Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇറാഖ് യുദ്ധത്തിൽ മരിച്ചവരുടെ ബന്ധുക്കൾ രംഗത്ത്; രാജ്യത്തോട് പശ്ചാത്താപം പ്രകടിപ്പിച്ച് ടോണി ബ്ലെയർ; സദ്ദാം ഹുസൈൻ നീതിമാനാകുമ്പോൾ കുനിയുന്നത് ബ്രിട്ടന്റെ തല

ഇറാഖ് യുദ്ധത്തിൽ മരിച്ചവരുടെ ബന്ധുക്കൾ രംഗത്ത്; രാജ്യത്തോട് പശ്ചാത്താപം പ്രകടിപ്പിച്ച് ടോണി ബ്ലെയർ; സദ്ദാം ഹുസൈൻ നീതിമാനാകുമ്പോൾ കുനിയുന്നത് ബ്രിട്ടന്റെ തല

റാഖിന്റെ പരമാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ കൈയിൽ വിനാശകരമായ ആയുധമൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിനെ സ്ഥാനഭ്രഷ്ടനാക്കി വധിക്കാൻ ബ്രിട്ടനും അമേരിക്കയും 2003ൽ അവിടേക്ക് കടന്ന് കയറിയത് തികച്ചും തെറ്റായ നീക്കമാണെന്നുമുള്ള ചിൽകോട്ട് റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളെ തുടർന്ന് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ രാജ്യത്തോട് പശ്ചാത്താപം പ്രകടിപ്പിച്ച് രംഗത്തെത്തി. ഇറാഖ് യുദ്ധം തികച്ചും അനാവശ്യമായിരുന്നുവെന്ന് വെളിപ്പെട്ടതിനെ തുടർന്ന് യുദ്ധത്തിൽ മരിച്ച ബ്രിട്ടീഷ് സൈനികരുടെ ബന്ധുക്കളും മറ്റും രംഗത്തെത്തിയതിനെ തുടർന്നായിരുന്ന ബ്ലെയർ പശ്ചാത്താപം പ്രകടിപ്പിക്കാൻ തയ്യാറായത്. എന്നാൽ 2003ലെ കടന്ന് കയറ്റത്തിന്റെ പേരിൽ ക്ഷമ പറയാൻ അദ്ദേഹം തയ്യാറായിട്ടില്ല. ഇന്നും അതേ സാഹചര്യമുണ്ടായാൽ അതായത് അതേ ഇന്റലിജൻസ് റിപ്പോർട്ടുകളാണ് തനിക്ക് ലഭിക്കുന്നതെങ്കിൽ താൻ അതേ തരത്തിലായിരിക്കും പ്രതികരിക്കുകയെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ സദ്ദാം നീതിമാനായിരുന്നുവെന്നും അമേരിക്കയും ബ്രിട്ടനും അദ്ദേഹത്തെ അകാരണമായി അട്ടിമറിച്ച് കൊലപ്പെടുത്തുകയായിരുന്നുവന്നുമാണ് പുതിയ കണ്ടെത്തൽ. ഇതോടെ ഇക്കാര്യത്തിൽ കുനിയുന്നത് ബ്രിട്ടന്റെ തലയാണ്.

വളരെക്കാലം കാത്തിരുന്ന് പുറത്ത് വന്നിരിക്കുന്ന ചിൽകോട്ട് റിപ്പോർട്ടിനോട് ഇന്നലെ ഉച്ചയ്ക്ക് ശേഷം ടോണി ബ്ലെയർ ഒരു വിഢിയെപ്പോലെയാണ് പ്രതികരിച്ചിരുന്നത്. അത്തരമൊരു നീക്കം നടത്തിയതിൽ താൻ പശ്ചാത്തപിക്കുന്നുവെന്നും എന്നാൽ തെറ്റായ ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ആ നീക്കത്തിൽ താൻ ക്ഷമ പറയേണ്ട ആവശ്യമില്ലെന്നുമാണ് ബ്ലെയർ പറയുന്നത്. റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് ബ്ലെയർ വിളിച്ച് കൂട്ടിയ പ്രത്യേക പത്രസമ്മേളനം രണ്ട് മണിക്കൂറോളം നീണ്ടിരുന്നു. അതിൽ സ്വയം പ്രതിരോധിക്കാനും ന്യായീകരിക്കാനും ശ്രമിച്ച് മുൻ പ്രധാനമന്ത്രി സ്വയം വിഢിയായിത്തീരുകയായിരുന്നു. 10വർഷത്തെ തന്റെ ഭരണകാലത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ തീരുമാനമായിരുന്നു 2003ൽ ഇറാഖ് ആക്രമിക്കാനെടുത്ത തീരുമാനമെന്നും ബ്ലെയർ വെളിപ്പെടുത്തി. വൈറ്റ്ഹാളിലെ അഡ്‌മിറാലിറ്റി ഹൗസിൽ വിളിച്ച് കൂട്ടിയ പത്രസമ്മേളനത്തിൽ പശ്ചാത്താപം പ്രകടിപ്പിക്കുമ്പോൾ ബ്ലെയറിന്റെ കണ്ഠമിടറിയിരുന്നു. യാതൊരു ഒഴിവുകഴിവുമില്ലാതെ താൻ ഈ തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇക്കാര്യത്തിൽ താൻ ദുഃഖവും പശ്ചാത്താപവും ക്ഷമാപണവും മുമ്പത്തേതിനേക്കാൾ പ്രകടിപ്പിക്കുന്നുവെന്നാണ് മുൻ പ്രധാനമന്ത്രി പ്രതികരിച്ചത്.

എന്നാൽ ഇറാഖ് യുദ്ധ വിഷയത്തിൽ താൻ ആരോടും കള്ളം പറഞ്ഞിട്ടില്ലെന്ന സത്യവും പുതിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്ന കാര്യവും ബ്ലെയർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ താൻ പാർലിമെന്റിനെയോ കാബിനറ്റിനെയോ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും പ്രസ്തുത റിപ്പോർട്ടിലൂടെ വ്യക്തമായിരിക്കുന്നുവെന്നും ബ്ലെയർ പറയുന്നു. യുദ്ധത്തിൽ മരിച്ച 179 സൈനികരുടെ കുടുംബത്തെ താൻ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ തന്റെ നിലപാട് സുതാര്യമാണെന്നും ബ്ലെയർ പറയുന്നു. ആ യുദ്ധത്തിൽ ബ്രിട്ടീഷ് സൈനികർ ബലിയർപ്പിക്കപ്പെട്ടത് വൃഥാവിലായിട്ടില്ലെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിൽ അവർ നിർണായക പങ്ക് വഹിച്ചിരുന്നുവെന്നും ബ്ലെയർ പറയുന്നു.ഏഴുകൊല്ലം നീണ്ട അന്വേഷണത്തിനൊടുവിലാണ് ചിൽകോട്ട് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സദ്ദാം ഹുസൈന്റെ ഇറാഖിൽ നടത്തിയ യുദ്ധം തെറ്റായ നടപടിയായിരുന്നുവെന്നു വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ തെറ്റായ തീരുമാനമാണു സൈന്യത്തെ ഇറാഖിലേക്ക് അയച്ച നടപടി. വിനാശകരമായ ആയുധങ്ങൾ കൈവശം വച്ചിരിക്കുന്നു എന്ന തെറ്റായ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണു സൈന്യത്തെ ഇറാഖിലേക്ക് അയക്കാൻ നിശ്ചയിച്ചിരുന്നതെന്നും റിപ്പോർട്ടിലൂടെ വെളിപ്പെട്ടിരുന്നത്.

2003ലെ ഇറാഖ് അധിനിവേശത്തിന് മുൻകൈ എടുത്തത് ടോണി ബ്ലെയറും ബുഷും ചേർന്നായിരുന്നു. അന്ന് അവർ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്നാണ് ടോണി ബ്ലെയർ നേരത്തെ തന്നെ കുറ്റസമ്മതം നടത്തിയിരുന്നു. തെറ്റായ ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ യുദ്ധം നടത്തിയതിനും, സദാം ഇല്ലാത്ത ഇറാഖിൽ എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി കാണാൻ കഴിയാതിരുന്നതിനും തങ്ങൾ സംഭവിച്ച പിഴവായി ടോണി ബ്ലെയർ സമ്മതിക്കുകയായിരുന്നു. സർവനാശം വിതയ്ക്കുന്ന ആയുധശേഖരം ഇറാഖിന്റെ പക്കലുണ്ടെന്ന് ആരോപിച്ച് നടന്ന യുദ്ധത്തിൽ സദ്ദാം ഹുസൈനെ അട്ടിമറിച്ചതാണ് എല്ലാത്തിനും കാരണം. തങ്ങൾക്ക് അന്നു കിട്ടിയ സൂചനകൾ തെറ്റായിരുന്നെന്നും മാപ്പു ചോദിക്കുന്നതായും ടോണി ബ്ലെയർ പറഞ്ഞു. സദ്ദാമിനെ പുറത്താക്കിയവർക്ക് ഇപ്പോഴത്തെ ഇറാഖിന്റെ അവസ്ഥയിൽ ഉത്തരവാദിത്വമുണ്ടെന്നും ബ്ലെയർ കുറ്റസമ്മതം നടത്തിയിരുന്നു.

2002 മാർച്ചിലാണ് സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കാൻ ബ്ലെയർ നീക്കമാരംഭിച്ചിരുന്നത്. നവംബറിൽ സദ്ദാം ഹുസൈൻ വിരുദ്ധരെ സംഘടിപ്പിച്ചതും ബ്ലെയറായിരുന്നു. ഇറാഖിന്റെ പക്കൽ അണ്വായുധമുണ്ടെന്നു കാട്ടി ലോകത്തെ ഭയപ്പെടുത്താനും ബ്ലെയറിനു സാധിച്ചിരുന്നു. ആരോപണം വ്യാജമാണെന്നു സദ്ദാം പലതവണ പറഞ്ഞിരുന്നെങ്കിലും ആരുമത് വിശ്വസിച്ചിരുന്നില്ല. തുടർന്ന് 2003 ൽ അമേരിക്കയും സഖ്യകക്ഷികളും ഇറാഖിനെ കീഴടക്കുകയും 2006 ഡിസംബർ 30 നു സദ്ദാമിനെ തൂക്കിലേറ്റുകയുമായിരുന്നു. എന്നാൽ ഇറാഖിന്റെ പക്കലുണ്ടെന്ന് ബ്ലയർ ആരോപിച്ചിരുന്ന അണ്വായുധങ്ങൾ ആരും കണ്ടെത്തിയില്ല. പ്രചാരണം തെറ്റിദ്ധാരണമൂലമെന്നു പിന്നീട് അമേരിക്ക പശ്ചാത്തപിക്കുകയും ചെയ്തിരുന്നു. അന്നു മുതൽ ഇറാഖ് ജനത അമേരിക്കയിൽ നിന്നും സഖ്യ കക്ഷികളിൽ നിന്നും അകലുകയായിരുന്നു. തുടർന്ന് വിഭജനം വളർത്തി എണ്ണ സമ്പാദിക്കാനായി അമേരിക്കയു കൂട്ടരും നടത്തിയ ഇറാഖിൽ നടത്തിയ നീക്കങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് എന്ന എന്ന ഭീകര സംഘടനയ്ക്ക് വിത്ത് പാകുകയും ചെയ്തുവെന്നും കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP