Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തൊട്ടും സന്തോഷം ഇല്ലാത്ത മനുഷ്യരുടെ പട്ടികയിൽ ഇന്ത്യക്കാരും; ഹാപ്പിനസ് ഇൻഡെക്‌സിൽ ഇന്ത്യയുടെ സ്ഥാനം 117

ലോകത്തൊട്ടും സന്തോഷം ഇല്ലാത്ത മനുഷ്യരുടെ പട്ടികയിൽ ഇന്ത്യക്കാരും; ഹാപ്പിനസ് ഇൻഡെക്‌സിൽ ഇന്ത്യയുടെ സ്ഥാനം 117

ന്യൂഡൽഹി: ലോകത്തേറ്റവും സന്തോഷവാന്മാരായ ജനതയേതാണ്? തീർച്ചയായും അത് ഇന്ത്യയല്ല. എന്നുമാത്രമല്ല, ഇന്ത്യൻ ജനതയുടെ അസന്തുഷ്ടി കഴിഞ്ഞ ഒരുവർഷത്തിനിടെ കൂടിയിട്ടേയുള്ളൂവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഹാപ്പിനസ് ഇൻഡെക്‌സിൽ 2014-ൽ 111-ാം സ്ഥാനത്തായിരുന്നു ഇന്ത്യയെങ്കിൽ, ഏറ്റവും പുതിയ പട്ടികയിൽ ആറ് സ്ഥാനങ്ങൾകൂടി പിന്നിലേക്ക് പോയി 117-ാം സ്ഥാനത്തെത്തി. 158 രാജ്യങ്ങളിലാണ് ഇന്ത്യ 117-ാം സ്ഥാനത്തുനിൽക്കുന്നത്.

ഭൂമിയിലെ സ്വർഗമെന്ന് സ്വിറ്റ്‌സർലൻഡിനെ വിളിക്കുന്നത് വെറുതെയല്ല. ലോകത്തേറ്റവും സന്തോഷവാന്മാരായ ജനത സ്വിറ്റ്‌സർലൻഡുകാരാണെന്ന് 2015-ലെ ഹാപ്പിനസ് ഇൻഡെക്‌സ് പറയുന്നു. ഡെന്മാർക്കായിരുന്നു കഴിഞ്ഞവർഷം ഒന്നാം സ്ഥാനത്ത്. സാമ്പത്തിക പ്രതിസന്ധികൾ മറികടന്ന ഐസ്‌ലൻഡാണ് ഇക്കുറി സ്വിറ്റ്‌സർലൻഡിനുപിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്. ഡെന്മാർക്ക്, നോർവ, കാനഡ എന്നിവയാണ് ആദ്യ അഞ്ചിലെ മറ്റ് സന്തുഷ്ട രാജ്യങ്ങൾ.അമേരിക്ക 15-ാം സ്ഥാനത്താണ്.

യുദ്ധക്കെടുതികളും ദാരിദ്ര്യവും നടമാടുന്ന രാജ്യങ്ങളാണ് പട്ടികയുടെ പിൻഭാഗത്തുള്ളത്. ചാഡ്, ഗിനിയ, ഐവറി കോസ്റ്റ്, ബുർക്കിന ഫാസോ, അഫ്ഗാനിസ്താൻ, റുവാൻഡ, ബെനിൻ, സിറിയ, ബറൂണ്ടി, ടോഗോ എന്നിവയാണ് ഒടുവിലത്തെ രാജ്യങ്ങൾ

ഏഷ്യൻ രാജ്യങ്ങൾ, പ്രത്യേകിച്ച് തെക്കനേഷ്യൻ രാജ്യങ്ങൾ പട്ടികയുടെ രണ്ടാം പകുതിയിലാണ്. ഭൂട്ടാനാണ് ഇക്കൂട്ടത്തിൽ മുന്നിൽ 79-ാം സ്ഥാനത്ത്. ഇന്ത്യയെക്കാൾ സന്തോഷം പാക്കിസ്ഥാനുണ്ട്. 81-ാം സ്ഥാനത്താണവർ. ചൈന 84-ാം സ്ഥാനത്തും. ബംഗ്ലാദേശും (109) ഇന്ത്യക്ക് മുന്നിലുണ്ട്. അയൽക്കാരിൽ ഇന്ത്യക്ക് പിന്നിലുള്ളത് നേപ്പാളും (121) ശ്രീലങ്കയു(132)മാണ്.

സാമ്പത്തിക സുരക്ഷിതത്വം മാത്രമല്ല പട്ടികയിൽ കണക്കിലെടുക്കുന്നത്. സാമൂഹിക ബന്ധങ്ങളും പരിഗണിക്കും. സഹകരണവും വിശ്വാസ്യതയും സത്യസന്ധതയുമൊക്കെ അതിൽ ഘടകമായി വരും. ഹാപ്പിനസ് ഇൻഡക്‌സിൽ മുന്നിലുള്ള രാജ്യങ്ങളിൽ ഇക്കാര്യത്തിൽ ഇന്ത്യയെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. പട്ടികയിൽ പിന്നോട്ടുപോകുന്തോറും പരസ്പരമുള്ള വിശ്വാസത്തിലും ഇടിവ് സംഭവിക്കുന്നു. അഴിമതിയും ക്രമസമാധാനമില്ലായ്മയുമൊക്കെ ജനങ്ങളുടെ സന്തോഷത്തെ ബാധിക്കാറുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP