Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐസിസിനെ തുരത്താൻ എന്ന പേലിൽ റഷ്യ സിറിയയിൽ ബോബിടുന്നത് വിമതർക്ക് നേരെയോ? അമേരിക്കയും യൂറോപ്യൻ യൂണിയനും ഉടക്കിനു തന്നെ; വ്യോമാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഐസിസിനെ തുരത്താൻ എന്ന പേലിൽ റഷ്യ സിറിയയിൽ ബോബിടുന്നത് വിമതർക്ക് നേരെയോ? അമേരിക്കയും യൂറോപ്യൻ യൂണിയനും ഉടക്കിനു തന്നെ; വ്യോമാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മോസ്‌കോ: ഇസ്ലാമിക് സറ്റേറ്റ് ഭീകരർക്കെതിരെ റഷ്യ സിറിയയിൽ വ്യോമാക്രമണം തുടങ്ങിതോടെ ഉടക്കുമായി അമേരിക്കയും യൂറോപ്യൻ യൂണിയനും രംഗത്ത്. ഐസിസിന് എതിരെ എന്ന പേരിൽ റഷ്യ വ്യോമാക്രമണം നടത്തുന്നത് അസദ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യുന്ന വിമതർക്കെതിരെ ആണെന്നതാണ് അമേരിക്കൻ പ്രകോപനത്തിന് കാരണം. ഐസിസിനെതിരെയാണ് യുദ്ധം ചെയ്യേണ്ടത് എന്നാണ് അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ആവശ്യം. എന്നാൽ, ഇത് അവഗണിച്ചാണ് റഷ്യ സിറിയയിൽ വ്യോമാക്രമണം തുടങ്ങിയത്.

വിദേശ രാജ്യത്തെ സൈനിക ഇടപെടലിനു റഷ്യൻ പാർലമെന്റിന്റെ അനുമതി ലഭിച്ചതിനെത്തുടർന്നാണ് യുഎസ് അതൃപ്തി അവഗണിച്ച് സിറിയയിലെ റഷ്യയുടെ ആദ്യ വ്യോമാക്രമണത്തിനു പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ ഉത്തരവിട്ടത്. 1979ലെ അഫ്ഗാനിസ്ഥാൻ അധിനിവേശത്തിനുശേഷം ഇതാദ്യമായാണ് ഒരു വിദൂര രാജ്യത്ത് റഷ്യയുടെ സൈനിക ഇടപെടൽ. അയൽരാജ്യമായ യുക്രെയ്‌നിൽനിന്ന് ക്രൈമിയ പിടിച്ചെടുക്കാൻ റഷ്യ കഴിഞ്ഞവർഷം സേനയെ അയച്ചിരുന്നു. 'ഐഎസിനെതിരെ റഷ്യയുടേത് മുൻകൂർ കടന്നാക്രമണമാണ്. രാജ്യാന്തര ഭീകരപ്രവർത്തനം ചെറുക്കാനുള്ള ഏകവഴി ഭീകരരെ അങ്ങോട്ടു ചെന്നു തുരത്തലാണ്. അവർ നമ്മെത്തേടി വരാൻ കാത്തിരിക്കലല്ല' പുടിൻ പറഞ്ഞു.

മൂന്നു പ്രവിശ്യകളിൽ റഷ്യയുടെ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി സിറിയൻ അധികൃതർ അറിയിച്ചു. രാജ്യത്ത് പ്രശ്‌നപരിഹാരം ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും തമ്മിൽ നടന്ന കൂടിക്കാഴ്ച കഴിഞ്ഞ് രണ്ടു ദിവസങ്ങൾക്കു ശേഷമാണ് ഹോമോസ് പ്രവിശ്യയിൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആറു കുട്ടികൾ ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. നിരവധി പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യത. ബുധനാഴ്ച വൈകുന്നേരത്തിനു ശേഷം ആക്രമണം തുടങ്ങിയതായി റഷ്യൻ വക്താവ് അറിയിച്ചു. എന്നാൽ ഐ.എസ് ശക്തി കേന്ദ്രങ്ങളിലല്ല റഷ്യ ആക്രമണം നടത്തിയതെന്ന് അമേരിക്ക വ്യക്തമാക്കി.

നേരത്തേ ഒബാമയും പുടിനും തമ്മിൽ നടന്ന കൂടിക്കാഴ്ച പരാജയപ്പെട്ടിരുന്നു. സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽഅസദിനെ അധികാരത്തിൽ നിർത്തുന്ന വിഷയത്തിൽ ഇരുവരും വിരുദ്ധാഭിപ്രായങ്ങൾ തുടർന്നതോടെയാണ് ഉച്ചകോടി സമവായമില്ലാതെ പിരിഞ്ഞത്. സിറിയയിലുള്ള ഇരു രാജ്യങ്ങളുടെയും സായുധ സൈനികർ മുഖാമുഖം വരാതിരിക്കാൻ ശ്രമിക്കുമെന്ന് ഒബാമയും പുടിനും സമ്മതിച്ചതു മാത്രമാണ് ചർച്ചയിലെ ഏക തീരുമാനം. നിലവിൽ അമേരിക്ക, ഫ്രാൻസ് എന്നിവയും മറ്റു സഖ്യകക്ഷി രാജ്യങ്ങളും സിറിയയിൽ ഐ.എസിനെതിരെ വ്യോമാക്രമണം തുടരുന്നുണ്ട്.

റഷ്യൻ യുദ്ധവിമാനങ്ങളും ടാങ്കുകളും കവചിത വാഹനങ്ങളും അസദിന്റെ സൈന്യം ഉപയോഗപ്പെടുത്തി വരുന്നതായി നേരത്തേ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സിറിയൻ നഗരമായ ലടാകിയ കേന്ദ്രീകരിച്ചാണ് റഷ്യൻ യുദ്ധവിമാനങ്ങളുൾപ്പെടെ താവളമടിച്ചിരിക്കുന്നത്്. അമേരിക്ക നേതൃത്വം നൽകുന്ന സഖ്യകക്ഷികൾക്ക് ബദലായി സിറിയ, ഇറാഖ്, ഇറാൻ രാജ്യങ്ങളെ ചേർത്ത് റഷ്യ കഴിഞ്ഞ ദിവസം പ്രാദേശിക സഖ്യത്തിനും രൂപം നൽകി. ഇതിനു പിന്നാലെയാണ് യു.എൻ 70ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോർക്കിൽ ഇരു വൻശക്തികളുടെയും തലവന്മാർ കൂടിക്കാഴ്ച നടത്തിയത്.

ഐ.എസിനെതിരെ സിറിയൻ സർക്കാറിനെയും കുർദ് സേനയെയും സഹായിക്കാൻ റഷ്യ കൂടുതൽ മാർഗങ്ങൾ ആലോചിച്ചുവരുകയാണെന്ന് ഉച്ചകോടിക്കുശേഷം പുടിൻ വ്യക്തമാക്കിയിരുന്നു. അസദ് പ്രസിഡന്റ് പദവി ഉടൻ വിടണമെന്നാണ് പാശ്ചാത്യ ശക്തികളുടെ നിലപാട്. ഐ.എസിനെതിരെ ഒബാമ ഭരണകൂടം നടത്തുന്ന സൈനിക നീക്കത്തിന് കടകവിരുദ്ധമായി റഷ്യ മുന്നോട്ടുപോകുന്നത് മേഖലയിൽ ശീതയുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുമെന്ന ആശങ്കയുയർത്തിയിട്ടുണ്ട്.

സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനു പിന്തുണ നൽകുന്ന നിലപാടാണ് റഷ്യയുടേത്. അസദ് അധികാരമൊഴിഞ്ഞുള്ള രാഷ്ട്രീയമാറ്റമാണ് ഒബാമ ഭരണകൂടം മുന്നോട്ടുവയ്ക്കുന്നത്. യുഎസ് സഖ്യസേനയുടെ വ്യോമാക്രമണം ഫലപ്രദമാകാത്ത സാഹചര്യത്തിൽ റഷ്യയുടെ സൈനികസഹായം അസദ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടിയെന്നു റഷ്യ വിശദീകരിച്ചു. സഹായം ആവശ്യപ്പെട്ടതായി സിറിയയും സ്ഥിരീകരിച്ചു. ഇതേസമയം, സിറിയയിലെ ഹോംസ് മേഖലയിലാണ് റഷ്യൻ വിമാനങ്ങൾ ആക്രമണം നടത്തിയതെന്നും ഇത് ഐഎസ് ഭീകരർ കയ്യടക്കിയ മേഖലകളല്ലെന്നും യുഎസ് പറഞ്ഞു. ആക്രമണത്തിന് ഒരുമണിക്കൂർ മുൻപാണ് റഷ്യ യുഎസിനെ വിവരമറിയിച്ചത്. കൂടുതൽ യുദ്ധവിമാനങ്ങൾ സിറിയയിലേക്കു പുറപ്പെട്ടതായും റഷ്യ അറിയിച്ചു.

അതേസമയം കരസേനയെ ഇറക്കാനുള്ള സാധ്യത ഇല്ലെന്നും വ്യക്തമാക്കി, നാലുവർഷമായി തുടരുന്ന സിറിയൻ ആഭ്യന്തര യുദ്ധത്തിൽ രണ്ടരലക്ഷത്തോളം പേർ കൊല്ലപ്പെട്ടതായാണു കണക്ക്. സിറിയയിൽനിന്നുള്ള അഭയാർഥി പ്രവാഹം യൂറോപ്പിനെയും ഇളക്കിമറിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP