Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടാലിയും വെട്ടുകത്തിയുമായി കലാപകാരികൾ തെരുവു പിടിച്ചു; നിറതോക്കുകളുമായി നേരിടാൻ ഒരുങ്ങി പൊലീസും; ദക്ഷിണാഫ്രിക്കയിൽ സ്ഥിതി ആശങ്കാജനകം

കോടാലിയും വെട്ടുകത്തിയുമായി കലാപകാരികൾ തെരുവു പിടിച്ചു; നിറതോക്കുകളുമായി നേരിടാൻ ഒരുങ്ങി പൊലീസും; ദക്ഷിണാഫ്രിക്കയിൽ സ്ഥിതി ആശങ്കാജനകം

രൂക്ഷമായ തൊഴിലില്ലായ്മയും സമ്പത്ത് വിതരണത്തിലെ അസമത്വവും ഉയർത്തിക്കാട്ടി ദക്ഷിണാഫ്രിക്കൻ നഗരങ്ങളിൽ രണ്ടാഴ്ചയായി അരങ്ങേറുന്ന കുടിയേറ്റ വിരുദ്ധ സമരങ്ങൾ ശക്തി പ്രാപിക്കുന്നു. സ്വദേശികളായ കറുത്ത വർഗക്കാരാണ് വെള്ളക്കാരുൾപ്പെടെയുള്ള വിദേശികളെ നാടുകടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തുള്ളത്. വിദേശികളുടെ കച്ചവട സ്ഥാപനങ്ങളും വസ്തുക്കളും വ്യാപകമായി കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. ജോഹനസ്ബർഗിൽ തുടക്കമിട്ട കുടിയേറ്റ വിരുദ്ധ കലാപം ഡർബനിലേക്കു കൂടി വ്യാപിച്ചതോടെയാണ് കൂടുതൽ ആക്രമസക്തമായ നിലയിലേക്ക് പ്രതിഷേധം നീങ്ങിയത്. കോടാലിയും വെട്ടുകത്തിയുമേന്തിയ പ്രതിഷേധക്കാർ തെരുവിൽ അഴിഞ്ഞാടുകയാണ്. ജീവൻ രക്ഷാർത്ഥം വിദേശികൾക്ക് ഓടിയൊളിക്കുകയാല്ലാതെ മറ്റുമാർഗമില്ലാതായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രി ഡർബനിൽ സ്വദേശികൾ അഴിച്ചു വിട്ട ആക്രമണത്തെ നേരിടാൻ പൊലീസ് പാടുപെട്ടു. ടിയർ ഗ്യാസും വെടികളുമായി കലാപകാരികളെ തുരത്താൻ പൊലീസിന് ഏറെ പൊരുതേണ്ടി വന്നു. ആക്രമണം രൂക്ഷമായതോടെ കുടിയേറ്റക്കാരും പ്രാണരക്ഷാർത്ഥം ആയുധമെടുത്തതാണ് കലാപം കലുഷിതമാക്കിയത്. ചിലയിടങ്ങളിൽ സ്വദേശികളും കുടിയേറ്റക്കാരും നേർക്കു നേർ പോരാട്ടം തന്നെ നടന്നു. ജോഹനസ്ബർഗിൽ കഴിഞ്ഞ ദിവസം ഇരുവിഭാഗവും ആയുധങ്ങളുമായെത്തി പോർവിളി നടത്തിയത് മനുഷ്യ ബാരിക്കേഡ് തീർത്താണ് പൊലീസ് പ്രതിരോധിച്ചത്. നൂറുകണക്കിന് കുടിയേറ്റക്കാർ പൊലീസ് സ്റ്റേഷനുകളിലാണ് അഭയം തേടിയിട്ടുള്ളത്. അതിനിടെ കലാപ കാരികൾക്കെതിരേ വൻ പ്രതിഷേധ റാലികളും ഡർബനിൽ കഴിഞ്ഞ ദിവസം നടന്നു.

കലാപത്തിൽ അധികൃതരുടെ സംരക്ഷണം തങ്ങൾക്കു ലഭിക്കുന്നില്ലെന്ന പരാതിയും കുടിയേറ്റക്കാർക്കുണ്ട്. ഇതു ചൂണ്ടിക്കാട്ടി ഇവരും ആയുധം കയ്യിലെടുത്തിരിക്കുയാണ് പലയിടങ്ങളിലും. കലാപം കരുതിക്കൂട്ടി സംഘടിപ്പിക്കപ്പെട്ടതാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കൊടുവാളും വെട്ടുകത്തികളുമേന്തിയ കലാപകാരികളെ നഗര പ്രാന്ത പ്രദേശങ്ങളിൽ മിനിബസുകളിൽ എത്തിക്കുന്നതായി ഇവർ പറയുന്നു. ഇവരാണ് ആക്രമണം അഴിച്ചു വിടുന്നത്. രണ്ടാഴ്ചയായി നടന്നു വരുന്ന കലാപത്തിൽ ഇതു അഞ്ചു പേർ കൊല്ലപ്പെട്ടതായാണ് ഒടുവിലെ റിപ്പോർട്ടുകൾ നൽകുന്ന സൂചന.

സൊമാലി, എത്തിയോപ്പിയ, മലാവി തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ആക്രമണത്തിൽ വ്യാപകമായി ഇരയാക്കപ്പെട്ടത്. വെള്ളക്കാരെ വാഹനം തടങ്ങു നിർത്തി ആക്രമിച്ച സംഭവവും ഉണ്ടായി. കാരൾ ലോയ്ഡ് എന്ന വെള്ളക്കാരി സ്ത്രീയെ കാർ തടഞ്ഞു ചില്ലുകൾ അടിച്ചു പൊളിച്ച് പുറത്തേക്ക് വലിച്ചിട്ടാണ് ആക്രമിച്ചത്. കുടിയേറ്റക്കാരുടെ എണ്ണക്കൂടുതലും ഉയർന്ന തൊഴിലില്ലായ്മ നിരക്കുമാണ് വിവിധയിടങ്ങളിൽ തരംഗമായി മാറിയ പ്രതിഷേധങ്ങൾക്കു കാരണമായി പൊലീസ് പറയുന്നത്. റബർ ബുള്ളറ്റുകളും ടിയർ ഗ്യാസുമായി പൊലീസ് ജനക്കൂട്ടത്തെ നേരിടുന്നുണ്ട്. രണ്ടാഴ്ച മുമ്പാണ് പ്രതിഷേധങ്ങൾ തുടങ്ങിയത്. കലാപം രൂക്ഷമായതോടെ വിദേശികളെല്ലാം തങ്ങളുടെ കച്ചവട സ്ഥാപനങ്ങൾ അടച്ച് ആക്രമണം ഭയന്ന് സമീപ നഗരങ്ങളിലേക്ക് കെട്ടിപ്പെറുക്കിയെടുത്തു പോകാൻ ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP