Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പഴുതുകൾ ഇല്ലാതെ സുരക്ഷ ഒരുക്കിയിട്ടും ഒരു നിമിഷം ആരോ ചട്ടം ലംഘിച്ചപ്പോൾ തീർത്ഥാടകർ ഒന്നിനു മുകളിൽ ഒന്നായി നിലത്തേക്ക് വീണു; ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന് നടന്നത് ഇങ്ങനെ; അന്വേഷണം പ്രഖ്യാപിച്ച് സൗദി രാജാവ്

പഴുതുകൾ ഇല്ലാതെ സുരക്ഷ ഒരുക്കിയിട്ടും ഒരു നിമിഷം ആരോ ചട്ടം ലംഘിച്ചപ്പോൾ തീർത്ഥാടകർ ഒന്നിനു മുകളിൽ ഒന്നായി നിലത്തേക്ക് വീണു; ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന് നടന്നത് ഇങ്ങനെ; അന്വേഷണം പ്രഖ്യാപിച്ച് സൗദി രാജാവ്

മക്ക: 25 വർഷത്തിന് ശേഷം മക്ക കണ്ട ഏറ്റവും വലിയ ദുരന്തമായി മാറുകയാണ് ഇന്നലെ മിനയിൽ തിക്കിലും തിരക്കിലും പെട്ട് 717 തീർത്ഥാടകർ മരിക്കുകയും 800ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം. തീർത്ഥാടകർക്കായി പഴുതടച്ച സുരക്ഷ ഒരുക്കി ശീലമുള്ള സൗദി അറേബ്യയ്ക്ക് താങ്ങാവുന്നതിൽ അപ്പുറമാണ് ഈ ദുരന്തം. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി എത്തുന്ന 25 ലക്ഷത്തോലം വരുന്ന തീർത്ഥാടകർക്ക് വേണ്ടി വിപുലമായ സൗകര്യങ്ങളാണ് സൗദി ഒരുക്കാറുള്ളത്. തീർത്ഥാടകരുടെ താമസം, യാത്ര, അനുഷ്ഠാനങ്ങൾക്കുള്ള സൗകര്യങ്ങൾ, സുരക്ഷ, ചികിൽസ...ഓരോ വർഷവും ഹജ് തീർത്ഥാടനകാലത്തു സൗദി ഏറ്റെടുക്കുന്നത് അതീവ ശ്രമകരമായ ദൗത്യമാണ്. ഇത്തവണയും പതിവുപോലെ കുറ്റമറ്റ സംവിധാനങ്ങലാണ് ഒരുക്കിയതെങ്കിലും കർശനമായി പാലിക്കേണ്ട നിർദ്ദേശം കൂട്ടത്തിലാറോ തെറ്റിച്ചതാണ് ഇപ്പോഴത്തെ ദുരന്തത്തെ വരുത്തിവച്ചത്.

കുറ്റമറ്റ സംവിധാനങ്ങളിലൂടെ തിക്കും തിരക്കും നിയന്ത്രിക്കാനും അപകടങ്ങൾ ഒഴിവാക്കാനും സ്വീകരിച്ചിട്ടുള്ള നടപടികൾ മാതൃകാപരമാണ്. ഇത്ര കുറ്റമറ്റ സുരക്ഷാസജ്ജീകരണങ്ങൾക്കിടയിലും അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടമായേ ഇന്നലത്തേതു കാണാനാകൂ.

ഇന്നലെ സൗദി സമയം രാവിലെ ഒൻപതു മണിയോടെ ജംറയുടെ താഴത്തെ നിലയിൽ കല്ലേറ് കർമം നിർവഹിച്ചുകൊണ്ടിരിക്കുമ്പോഴാണ് നടുക്കുന്ന അപകടം സംഭവിച്ചത്. ജംറയിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ, ജംറ കോംപ്ലക്‌സിലേക്കുള്ള പാലത്തിന്റെ തുടക്കത്തിലാണ് സംഭവമുണ്ടായത്. കിങ് അബ്ദുൽ അസീസ് റോഡിൽനിന്ന് 204ാം നമ്പർ റോഡും 203ാം നമ്പർ റോഡും സംഗമിക്കുന്നതിനു സമീപത്താണിത്.

ഈജിപ്തിൽനിന്നും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള തീർത്ഥാടകർക്കാണ് ഈ മേഖലയിൽ താമസം അനുവദിച്ചിട്ടുള്ളത്. ഇതിനു തൊട്ടടുത്ത വീഥിയാണ് സൂഖുൽ അറബും ജൗഹറയും. ഈ മേഖല മുഴുവനും ഇന്ത്യൻ ഹാജിമാർക്ക് താമസത്തിനായി അനുവദിച്ചതാണ്. തീർത്ഥാടകരുടെ വലിയ തിക്കും തിരക്കുമാണ് അപകടത്തിലേക്ക് നയിച്ചത്. വേഗത്തിൽ കല്ലേറു കർമ്മം പൂർത്തിയാക്കി മടങ്ങാൻ തീർത്ഥാടകർ തിരക്കുകൂട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.

കൊടുംചൂടും അപകടത്തെ കൂടുതൽ ദുഷ്‌ക്കരമാക്കിയെന്നാന്ന സൂചിപ്പിക്കുന്നകത്. ഇത്രയേറെ ജനങ്ങൾക്കു താമസസൗകര്യം ഒരുക്കുമ്പോൾ തീപിടിത്തം അടക്കമുള്ള അപകടങ്ങൾക്കു സാധ്യതയേറെയാണ്. മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം ദുരന്തസാധ്യതകളെ പരമാവധി പ്രതിരോധിക്കുന്ന രീതിയിലാണു സൗദി നടപടികൾ.

എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസിലായില്ലെന്നാണ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഈജിപ്ഷ്യൻ പൗരൻ അബ്ദുള്ള ലോട്ട്‌ഫേ മാദ്ധ്യമങ്ങളോട് പറഞ്ഞു. കരച്ചിലുകളാണ് ആദ്യം കേട്ടത്' ജീവൻ രക്ഷിക്കാനുള്ള പരക്കംപാച്ചിലാണ് ആദ്യം ശ്രദ്ധിച്ചത്. വീൽചെയറിൽ ആരോ കൊണ്ടുപോയ ഒരു വയോധികൻ തിക്കിൽപ്പെട്ട് മരിക്കുന്നതു കണ്ടു. ശ്വാസത്തിനായി ആളുകൾ അദ്ദേഹത്തിനു മുകളിലേക്ക് വലിഞ്ഞുകയറുന്നതും. സൗദി അധികൃതരുടെ ഇടപെടലൊന്നും ആദ്യഘട്ടത്തിൽ ദൃശ്യമായില്ല. തീർത്ഥാടകരെ നിയന്ത്രിക്കാനും ആരുമുണ്ടായിരുന്നില്ല'. അദ്ദേഹം പറഞ്ഞു.

കല്ലേറു നടത്തി മടങ്ങിയവരും നടത്താൻ പോകുന്നവരും തമ്മിലുള്ള തള്ളലാണ് ആദ്യം ഉണ്ടായതെന്നു നൈജീരിയൻ പൗരനായ ഇസ്മയിൽ ഹംബ(58) അറിയിച്ചു. 'തള്ളൽ വർധിച്ചതോടെ ഇരുപക്ഷത്തും ആളുകൾ വീണുതുടങ്ങി. ഭൂരിപക്ഷം തീർത്ഥാടകരും നിർദ്ദേശങ്ങൾ പാലിച്ചാണു നീങ്ങിയത്. എന്നാൽ ചിലർ ഇതിനു വഴങ്ങാതിരുന്നതോടെ വീഴ്ച വ്യാപിച്ചു. തലയ്ക്കു മുകളിലേക്കു പതിച്ചശരീരങ്ങളെ തള്ളിമാറ്റി ശ്വാസം എടുക്കാൻ ഏറെ കഷ്ടപ്പെട്ടു' അദ്ദേഹം പറഞ്ഞു.

'ഞാൻ മക്ക നഗരത്തിന്റെ ഹൃദയ ഭാഗത്താണു നിൽക്കുന്നത്. വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതദേഹങ്ങളാണ് എങ്ങും. എനിക്ക് മൃതദേഹങ്ങളെ എണ്ണാൻ പോലും കഴിയുന്നില്ല. കണ്ണെത്താ ദൂരത്ത് നിറഞ്ഞ മൃതദേഹങ്ങൾ. അപൂർവം ചില മൃതദേഹങ്ങൾക്കു സമീപം കണ്ണീരുമായി ബന്ധുക്കളുണ്ട്. മൃതദേഹങ്ങൾ കൂട്ടിയിട്ട സ്ഥലം വഴി സാധാരണക്കാർ കടന്നുപോകുന്നതു പൊലീസ് വിലക്കിയിരിക്കുകയാണ്. ആംബുലൻസുകൾ ഇടയ്ക്കിടെയെത്തി മൃതദേഹങ്ങൾ നീക്കുന്നു. ഹെലികോപ്റ്ററുകളിലും മൃതദേഹങ്ങൾ കൊണ്ടുപോകുന്നുണ്ട്. ആശുപത്രിയിലെത്തിയ മൃതദേഹങ്ങളുടെ അടിസ്ഥാനത്തിലാണു മരിച്ചവരുടെ കണക്ക് പുറത്തുവിടുന്നത്.' ഒരു രക്ഷാ പ്രവർത്തകൻ രാജ്യാന്തര വാർത്താ ചാനലിനോട് പറഞ്ഞു.

എല്ലാ വർഷവും ഹജ് കഴിയുന്നതിന്റെ തൊട്ടടുത്ത ദിനങ്ങളിൽത്തന്നെ അടുത്ത കൊല്ലത്തെ തീർത്ഥാടനം സുഗമമാക്കാനുള്ള പ്രവർത്തനങ്ങൾക്കു തുടക്കമിടും. മക്ക അമീറിന്റെ നേതൃത്വത്തിലുള്ള ഉന്നതസമിതിയും ഹജ് മേൽനോട്ട സമിതിയും അടുത്ത കൊല്ലത്തെ പ്രവർത്തനരേഖ സമർപ്പിക്കുകയും സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ കൃത്യമായ സമയപരിധിക്കുള്ളിൽ പദ്ധതികൾ നടപ്പാക്കുകയുമാണു ചെയ്യുന്നത്.

വിവിധ രാജ്യങ്ങൾക്കും ആഭ്യന്തര തീർത്ഥാടകർക്കുമുള്ള ക്വോട്ട നിർണയിക്കുന്നതുമുതൽ സുരക്ഷിത തീർത്ഥാടനത്തിനുള്ള പഴുതടച്ച ആസൂത്രണം തുടങ്ങുന്നു. തീർത്ഥാടക വിമാനസർവീസുകളുടെ സമയക്രമം, ജിദ്ദ വിമാനത്താവളത്തിൽ ഹജ് ടെർമിനലിന്റെ പ്രവർത്തനം, മദീനയിൽ ഇറങ്ങുന്ന തീർത്ഥാടകർക്കു മക്കയിലേക്കെത്താനുള്ള വാഹന സൗകര്യം (പതിനായിരക്കണക്കിനു ബസുകളാണു സർവീസിനുള്ളത്), മക്കയിലും അസീസിയയിലും മദീനയിലും തീർത്ഥാടകർക്കു രാജ്യം തിരിച്ചു താമസസൗകര്യം, ഓരോ തീർത്ഥാടക ക്യാംപിലുമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കൽ, അത്യാധുനിക സൗകര്യങ്ങളോടെയുള്ള ചികിൽസാ സംവിധാനം, മെഡിക്കൽ സംഘത്തിന്റെ ഏകോപനം, തീർത്ഥാടകർക്കുള്ള സംസം ജല വിതരണം, ഓരോ രാജ്യത്തെയും ഹജ് മിഷനുകളുമായുള്ള നിരന്തര ആശയവിനിമയം...അങ്ങനെ വിവിധ മേഖലകൾ തിരിച്ചു പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്യാറുണ്ട്. ഇങ്ങനെ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടും ദുരന്തമാണ് സൗദിക്ക് നേരിടേണ് വന്നത്.

ഹജ് തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ഹറം വൊളന്റിയർമാർക്കും സൈന്യത്തിനും പുറമേ ഒരു ലക്ഷം അംഗങ്ങളുള്ള പ്രത്യേക ദൗത്യസേനയും രംഗത്തുണ്ട്. യെമനിൽ ഹൂതികൾക്കെതിരെ സൗദിയുടെ നേതൃത്വത്തിൽ ദശരാഷ്ട്രസഖ്യം ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ ഇക്കുറി സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്തിരുന്നു. എന്നിട്ടും എങ്ങനെയാണ് ദുരന്തം ഉണ്ടായതെന്ന് ഇനിയും പൂർണ്ണമായും വ്യക്തമായിട്ടില്ല.

അതിനിടെ അപകടത്തിന്റെ പശ്ചാത്തലത്തിൽ സൗദി വിപുലമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സൗദി രാജാവ് സൽമാനാണ് ഉത്തരവിട്ടത്. ഉയർന്ന ചൂടാണ് രക്ഷാപ്രവർത്തനങ്ങളെ കൂടുതൽ ദുഷ്‌ക്കരമാക്കിയതെന്നാണ് റിപ്പോർട്ട്. തീർത്ഥാടകർ നിർദ്ദേശങ്ങൾ പാലിക്കാഞ്ഞതാണ് അപകടകാരണമെന്ന് സൗദി ആരോഗ്യമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. അപകടത്തെക്കുറിച്ചന്വേഷിക്കാൻ ഹജ്ജ് കമ്മിറ്റി ചെയർമാനും സൗദി രാജകുമാരനുമായ മുഹമ്മദ് ബിൻ നയേഫ് ഉത്തരവിട്ടു. ദുരന്തത്തിനുശേഷവും കല്ലെറിയൽകർമം നടന്നു. ദുരന്തം തീർത്ഥാടനത്തെ ബാധിക്കില്ലെന്ന് നയേഫ് രാജകുമാരൻ അറിയിച്ചു.

ഹജ്ജ് ക്യാമ്പിൽ ഹൃദയം തകർക്കുന്ന കാഴ്ചകളാണ്. മൃതദേഹങ്ങൾ അട്ടിയിട്ട പോലെ കിടക്കുകയാണ്. മൃതദേഹങ്ങളും പരിക്കേറ്റവരെയും കയറ്റി ആംബുലൻസുകൾ നിരനിരയായി പോകുന്നു. ഹാജിമാരെ സുരക്ഷിതമായ വഴികളിലൂടെ തിരിച്ചു വിടുകയാണ്. നാല് ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഈ ഹജ്ജ് കാലത്ത് രണ്ടാമത്തെ അത്യാഹിതമാണിത്. ഏതാനും ദിവസം മുൻപ് മക്കയിൽ മുഖ്യ ദേവാലയത്തിലെ കൂറ്റൻ ക്രെയിൻ വിശ്വാസികൾക്ക് മേൽ തകർന്നു വീണ് നൂറിലേറെ പേർ മരിക്കുകയും നാനൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2006ൽ മിനായിൽ തന്നെ തിക്കിലും തിരക്കിലും 364 തീർത്ഥാടകർ മരിച്ചിരുന്നു. സൗദി ഭരണകൂടം സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതിനെ തുടർന്ന് ഒൻപത് വർഷമായി ഹജ്ജിനിടെ വലിയ അപകടങ്ങളൊന്നും ഉണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP