Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡുകൾ വിണ്ടുകീറി വൻ ഗർത്തങ്ങൾ രൂപപെട്ടു; ചരിത്ര സ്മാരകങ്ങളും കെട്ടിടങ്ങളും നിലംപൊത്തി; ഗതാഗത സംവിധാനങ്ങൾ താറുമാറായി; ത്രിഭുവൻ വിമാനത്താവളം തകർന്നു; മരണം 1500 കവിഞ്ഞു; അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങൾ; ഭൂകമ്പത്തിൽ വിറച്ച നേപ്പാളിന് സഹായവുമായി ഇന്ത്യ

റോഡുകൾ വിണ്ടുകീറി വൻ ഗർത്തങ്ങൾ രൂപപെട്ടു; ചരിത്ര സ്മാരകങ്ങളും കെട്ടിടങ്ങളും നിലംപൊത്തി; ഗതാഗത സംവിധാനങ്ങൾ താറുമാറായി; ത്രിഭുവൻ വിമാനത്താവളം തകർന്നു; മരണം 1500 കവിഞ്ഞു; അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങൾ; ഭൂകമ്പത്തിൽ വിറച്ച നേപ്പാളിന് സഹായവുമായി ഇന്ത്യ

കാഠ്മണ്ഡു: ഇന്ത്യയിലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ നേപ്പാളിൽ വൻനാശം. ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1500 കവിഞ്ഞു. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ അടക്കം വൻനാശമാണ് റിക്ടർ സ്‌കെയിലിൽ 7.9 രേഖപ്പെടുത്തിയ ഭൂകമ്പം വരുത്തിവച്ചത്.

നേപ്പാളിന്റെ കഴിഞ്ഞ 80 വർഷത്തെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്. മൂവായിരത്തോളം പേർ അവിടെ മരിച്ചിട്ടുണ്ടാകാമെന്നാണ് പ്രാദേശിക റേഡിയോ റിപ്പോർട്ട് ചെയ്യുന്നത്. 970 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഭൂചലനത്തെ തുടർന്ന് നേപ്പാളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം, മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിയിട്ടുണ്ട്. ഇവരെ അടിയന്തരമായി ഒഴിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി.

നേപ്പാളിൽ നിന്നൊഴിപ്പിച്ച 52 പേരടങ്ങുന്ന ആദ്യ ഇന്ത്യൻ സംഘവുമായുള്ള എയർഫോഴ്‌സ് വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. അതിനിടെ, ഭൂചലന സമയത്ത് കാഠ്മണ്ഡുവിലുണ്ടായിരുന്ന യോഗ ഗുരു ബാബാ രാംദേവ് അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ദ്ദേഹത്തെ ഇന്ത്യയിലെത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇടപെട്ടെങ്കിലും ദുരിത സമയത്ത് നേപ്പാൾ ജനതയോടൊപ്പമായിരിക്കാനാണ് താൽപര്യമെന്ന് രാംദേവ് പറഞ്ഞതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ കുറിച്ചു. 250 ഇന്ത്യക്കാരെ ഇന്നുതന്നെ നേപ്പാളിൽ നിന്നുമൊഴിപ്പിക്കുമെന്നും സുഷമ പറഞ്ഞു. നേപ്പാളിലുള്ള ഇന്ത്യക്കാരോട് കാഠ്മണ്ഡുവിൽ ഒഴിപ്പിക്കൽ ദൗത്യത്തിലേർപ്പെട്ടിരിക്കുന്ന എയർഫോഴ്‌സുമായി ബന്ധപ്പെടാനും സുഷമ ആവശ്യപ്പെട്ടു. 

ഭൂകമ്പത്തെ തുടർന്ന് ടിബറ്റിലും ബംഗ്ലാദേശിലും ഏതാനും പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ടിബറ്റിൽ ഒരു 83കാരിയുൾപ്പെടെ അഞ്ചു പേരും ബംഗ്ലാദേശിൽ രണ്ടു പേരുമാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. അതിനിടെ നേപ്പാളിൽ മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും ഉള്ളതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ത്യൻ എംബസി കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട് ജീവനക്കാരന്റെ മകൾ മരിച്ചു.

150ഓളം ഇന്ത്യക്കാർ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി തീർത്ഥാടനത്തിനും വിനോദ സഞ്ചാരത്തിനുമായി നേപ്പാളിലേക്ക് പോയവരാണ് കുടുങ്ങിയത്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറയിൽ 45 കോഴിക്കോട് സ്വദേശികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. നാസിക്കിൽ നിന്നുള്ള 80 പേരും ഹൈദരാബാദിൽ നിന്നുള്ള 25 പേരുമാണ് കുടുങ്ങിയ മറ്റ് ഇന്ത്യക്കാർ. ഹൈദരാബാദിൽ നിന്നുള്ളവർ കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രത്തിനു സമീപത്തെ തുറസായ സ്ഥലത്ത് സുരക്ഷിതരാണെന്ന് ടൂർ ഓപ്പേറേറ്റർമാർക്ക് വിവരം ലഭിച്ചു. എന്നാൽ, നാസിക്കിൽ നിന്നുള്ള സംഘത്തെ ബന്ധപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മഹാരാഷ്ട്ര ഇൻഫർമേഷൻ സെന്റർ അറിയിച്ചു. 

ബിഹാർ, പശ്ചിമബംഗാൾ അടക്കമുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ചലനം 56 ജീവനുകളാണ് കവർന്നത്. ഇതിൽ 45 പേർ ബിഹാറിലാണ്. ഉത്തർപ്രദേശിൽ എട്ടും പശ്ചിമ ബംഗാളിൽ മൂന്നുപേരും മരിച്ചു. കാഠ്മണ്ഡുവിലെ പ്രശസ്തമായ ധരാഹരാ സ്തൂപം തകർന്നുവീണു. ത്രിഭുവൻ വിമാനത്താവളം തകർന്നു. സമീപകാലത്തുണ്ടായിട്ടില്ലാത്ത വൻ ദുരന്തമാണ് നേപ്പാൾ അഭിമുഖീകരിക്കുന്നത്.

നേപ്പാളിൽ രാജകൊട്ടാരത്തിന് സമീപത്തെ പല വീടുകളുൾപ്പടെ നിരവധി വീടുകൾ തകർന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ പൊഖാറയ്ക്ക് സമീപം കനത്ത നാശമാണ് ഉണ്ടായത്. കാഠ്മണ്ഡുവിലെ ഒരുപഴയ ഒമ്പതുനില കെട്ടിടം തകർന്നുവീണെന്നും റിപ്പോർട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന നേപ്പാളിലെ ദുരിതചിത്രങ്ങൾ വലിയ ആശങ്കയുണർത്തുന്നതാണ്.

കാഠ്മണ്ഡുവിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ധർഹാര ടവറും അപകടത്തിൽ തകർന്നുവീണു. 1832ൽ നിർമ്മിച്ചതാണ് ഈ ചരിത്ര നിർമ്മിതി. ഭൂകമ്പമുണ്ടായിരുന്നപ്പോൾ ടവറിന്റെ ബാൽക്കണിയിലും ആളുകൾ ഉണ്ടായിരുന്നതായാണ് വിവരം. യുണെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്താണ് ഈ ടവർ. അമ്പതിലേറെ പേർ ഇവിടെ കുടുങ്ങികിടക്കുന്നതായാണ് വിവരം. ഭൂകമ്പത്തിന്റെ തീവ്രതയിൽ കാഠ്മണ്ഡുവിലെ റോഡുകളിൽ വൻ ഗർത്തം രൂപപ്പെട്ടിട്ടുണ്ട. കാലപ്പഴക്കം ചെന്ന ഇരുനിലകെട്ടിടങ്ങൾ അടക്കം നിലംപൊന്തി. ഭൂകമ്പത്തിൽ വീടുനഷ്ടപ്പെട്ടവരും പരിക്കേറ്റവരും തെരുവിൽ നിലവിളിക്കുന്ന അവസ്ഥയാണ് ഇവിടങ്ങളിൽ. അപകടത്തെ തുടർന്ന് ആശയവിനിമയ സമ്പ്രദായങ്ങൾ തകരാറിൽ ആയതോടെ കാഠ്മണ്ഡു വിമാനത്താവളവും അടച്ചിട്ടുണ്ട്. ട്രെയിൻ സർവീസുകളും നിലച്ചിട്ടുണ്ട്.

അതിനിടെ ഭൂകമ്പത്തിൽ ദുരിതത്തിലായ നേപ്പാളിന് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തു. നേപ്പാൾ പ്രസിഡന്റ് രാംഭരൺ യാദവിനെ ഫോണിൽ വിളിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം വാഗ്ദാനം ചെയ്തു. വിദേശത്തുള്ള പ്രധാനമന്ത്രി സുശീൽ കൊയ്‌രാളയെയും മോദി ബന്ധപ്പെടാൻ ശ്രമിച്ചു. ഇവിടെ രക്ഷാപ്രവർത്തനത്തിന് ഇന്ത്യ സഹായങ്ങൾ വാഗ്ദാനം ചെയ്തു. അതേസമയം ദുരന്തത്തിൽ ആശുപത്രി കെട്ടിടങ്ങളും തകർന്നുവീണതോടെ പരിക്കേറ്റവരുടെ ചികിത്സയും കാഠ്മണ്ഡുവിലെ പ്രശ്‌നമായി മാറിയിട്ടുണ്ട്. ആശുപത്രിക്ക് പുറത്തെത്തിച്ചാണ് ചിലർക്ക് ശുശ്രൂഷ നൽകുന്നത്.'

ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റേ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടത് കടുത്ത ആശങ്കയ്ക്ക് ഇടനൽകുന്നതാണ്. ഹിമാലയ മേഖലയിൽ നിരവധി അണക്കെട്ടുകളാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയും ചൈനയും നേപ്പാളും ഹിമാലയൻ മേഖലകളിൽ അണക്കെട്ടുകൾ നിർമ്മിച്ചിരുന്നു. ഝാർഖണ്ഡിൽ ഉണ്ടായ പ്രകൃതിക്ഷോഭവത്തിന് ഇടയാക്കിയതിന് പിന്നിൽ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

നേപ്പാൾ ദുരന്തത്തിന്റെ ചിത്രങ്ങൾ കൂടുതലായും സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നുണ്ട്. ആയിരക്കണക്കിന് പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയിട്ടുണ്ടാകുമെന്ന നിഗമനത്തിൽ ഇന്ത്യ രക്ഷാദൗത്യവുമായി കാഠ്മണ്ഡുവിലേക്ക് വിമാനങ്ങൾ അയച്ചിട്ടുണ്ട്. ഇന്ത്യൻ ദുരന്ത നിവാരണ സേനയാകും കാഠ്മണ്ഡുവിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുക. കരസേനയോടും ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ഇന്ത്യക്കാർ നേപ്പാളിൽ ഉണ്ടാകുമെന്നതിനാൽ തന്നെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP