Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊളിഞ്ഞ വേലി നോക്കി അതിർത്ഥി കടക്കാൻ നദി മുറിച്ച് കടക്കുന്നത് ആയിരങ്ങൾ; അനേകം അഭയാർത്ഥികൾ വെള്ളത്തിൽ ഒലിച്ച് പോകുന്നു; മാസിഡോണിയയിൽ അതിർത്ഥിയിലെ കണ്ണീർക്കഥകൾ തുടരുന്നു

പൊളിഞ്ഞ വേലി നോക്കി അതിർത്ഥി കടക്കാൻ നദി മുറിച്ച് കടക്കുന്നത് ആയിരങ്ങൾ; അനേകം അഭയാർത്ഥികൾ വെള്ളത്തിൽ ഒലിച്ച് പോകുന്നു; മാസിഡോണിയയിൽ അതിർത്ഥിയിലെ കണ്ണീർക്കഥകൾ തുടരുന്നു

ഭ്യന്തര കലാപത്താലും പട്ടിണിയാലും ഏത് നിമിഷവും ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിൽ നിന്നും കരകയറുന്നതിനാണ് സിറിയയിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും മറ്റ് ചില രാജ്യങ്ങളിൽ നിന്നുമുള്ള അഭയാർത്ഥികൾ യൂറോപ്പ് എന്ന സ്വപ്‌നഭൂമിയിലേക്ക് പലായനം ചെയ്ത് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നത്. ഇവിടെയെത്തിപ്പെടാൻ ജീവൻ പണയം വച്ചും ഇവർ ശ്രമിക്കുന്നുണ്ട്. മിക്കവരും തീരെ സുരക്ഷയില്ലാത്ത ചെറുബോട്ടുകളിലാണ് യൂറോപ്പിലെത്താൻ വേണ്ടി മെഡിറ്ററേനിയൻ മുറിച്ച് കടക്കുന്നത്. ഇതിനിടയിൽ ചിലരെല്ലാം മുങ്ങിമരിക്കുന്നുമുണ്ട്.

ഇപ്പോഴിതാ മാസിഡോണിയൻ അതിർത്തിയിൽ ദിവസങ്ങളായി കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് അഭയാർത്ഥികൾ അത്തരമൊരു ജീവന്മരണ പോരാട്ടത്തിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. പൊളിഞ്ഞ വേലി നോക്കി അതിർത്തി കടക്കാൻ ഇവിടെ ഒരു നദി മുറിച്ച് കടക്കുന്നത് ആയിരങ്ങളാണ്. ഇതിനിടയിൽ അനേകം അഭയാർത്ഥികൾ ഒലിച്ച് പോകുന്നുമുണ്ട്. ഇത്തരത്തിൽ മാസിഡോണിയൻ അതിർത്തിയിലെ കണ്ണീർക്കഥകൾ തുടരുകയാണെന്നാണ് റിപ്പോർട്ട്.

ഇത്തരത്തിൽ നദി മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ ഒലിച്ച് പോയി മുങ്ങി മരിച്ച ഒരു ഗർഭിണിയുടേതടക്കമുള്ള മൂന്ന് അഭയാർത്ഥികളുടെ മൃതദേഹങ്ങൾ ഞായറാഴ്ച മാസിഡോണിയൻ അതിർത്തിക്കടുത്ത് കണ്ടെടുത്തിട്ടുണ്ട്. ഇതിന് ശേഷവും 1000ത്തിനടുത്ത് അഭയാർത്ഥികൾ ആറ് കിലോമീറ്ററോളം നടന്ന് നദിക്കടുത്തേക്ക് എത്തിയിരുന്നു. നദിക്കക്കരെ സുരക്ഷാ വേലിയില്ലെന്നും അതിലൂടെ അതിർത്തി എളുപ്പത്തിൽ കടന്ന് യൂറോപ്പിലേക്കുള്ള വഴിതുറക്കാമെന്നുമുള്ള പ്രതീക്ഷയാണ് ഇവരെ കുത്തിയൊഴുകുന്ന നദി മുറിച്ച് കടക്കാൻ പ്രേരിപ്പിക്കുന്നത്. നദിക്ക് കുറുകെ കയറുകൾ കെട്ടിയും കൈകൾ ചേർത്ത് പിടിച്ചും നദി മുറിച്ച് കടക്കുന്നതിന്റെ ഭീതിദമായ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ശക്തമായ ഒഴുക്കിനെ നേരിട്ട് മുന്നോട്ട് പോകാൻ കുട്ടികളും വയോധികരും സ്ത്രീകളും പാടുപെടുന്നുമുണ്ട്. കാലൊന്ന് തെറ്റിയാൽ കടുത്ത അപകടത്തിലേക്ക് നയിക്കുന്ന ശക്തമായ ഒഴുക്കാണ് ഈ നദിയുടെ മിക്ക ഭാഗങ്ങളിലുമുള്ളത്. ദിവസങ്ങളായി ഇവിടെ മഴ പെയ്യുന്നതിനാൽ നദിയിൽ വെള്ളം അപകടകരമാം വിധം കയറിയിട്ടുമുണ്ട്. ഗ്രീക്ക് ഗ്രാമമായ ചാമിലോയ്ക്കടുത്ത് സുരക്ഷാ വേലിയില്ലെന്ന വാർത്ത പരന്നതിനെ തുടർന്നാണ് അഭയാർത്ഥികൾ നദി കടന്ന് അവിടേക്ക് കുതിക്കാൻ ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ മാസിഡോണിയ കടന്ന് വടക്കോട്ട് പോയി ജർമനി പോലുള്ള യൂറോപ്യൻ രാജ്യങ്ങളിലെത്താമെന്നാണ് അഭയാർത്ഥികൾ പ്രതീക്ഷിക്കുന്നത്.

തങ്ങളുടെ രാജ്യത്തിലേക്ക് അഭയാർത്ഥികൾ പ്രവേശിക്കുന്നത് മാസിഡോണിയ കഴിഞ്ഞ ആഴ്ച മുതൽ കർക്കശമായി തടയാൻ തുടങ്ങിയിരുന്നു. ഇതിനെത്തുടർന്ന് വടക്കൻ ഗ്രീക്കിലെ ഗ്രാമമായ ഇഡോമെനിക്കടുത്തുള്ള അഭയാർത്ഥി ക്യാമ്പിൽ കുടുങ്ങിപ്പോയ 14,000ത്തോളം അഭയാർത്ഥികൾ ഇവിടുത്തെ പ്രതികൂല സാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെടാനായി മറ്റ് വഴികൾ തേടാൻ നിർബന്ധിതരായിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് അവരിൽ പെട്ടവർ ഇത്തരത്തിൽ നദി മുറിച്ച് കടക്കൽ പോലുള്ള സാഹസങ്ങളിൽ ഏർപ്പെടുന്നത്. നദിക്കരയിലേക്കെത്താനായി ഈ ക്യാമ്പിൽ നിന്നും പ്രതികൂല സാഹചര്യങ്ങൾ നിറഞ്ഞ പാതയിലൂടെ കിലോമീറ്ററുകളാണ് അഭയാർത്ഥികൾ താണ്ടുന്നത്.

നദി കടക്കുന്നവർ എത്തിച്ചേരുന്നത് വേലികളില്ലാത്ത അതിർത്തിയിലാണ്. അതിലൂടെ മാസിഡോണിയയിലേക്ക് പ്രവേശിക്കുന്ന അവർ യൂറോപ്പിനെ ലക്ഷ്യമാക്കി നടന്ന് നീങ്ങുകയാണ് ചെയ്യുന്നത്. എങ്ങനെയാണ് അതിർത്തി കടക്കേണ്ടെന്ന് വിവരിക്കുന്ന ലഘുലേഖ ഇഡോമെനി ക്യാമ്പിൽ വിതരണം ചെയ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. നദി മുറിച്ച് കടന്നാൽ മാസിഡോണിയൻ അതിർത്തി കടന്ന് ജർമനിയിലെത്താൻ സാധിക്കുമെന്നാണ് ലഘുലേഖയിൽ നിർദേശമുള്ളത്. നദി കടന്നാൽ മാസിഡോണിയയിലൂടെ 500 കിലോമീറ്റർ നടന്നാൽ ജർമനിയിലെത്താമെന്നും ഒരു ജർമൻ രാഷ്ട്രീയനേതാവ് ഒപ്പിട്ട ലഘുലേഖ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഏത് ദിശയിൽ നടന്നാൽ നദിക്കരയിലെത്താമെന്ന് ലഘുലേഖയിൽ വ്യക്തമല്ല. നദിക്കരയിലേക്കുള്ള യാത്രക്കിടെ അഭയാർത്ഥികൾക്ക് പലപ്പോഴും വഴിതെറ്റുകയും അതിനെത്തുടർന്നുള്ള വാഗ്വാദങ്ങൾ അരങ്ങേറുന്നുമുണ്ട്. എന്നാൽ നദി കടന്നാൽ ജർമനിയിലെത്താൻ സാധിക്കില്ലെന്ന അറിയിപ്പ് ലൗഡ് സ്പീക്കറുകളിലൂടെ മുഴക്കി ഗ്രീക്ക് പൊലീസ് അധികം വൈകാതെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ ഗ്രീക്ക് പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെ അഭയാർത്ഥികൾ നദി കടക്കുന്നത് തുടരുകയാണ്.

നദി കടക്കാൻ ശ്രമിക്കുന്നതിനിടെ 19 അഫ്ഗാൻ അഭയാർത്ഥികളെ അടുത്തുള്ള റിസപ്ഷൻ സെന്ററിലെത്തിച്ചിരുന്നു അധികൃതർ. ഇവരിൽ നാല് പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.ബാൽക്കൻ രാജ്യങ്ങൾ യൂറോപ്പിലേക്കുള്ള പ്രധാന പാത അഭയാർത്ഥികൾക്ക് മുന്നിൽ കഴിഞ്ഞയാഴ്ച കൊട്ടിയടച്ചതോടെയാണ് 12,000ത്തിൽ അധികം അഭയാർത്ഥികൾ ഗ്രീക്ക് ഭാഗത്ത് കെട്ടിക്കിടക്കാനിടയായത്. ഇതിനെ തുടർന്നാണ് മറ്റ് അപകടകരമായ വഴികളിലൂടെ ഇവർ അതിർത്തി കടക്കാൻ ശ്രമിക്കാൻ തുടങ്ങിയിരിക്കുന്നതെന്ന് അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP