Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂളിൽ യോഗ ആരംഭിക്കുന്നതിനെ വർഗീയതയായി കാണുന്നവർ ഇതു വായിക്കുക; യോഗയിൽ ഒരു മതവും ഇല്ലെന്ന് തീർപ്പു കൽപ്പിച്ചു അമേരിക്കൻ കോടതി

സ്‌കൂളിൽ യോഗ ആരംഭിക്കുന്നതിനെ വർഗീയതയായി കാണുന്നവർ ഇതു വായിക്കുക; യോഗയിൽ ഒരു മതവും ഇല്ലെന്ന് തീർപ്പു കൽപ്പിച്ചു അമേരിക്കൻ കോടതി

വാഷ്ങ്ടൺ: പുരാത ഇന്ത്യൻ അഭ്യാസമായ യോഗയെ മതപരമായ ചടങ്ങായി ചൂണ്ടിക്കാട്ടി തടയാൻ കോടതിയെ സമീപിച്ചവർക്ക് അമേരിക്കൻ കോടതിയിൽ നിന്നും തിരിച്ചടി. ഇന്ത്യയിൽ യോഗ വ്യാപകമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുമ്പോൾ എതിർക്കുന്നവരുടെ കണ്ണ് തുറപ്പിക്കാൻ പോന്നതാണ് അമേരിക്കൻ കോടതി നിരീക്ഷണങ്ങൾ. യോഗയെ വർഗ്ഗീയമായി കാണേണ്ടതില്ലെന്നാണ് നിർദ്ദേശം.

യോഗ പരിശീലനം ഒരു മതവിശ്വാസത്തേയും ഹനിക്കുന്നില്ലെന്നും ഇത് മതേതരമായ അഭ്യാസം മാത്രമാണെന്നും അമേരിക്കൻ കോടതി വിധിച്ചു. കാലിഫോർണിയയിലെ ഫോർത്ത് ഡിസ്ട്രിക്ട് അപ്പീൽ കോടതിയുടേതാണ് വിധി. എൻസിനിറ്റാസ് സ്‌കൂൾ ഡിസ്ട്രിക്ടിലെ വിദ്യാലയങ്ങളിൽ യോഗ പരിശീലിപ്പിക്കുന്നതിനെതിരേ രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചത്. നേരത്തെ സാൻഡിയാഗോ സൂപ്പീരിയർ കോടതിയും യോഗ മതപരമോ ആത്മീയമോ ആയ ആചാരമല്ലെന്ന് വിധിച്ചിരുന്നു. ഈ വിധിയെ അപ്പീൽ കോടതി ശരിവയ്ക്കുകയാണ് ചെയ്തത്.

ഇന്ത്യയിൽ ആവിർഭാവം കൊണ്ട യോഗ പരിശീലനം ഇപ്പോൾ അമേരിക്കൻ സംസ്‌കാരത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടെന്ന് നേരത്തെ രക്ഷിതാക്കൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് കീഴ്‌കോടതി നിരീക്ഷിച്ചിരുന്നു. കിഴക്കൻ മതങ്ങളെ പ്രചരിപ്പിക്കുന്ന യോഗ പരിശീലനം ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു രക്ഷിതാക്കൾ ഹരജിയിൽ ആരോപിച്ചിരുന്നത്. ഹിന്ദുമതവും ബുദ്ധമതവും പ്രചരിപ്പിക്കുന്ന ഒരു മതപരമായ അഭ്യാസമാണ് യോഗയെന്നു പറഞ്ഞാണ് രക്ഷിതാക്കൾ രംഗത്തെത്തിയത്.

കെ പട്ടാഭി ജോയ്‌സ് ഫൗണ്ടേഷൻ നൽകിയ 5,33,000 യുഎസ് ഡോളർ സഹായം കൊണ്ടാണ് സ്‌കൂൾ ഡിസ്ട്രിക്ട് തങ്ങൾക്കു കീഴിലുള്ള വിദ്യാലയങ്ങളിൽ ആഴ്ചയിൽ രണ്ടു ക്ലാസുകൾ വീതം യോഗ പരിശീലിപ്പിക്കാൻ തുടങ്ങിയത്. ഇത് റെഗുലർ ഫിസിക്കൽ എജുക്കേഷൻ ക്ലാസുകൾക്കു പുറമെയായിരുന്നു. ഇതാണ് രക്ഷിതാക്കളുടെ എതിർപ്പിനിടയാക്കിയത്. ഈ നടപടി ഗുരുതരമായ വിശ്വാസ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി 30 കുടുംബങ്ങൾ തങ്ങളുടെ കുട്ടികളെ സ്‌കൂളുകളിൽ നിന്നും മാറ്റുകയും ചെയ്തു.

അതേസമയം കുട്ടികളിലെ ആക്രമാസക്തമായ പെരുമാറ്റത്തെയും പരിഹാസങ്ങളേയും തടയാനാണ് യോഗ അവതരിപ്പിച്ചിച്ചതെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. ഇതിന് വലിയൊരു ശതമാനം രക്ഷിതാക്കളുടെ പിന്തുണയും ഉണ്ട്. അത് വിജയിക്കുകയും ചെയ്‌തെന്ന് അവർ വിശദീകരിക്കുന്നു. ഏതായാലും കോടതി വിധിയിലൂടെ അമേരിക്കൻ സ്‌കൂളുകളിലാകെ യോഗ എത്താനുള്ള സാധ്യതയുമുണ്ട്. മനസ്സിനേയും ശരീരത്തേയും ഒരു പോലെ വൃത്തിയാക്കുന്ന അഭ്യാസമായാണ് യോഗയെ കാണുന്നത്. ഇത് പഠിക്കാൻ അമേരിക്കക്കാർ പ്രത്യേക താൽപ്പര്യവും കാണിക്കുന്നു.

യോഗയിലെത്തുന്നവർ വേദാന്തം മനസ്സിലാക്കി ഹിന്ദുമതത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്കയും അമേരിക്കയിലുണ്ട്. ഈ സാഹചര്യത്തിലാണ് യോഗ വിഷയം കോടതി കയറിയത്. യോഗയ്ക്ക് എതിരായ വാദങ്ങളെ തള്ളിക്കളയുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇനി അമേരിക്കയിൽ ആർക്കും യോഗ അഭ്യസിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP