Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ഞുമലക്കിടയിൽ പൊട്ടുപോലൊരു കൊട്ടാരം; താപനില മൈനസ് 37! ലോകത്തെ ഏറ്റവും തണുത്ത ഹോട്ടലിൽ താമസിക്കാൻ ക്യൂ നീളുന്നു

മഞ്ഞുമലക്കിടയിൽ പൊട്ടുപോലൊരു കൊട്ടാരം; താപനില മൈനസ് 37! ലോകത്തെ ഏറ്റവും തണുത്ത ഹോട്ടലിൽ താമസിക്കാൻ ക്യൂ നീളുന്നു

ലോകത്തെ ഏറ്റവും തണുത്ത ഹോട്ടലിൽ അന്തിയുറങ്ങാൻ ആഗ്രഹമുണ്ടോ? എങ്കിൽ വടക്കൻ സ്വീഡനിലെ ജുക്കാസാർവിയിലേക്ക് പോവുക. തുഷാരസമൃദ്ധമായ ആ മേഖലയിൽ ഒരു ആഢംബര ഹോട്ടൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. മഞ്ഞുമലകൾക്കിടയിൽ തണുത്ത് ചൂളിപ്പിടിച്ചിരിക്കുന്ന പൊട്ടുപോലൊരു കൊട്ടാരമാണിത്. ഇവിടുത്തെ താപനില കേട്ടാൽ ആരുമൊന്നു ഞെട്ടും. വെറും മൈനസ് 37 ഡിഗ്രി സെൽഷ്യസാണിത്. ലോകത്തെ ഏറ്റവും തണുത്ത ഹോട്ടലിൽ താമസിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ ക്യൂ നീളുകയാണെന്നാണ് റിപ്പോർട്ട്. ഡിസംബറിനും ഏപ്രിലിനും ഇടയിലുള്ള കാലത്ത് ഇവിടെ അരലക്ഷത്തോളം സന്ദർശകരാണ് എത്തിച്ചേരുന്നത്. വെറും 55 മുറികൾ മാത്രമുള്ള ഹോട്ടലാണിതെന്നറിയുമ്പോൾ അത്ഭുതം ഇരട്ടിയായെന്നും വരാം.

ഈ ഐസ് ഹോട്ടൽ ഈ വർഷം അതിന്റെ 25ാം പിറന്നാൾ ആഘോഷിക്കുകയാണ്. എല്ലാ മാർച്ചിലും വലിയ ഐസ് ബ്ലോക്കുകൾ ഈ നഗരത്തിൽ വന്നടിയാറുണ്ട്. ഇവിടുത്തെ നദിയിൽ ജലം ഉറച്ച് ഐസിന്റെ രൂപത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന് കാണാം. പിന്നീട് ഏപ്രിലിൽ വെയിൽ ശക്തമാകുമ്പോൾ മാത്രമെ മഞ്ഞ് അൽപമെങ്കിലും ഉരുകി നദിയിൽ ജലമുണ്ടാകുകയുള്ളൂ. ഇരട്ട സ്ലീപ്പിങ് ബാഗുകൾ ഉണ്ടെങ്കിൽ മാത്രമെ ഈ ഹോട്ടലിലെ തണുത്ത മുറികളിൽ കഴിഞ്ഞുകൂടാനാകുകയുള്ളൂ. അതായത് ആർട്ടിക് സ്ലീപ്പിങ് ബാഗ് തന്നെ ഉപയോഗിക്കേണ്ടി വരും. ഇതിന് പുറമെ ഗ്ലൗസുകളും വൂളൻ സോക്ക്‌സുകളും നിർബന്ധമായും അണിഞ്ഞിരിക്കുകയും വേണം. ശരീരത്തിലെ താപം നിലനിർത്താനുതകുന്ന വിധം വസ്ത്രം ധരിച്ച് മാത്രമെ ഈ ഐസ് ഹോട്ടലിൽ കഴിയാനെത്താകൂ എന്ന് ബന്ധപ്പെട്ടവർ സദാ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിനായി മൂന്ന് ലെയറുകളുള്ള വസ്ത്രമാണ് അഭികാമ്യമായിട്ടുള്ളത്.

ഹോട്ടലിൽ രണ്ട് വാം റിസപ്ഷനുകളും ഒരു വാം റസ്റ്റോറന്റുമുണ്ട്. അവിടെ ഉത്തരധ്രുവമേഖലയിൽ കണ്ടു വരുന്ന ഒരു തരം കലമാനിന്റെ മാംസവിഭവങ്ങൾ ലഭിക്കുന്നുണ്ട്. ഇതിന് പുറമെ ഹോട്ട് ചോക്കലേറ്റും ലഭ്യമാണ്. മഞ്ഞും തണുപ്പും പൊതിഞ്ഞ ഹോട്ടലിന്റെ അന്തരീക്ഷത്തെ അതിജീവിക്കാൻ ചൂട് നിലനിർത്തുന്ന ആഹാരപദാർത്ഥങ്ങൾ കഴിച്ചിരിക്കണമെന്നത് നിർബന്ധമാണ്. ഇവിടുത്തെ കോൾഡ് റൂമുകളിൽ ഐസ് ബെഡുകൾ ലഭ്യമാണ്. ഇത്തരം സൂപ്പർ ഡീലക്‌സ് സ്യൂട്ടുകളിൽ വാം സെക്ഷനുമുണ്ട്. ഹോട്ടലിലെ ആർട്ട് സ്യൂട്ടുകളാണ് ആരുടെയും മനം എളുപ്പത്തിൽ കവർന്നെടുക്കുന്നത്. ഇത്തരം ആർട്ട് സ്യൂട്ടുകൾ എന്നും നൂതനമാക്കി നിലനിർത്താനായി ഹോട്ടൽ ഗ്രാഫിക് ഡിസൈനർമാർ, ദാരുശിൽപികൾ, തെരുവ് കലാകാരന്മാർ, ആർക്കിടെക്കുകൾ തുടങ്ങിയവരിൽ നിന്ന് മികച്ച ആശയങ്ങൾ തേടാറുണ്ട്. ഇതിനായി വർഷം തോറും ഒമ്പത് ലക്ഷം പൗണ്ട് ചെലവാക്കുന്നുമുണ്ട്. ഇത്തരം ആശയങ്ങളിൽ നിന്നും മികച്ച 15 ആശയങ്ങൾ ഒരു ജൂറി കണ്ടെത്തുകയാണ് ചെയ്യുന്നത് . തുടർന്ന് അത് ഹോട്ടലിലെ ആർട്ട് സ്യൂട്ടുകൾ ഡിസൈൻ ചെയ്യാൻ ആ ആശയങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യും. 61 കോൾഡ് റൂമുകളുള്ള ഈ ഹോട്ടലിൽ 72 വാം റൂമുകളുമുണ്ട്.

നാർനിയ വനത്തിലൂടെ ഡോഗ് സ്ലെഡിങ്, സ്‌നോബോളിങ് തുടങ്ങിയവ നടത്താനും ഐസ് ഹോട്ടലിലെ താമസക്കാർക്ക് അവസരമൊരുക്കുന്നുണ്ട്. ഈ വനത്തിലെ മരങ്ങൾ മഞ്ഞ് പൊതിഞ്ഞ് നിൽക്കുന്നത് മനോഹരമായൊരു കാഴ്ചയാണ്. മൈനസ് 35 ഡിഗ്രി താപനിലയിൽ ഈ കാട്ടിലൂടെ രാത്രി സഞ്ചരിക്കുന്നത് അവിസ്തമരണീയമായ ഒരു അനുഭവമായി സഞ്ചാരിയുടെ മനസ്സിൽ എന്നെന്നും നിലനിൽക്കും. ഇവിടെ കോൾഡ് റൂമിൽ ഒരു രാത്രി തങ്ങാൻ 420 പൗണ്ടാണ് നൽകേണ്ടത്. എന്നാൽ ആഢംബര റൂമിന് ഒരു രാത്രിക്ക് 680 പൗണ്ടാണ് ചാർജ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP