Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഷ്യയുടെ അപ്രതീക്ഷിതമായ പിന്മാറലിന് പിന്നിലെ തന്ത്രമെന്തെന്ന് അറിയാതെ അമേരിക്ക; കൂടുതൽ ശക്തമായ ആക്രമണത്തിന് പുട്ടിൻ തയ്യാറെടുക്കുന്നതായി സൂചന

റഷ്യയുടെ അപ്രതീക്ഷിതമായ പിന്മാറലിന് പിന്നിലെ തന്ത്രമെന്തെന്ന് അറിയാതെ അമേരിക്ക; കൂടുതൽ ശക്തമായ ആക്രമണത്തിന് പുട്ടിൻ തയ്യാറെടുക്കുന്നതായി സൂചന

സിസിനെതിരെ പോരാടുന്ന റഷ്യൻ സേനയെ സിറിയയിലെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ നിന്നും പിൻവലിക്കുന്നതിനുള്ള അപ്രതീക്ഷിതമായ ഉത്തരവ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമർ പുട്ടിൻ കഴിഞ്ഞ ദിവസം നൽകിയത് അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിപ്പിച്ചിരുന്നു. തങ്ങളുടെ സൈനിക നീക്കം മഹത്തായ ലക്ഷ്യങ്ങൾ നേടിക്കഴിഞ്ഞുവെന്നും അതിനാൽ സേനകളുടെ പിന്മാറ്റം ഇന്നലെയാരംഭിക്കുമെന്നാണ് പ്രതിരോധ മന്ത്രിക്കും വിദേശമന്ത്രിക്കുമൊപ്പം ക്രെംലിനിൽ വച്ച് ചേർന്ന ഒരു മീറ്റിംഗിൽ പുട്ടിൻ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ റഷ്യ പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കാൻ പരരമ്പരാഗത വൈരികളായ അമേരിക്ക ഇനിയും തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ട്. റഷ്യയുടെ അപ്രതീക്ഷിതമായ പിന്മാറലിന് പിന്നിലെ തന്ത്രമെന്തെന്ന് അറിയാതെ അമേരിക്ക വട്ടം കറങ്ങുന്നുമുണ്ട്. അതിനിടെ ഐസിസിനെതിരായ ശക്തമായ ആക്രമണത്തിന് പുട്ടിൻ തയ്യാറെടുക്കുന്നതായും സൂചനയുണ്ട്.

സിറിയയിൽ റഷ്യ നടത്തിയ പോരാട്ടം ഫലപ്രദമായിരുന്നുവെന്നും ഇപ്പോൾ സേനയെ തിരിച്ച് വിളിക്കാൻ സമയമായെന്നുമായിരുന്നു തന്റെ തീരുമാനമറിയിച്ച് കൊണ്ട് പുട്ടിൻ വിശദീകരിച്ചിരുന്നത്.സിറിയയിലെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ നിന്നും തങ്ങളുടെ സേനയെ പിൻവലിക്കാൻ ആരംഭിച്ചിട്ടുണ്ടെങ്കിലും എന്നാൽ തങ്ങളുടെ സൈന്യത്തിന്റെ ശക്തമായ സാന്നിധ്യം മേഖലയിൽ നിലനിൽക്കുമെന്ന് തന്നെയാണ് പ്രതിരോധ വിദഗ്ദ്ധർ മുന്നറിയിപ്പേകിയിരിക്കുന്നത്. പുട്ടിന്റെ ഉത്തരവിനെത്തുടർന്ന് സിറിയയിൽ നിന്നുള്ള ആദ്യത്തെ യുദ്ധവിമാനങ്ങൾ ഇന്നലെ മോസ്‌കോയിൽ മടങ്ങിയെത്തിയിരുന്നു.എന്നാൽ ഇപ്പോൾ ഇത്തരത്തിൽ റഷ്യൻ വിമാനങ്ങൾ മടങ്ങിയെത്തുകയും സേനയെ പിൻവലിക്കുകയും ചെയ്തുവെങ്കിലും മിഡിൽ ഈസ്റ്റിൽ റഷ്യയുടെ ഇടപെടൽ ഇനിയും ശക്തമാകാനാണ് സാധ്യതയെന്നാണ് അനലിസ്റ്റുകൾ വിശ്വസിക്കുന്നത്.

സിറിയയിലെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ നിന്നും സേനയെ പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും സിറിയയിലെ തീരദേശ പ്രവിശ്യയായ ലടാക്കിയയിലെ ഹെമെയ്മീമിലുള്ള എയർബേസും ടാർടൗസ് തുറമുഖത്തുള്ള നേവൽ ഫെസിലിറ്റിയും പ്രവർത്തനം തുടരുമെന്നും പുട്ടിൻ വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ഏറ്റവും അത്യന്താധുനികമായ എയർ ഡിഫെൻസ് സിസ്റ്റമായ എസ്400ഉം സിറിയയിൽ നിലനിർത്തുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.റഷ്യ ഇപ്പോൾ ഇത്തരത്തിൽ സേനയെ പിൻവലിക്കുന്നുണ്ടെങ്കിലും അതൊരു പൂർണമായ പിന്മാറ്റമായി കണക്കാക്കേണ്ടെന്നാണ് ഹെൻട്രി ജാക്ക്‌സൻ സൊസൈറ്റിയിലെ റഷ്യ സ്റ്റഡീസ് സെന്റർ ഡയറക്ടറായ ആൻഡ്ര്യൂ ഫോക്‌സാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. റഷ്യയുടെ മിലിട്ടറി ബേസുകൾ സിറിയയിൽ പ്രവർത്തനം തുടരുമെന്നാണ് പുട്ടിൻ പറഞ്ഞിരിക്കുന്നതെന്നുംഅതിനാൽ സിറിയൻ പ്രസിഡന്റ് ആസാദിന്റെ സേനയ്ക്ക് വ്യോമപിന്തുണ റഷ്യൻ എയർഫോഴ്‌സ് തുടരുമെന്ന് തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.സിറിയയിൽ പുട്ടിൻ അവശേഷിപ്പിച്ച ഇൻഫ്രാസ്ട്രക്ചറിലൂടെ പുട്ടിന് ആവശ്യമുള്ളപ്പോൾ ഏത് സമയവും ഇവിടെ സൈനികനീക്കം നടത്താൻ വഴിയൊരുക്കുന്നുവെന്നും ഫോക്‌സാൾ പറയുന്നു.

റഷ്യയുടെ പുതിയ നീക്കത്തെ കണ്ണുമടച്ച് വിശ്വസിക്കേണ്ടെന്നാണ് ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറിയായ ഫിലിപ്പ് ഹാമണ്ട് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതു പോലുള്ള സൈനികപിന്മാറ്റം റഷ്യ ഉക്രയിനിലും പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് യാഥാർത്ഥ്യമായിരുന്നില്ലെന്ന് എംപിമാരോട് സംസാരിക്കവെ ഹാമണ്ട് ചൂണ്ടിക്കാട്ടുന്നു. റഷ്യയുടെ പിന്മാറ്റം തങ്ങളും വിശ്വസിക്കുന്നില്ലെന്നാണ് അഞ്ച് വർഷങ്ങളായി സിറിയയിൽ പോരാട്ടം നടത്തി വരുന്ന റിബൽ ഗ്രൂപ്പുകളും പ്രതികരിച്ചിരിക്കുന്നത്.കഴിഞ്ഞ സെപ്റ്റംബറിൽ ഐസിസിനെ തുരത്താനെന്ന പേരിലാണ് റഷ്യ സിറിയയിൽ വ്യോമാക്രണം തുടങ്ങിയത്. എന്നാൽ ഐസിസിനെ ഇല്ലാതാക്കുന്നതിൽ റഷ്യ പരാജയപ്പെട്ടിരിക്കുകയാണെന്നാണ് ആൻഡ്ര്യൂ ഫോക്‌സാൾ പറയുന്നത്. സിറിയയിലേക്ക് തങ്ങൾ പോയത് ഐസിസിനെ തുരത്താനാണെന്ന് റഷ്യ പറഞ്ഞത് പാശ്ചാത്യ ശക്തികളെ കബളിപ്പിക്കാനായിരുന്നുവെന്നും പുട്ടിന്റെ യഥാർത്ഥ ലക്ഷ്യം ഇവിടെ തങ്ങളുടെ സൈനിക സാന്നിധ്യം നിലനിർത്തുകയാണെന്നും ഫോക്‌സാൾ അഭിപ്രായപ്പെടുന്നു.

സിറിയയിൽ വെടിനിർത്തൽ തുടരുന്നതിന്റെയും ഇവിടെ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ ജനീവയിൽ പുരോഗതിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് തങ്ങളുടെ ദൗത്യം പൂർത്തിയാക്കിയെന്ന് അവകാശപ്പെട്ട് പുട്ടിൻ സേനയെ പിൻവലിക്കുന്നതെന്നും ഇതിലൂടെ ഒരു സമാധാനസ്രഷ്ടാവ് എന്ന ഇമേജ് റഷ്യയ്ക്ക് നേടിക്കൊടുക്കുകയാണ് പുട്ടിൻ ലക്ഷ്യമിടുന്നതെന്നും നിരീക്ഷണസമിതിയായ റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ റഷ്യൻ സ്റ്റഡീസിലെ റിസർച്ച് ഫെല്ലോയായ സാറാ ലെയിൻ അഭിപ്രായപ്പെടുന്നു.റഷ്യയുടെ ഇടപെടൽ മൂലം സിറിയയിലെ അവസ്ഥ പ്രസിഡന്റ് ആസാദിന് അനുകൂലമായി സമതുലിതമായിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ സിറിയയിൽ നിന്നുള്ള റഷ്യയുടെ പെട്ടെന്നുള്ള പിന്മാറ്റം ഇവിടെ വീണ്ടും ചില അഭ്യന്തര പ്രശ്‌നങ്ങൾ തലപൊക്കാൻ കാരണവുമായേക്കാമെന്നും ചിലർ ഭയപ്പെടുന്നുണ്ട്.റഷ്യയുടെ സമ്പദ് വ്യവസ്ഥയിൽ പ്രതിസന്ധികളുണ്ടെന്നും ദീർഘകാലം യുദ്ധം നടത്താൻ രാജ്യത്തിന് ഇപ്പോൾ സാധിക്കാത്തതാണ് സേനയെ പിൻവലിക്കാൻ മറ്റൊരു കാരണമെന്നും റിപ്പോർട്ടുണ്ട്.1980കളിൽ നടന്ന സോവിയറ്റ് അഫ്ഗാൻ യുദ്ധം റഷ്യൻ ജനത മറന്നിട്ടില്ലെന്നും വിദേശത്ത് മറ്റൊരു വൻ യുദ്ധത്തിൽ വീണ്ടും റഷ്യ ഭാഗഭാക്കാകുന്നതിനെ അവർ ശക്തിയുക്തം എതിർക്കുന്നുവെന്ന സൂചനകളും പുറത്ത് വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP