Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ ആരെന്നു എന്നോട് തന്നെ ചോദിക്കുക?

ഞാൻ ആരെന്നു എന്നോട് തന്നെ ചോദിക്കുക?

പ്രപഞ്ചത്തിലെ സൃഷ്ടവസ്തുക്കൾ മുഴുവൻ സൃഷ്ടിയുടെ നന്മക്കു വേണ്ടിയാണ്. ഒരു ഭൗതീകവസ്തുവും അനാവശ്യമായി ഈ പ്രപഞ്ചത്തിലില്ല. വിവേക പൂർണമായ വിവേചനത്തിലൂടെ സർവ്വതിനെയും ഉൾകൊള്ളാൻ കഴിയണം. ഒരേസമയം നാം ഈ പ്രപഞ്ചത്തിലാണ്. അതായത് പ്രാപഞ്ചികമായ ജീവിതത്തിന്റെ പ്രതിസന്ധികളെ നേരിട്ടും വിജയിച്ചും വരിക. അതേസമയം നാം ഈ പ്രപഞ്ചത്തിന്റെ മായികഭാവങ്ങളിൽ നിന്നെല്ലാം വേറിട്ട് ഈശ്വരങ്കൽ ജീവിക്കുക. ഇത് രണ്ടും നേർരേഖയിൽ ഒരുമിപ്പിക്കുന്നവനാണ് പൂർണത കൈവരിക്കുന്നത്. സൃഷ്ടിയുടെ ആദിയിൽ ഈ പ്രപഞ്ചത്തെ സംബന്ധിച്ച സർവ്വ അറിവും ഉൾക്കൊള്ളുന്ന ഒരു അറിവ് നമുക്ക് ഈശ്വരൻ കനിഞ്ഞുനൽകി. ആ അറിവിനെയാണ് വേദം എന്നു പറയുന്നത്. 'വേദം' എന്ന വാക്കിന്റെ അർത്ഥം തന്നെ അറിവ് എന്നാണ്. ലോകത്തിലെ എല്ലാ അറിവുകളും അതതു വസ്തുക്കളിൽ തന്നെ നിറഞ്ഞുനിൽക്കുന്നു. എല്ലാ അറിവും പൂർണമല്ല. ആർക്കും ഈ പൂർണത അവകാശപ്പെടുവാൻ സാധിക്കില്ല.

ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യം എന്നാൽ പലരുടേയും ധാരണ ലൈംഗിക ബന്ധത്തിൽ നിന്ന് ഒഴിഞ്ഞു നില്ക്കുക എന്നതാണ്. അതും ലൈംഗികതയും തമ്മിൽ യാതൊരു ബന്ധവുമില്ല. ബ്രഹ്മത്തിനുവേണ്ടി ചെയ്യുന്ന ചര്യയാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ സ്ത്രീവിരുദ്ധസമീപനമാണെന്നു ചിലർ തെറ്റിദ്ധരിച്ചു. സ്വന്തം ഭാവം എന്താണോ അതിൽ പൂർണത തേടുക എന്നതാണ് ബ്രഹ്മചര്യം. ജീവിതം സമ്പന്നമായാലെ ആത്മാവും സമ്പന്നമാകൂ. ശരീരവും ആത്മാവും ഒരുപോലെ ആനന്ദമനുഭവിക്കുവാൻ പരിശീലിക്കണം. ശരീരത്തിന് വേണ്ടി മനസിനെയോ മനസിന് വേണ്ടി ശരീരത്തെയോ തള്ളികളയുവാൻ ശ്രമിക്കരുത്.

എന്താണ് സ്വന്തം ഭാവം?

കപടത ഇല്ലാത്ത, മുഖംമൂടി അണിയാത്ത, അഭിനയമില്ലാത്ത ഭാവം. അനുകരണം ഇന്ന് എല്ലായിടത്തും കീഴടക്കിയിരിക്കുന്നു. മറ്റുള്ളവരെ അനുകരിക്കാനാണ് മിക്കവരുടെയും ശ്രമം. നിങ്ങൾ ചെയ്യുന്നത് പലതും മറ്റുള്ളവർ ചെയ്യുന്നത് അതേപടി പകർത്തുകയാണ്. തന്നിൽ ഇല്ലാത്ത ഭാവങ്ങൾ ഉണ്ടെന്നു വരുത്തുവാനുള്ള ബോധപൂർവമായ ശ്രമം. മനസ് സൂക്ഷിക്കുന്ന സ്വകാര്യ ഭാവമാണ് കപടത. ഉള്ളത് പ്രകടിപ്പിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഇല്ലാത്തത് ഉണ്ടെന്നു ഭാവിക്കുന്നു. ഈ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങൾക്കും തനതായ രൂപവും ഭാവവും ഉണ്ട്. അതില്ലെങ്കിൽ ലോകം അപൂർണമായിരിക്കും. മനുഷ്യനും തനതായ സ്ഥാനവും ഭാവവും ഉണ്ട്. സ്വന്തം ഭാവം എന്താണെന്നു അറിയുവാൻ നാം ശ്രമിക്കാറില്ല.

ആരാണ് യഥാർത്ഥ സന്യാസി ?

ഒന്നിനോടും ആസക്തി ഇല്ലാത്തവനാണ് യഥാർത്ഥ സന്യാസി. സന്യാസിയിൽ ആസക്തി ഉണ്ടാവില്ല. യഥാർത്ഥ സന്യാസത്തിന്റെ പ്രകടഭാവം അനാസക്തിയാണ്. ഒട്ടലും, ഒട്ടലില്ലായ്മയും ചേർന്നതാണ് അനാസക്തി. രണ്ടും ത്യജിച്ചവൻ എന്നാണർത്ഥം. ഉദാഹരണത്തിനു ചിലർ സ്ത്രീകളെ നോക്കാതിരിക്കും. അവർ വരുന്ന സ്ഥലത്തേക്ക് വരാതിരിക്കും. അവരുടെ ചിത്രങ്ങൾ കാണാതിരിക്കും. സ്ത്രീശബ്ദം കേൾക്കാതിരിക്കും. ഇതെല്ലാം കണ്ടാൽ തോന്നും ഇവർ വീതരാഗരാകാത്തതിനു കാരണം സ്ത്രീകളാണെന്ന്. വാസ്തവത്തിൽ ഇത് അനാസക്തിയാണെന്നു പറയുവാൻ സാധിക്കില്ല. ഇതും ഒരു തരത്തിലുള്ള ആസക്തിയാണ്. തന്റെ ഉള്ളിലുള്ള ആസക്തി നിയന്ത്രിക്കാൻ കഴിയാത്തതിലുള്ള വിഷമമാണ് പുറമേ കാണിക്കുന്ന ഈ കാട്ടിക്കൂട്ടൽ. അതുമല്ലെങ്കിൽ സ്ത്രീകളോടുള്ള വിരോധമായി വേണം ഗണിക്കാൻ. ഈ പ്രപഞ്ചത്തെ നിലനിർത്തുന്നത് സ്ത്രീകളും കൂടിച്ചേർന്നാണ് എന്നത് ഇക്കൂട്ടർ വിസ്മരിക്കുന്നു. ഓരോരുത്തരും ജന്മമെടുക്കുന്നതും വളരുന്നതും സ്ത്രീകളിൽ നിന്നു തന്നെയാണ്. ചില നവീനവേദാന്തികൾ സ്ത്രീകളെ പാപത്തിന്റെ കവാടമായി ചിത്രീകരിക്കുന്നു.

ജീവിത തനിമ

ആന്തരികതയുടേയും ബാഹ്യതയുടേയും സമഞ്ജസഭാവമാണ് ജീവിതം. നിങ്ങൾ നിങ്ങളുടെ തനിമയിൽ ജീവിക്കണം. നിങ്ങൾ മാറി എന്ന് പ്രകടിപ്പിക്കുവാൻ ശ്രമിക്കുന്നത് ആത്മവഞ്ചനയാണ്. മനുഷ്യന് ലഭ്യമായ പ്രബുദ്ധത എന്തെന്ന് കണ്ടെത്തി ജീവിച്ചാൽ അതാണ് യഥാർത്ഥ സന്യാസം. ആവശ്യമായവ ദൈവം തന്നുകൊള്ളും എന്ന പരിപൂർണ വിശ്വാസത്തോടെ ദൈവത്തോട് പോലും ഒന്നും ആവശ്യപ്പെടാത്തവനാകണം സന്യാസി. ചിലർ എല്ലാം ഉപേക്ഷിച്ച സന്യാസി ആണെന്ന് പറയുകയും, എല്ലാം ചോദിച്ചും ആവശ്യപ്പെട്ടും കൊണ്ടിരിക്കുന്നു. ഇനി ഞാൻ ആരെന്നു എന്നോട് തന്നെ ചോദിക്കുക. ബുദ്ധികൊണ്ടും ആത്മജ്ഞാനം കൊണ്ടും ജീവിതം അനുഭവിക്കുന്നവരാണ് സന്യാസത്തിൽ പൂർണത പ്രാപിച്ചവർ. നിങ്ങളിലുള്ള പ്രകൃതിനിയമങ്ങളെ അടിച്ചമർത്തുവാൻ ശ്രമിക്കരുത്. വികാരമുള്ളവൻ അത് പ്രകടിപ്പിക്കും. അടിച്ചമർത്തുന്നത് പിന്നീട് പാപത്തിനും, രോഗത്തിനും കാരണമാകും

സജീവവസ്തുക്കളിലെ തീവ്രമായ ആഗ്രഹമാണ് തൃഷ്ണ അഥവാ ദാഹം. ജീവനുള്ള എന്തിലും ഈ ദാഹം പ്രകടമാണ്. വിഷയസുഖങ്ങളിലുള്ള എല്ലാത്തരം ആസക്തിയെയും തൃഷ്ണ എന്നു പറയുന്നു. തൃഷ്ണയെ കെടുത്താൻ ശ്രമിച്ചാൽ അത് ശാരീരികമാനസിക പ്രതികരണങ്ങളുണ്ടാക്കും. ശരീരത്തെയും മനസ്സിനെയും ഒരുപോലെ അത്യാസക്തി കഷ്ടപ്പെടുത്തും. ഭൗതീക സുഖങ്ങൾ ത്യജിക്കുകയല്ല മറിച്ച് തന്നിലെ സ്വാർത്ഥതയെയും, അഹന്തയും, ഞാനെന്ന ഭാവത്തെയും ത്യജിക്കാൻ സാധിക്കണം. ജീവിത അനുഭവങ്ങൾ നിഷേധിക്കാതെ ഉൾക്കൊണ്ട് ജീവിക്കുന്നവനാണ് യഥാർത്ഥ സന്യാസി.

അനാസക്തി

ഇതേപോലെയാണ് ചിലർക്ക് പണത്തിനോടും, ആഡംബരവസ്തുക്കളോടുമുള്ള സമീപനം. താനൊരിക്കലും പണം കൈ കൊണ്ടു തൊടില്ലെന്ന് ചിലർ സ്വയം പ്രഖ്യാപിക്കും. പണം ആരെയെങ്കിലും ദ്രോഹിച്ചതായി അറിവില്ല. പണത്തിനോടും ആഡംബരവസ്തുക്കളോടുമുള്ള വെറുപ്പിനെ നമുക്ക് അനാസക്തി എന്നു പറയാനാവില്ല. സ്ത്രീയോടും, പണത്തിനോടും ആഡംബരവസ്തുക്കളോടുമുള്ള നമ്മുടെ ഭാവമെന്താണ്? ചിലർക്ക് സ്ത്രീയില്ലാതെ ഒരു ദിവസം പോലും പൂർത്തീകരിക്കാൻ കഴിയില്ല. ചിലരാകട്ടെ സ്ത്രീകളെ കാണുന്നതുതന്നെ വെറുക്കുന്നു. ഇവ രണ്ടും ഒട്ടലാണ്. ഒന്ന് സ്ത്രീയോടുള്ള ഒട്ടൽ. മറ്റൊന്ന് സ്ത്രീവിരോധത്തോടുള്ള ഒട്ടൽ. ആദ്യത്തെ ഒട്ടൽ തിരിച്ചറിയാൻ കഴിയും. എന്നാൽ രണ്ടാമത്തേത് ഒരിക്കലും തിരിച്ചറിയാനാകില്ല.

യഥാർത്ഥ ആത്മീയത

ലൗകീക ഭൗതീകലൈംഗീക ചിന്തകളില്ലാത്തതാണ് യഥാർത്ഥ ആത്മീയത എന്ന് ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇവക്കിടയിലൂടെയുള്ള ബാലൻസ് ചെയ്യലാണ് ആത്മീയത എന്ന അറിവ് ഉണ്ടാകണം. മനുഷ്യനിലെ സിദ്ധമായ എല്ലാ വസനകളെയും, കഴിവുകളേയും, അഭിരുചികളെയും സിദ്ധികളെയും സമന്വയിപ്പിച്ചു ജീവിക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നത്.

ജീവിതം ഒന്നേ ഉള്ളു. അത് ജീവിക്കുവാനുള്ളതാണ്. ജീവിതത്തോടു ആഴമായ പ്രേമമുണ്ടാകണം ദൈവത്തിന്റെ വരദാനമാണ് ജീവിതം. സുഖവും, ദുഖവും എല്ലാം ചേർന്നത്. അതിൽ ആത്മവിശ്വാസം നേടിയെടുക്കുവാൻ കഴിയുന്നവൻ വിജയിക്കും. ഐശ്വര്യത്തേയും സമൃദ്ധിയേയും ആസ്വദിക്കുകയും, അനുഭവിക്കുകയും വേണം. ജീവിതത്തിൽ നിന്നുള്ള പലായനം രക്ഷ നേടുവാനുള്ള മാർഗമല്ല. അതോടൊപ്പം തികഞ്ഞ ആധ്യാത്മികനായി ഇരിക്കുകയും വേണം. ഒരേസമയം ആധുനികനായിരിക്കുക. ഒപ്പം ഉള്ളിൽ നല്ലൊരു ഋഷിയുമായിരിക്കുക.

ഒരു ചെടിയുടെ വിത്ത് അതിന്റെ പുഷ്പങ്ങളെ വിരിയിക്കുന്നു. താൻ ഏതു ചെടിയാണ് എന്ന് പ്രപഞ്ചത്തിനു കാട്ടികൊടുക്കുക എന്നതാണ് വിത്തിന്റെ ജീവിത ലക്ഷ്യം. ഫലം കൊണ്ട് വൃക്ഷം തിരിച്ചറിയും. നിലവിലുള്ളവയെ തകിടം മറിച്ചാലേ പുണ്യ പൂർണതലഭിക്കൂ എന്ന് ചിന്തിക്കുന്നത് അപകടകരമായ ഒരവസ്ഥയാണ്. ശതകോടി മനുജർ ഈ പ്രപഞ്ചത്തിൽ ജീവിച്ചു കടന്നുപോയി. അവരിലോരാളാകുവാൻ ശ്രമിക്കരുത്. നിങ്ങളുടെ അസ്ഥിത്വത്തോട് നീതി പുലർത്തണം. നിങ്ങളുടെ ജീവിതത്തിന്റെ കയ്യൊപ്പ് ഈ പ്രപഞ്ചത്തിൽ എക്കാലവും നിലനില്ക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP