ഭോപ്പാൽ ദുരന്തത്തിലെ പിടികിട്ടാപ്പുള്ളി വാറൻ ആൻഡേഴ്സൺ അന്തരിച്ചു; മരിച്ചത് അമേരിക്കൻ പിന്തുണയോടെ ഇന്ത്യയിൽ നിന്ന് ഒളിച്ചു രക്ഷപ്പെട്ട കുറ്റവാളി
October 31, 2014 | 01:04 PM IST | Permalink

സ്വന്തം ലേഖകൻ
ഫ്ളോറിഡ: ഭോപ്പാലിൽ കൂട്ടക്കുരുതിയുടെ ദുരന്തം നൽകിയ യൂണിയൻ കാർബൈഡ് കമ്പനിയുടെ സിഇഒ ആയിരുന്ന വാറൻ ആൻഡേഴ്സൺ (92) അന്തരിച്ചു. ഫ്ളോറിഡയിൽ വസതിയിലാണ് ആൻഡേഴ്സന്റെ അന്ത്യം. മരണം ബന്ധുക്കൾ സ്ഥിരീകരിച്ചു. ദീർഘനാളായി വാർധക്യസഹജമായ അസുഖങ്ങളാൽ ആൻഡേഴ്സൺ വിശ്രമ ജീവിതത്തിലായിരുന്നു.
1984-ൽ ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ഭോപ്പാലിലെ വിഷവാതക ദൂരന്തം ആൻഡേഴ്സൺ സിഇഒ ആയിരുന്ന കാലത്താണ് സംഭവിച്ചത്. തുടർന്ന് ഇന്ത്യയിൽ നിന്നും രക്ഷപെട്ട ആൻഡേഴ്സണെ പിന്നീട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 1984 ൽ നാലായിരത്തോളം പേരുടെ മരണത്തിന് ഇടയാക്കിയ ഭോപ്പാൽ വാതകദദുരന്തത്തെ തുടർന്ന് ഇന്ത്യയിൽ അറസ്റ്റിലായ ആൻഡേഴ്സൺ ജാമ്യം ലഭിച്ചശേഷം രാജ്യം വിടുകയായിരുന്നു.
വാതക ദുരന്തത്തിൽ 3787 പേർ ജീവൻ വെടിഞ്ഞെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, മരണസംഖ്യ പതിനായിരത്തോളം വരുമെന്നാണ് അനൗദ്യോഗിക കണക്ക്. അഞ്ച് ലക്ഷത്തോളം പേർ മാരകമായ പരിക്കുകളോടെയും അംഗവൈകല്യങ്ങളോടെയും അവശേഷിച്ചു. കൂടാതെ നിരവധി പേരെ കാൻസർ, വൃക്ക, കരൾ തകരാർ തുടങ്ങിയ രോഗങ്ങൾ കീഴ്പ്പെടുത്തുകയും ചെയ്തു. വർഷങ്ങൾ കഴിഞ്ഞിട്ടും വാതക ദുരന്തത്തിന്റെ ഇരകളായിട്ടാണ് കുഞ്ഞുങ്ങൾ ജനിക്കുന്നത്. മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുരന്തത്തിലെ ജീവിക്കുന്ന ഇരകളുടെ മുറവിളി ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.
ഇതിനിടെ 1989ൽ കേസ് ഒതുക്കി തീർക്കുന്നതിനായി 470 മില്യൻ ഡോളർ നഷ്ടപരിഹാരത്തുക ഇന്ത്യൻ സർക്കാരിന് യൂണിയൻ കാർബൈഡ് കമ്പനി നൽകി. 1992ൽ ഭോപ്പാൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ആൻഡേഴ്സനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തുടർന്ന് നിരവധി തവണ വാറന്റ് പുറപ്പെടുവിച്ചിട്ടും ആൻഡേഴ്സൺ കോടതിയിൽ ഹാജരായില്ല. 1992 ൽ ഭോപ്പാൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ആൻഡേഴ്സനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
പിന്നീട് പലവട്ടം വാറണ്ട് അയച്ചിട്ടും ആൻഡേഴ്സൺ കോടതിയിൽ ഹാജരാവാൻ തയ്യാറായില്ല. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ആൻഡേഴ്സണെ വിട്ടുകൊടുക്കാൻ അമേരിക്കയും തയ്യാറായില്ല. ഇതിനിടെ യു.എസിന്റെ സഹായത്തോടെ ഇദ്ദേഹം വെറോ ബീച്ചിലേക്ക് താമസം മാറ്റുകയായിരുന്നു. ഇന്ത്യയിൽ അറസ്റ്റിലായ അൻഡേഴ്സൺ രാജ്യത്തെ ചില ഉന്നതരുടെ ഒത്താശയോടെയാണ് അന്ന് രക്ഷപ്പെട്ടതെന്ന് ആരോപണം ഉയർന്നിരുന്നു. വാതകദുരന്തം നടന്ന് നാലാംദിവസം ഇന്ത്യയിലെത്തിയപ്പോഴാണ് ആൻഡേഴ്സൺ അറസ്റ്റിലായത്.
ഭോപ്പാൽ ദുരന്തം മൂലം രോഗികളായിത്തീർന്നവരെ ചികിത്സിക്കുന്നതിനുള്ള അന്താരാഷ്ട്ര മെഡിക്കൽ കമ്മീഷൻ 1993ൽ നിലവിൽ വന്നു. 2010 ജൂണിൽ മുൻ യു.സിഐഎൽ ചെയർമാൻ വാറൺ ആൻഡേഴ്സൺ അടക്കം ഏഴ് ജോലിക്കാരെ കുറ്റവാളികളായി കോടതി പ്രഖ്യാപിച്ചു. ഈ ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലമാണ് ജീവഹാനിയുണ്ടായെതെന്നായിരുന്നു വിധി. ഇവർക്ക് കോടതി രണ്ടു വർഷം തടവും രണ്ടായിരം അമേരിക്കൻ ഡോളർ പിഴയും ചുമത്തുകയുണ്ടായി. വാൻഡേഴ്സണിനെ ഇന്ത്യയിലെത്തിച്ച് ശിക്ഷ നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്തിരുന്നില്ല. അമേരിക്കൻ ഭരണകൂടങ്ങളിൽ ആൻഡേഴ്സണുള്ള സ്വാധീനമായിരുന്നു ഇതിന് കാരണം.
1921 ൽ സ്വീഡിഷ് വംശജനായ ഒരു മരപ്പണിക്കാരന്റെ മകനായി ബ്രൂക്ലിനിലായിരുന്നു ആൻഡേഴ്സന്റെ ജനനം. രസതന്ത്രത്തിൽ ബിരദം നേടിയ ആൻഡേഴ്സൺ കുറച്ചുകാലം നാവിക സേനയിൽ സേവനമനുഷ്ഠിക്കുകയും യുദ്ധപൈലറ്റായി പരിശീലനം നേടുകയും ചെയ്തശേഷമാണ് യൂണിയൻ കാർബൈഡിൽ ജോലിക്ക് ചേർന്നത്. യൂണിയൻ കാർബൈഡിൽ സെയിൽസ്മാനായിട്ടായിരുന്നു തുടക്കം. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ജോലി ചെയ്തു. 1982 ലാണ് കമ്പനിയുടെ ചെയർമാനും ചീഫ് എക്സിക്യുട്ടീവുമായത്. 1986 ൽ 65ാം വയസ്സിലാണ് കമ്പനിയിൽ നിന്ന് വിരമിച്ചത്.
അമേരിക്കൻ രാസവ്യവസായഭീമനായ യൂണിയൻ കാർബൈഡ് ഏറ്റവും വലിയ വളർച്ച കൈവരിച്ചത് ആൻഡേഴ്സന്റെ കാലത്തായിരുന്നു. മുപ്പതോളം രാജ്യങ്ങളിലായി 700 പ്ലാന്റുകളായിരുന്നു അക്കാലത്ത് കമ്പനിക്കുണ്ടായിരുന്നത്. 1926 ൽ എവറഡി കമ്പനി ഇന്ത്യാ ലിമിറ്റഡ് എന്ന ബാറ്ററി നിർമ്മാണ ശാല ആരംഭിക്കുന്നതോടെയാണ് യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡ് തങ്ങളൂടെ വ്യവസായ സംരഭങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
1959 ൽ എവറഡി കമ്പനി നാഷണൽ കാർബൺ കമ്പനി എന്ന പുതിയ പേരു സ്വീകരിച്ചു. 1955 ൽ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. ഇന്ത്യയിലെ ആദ്യ ഡ്രൈസെൽ കമ്പനിയായി തുടങ്ങിയ യൂണിയൻ കാർബൈഡ് പിന്നീട് കീടനാശിനി നിർമ്മാണത്തിലേക്കു കടക്കുകയായിരുന്നു.
ഭോപ്പാലിൽ 1984 ഡിസംബർ 2 ന് 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയും ചെയ്തു. ഫോസ്ജീൻ, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു.
കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിക്കുകയും ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തു. 2 ലക്ഷത്തിൽപ്പരം പേർ നിത്യരോഗികളായി. ഔദ്യോഗിക കണക്കുകൾ പ്രകാരം ചോർച്ചയുണ്ടായ ഉടനെ 2,259 പേർ മരിച്ചു. രണ്ടാഴ്ചക്കകം 8,000ൽ അധികം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു. ഗ്ലോബൽ ടോക്സിക് ഹോട്ട് സ്പോട്ട് എന്നാണ് ഗ്രീൻപീസ് പ്രസ്ഥാനം ഭോപ്പാലിനെ വിളിക്കുന്നത്.
