Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സദ്ദാം ഹുസൈന്റെ കൈയിൽ വിനാശകരമായ ആയുധമൊന്നും ഉണ്ടായിരുന്നില്ലെന്നു ബ്രിട്ടീഷ് അന്വേഷണ സംഘം; നിരപരാധികളായ ഇറാഖികളുടെയും യുദ്ധത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് സൈനികരുടെയും ജീവനു ടോണി ബ്ലെയർ മറുപടി പറയേണ്ടി വരും: ഇറാഖ് യുദ്ധം വീണ്ടും ബ്രിട്ടനിൽ രാഷ്ട്രീയ കൊടുങ്കാറ്റാകുന്നു

സദ്ദാം ഹുസൈന്റെ കൈയിൽ വിനാശകരമായ ആയുധമൊന്നും ഉണ്ടായിരുന്നില്ലെന്നു ബ്രിട്ടീഷ് അന്വേഷണ സംഘം; നിരപരാധികളായ ഇറാഖികളുടെയും യുദ്ധത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് സൈനികരുടെയും ജീവനു ടോണി ബ്ലെയർ മറുപടി പറയേണ്ടി വരും: ഇറാഖ് യുദ്ധം വീണ്ടും ബ്രിട്ടനിൽ രാഷ്ട്രീയ കൊടുങ്കാറ്റാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇറാഖ് യുദ്ധത്തെക്കുറിച്ചു പുറത്തുവരുന്ന പുതിയ വാർത്തകൾ ബ്രിട്ടനിൽ വീണ്ടും രാഷ്ട്രീയ കൊടുങ്കാറ്റാകുകയാണ്. ഇറാഖിന്റെ പരമാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ കൈയിൽ വിനാശകരമായ ആയുധമൊന്നും ഉണ്ടായിരുന്നില്ലെന്നാണു ബ്രിട്ടീഷ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഈ റിപ്പോർട്ടു പുറത്തുവന്നതോടെ നിരപരാധികളായ ഇറാഖികളുടെയും യുദ്ധത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് സൈനികരുടെയും ജീവനു മറുപടി പറയേണ്ടി വരുന്ന അവസ്ഥയിലാണ് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ.

ഇറാഖ് യുദ്ധത്തെക്കുറിച്ച് അന്വേഷിച്ച ചിൽകോട്ട് റിപ്പോർട്ടിലാണ് ഇറാഖിന്റെ പക്കൽ വിനാശകരമായ ആയുധങ്ങളൊന്നും ഉണ്ടായില്ലെന്ന കണ്ടെത്തലുള്ളത്. ഏഴുകൊല്ലം നീണ്ട അന്വേഷണത്തിനൊടുവിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണു സദ്ദാം ഹുസൈന്റെ ഇറാഖിൽ നടത്തിയ യുദ്ധം തെറ്റായ നടപടിയായിരുന്നുവെന്നു വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ തെറ്റായ തീരുമാനമാണു സൈന്യത്തെ ഇറാഖിലേക്ക് അയച്ച നടപടി. വിനാശകരമായ ആയുധങ്ങൾ കൈവശം വച്ചിരിക്കുന്നു എന്ന തെറ്റായ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണു സൈന്യത്തെ ഇറാഖിലേക്ക് അയക്കാൻ തീരുമാനിച്ചത്.

ഇറാഖ് ചരിത്രം മാറ്റിയെഴുതിയ യുദ്ധത്തിന് തുടക്കമിട്ട് 12 വർഷത്തിനുശേഷം ഇക്കാര്യത്തിൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയർ നേരത്തെ കുമ്പസാരം നടത്തിയിരുന്നു. ചിൽകോട് റിപ്പോർട്ട് എതിരായാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ മനസിലാക്കിയായിരുന്നു ടോണി ബ്ലെയറിന്റെ കുമ്പസാരം. തനിക്കും അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ബുഷിനും തീരുമാനമെടുക്കുന്നതിൽ പിഴച്ചതായാണു ടോണി ബ്ലെയർ സമ്മതിച്ചത്. ഇറാഖിലും സിറിയയിലും നരനായാട്ട് നടത്തുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ പിറവിക്ക് വഴിവച്ചത് 2003 ൽ നടന്ന ഇറാഖ് യുദ്ധത്തിലെ തെറ്റുകളാണെന്ന വാദം സത്യമാണെന്നും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മതിച്ചിരുന്നു.

2003ലെ ഇറാഖ് അധിനിവേശത്തിന് മുൻകൈ എടുത്തത് ടോണി ബ്ലെയറും ബുഷും ചേർന്നായിരുന്നു. അന്ന് അവർ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്നാണ് ടോണി ബ്ലെയറിന്റെ കുറ്റസമ്മതം. തെറ്റായ ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ യുദ്ധം നടത്തിയതിനും, സദാം ഇല്ലാത്ത ഇറാഖിൽ എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി കാണാൻ കഴിയാതിരുന്നതിനും തങ്ങൾ സംഭവിച്ച പിഴവായി ടോണി ബ്ലെയർ സമ്മതിക്കുന്നു. സർവനാശം വിതയ്ക്കുന്ന ആയുധശേഖരം ഇറാഖിന്റെ പക്കലുണ്ടെന്ന് ആരോപിച്ച് നടന്ന യുദ്ധത്തിൽ സദ്ദാം ഹുസൈനെ അട്ടിമറിച്ചതാണ് എല്ലാത്തിനും കാരണം. തങ്ങൾക്ക് അന്നു കിട്ടിയ സൂചനകൾ തെറ്റായിരുന്നെന്നും മാപ്പു ചോദിക്കുന്നതായും ടോണി ബ്ലെയർ പറഞ്ഞു. സദ്ദാമിനെ പുറത്താക്കിയവർക്ക് ഇപ്പോഴത്തെ ഇറാഖിന്റെ അവസ്ഥയിൽ ഉത്തരവാദിത്വമുണ്ടെന്നും ബ്ലെയർ കുറ്റസമ്മതം നടത്തിയിരുന്നു.

ചിൽക്കോട് റിപ്പോർട്ട് പുറത്തുവന്നതോടെ ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയ നേതാവ് എന്നതിൽനിന്ന് ഒരു യുദ്ധക്കുറ്റവാളിയെന്ന നിലയിലേക്കു മാറുകയാണു ടോണി ബ്ലെയർ. അമേരിക്ക അടക്കമുള്ള സഖ്യകക്ഷികളെ തെറ്റിദ്ധരിപ്പിക്കാൻ നേതൃത്വം വഹിച്ച വ്യക്തിയെന്ന നിലയിലാകും ഇനി ടോണി ബ്ലെയറിനെ ലോകം വിലയിരുത്തുക. ചിൽകോട്ട് റിപ്പോർട്ട് എതിരായാൽ ടോണി ബ്ലെയർ ഇംപീച്ച്മെന്റ് നടപടിക്കു വിധേയനായേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇറാഖ് അധിനിവേശത്തിനു ശേഷം പ്രഖ്യാപിക്കപ്പെട്ട അന്വേഷണം ഇത്രയും നാൾ നീണ്ടു നിന്നതിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.

2002 മാർച്ചിലാണ് സദ്ദാം ഹുസൈനെ അട്ടിമറിക്കാൻ ബ്ലെയർ ശ്രമം തുടങ്ങുന്നത്. നവംബറിൽ സദ്ദാം ഹുസൈൻ വിരുദ്ധരെ സംഘടിപ്പിച്ചതും അദ്ദേഹമാണ്. ഇറാഖിന്റെ പക്കൽ അണ്വായുധമുണ്ടെന്നു കാട്ടി ലോകത്തെ ഭയപ്പെടുത്താനും ബ്ലെയറിനു കഴിഞ്ഞു. ആരോപണം വ്യാജമാണെന്നു സദ്ദാം ആവർത്തിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. 2003 ൽ അമേരിക്കയും സഖ്യകക്ഷികളും ഇറാഖിനെ കീഴടക്കി. 2006 ഡിസംബർ 30 നു സദ്ദാമിനെ തൂക്കിലേറ്റുകയും ചെയ്തു. എന്നാൽ ബ്ലയർ അവതരിപ്പിച്ച അണ്വായുധങ്ങൾ ആരും കണ്ടെത്തിയില്ല. പ്രചാരണം തെറ്റിദ്ധാരണമൂലമെന്നു പിന്നീട് അമേരിക്ക കുമ്പസാരിക്കുകയും ചെയ്തു. അന്നു മുതൽ ഇറാഖ് ജനത അമേരിക്കയോടും സഖ്യ കക്ഷികളോടും മുഖം തിരിച്ചു തുടങ്ങി. വിഭജനം വളർത്തി എണ്ണ സമ്പാദിക്കാനായി തുടർനീക്കങ്ങൾ. ഐ.എസ്. എന്ന ഭീകര സംഘടനയുടെ തുടക്കം ഈ അസംതൃപ്തിയിൽനിന്നാണ്. ലിബിയയിലെ മുഅമ്മർ ഗദ്ദാഫി, സിറിയിലെ ബാഷർ അൽ അസദ് എന്നിവരും ഇത്തരം ചതിയുടെ രുചി അറിഞ്ഞവരാണ്.

അതിനിടെ, ഇറാക്കിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് മേജറിന്റെ മാതാപിതാക്കൾ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറിനെതിരേ നിയമനടപടിക്കൊരുങ്ങുന്നതായ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇറാക്കിൽ ബ്രിട്ടൻ നടത്തിയ സൈനിക നടപടിയെപ്പറ്റി അന്വേഷിച്ച സർ ജോൺ ചിൽകോട്ടിന്റെ റിപ്പോർട്ട് പുറത്തുവരുന്നതിന് മണിക്കൂറുകൾക്കു മുൻപാണ് അവരുടെ പ്രഖ്യാപനം. ഇറാക്കിൽ ബ്രിട്ടീഷ് സൈനികനടപടിയിൽ പങ്കെടുത്ത 34കാരനായ മേജർ മാത്യു കൊല്ലപ്പെട്ട സംഭവത്തിലാണ് മാതാപിതാക്കളായ റോജറും മൗറീൻ ബേക്കണും നിയമനടപടിക്കൊരുങ്ങുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP