Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ 12 പേരും ജീവിതത്തിലേക്ക് മടങ്ങുമ്പോൾ തായ്ലൻഡിന്റെ മുഖച്ഛായ ആകെ മാറി; ആശുപത്രിയിലെ സുന്ദരമായ ബെഡുകൾ കാണുമ്പോൾ ഈ ദുരന്തം കേരളത്തിൽ ആയിരുന്നെങ്കിൽ നമ്മുടെ ബെഡുകൾ കണ്ട് നാണം കെടുമായിരുന്നില്ലേ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ

ആ 12 പേരും ജീവിതത്തിലേക്ക് മടങ്ങുമ്പോൾ തായ്ലൻഡിന്റെ മുഖച്ഛായ ആകെ മാറി; ആശുപത്രിയിലെ സുന്ദരമായ ബെഡുകൾ കാണുമ്പോൾ ഈ ദുരന്തം കേരളത്തിൽ ആയിരുന്നെങ്കിൽ നമ്മുടെ ബെഡുകൾ കണ്ട് നാണം കെടുമായിരുന്നില്ലേ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ബാങ്കോങ്ക്: തായ്‌ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലെ വെള്ളം കയറിയ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ 12 കുട്ടികളെയും കോച്ചിനെയും രക്ഷിച്ച സംഭവത്തെ തുടർന്ന് ലോകത്തിന് മുന്നിൽ തായ്ലൻഡിന്റെ പ്രതിച്ഛായ ആകെ മാറിയിരിക്കുകയാണ്. 12 കുട്ടികളും ആശുപത്രി ബെഡുകളിൽ സന്തോഷത്തോടെ സുഖമായി ഇരിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നത് ലോകത്തിന് മുന്നിൽ തായ്ലൻഡിന്റെ ഗ്രാഫുയർത്തിയിട്ടുണ്ട്. ഇവർ കിടക്കുന്ന ആശുപത്രിയിലെ സുന്ദരമായ ബെഡുകളുടെ അടിസ്ഥാനത്തിൽ തായ്ലൻഡ് എത്ര മാത്രം പുരോഗതി പ്രാപിച്ചുവെന്നാണ് ലോകം വിലയിരുത്തുന്നത്.

കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ഈ ദുരന്തം കേരളത്തിലായിരുന്നു സംഭവിച്ചിരുന്നുവെങ്കിൽ ഇവിടുത്തെ ആശുപത്രികളിലെ ബെഡുകൾ കണ്ട് നാം ലോകത്തിന് മുന്നിൽ നാണം കെടുമായിരുന്നില്ലേ എന്നതാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചൂടൻ ചർച്ചാ വിഷയങ്ങളിലൊന്ന്. അതായത് ഇന്ത്യയിൽ ആരോഗ്യകാര്യത്തിൽ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെങ്കിലും ഇവിടുത്തെ മെഡിക്കൽ കോളജുകളിലെ ബെഡുകളുടെയും സംവിധാനങ്ങളുടെയും സ്ഥിതി പുറംലോകം നേരിട്ട് കണ്ടാൽ ലോകം മൂക്കത്ത് വിരൽ വയ്ക്കുമെന്നാണ് നിരവധി സോഷ്യൽ മീഡിയ യൂസർമാർ അഭിപ്രായപ്പെട്ടിരിക്കുന്നത്.

17 ദിവസം ഗുഹയിൽ പെട്ട് പോയ കുട്ടികളെയും കോച്ചിനെയും രക്ഷിക്കാനായി തായ്ലൻഡ് നടത്തിയ ആസൂത്രിതവും സമർത്ഥവുമായി രക്ഷാ പ്രവർത്തനത്തെ ലോകം ഫുട്ബോളോ ക്രിക്കറ്റോ കാണുന്നത് പോലെ അതീവ ശ്രദ്ധയോടെയായിരുന്നു ശ്രദ്ധിച്ചിരുന്നത്. അതിലൂടെ തായ്ലൻഡിന്റെ ഇന്നത്തെ പുരോഗതി ലോകത്തിന് മനസിലാക്കാനും സാധിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ഈ കുട്ടികൾ ഇരിക്കുന്ന ചിത്രങ്ങൾ കൂടി പുറത്ത് വന്നതോടെ ഇവിടുത്തെ ആരോഗ്യമേഖലയിലുണ്ടായ കുതിച്ച് ചാട്ടവും ലോകത്തിന് മുന്നിൽ അനാവൃതമായിരിക്കുകയാണ്. അതായത് പാശ്ചാത്യ ലോകത്തെ പോലെയുള്ള നിലവാരമുള്ള ആശുപത്രികളാണ് ഇവിടെയുള്ളതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

അതിനിടെ തങ്ങളെ മരണഗുഹയിൽ നിന്നും രക്ഷിച്ചതിന് പങ്ക് വഹിച്ച ഓരോരുത്തർക്കും ഹൃദയം കൊണ്ട് നന്ദി രേഖപ്പെടുത്തി 12 കുട്ടികളും രംഗത്തെത്തിയിട്ടുണ്ട്. രക്ഷപ്പെട്ടതിന് ശേഷം ആദ്യമായി സംസാരിച്ച വേളയിലാണ് കുട്ടികൾ ആശുപത്രിക്കിടക്കയിലിരുന്ന് കൊണ്ട് നന്ദി പ്രകാശിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട കെഎഫ്സി മീൽസിനായി ഓർഡർ ചെയ്തുവെന്നും കുട്ടികൾ സന്തോഷത്തോടെ പറയുന്നു. ബേസിൽ പോർക്ക്, സ്റ്റീക്ക്, ഫ്രൈഡ് എഗ്സ്, റൈസ് എന്നിവയാണ് ഇവർക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമെന്നും വെളിപ്പെട്ടിട്ടുണ്ട്. തങ്ങൾ പൂർണആരോഗ്യത്തിലെത്തിയെന്നും പരമ്പരാഗത തായ് വിഭവങ്ങൾ കഴിക്കാനായി ഒരുങ്ങുന്നുവെന്നും ഇവർ പറയുന്നു. ഇതിനിടെ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച ഗുഹയിലെ രക്ഷാപ്രവർത്തനത്തെ അടിസ്ഥാനമാക്കി സിനിമ നിർമ്മിക്കാൻ ഹോളിവുഡ് പ്രൊഡ്യൂസർമാർ മുന്നോട്ട് വന്നിട്ടുമുണ്ട്.

തന്നെ രക്ഷിച്ചതിന് ഏവർക്കും നന്ദി പറയുകയാണ് ആശുപത്രി ബെഡിലിരുന്ന് കൊണ്ട് കുട്ടികളിലൊരുവനായ പ്രജക് സുതാം. തനിക്കിപ്പോൾ ആരോഗ്യം തിരിച്ച് കിട്ടിയെന്നും ഈ കുട്ടി വെളിപ്പെടുത്തുന്നു. തങ്ങൾ ഗുഹയിൽ പെട്ട് പോയ കാര്യം ആദ്യമായി കണ്ടെത്തിയ ബ്രിട്ടീഷ് ഡൈവർമാരായ റിക്ക് സ്റ്റാന്റനും ജോൺ വോലാൻതെനും നന്ദി പ്രകാശിപ്പിക്കുകയാണ് മറ്റൊരു കുട്ടിയായ അഡുൽ സാം ഓൺ. ചിയാംഗ് റായ് പ്രചനുക്രോഹ് ഹോസ്പിറ്റൽ പുറത്തിറക്കിയ ഒരു വീഡിയോയിലൂടെയായിരുന്നു വോലാന്റെ ഈ നന്ദി പ്രകാശനം.

തങ്ങളെ രക്ഷിക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർക്കെല്ലാം നന്ദി പ്രകാശിപ്പിക്കുകയാണ് മറ്റൊരു കുട്ടിയായ സോംപോൻഗ് ജെയ് വോൻഗ്.ഇവർക്കൊപ്പം ഗുഹയിൽ പെട്ട 25 കാരനായ കോച്ചായ എക്കപ്പോൽ ചാന്റവോൻഗിനും കൃതജ്ഞതയാൽ കണ്ണ് നിറയുന്നുണ്ട്. തായ്ലൻഡ് പ്രധാനമന്ത്രി, രക്ഷാപ്രവർത്തനത്തിനെത്തിയ ഏജൻസികൾ, തായ് നേവിസീൽസ്, ഡോക്ടർമാർ, തുടങ്ങിയ എല്ലാവർക്കും അദ്ദേഹം നന്ദി പറയുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP