Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്പെയിനിലെ മറ്റൊരു റിസോർട്ടിൽ ആക്രമിക്കാൻ എത്തിയ ഭീകരരെ ഒരു വനിത പൊലീസുകാരി വെടി വച്ചു വീഴ്‌ത്തി; ഫിൻലാന്റിലെ ആക്രമണത്തിൽ രണ്ടു മരണം: വാഹനം ഓടച്ചു കയറ്റിയും കത്തിക്കുത്തുമായി ഭീകരർ തെരുവിൽ; വംശീയവാദികളും കുടിയേറ്റക്കാരും തമ്മിൽ ഏറ്റു മുട്ടൽ; യൂറോപ്പിൽ എങ്ങും ഭീതി

സ്പെയിനിലെ മറ്റൊരു റിസോർട്ടിൽ ആക്രമിക്കാൻ എത്തിയ ഭീകരരെ ഒരു വനിത പൊലീസുകാരി വെടി വച്ചു വീഴ്‌ത്തി; ഫിൻലാന്റിലെ ആക്രമണത്തിൽ രണ്ടു മരണം: വാഹനം ഓടച്ചു കയറ്റിയും കത്തിക്കുത്തുമായി ഭീകരർ തെരുവിൽ; വംശീയവാദികളും കുടിയേറ്റക്കാരും തമ്മിൽ ഏറ്റു മുട്ടൽ; യൂറോപ്പിൽ എങ്ങും ഭീതി

ബാർസലോണ: ലോകത്തെ ഏറ്റവും സമാധാന പ്രിയരായ മനുഷ്യർ ജീവിച്ചിരുന്ന സ്ഥലമാണ് യൂറോപ്പ്. നിയന്ത്രിക്കാൻ സാധിക്കുന്നത്രയും മാത്രം ജനസംഖ്യ, ആരെയും പട്ടിണിക്കിടാൻ അനുവദിക്കാത്ത സാമൂഹ്യ സുരക്ഷാ പദ്ധതികൾ, മികച്ച വിദ്യാഭ്യാസം, ഉയർന്ന സാമ്പത്തിക സ്ഥിതി തുടങ്ങി യൂറോപ്പ് എന്നും സമൃദ്ധിയുടെ ഭാഗത്തായിരുന്നു. അമേരിക്കയ്ക്കൊപ്പം നിൽക്കുമായിരുന്നെങ്കിലും യൂറോപ്പിന്റെ മനസ്സ് എപ്പോഴും യുദ്ധത്തിനും മറ്റും എതിരായിരുന്നു. യൂറോപ്യൻ യൂണിയൻ എന്ന പേരിൽ ഫ്രാൻസും ജർമ്മനിയും ഇറ്റലിയും ഇംഗ്ലണ്ടും ഒക്കെ ചേർന്ന് ഉണ്ടാക്കിയ സഖ്യം നിയന്ത്രണങ്ങൾ ഇല്ലാത്ത സഞ്ചാര സ്വാതന്ത്ര്യവും ജോലി സുരക്ഷയും ഉറപ്പു വരുത്തിയിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി എല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. ഏഷ്യൻ - ആഫ്രിക്കൻ രാജ്യങ്ങൾക്ക് വേണ്ടി യൂറോപ്യൻ രാജ്യങ്ങൾ വാതിൽ തുറന്നു കൊടുത്തതായാണ് അതിന് പ്രധാന കാരണമായി ഒരു വിഭാഗം പേർ ചൂണ്ടിക്കാട്ടുന്നത്. ആഫ്രിക്കയിൽ നിന്നും യുദ്ധബാധിതരായ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും എത്തിയ അനധികൃത കുടിയേറ്റക്കാരും നിയമപരമായി എത്തിയ കുടിയേറ്റക്കാരും എല്ലാം ചേർന്നാണ് ഇവിടെ സംഘർഷം ഉണ്ടാക്കിയതെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം പേരും.

അതിനിടയിൽ ഐസിസ് പിറക്കുയും വളരുകയും ഇറാഖും സിറിയയും പിടിക്കയും ചെയ്തതോടെ ഇസ്ലാമിക ലോകം എന്ന സങ്കൽപ്പത്തിൽ വിശ്വസിച്ച് അനേകം അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരാണ് അങ്ങോട്ട് ചേക്കേറിയത്. യൂറേപ്പിലെ മിക്ക രാജ്യങ്ങളിൽ നിന്നും അനേകം മുസ്ലിം ചെറുപ്പക്കാർ ഐസിസൽ ചേർന്നു. ബ്രിട്ടണിൽ നിന്നും മാത്രം 500 പേർ ഇറാഖിലും സിറിയയിലുമായി ഉണ്ടെന്നാണ് കരുതുന്നത്. അവരുടെ സ്വാധീനം ഈ രാജ്യങ്ങളിൽ ജീവിക്കുന്ന അനേകരെ ബാധിച്ചു. ഇസ്ലാമിന് വേണ്ടി ആരെയെങ്കിലും ഒക്കെ കൊന്ന ശേഷം മരിക്കുന്നത് പുണ്യം കിട്ടാൻ കാരണമാകും എന്നും വിശ്വാസം പടർന്നതോടെ ആക്രമങ്ങൾ പതിവായിരിക്കുകയാണ്.

ഇറാഖിൽ ഐസിസിന് തിരിച്ചടി ഏറ്റതോടെ അവിടെ നിന്നും മുങ്ങിയ ചെറുപ്പക്കാർ തിരിച്ചു നാട്ടിൽ എത്തി വൻ തോതിലുള്ള ആക്രമങ്ങൾക്ക് പദ്ധതിയിടുന്നു എന്നാണ് റിപ്പോർട്ടുകൾ. ബാർസിലോണയിലും മറ്റും നടന്ന ആക്രമങ്ങൾ ഇതാണ് സൂചിപ്പിക്കുന്ന്. സ്പെയിനിൽ തന്നെ മറ്റൊരു ആക്രമണം കൂടി ഇന്നലെ നടന്നു. ഭീകരരെ ഞൊടിയിടയിൽ വെടി വച്ചു കൊന്നെങ്കിലും ആശങ്കപ്പെടുത്താവുന്ന ദുരന്തം തന്നെയാണിത്. ലോകത്തെ ഏറ്റവും സമാധാന പ്രിയരായ ഫിൻലാന്റിലും ഇന്നലെ ആക്രമണം നടന്നു. ഏതു നിമിഷവും ഏതു യൂറോപ്യൻ തെരുവിലും ചോര മണക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കത്തിയുമായി ഇറങ്ങി കുത്തി കൊല്ലുക, വാഹനം ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറ്റുക എന്നിവയാണ് ഇപ്പോഴത്തെ പ്രധാന തന്ത്രങ്ങൾ, ബോംബും തോക്കും ഒക്കെ കണ്ടെത്താൻ സുരക്ഷാ ഏജൻസിക്ക് സാധിക്കുന്നത്കൊണ്ടാണിത്. ഇതു തടയാൻ ആർക്കും സാധിക്കുകയുമില്ല.

കഴിഞ്ഞ ദിവസം ബാഴ്‌സലോണയിലുണ്ടായ ഭീകരാക്രമണം യൂറോപ്പിന്റെ ഉറക്കം കെടുത്തുന്ന ഭീകരാക്രമണങ്ങളുടെ തുടർച്ചതന്നെയാണ്. ബാഴ്‌സലോണയിൽ 13 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ നടുക്കം മാറുന്നതിന് മുന്നെ മറ്റൊരു റിസോർട്ടിൽ ഭീകരരെത്തി. അരയിൽ വ്യാജ ബെൽറ്റ് ബോംബുകൾ ധരിച്ചെത്തിയ അഞ്ച് ഭീകരർ ആക്രമണം നടത്തെവെ, ഇവരിൽ നാലുപേരെ ഒരു പൊലീസുകാരി വെടിവെച്ചുകൊന്നു. ഇവർ അരയിൽ ധരിച്ചിരുന്നതുകൊക്കകോള കാനുകൾകൊണ്ടുണ്ടാക്കിയ വ്യാജബോംബായിരുന്നെങ്കിലും ഇവരുടെ പക്കൽനിന്ന് കത്തിയും കോടാലിയും മറ്റും കണ്ടെടുത്തു. അഞ്ച് ഭീകരരിൽ നാലുപേരെ വെടിവെച്ചുകൊന്ന പൊലീസുകാരി, പരിക്കേറ്റ സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കുകയും ചെയ്തു.

കാംബ്രിൽസിലെ കോസ്റ്റ ഡൊറാഡയിൽ ഉച്ചയ്ക്ക് ഒരുമണിയോടെ ഓഡി കാറിലെത്തിയ സംഘം ആൾക്കൂട്ടത്തിലേക്ക കാറോടിച്ചുകയറ്റി ആക്രമണം നടത്തുകയായിരുന്നു. കാറിടിച്ച് സരഗോസയിൽനിന്നുള്ള 61-കാരി മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. ഈസമയം പട്രോളിങ് നടത്തുകയായിരുന്ന രണ്ടംഗപൊലീസ് സംഘമാണ് ഇവരെ നേരിട്ടത്. ഇവരിലൊരാൾക്ക് കാറിടിച്ച് പരിക്കേറ്റു. എന്നാൽ, കൂട്ടത്തിലുണ്ടായിരുന്ന പൊലീസുകാരി, തന്റെ തോക്ക് വലിച്ചെടുത്ത് ഭീകരർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. നാലുപേരെ ഇവർ തൽക്ഷണം വധിച്ചു. ഓടിരക്ഷപ്പെട്ട അഞ്ചാമനെ, മറ്റൊരു പൊലീസുകാരനും വെടിവെച്ചുവീഴ്‌ത്തി.

ബാഴ്‌സലോണയിലെ ലോസ് റാംബിൾസിൽ 13 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയായിരുന്നു ഈ ആക്രമണശ്രമം. ഭീകരരെ മനസ്സാന്നിധ്യത്തോടെ നേരിട്ട വനിതാ ഓഫീസറാണ് നിരപരാധികളായ കൂടുതൽ പേരെ ദുരന്തത്തിൽനിന്ന് രക്ഷിച്ചതെന്ന് കാറ്റലൻ പൊലീസ് മേധാവി യോസപ് ലൂയി ട്രപ്പെറോ പറഞ്ഞു. നാലുപേരെ വെടിവെച്ചുകൊന്നെങ്കിലും പിന്നീട് കടുത്ത മാനസികപ്രശ്‌നങ്ങൾ നേരിട്ട പൊലീസുകാരി ഇപ്പോൾ മനഃശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ലാസ് റാംബിൾസിൽ ആക്രമണം നടത്തിയത് മൊറോക്കോവംശജരായ ഭീകരരാണെന്ന് തെളിഞ്ഞിട്ടുണ്ട്. 18-കാരനായ മൂസ ഔക്കബീർ തന്റെ സഹോദരന്റെ തിരിച്ചറിയൽകാർഡ് മോഷ്ടിച്ചെടുത്താണ് വാൻ വാടകയ്‌ക്കെടുത്ത് ആക്രമണത്തിനിറങ്ങിയതെന്നും കണ്ടെത്തി. മൂസ ഔക്കബിറിന് പുറമേ, സെയ്ദ് ആലാ, മുഹമ്മദ് ഹൈച്ചമി, യൂനസ് അബൂയാക്കൂബ് എന്നിവരെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്നുണ്ട്.

അതിനിടെ, ഫിൻലൻഡിലും സമാനമായ രീതിയിൽ ആക്രമണമുണ്ടായി. കത്തിയുമായി ജനക്കൂട്ടത്തിന് നടുവിലേക്കിറങ്ങിയ ഭീകരന്റെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ ഭീകരനെ പിന്നീട് പൊലീസ് വെടിവെച്ചുവീഴ്‌ത്തി. കുത്തേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. ആക്രമണം തുടങ്ങി മൂന്ന് മിനിട്ടിനകംതന്നെ പൊലീസ് ഭീകരനെ വെടിവെച്ചുവീഴ്‌ത്തുകയും ചെയ്തു.

ഫിൻലൻഡിലെ ടുർക്കോയിൽ വൈകിട്ട് നാല്മണിക്കുശേഷമായിരുന്നു ആക്രമണമെന്ന് പൊലീസ് തലവൻ സെപ്പോ കോലെമൈനൻ പറഞ്ഞു. സംഭവത്തെ ഭീകരാക്രമണമായല്ല തൽക്കാലം പരിഗണിക്കുന്നതെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളായാനാവില്ലെന്ന് അദ്ദേഹം പററഞ്ഞു. സ്‌പെയിനിലെ ആക്രമണത്തിന് പിന്നാലെ ഫിൻലൻഡിലും ഭീകരാക്രമണമുണ്ടായത് യൂറോപ്പിലെ മറ്റുരാജ്യങ്ങളിലും ഭീതിവിതച്ചിട്ടുണ്ട്. സമാനമായ ആക്രമണങ്ങൾക്ക് നേരത്തേ വേദിയായിട്ടുള്ള ബ്രിട്ടനിലും ജർമനിയിലും ഫ്രാൻസിലും കടുത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ഭീകരാക്രമണമുണ്ടായ ബാഴ്‌സലോണയിൽ വംശീയവാദികൾ നടത്തിയ പ്രകടനം അക്രമാസക്തമായി. തീവ്ര വലതുപക്ഷ സംഘടനയായ ഫലാഞ്ജ് ഗ്രൂപ്പിന്റെ പ്രകടനമാണ് കുടിയേറ്റക്കാരുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. രണ്ട് സംഘങ്ങളും നടത്തിയ വ്യത്യസ്ത പ്രതിഷേധപ്രകടനങ്ങൾ നേർക്കുനേർവന്നപ്പോഴാണ് സംഘടർഷമുണ്ടായത്. കഴിഞ്ഞദിവസം ഭീകരാക്രണമുണ്ടായ സ്ഥലത്തോട് ചേർന്നാണ് ഏറ്റുമുട്ടലുണ്ടായതും. ബാഴ്‌സലോണയിൽ രണ്ടാമതും ഭീകരാക്രമണമുണ്ടായതോടെ, വംശീയവാദികളും കുടിയേറ്റക്കാരുമായുള്ള സംഘർഷം ഇനിയും മൂർച്ചിച്ചേക്കാമെന്ന ആശങ്കയുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP