Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ടോണി ബ്ലെയറും ഭാര്യയും അടിച്ച് പിരിയുമെന്ന് ഉറപ്പായി; ടോണിക്ക് പ്രിയം മർഡോക്കിന്റെ മുൻഭാര്യയെ; ഷെറിയുടെ താമസം ഒറ്റയ്ക്ക്

ടോണി ബ്ലെയറും ഭാര്യയും അടിച്ച് പിരിയുമെന്ന് ഉറപ്പായി; ടോണിക്ക് പ്രിയം മർഡോക്കിന്റെ മുൻഭാര്യയെ; ഷെറിയുടെ താമസം ഒറ്റയ്ക്ക്

ടോണിബ്ലെയർ പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നിഴലായി എന്തിനുമേതിനും പിന്തുണയേകിയ സഹചാരിയായ ഭാര്യ ഷെറി ബ്ലെയറിനെ ഓർമയില്ലേ..? എന്നാൽ അതെല്ലാം പഴങ്കഥയായി മാറിയിരിക്കുകയാണിപ്പോൾ. പ്രധാനമന്ത്രിപദത്തിൽ നിന്ന് പടിയിറങ്ങിയ ശേഷം ഏഴ് വർഷത്തിനിപ്പുറം ഇരുവരും അത്ര നല്ല സ്വരച്ചേർച്ചയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരസ്പരം തണലായി നിലകൊണ്ടിരുന്ന അവർക്കിടയിലെ സ്‌നേഹത്തിനും അടുപ്പത്തിനും ഇടിവ് സംഭവിച്ചിരിക്കുകയാണ്. ഇതോടെ ഒരു കാലത്ത് മാതൃകാദമ്പതികളായിരുന്ന ഇവർ അടിച്ച് പിരിയലിന്റെ വക്കത്തെത്തിയിരിക്കുകയാണ്. ഇപ്പോൾ ടോണിക്ക് പ്രിയം മർഡോക്കിന്റെ മുൻഭാര്യയായ വെൻഡി ഡെൻഗിനോടാണെന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ മിക്കവാറും സമയവും ഇവർക്കൊപ്പമാണ് ടോണി ചെലവഴിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഷെറി ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നാണ് സൂചന.

ആറ് മാസങ്ങൾക്കു മുമ്പാണ് തന്റെ 60-ാം പിറന്നാളോടനുബന്ധിച്ച് ഷെറി മകളായ കാതറീനൊപ്പം മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നത്. അന്ന് നടന്ന ചാരിറ്റി ചടങ്ങിന്റെ വേളയിൽ ടോണിയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. മാസത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ് ഷെറി ഇപ്പോൾ ടോണി ബ്ലെയർക്കൊപ്പം കഴിയുന്നതെന്നും മധ്യേഷൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മധ്യേഷ്യയിൽ യുഎന്നിന്റെ നേതൃത്വത്തിലുള്ള ക്വോർറ്റെറ്റിന്റെ നയതന്ത്രപ്രതിനിധിയായി പ്രവർത്തിക്കുന്ന ബ്ലെയർക്കൊപ്പം താമസിക്കാൻ ഷെറി വളരെ അപൂർവമായി മാത്രമെ എത്താറുള്ളൂവെന്നാണ് പ്രസ്തുത മാദ്ധ്യമങ്ങൾ വെളിപ്പെടുത്തുന്നത്. ബേസ് വാട്ടറിലുള്ള കൊണൗട്ട് സ്‌ക്വയറിലെ ഗ്രാൻഡ് ലണ്ടൻ ഹോമിലാണ് ഷെറി മിക്കവാറും സമയുണ്ടാകാറുള്ളതെന്ന് അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏകാന്തത മൂലം ആ വലിയ വീടിന്റെ പരിസരങ്ങളിൽ അവർ ചുറ്റിത്തിരിയാറുണ്ടത്രെ. ചിലപ്പോൾ കമ്മ്യൂണിറ്റി ഇവന്റുകളിൽ പങ്കെടുക്കാനായി പുറത്ത് പോകുന്നതും കാണാം. ചില വേളകളിൽ അവർ വിഷാദത്തോടെയിരിക്കുന്നത് കാണാറുണ്ടെന്നും അയൽവാസികൾ പറയുന്നു. ടോണി ഇവിടെ അപൂർവമായെ എത്താറുള്ളുവെന്നും ഇരുവരും ഒരുമിച്ചുണ്ടാകുന്നത് വല്ലപ്പോഴുമാണെന്നും അയൽക്കാർ കൂട്ടിച്ചേർത്തു.

ഷെറി വിവാഹമോചനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ അതിൽ നിന്നും അവരെ പിന്തിരിപ്പിക്കാൻ സാധ്യമായതെല്ലാം ടോണി ചെയ്യുമെന്നാണ് ടോണിയുടെ അടുത്ത ഒരു സുഹൃത്ത് വെളിപ്പെടുത്തുന്നത്. എന്നാൽ ഷെറി ടോണിയെ ഡിവോഴ്‌സ് ചെയ്യില്ലെന്നാണ് ടോണിയുടെ മറ്റൊരു സുഹൃത്ത് പറയുന്നത്. തനിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ടോണി വെളിപ്പെടുത്താത്തിടത്തോളം കാലം അദ്ദേഹത്തെ വെറുക്കുന്നതിനേക്കാൾ ഷെറി മാദ്ധ്യമങ്ങളെയാണ് വെറുക്കുകയെന്നും പ്രസ്തുത സുഹൃത്ത് കൂട്ടിച്ചേർത്തു. തന്നെച്ചൊല്ലി പരക്കുന്ന കിംവന്തികളോട് പ്രതികരിക്കാൻ ടോണി ബ്ലെയകർ തയ്യാറായിട്ടില്ല.

പ്രധാനമന്ത്രിയായിരുന്നപ്പോൾ ടോണിയുടെ പൊതു ജീവിതത്തിൽ ഷെറിക്ക് നിർണായകമായ പങ്കുണ്ടായിരുന്നതായി കാണാം. അക്കാലത്ത് മാദ്ധ്യമങ്ങളോടും മറ്റും ഷെറി വളരെ പരുഷമായാണ് പെരുമാറിയതെന്നുമാണ് നിരവധി രാഷ്ട്രീയക്കാരും ടോണിയുടെ സുഹൃത്തുക്കളും പറയുന്നത്. ടോണിയുടെ പ്രധാനമന്ത്രി പദത്തിന് മാത്രമാണ് ഷെറി പ്രാധാന്യം നൽകിയതെന്നും അവർ പറയുന്നു. അധികാരത്തോട് ഷെറിക്ക് അടങ്ങാത്ത ആർത്തിയും അഭിനിവേശമായിരുന്നുവെന്നും അതിന്റെ പേരിൽ കിട്ടുന്ന പരിഗണനകളോട് അത്യാഗ്രഹമായിരുന്നുവെന്നും ടോണിയുടെ ചില സുഹൃത്തുക്കളും രാഷ്ട്രീയക്കാരും പറയുന്നു. ഇത് മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്ന കാര്യം മാത്രമല്ലെന്നാണ് 90കളുടെ അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ഗ്രെഗ് ഡൈക്ക് വെളിപ്പെടുത്തുന്നത്. തന്റെ കുട്ടികൾക്ക് യുണൈറ്റഡ് ഷർട്ടുകൾ ചുളുവിൽ എത്തിക്കാൻ അക്കാലത്ത് ഡൗണിങ് സ്ട്രീറ്റിൽ നിന്ന് ഷെറി ഫോൺ ചെയ്യാറുണ്ടായിരുന്നുവെന്നാണ് ഡൈക്ക് പറയുന്നത്.

മാദ്ധ്യമരാജാവ് റുപെർട്ട് മർഡോക്കിന്റെ മുൻഭാര്യ വെൻഡി ഡെംഗുമായി ടോണി ബ്ലയറിനുള്ള ബന്ധം കാരണമാണ് ടോണിയും ഷെറിയും തമ്മിലുള്ള അകൽച്ചയുണ്ടായതെന്നാണ് മറ്റൊരു റിപ്പോർട്ട്. മർഡോക്കും ബ്ലെയറുമായി നീണ്ട 20 വർഷത്തെ ബന്ധമാണുള്ളത്. എന്നാൽ ബ്ലെയറുമായി തനിക്ക് ബന്ധം വളർന്ന് വന്നുവെന്ന് വെൻഡി ഡയറിയിൽ കുറിച്ച് വച്ചതിനെത്തുടർന്ന് മർഡോക്കും വെൻഡിയും അകലുകയായിരുന്നു. താൻ യാത്രയിലായിരിക്കുമ്പോൾ ഇരുവരും കാലിഫോർണിയയിലെ വീട്ടിൽ കഴിഞ്ഞെന്ന റിപ്പോർട്ടുകളും മർഡോക്കിനെ അസ്വസ്ഥനാക്കുകയായിരുന്നു. തന്റെ ഭാര്യയെ ബ്ലെയർ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് 83കാരനായ മർഡോക്ക് വിശ്വസിക്കുന്നത്. എന്നാൽ തനിക്ക് വെൻഡിയുമായി ബന്ധമില്ലെന്ന് തന്റെ യുഎസിലെ പഴയ ബിസിനസ്സ് പങ്കാളിയോട് ബ്ലെയർ ഫോൺ വിളിച്ച് പറയുകയും ചെയ്തിരുന്നു. എന്നാൽ മർഡോക്കിനെ നന്നായറിയാവുന്ന ഈ ബിസിനസ്സ് കാരൻ മർഡോക്ക് ഇത് വിശ്വസിച്ചിട്ടില്ലെന്ന് ടോണിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും ടോണിബ്ലെയറും ഷെറിയും തമ്മിലുള്ള ബന്ധം അത്ര സുഖത്തിലല്ലെന്നും ഏതാണ്ട് വഴിപിരിയലിന്റെ വക്കത്താണെന്നുമാണ് മാദ്ധ്യമങ്ങൾ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP