിൽ ആവശ്യമായ ഭക്ഷണവും ജലവുമൊക്കെ കരുതിയിരുന്നു.

ശുദ്ധ ഇന്ധനമെന്ന സങ്കൽപത്തിന് കൂടുതൽ പ്രചാരം നൽകുകയെന്ന ലക്ഷ്യമാണ് സോളാർ ഇംപൾസിലൂടെ ബോർഷ്‌ബെർഗ് ലക്ഷ്യമിടുന്നത്. ലോകമെങ്ങും ആവേശത്തോടെയാണ് ഈ യാത്രയെ കാണുന്നത്. ഒരു തുള്ളി പെട്രോൾ ഇല്ലാതെ ലോകം ചുറ്റുന്ന ആദ്യ വൈമാനികൻ എന്ന ചരിത്ര നേട്ടത്തിലേക്കാണ് അദ്ദേഹം യാത്ര തുടങ്ങിയിരിക്കുന്നത്. ഹവായിയിലെ കലീലോവ വിമാനത്താവളം ആ ചരിത്ര നേട്ടത്തെ ഏറ്റുവാങ്ങാൻ തയ്യാറെടുത്തുകഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP