Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനസ്സു പറയുന്നത്- കർഷകരോട് നരേന്ദ്ര മോദിക്കു പറയാനുള്ളത്‌

മനസ്സു പറയുന്നത്- കർഷകരോട് നരേന്ദ്ര മോദിക്കു പറയാനുള്ളത്‌

പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 22ന് ആകാശവാണിയിലെ 'മൻ കി ബാത്ത്' പരിപാടിയിൽ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ.

ന്റെ പ്രിയപ്പെട്ട കർഷകമിത്രങ്ങളായ സഹോദരീ സഹോദരന്മാരെ, എല്ലാവർക്കും എന്റെ നമസ്‌ക്കാരം,.
ഇന്ന് എനിക്ക് നമ്മുടെ രാജ്യത്തിന്റെ വിദൂരഗ്രാമങ്ങളിൽ താമസിക്കുന്ന എന്റെ പ്രിയപ്പെട്ട കൃഷിക്കാരായ സഹോദരീസഹോദരന്മാരോട് സംസാരിക്കാനുള്ള അവസരം കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണ്. ഞാൻ കൃഷിക്കാരോട് സംസാരിക്കുമ്പോൾ ഒരുവിധത്തിൽ പറഞ്ഞാൽ ഗ്രാമങ്ങളോടാണ് സംസാരിക്കുന്നത്. ഗ്രാമീണരെയാണ് അഭിസംബോധന ചെയ്യുന്നത്. പാടങ്ങളിൽ പണിയെടുക്കുന്ന കൃഷിക്കാരോട്, ആ പാടങ്ങളിൽ ജോലി ചെയ്യുന്ന അമ്മമാരോട്, സഹോദരിമാരോട് സംസാരിക്കുകയാണ്. ഇതുവരെ എന്റെ മനസ്സിൽ എന്തെല്ലാം കാര്യങ്ങൾ ഉണ്ടായിരുന്നോ അതിൽ നിന്നെല്ലാം വ്യത്യസ്തമായ അനുഭവമാണ് ഇപ്പോഴുള്ളത്. ഞാൻ കൃഷിക്കാരോട് മനസ്സിലുള്ള കാര്യങ്ങൾ തുറന്നു പറയാൻ ആഗ്രഹിച്ചപ്പോൾ അകലങ്ങളിലെ ഗ്രാമങ്ങളിൽ പാർക്കുന്ന ആളുകൾ എന്നോട് ഇത്രയധികം ചോദ്യങ്ങൾ ചോദിക്കുമെന്ന് ഒരിക്കലും വിചാരിച്ചതേയില്ല. ഇത്രയേറെ അറിവുകൾ തരുമെന്നും ഞാൻ കരുതിയില്ല. കെട്ടുകണക്കിന് വന്ന നിങ്ങളുടെ കത്തുകളും അസംഖ്യം ചോദ്യങ്ങളും കണ്ടിട്ട് എനിക്ക് എന്തെന്നില്ലാത്ത ആശ്ചര്യം തോന്നി. നിങ്ങൾ എത്രമാത്രം ജാഗരൂകരാണ്. എത്രമാത്രം പരിശ്രമശാലികളാണ്. ഒരുപക്ഷേ, നിങ്ങൾ വിചാരിക്കുന്നുണ്ടാവും നിങ്ങൾ പറയുന്നത് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന്. ആദ്യംതന്നെ നിങ്ങൾക്ക് നമസ്‌ക്കാരം പറയട്ടെ. നിങ്ങളുടെ കത്തുകൾ വായിച്ചിട്ട് അതിലൊളിഞ്ഞിരിക്കുന്ന വേദനയനുഭവിച്ചിട്ട് പ്രയാസങ്ങൾ ഊഹിച്ചിട്ട്, സഹിക്കുന്ന ബുദ്ധിമുട്ടുകളെ ഓർത്തിട്ട്, നിങ്ങൾ എന്തെല്ലാം അനുഭവിക്കുന്നുണ്ടെന്ന് എനിക്കറിയില്ല. വാസ്തവത്തിൽ നിങ്ങൾ എന്നെ അമ്പരപ്പിച്ചിരിക്കുന്നു. എന്റെ ഈ മൻ കി ബാത്, മനസ്സിലുള്ള കാര്യങ്ങൾ പറയുന്ന ഈ പരിപാടി എന്റെയൊരു പരിശീലനത്തിന്റെ പഠനക്കളരിയാണ് ഒരുക്കുന്നത്.

എന്റെ പ്രിയപ്പെട്ട കൃഷിക്കാരായ സഹോദരീസഹോദരന്മാരേ, ഞാൻ നിങ്ങൾക്ക് ഉറപ്പുതരുന്നു നിങ്ങൾ എന്തെല്ലാം കാര്യങ്ങൾ പറഞ്ഞോ, എന്തെല്ലാം ചോദ്യങ്ങൾ ചോദിച്ചോ, എത്രമാത്രം വിഭിന്നങ്ങളായ വിഷയങ്ങളെക്കുറിച്ച് എന്നോട് സംസാരിച്ചോ ഞാൻ ഇതെല്ലാം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. എന്റെ വികാരങ്ങളും വിചാരങ്ങളും അവിടെ അറിയിക്കും. എന്റെ ഗ്രാമത്തിലെ എന്റെ കൃഷിക്കാരായ സഹോദരങ്ങളെ, ഇത്തരത്തിലുള്ള ഒരു ചുറ്റുപാടിൽ താമസിക്കുവാൻ നിങ്ങളെ നിർബന്ധിക്കാൻ എനിക്കാവില്ല. കൃഷിക്കാർ കൃഷിയെ സംബന്ധിച്ചുള്ള കാര്യങ്ങൾ എഴുതിയതിൽ ഞാൻ ആശ്ചര്യപ്പെടുന്നു. അതുകൂടാതെ, മറ്റു ചില വിഷയങ്ങളെക്കുറിച്ചും എഴുതിയിട്ടുണ്ട്. ഗ്രാമത്തിലെ ജനങ്ങളെ ചൂഷണം ചെയ്യുന്നവരിൽനിന്നും നിങ്ങൾ എത്രമാത്രം വിഷമതകൾ അനുഭവിക്കുന്നു. മാഫിയാസംഘങ്ങളിൽനിന്നും എന്തുമാത്രം ക്ലേശങ്ങളാണ് നിങ്ങൾക്ക് ഉണ്ടാകുന്നത്. അതിനെക്കുറിച്ചെല്ലാം ചർച്ച ചെയ്തിട്ടുണ്ട്. പ്രകൃതി ഒരുക്കുന്ന വിഷമതകൾ പോകട്ടെ, അടുത്തുള്ള വലുതും ചെറുതുമായ വ്യാപാരികളിൽനിന്ന് നേരിടേണ്ടിവരുന്ന വിഷമങ്ങൾ നിരവധിയാണ്. ഗ്രാമീണർക്ക് മലിനജലം കുടിക്കേണ്ടിവരുന്നു. അതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഇവരിൽ ചില ഗ്രാമീണർ തങ്ങളുടെ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്ന കാര്യത്തിലും ആശങ്കാകുലരാണ്. ചിലർ പറഞ്ഞതാകട്ടെ, മൃഗങ്ങൾ ചത്തുപോയാൽ മറവുചെയ്യാനുള്ള സൗകര്യങ്ങൾപോലുമില്ലെന്നാണ്. അക്കാരണങ്ങൾകൊണ്ട് രോഗം പടർന്നു പിടിക്കുന്നു. ഒരുതരത്തിൽ പറഞ്ഞാൽ ഒരു ഉദാസീന ഭാവം. ഇന്നത്തെ ഈ 'മൻ കി ബാത്', ഭരണത്തിൽ ഇരിക്കുന്നവരോടുള്ള ശക്തമായ താക്കീതാണ്. ഇത്തരം കൊച്ചുകൊച്ചുകാര്യങ്ങൾകൂടി ശ്രദ്ധിക്കുമ്പോഴാണ് നമ്മൾക്ക് ഭരിക്കാനുള്ള യഥാർത്ഥ അവകാശം ലഭിക്കുന്നത്. ഇതെല്ലാം വായിക്കുമ്പോൾ ചിലപ്പോഴൊക്കെ എനിക്ക് ലജ്ജതോന്നി, നമ്മൾ ഇവർക്കുവേണ്ടി എന്താണ് ചെയ്തതെന്നോർത്ത്.
എനിക്ക് അതിനൊരു ഉത്തരം ഇല്ല. എന്റെ മനസ്സിൽ നിങ്ങൾ പറഞ്ഞതെല്ലാം സ്പർശിച്ചുവെന്നത് ശരിയാണ്. ഞാനൊരു മാറ്റത്തിന് വേണ്ടി ആധികാരികമായി പ്രവർത്തിക്കുകയും അതിന്റെ എല്ലാവശങ്ങളെയുംകുറിച്ച് സർക്കാരിന് ബോധ്യപ്പെടുത്തുകയും ചെയ്യും. അതായിരിക്കും എന്റെ ശ്രമം. കഴിഞ്ഞ വർഷം മഴ വളരെ കുറഞ്ഞതു കാരണം നിങ്ങൾക്ക് വളരെയേറെ വിഷമം ഉണ്ടായി എന്ന് ഞാൻ മനസ്സിലാക്കുന്നു. ഇപ്രാവശ്യമാകട്ടെ കാലം തെറ്റിയുള്ള മഴയും മഞ്ഞുവീഴ്ചയും. ഒരുവിധത്തിൽ പറഞ്ഞാൽ മഹാരാഷ്ട്രയ്ക്കു വടക്കുള്ള എല്ലാ സംസ്ഥാനങ്ങളിലും ഇതേ അവസ്ഥയായിരുന്നു. ഓരോ സ്ഥലത്തുള്ള കൃഷിക്കാരും ഏറെ വിഷമതകൾ അനുഭവിച്ചു. ചെറുകിട കൃഷിക്കാർ എത്ര യത്‌നിച്ചിട്ടും വർഷം മുഴുവനും കൃഷിക്കായി ജീവിതം അർപ്പിച്ചിട്ടും അവരുടെ സർവ്വസ്വവും നഷ്ടപ്പെട്ടു. ഈ വിഷമകരമായ അവസ്ഥയിൽ ഞാൻ നിങ്ങളോടൊപ്പം ഉണ്ട്. സർക്കാരിന്റെ എല്ലാ ഘടകങ്ങളും സംസ്ഥാനങ്ങളുമായി സമ്പർക്കം പുലർത്തി സ്ഥിതിവിശേഷങ്ങൾ സൂക്ഷ്മമായി പഠിച്ചുകൊണ്ടിരിക്കുകയാണ്. മന്ത്രിമാരും ഇതിനെക്കുറിച്ച് മനസ്സിലാക്കുന്നുണ്ട്.

ഓരോ സംസ്ഥാനത്തിന്റെയും സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രഗവൺമെന്റും സംസ്ഥാനഗവൺമെന്റുകളും ഒരുമിച്ചു ചേർന്ന് ഈ വിഷമാവസ്ഥയിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ കൃഷിക്കാരായ സഹോദരീസഹോദരന്മാരെയും എത്രമാത്രം സഹായിക്കാൻ കഴിയുമോ അത്രമാത്രം സഹായിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ സർക്കാർ വളരെ അനുകമ്പയോടെ ഈ വിഷമാവസ്ഥയിൽ നിങ്ങളെ പൂർണ്ണമായി സഹായിക്കുമെന്ന് ഞാൻ ഉറപ്പുതരുന്നു. കഴിവിന്റെ പരമാവധി സഹായിക്കാനുള്ള ശ്രമമാണ് ഞങ്ങൾ ചെയ്യുന്നത്. ഗ്രാമീണരും കൃഷിക്കാരും പല കാര്യങ്ങളും പല ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതിൽ ജലസേചനത്തെക്കുറിച്ചാണ് മുഖ്യമായും പറഞ്ഞിട്ടുള്ളത്. ഗ്രാമത്തിൽ വേണ്ടത്ര റോഡുകൾ ഇല്ല. അതിൽ അവർക്ക് വലിയ അമർഷമുണ്ട്. വളത്തിന് വില കൂടുന്നു-ആ കാര്യംകൊണ്ടും കൃഷിക്കാർ വളരെ നിരാശരാണ്. ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നില്ല. ഇതും കൃഷിക്കാരെ വിഷമിപ്പിക്കുന്നു. കുഞ്ഞുങ്ങളെ പഠിപ്പിക്കാനും ഭാവിയിൽ നല്ല നിലയിൽ ജോലി കിട്ടാനും, അതും അവരുടെ വലിയ ആഗ്രഹമാണ്. അവർക്ക് പരാതികളുമുണ്ട്. ഗ്രാമത്തിലെ അമ്മമാരും സഹോദരിമാരും ലഹരിക്കടിമയാവുകയാണ്. അതിൽ അവർ തങ്ങളുടെ രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ചില സഹോദരിമാർ തങ്ങളുടെ ഭർത്താക്കന്മാർ പുകയില ഉപയോഗിക്കുന്നതിലുള്ള അമർഷം വ്യക്തമാക്കിക്കൊണ്ട് എനിക്ക് കത്തുകൾ അയച്ചുകാണുന്നു. നിങ്ങളുടെ ദുഃഖം എനിക്ക് മനസ്സിലാക്കാൻ കഴിയും. സർക്കാരുകളുടെ പദ്ധതികൾ വളരെയേറെ കേട്ടിട്ടുണ്ട്. എന്നാൽ അവയൊന്നും ഞങ്ങളിൽ എത്തിച്ചേരുന്നില്ലെന്ന് കൃഷിക്കാർ പറയുന്നു.

ഞങ്ങൾ എത്രമാത്രം പരിശ്രമിക്കുന്നു. ജനങ്ങൾക്ക് ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ നൽകുന്നു. എന്നാൽ ഞങ്ങളുടെ പോക്കറ്റിൽ മിച്ചമൊന്നുമില്ല. ഞങ്ങൾക്ക് ആവശ്യമുള്ള പണം ലഭിക്കുന്നില്ല. ഉല്പന്നങ്ങൾ വിൽക്കാൻ ചെല്ലുമ്പോൾ വാങ്ങാൻ ആളില്ല. വില കുറച്ചു വിൽക്കേണ്ടിവരുന്നു. വിളവു കൂടിയാലും വിഷമം, വിളവ് കുറഞ്ഞാലും വിഷമം. അങ്ങിനെ കൃഷിക്കാർ അവരുടെ മനസ്സിലുള്ള സങ്കടങ്ങൾ എന്റെ മുന്നിൽ അവതരിപ്പിച്ചു. ഞാൻ സംസ്ഥാന ഗവൺമെന്റുകളോടും ഭാരതസർക്കാരിന്റെ എല്ലാ വിഭാഗങ്ങളോടും കൂടുതൽ ജാഗ്രത പുലർത്താൻ ആവശ്യപ്പെടുമെന്ന് എന്റെ കൃഷിക്കാരായ സഹോദരീസഹോദരന്മാർക്ക് ഉറപ്പ് തരുന്നു. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം വളരെവേഗം നൽകാൻ ഞാൻ അവരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. നിങ്ങളുടെ ധൈര്യം ചോർന്നു പോകുന്നതായി എനിക്ക് തോന്നുന്നു. അത് സ്വാഭാവികമാണ്. 60 വർഷക്കാലം നിങ്ങൾ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ ആധികാരികമായി ഇതിനുവേണ്ടി പ്രയത്‌നിക്കുന്നു. കൃഷിക്കാരായ ബഹുമാന്യസഹോദരങ്ങളേ, നിങ്ങളുടെ അനേകം ചോദ്യങ്ങളിൽനിന്നും ഞാൻ മനസ്സിലാക്കിയത് മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഭൂമി ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ബില്ലിന്മേൽ ചർച്ച നടക്കുകയാണ്. അതിന്റെ സ്വാധീനം കാണാനുമുണ്ട്. ഇതേക്കുറിച്ച് തെറ്റിദ്ധാരണകൾ പരക്കുന്നത് കണ്ട് എനിക്ക് ആശ്ചര്യം തോന്നി. നിങ്ങൾ കൊച്ചുകൊച്ചു ചോദ്യങ്ങൾ എന്നോട് ചോദിച്ചത് നന്നായി. സത്യാവസ്ഥ ബോധ്യപ്പെടുത്തുവാൻ ഞാൻ ശ്രമിക്കാം.

ഭൂമി ഏറ്റെടുക്കൽ നിയമം 120 വർഷം മുമ്പേ ഉണ്ടായിരുന്നു. സ്വാതന്ത്ര്യം കിട്ടിയതിനുശേഷവും അറുപതു അറുപത്തഞ്ച് വർഷക്കാലം അതേ നിയമം നിലനിന്നു. ഇന്ന് കൃഷിക്കാരുടെ വേദനയിൽ പങ്കുചേർന്ന് വിപ്ലവം നടത്തുന്നവരും ഇതേ നിയമത്തിൽ നിന്നുകൊണ്ടാണ് ദേശത്തെ നയിച്ചതും രാജ്യം ഭരിച്ചതും. കൃഷിക്കാർക്ക് എന്താണോ വേണ്ടിയിരുന്നത് അത് നടന്നു. നിയമത്തിൽ മാറ്റം വരണമെന്ന് എല്ലാവരും ആഗ്രഹിച്ചു. നമ്മളും ആഗ്രഹിച്ചിരുന്നു. നമ്മൾ പ്രതിപക്ഷത്തായിരുന്നു. 2013-ൽ വളരെ പെട്ടെന്ന് ഒരു പുതുനിയമം കൊണ്ടുവന്നു. നമ്മളും ആ സമയത്ത് തോളോടുതോൾ ചേർന്ന് കൂടെക്കൂടി. കൃഷിക്കാർക്ക് നന്മ വരുന്ന കാര്യത്തിൽ ആരാണ് ഒത്തൊരുമിക്കാത്തത്. നമ്മളും സഹകരിച്ചു. നിയമങ്ങൾ നടപ്പിൽ വന്നപ്പോൾ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഒരുപക്ഷേ, ഇത് കൃഷിക്കാരെ വഞ്ചിക്കുകയാണെന്ന് തോന്നി. ഞങ്ങൾക്ക് കൃഷിക്കാരെ വഞ്ചിക്കാനുള്ള അധികാരമില്ല. നമ്മുടെ സർക്കാർ ഉണ്ടായപ്പോൾ സംസ്ഥാനങ്ങളിൽനിന്നും വളരെ വലിയ ഒച്ചപ്പാടുകൾ ഉണ്ടായി. ഈ നിയമം മാറ്റേണ്ടതാണ്. നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തണം. നിയമങ്ങളിൽ ഉള്ള കുറവുകൾ പരിഹരിക്കണം.

വർഷം ഒന്നു കഴിഞ്ഞു. ഒരു സംസ്ഥാനവും ഈ നിയമം നടപ്പിൽ വരുത്താൻ തയ്യാറായില്ല. നടപ്പിൽ വരുത്തിയവർ, അവർ എന്തു ചെയ്തു? മഹാരാഷ്ട്ര സർക്കാർ നടപ്പിൽവരുത്തി. ഹരിയാനാ സർക്കാരും നടപ്പിൽ വരുത്തി. അവിടങ്ങളിൽ കോൺഗ്രസ്സ് സർക്കാരുകളാണ് ഉണ്ടായിരുന്നത്. കൃഷിക്കാരുടെ നന്മയെ ആഗ്രഹിക്കുന്നവരാണെന്ന് അവർ വാദിച്ചു. ഈ നിയമത്തിൽ എന്തു നഷ്ടപരിഹാരമാണോ നിശ്ചയിച്ചിരുന്നത് അതിനെ അവർ പകുതിയാക്കി. ഇതാണോ കൃഷിക്കാരോട് കാണിച്ച ന്യായം. ഇതെല്ലാം കണ്ടിട്ട് ഇതിനെക്കുറിച്ച് ഒരു പുനർവിചാരം അത്യാവശ്യമാണെന്ന് ഞങ്ങൾക്ക് തോന്നി. വളരെ വേഗത്തിലുള്ള നടപടികൾകൊണ്ട് ഇതിൽ കുറെ പാകപ്പിഴകൾ വന്നുചേർന്നു. പക്ഷേ, ഉദ്ദേശ്യം തെറ്റല്ല. എന്നാൽ ചില കുറവുകൾ ഉണ്ട്. അപ്പോൾ അതിനെ ശരിയാക്കേണ്ടതായിട്ടുണ്ട്. മുൻസർക്കാർ എന്താണ് ആഗ്രഹിച്ചത്, എന്താണ് ആഗ്രഹിക്കാതിരുന്നത് അതിനെക്കുറിച്ച് ഒരാരോപണവും ഞങ്ങൾക്കില്ല. കൃഷിക്കാർക്ക് നന്മ ഉണ്ടാവണം. അതാണ് ഞങ്ങളുടെ ആഗ്രഹം. കൃഷിക്കാരുടെ കുട്ടികൾക്കും നന്മ വരണം. ഗ്രാമീണർക്കും നന്മ വരണം. അതിനുവേണ്ടി നിയമങ്ങളിൽ എന്തെങ്കിലും പിഴവുണ്ടെങ്കിൽ അത് പരിഹരിക്കണം. ഞങ്ങളുടെ അടിസ്ഥാനപരമായ ശ്രമം കുറവുകളെ പരിഹരിക്കുകയെന്നുള്ളതാണ്.

ഏറ്റവും വലിയ ഒരു കുറവ് ഞാൻ പറയട്ടെ, അതു കേൾക്കുമ്പോൾ നിങ്ങൾക്കും ആശ്ചര്യം തോന്നും. കൃഷിക്കാരുടെ ഉന്നമനത്തിനുവേണ്ടി പ്രസംഗിക്കുന്നവരാരുംതന്നെ ഒരുത്തരം തരുന്നില്ല. ഭാരതത്തിൽ വെവ്വേറെയായി 13 നിയമങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭൂമി ഏറ്റെടുക്കൽ നിയമമാണ്. ഉദാഹരണത്തിന് റെയിൽവേ, നാഷണൽ ഹൈവേ, ഖനികൾ തുടങ്ങി 13 കാര്യങ്ങളെയും മുൻസർക്കാർ മാറ്റി നിർത്തിയിരുന്നതായി നിങ്ങൾക്കറിയാം. മാറ്റി നിർത്തിയെന്നുവച്ചാൽ ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കുന്ന 13 പ്രകാരത്തിലുള്ള പ്രവർത്തികൾക്കുംവേണ്ടി. അതിൽ കൃഷിക്കാർക്ക് മുൻപറഞ്ഞ നിയമങ്ങളിലുള്ളതിനേക്കാൾ കൂടുതൽ നഷ്ടപരിഹാരം കിട്ടും. ഇതൊരു കുറവാണോ? മികവാണോ? എന്ന് നിങ്ങൾതന്നെ പറയൂ. ഞങ്ങൾ ഇതിനൊരു പരിഹാരം കണ്ടു. ഈ 13 ഇനങ്ങളിലും സർക്കാരിന് ഭൂമി ഏറ്റെടുക്കേണ്ടിവന്നാൽ അത് റെയിൽവേയ്ക്കായാലും ഹൈവേയ്ക്കായാലും അതിന്റെ പ്രതിഫലം കൃഷിക്കാർക്ക് നാലുമടങ്ങുവരെ കൂടുതൽ കിട്ടണം. ഈ തീരുമാനം കൃഷിക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണോ എന്നു പറയൂ. അതിനുവേണ്ടി പുതിയ തീരുമാനങ്ങൾ എടുക്കേണ്ടിവന്നു. അങ്ങിനെ തീരുമാനങ്ങൾ എടുത്തില്ലെങ്കിൽ കൃഷിക്കാരുടെ ഭൂമി പഴയനിയമം അനുസരിച്ച് ഏറ്റെടുക്കേണ്ടിവരുമായിരുന്നു. അവർക്കൊന്നും കിട്ടുകയുമില്ല. ഈ നിയമം ഉണ്ടായപ്പോൾ സർക്കാരിൽ ഉണ്ടായിരുന്നവരിൽ പലരും ഇതിനെതിരായി ശബ്ദമുയർത്തി. നിയമനിർമ്മാതാക്കൾ നിയമനിർമ്മാണം നടത്തിയപ്പോൾ അവർ നിരാശയോടെ പറയുന്നതുകേട്ടു, ഈ നിയമം കൃഷിക്കാരുടെ നന്മയ്ക്കുവേണ്ടിയല്ല, ഗ്രാമീണരുടെയും നന്മയ്ക്കുവേണ്ടിയല്ല, ദേശത്തിന്റെ നന്മയ്ക്കും അല്ല. ഈ നിയമങ്ങൾ എല്ലാംതന്നെ നമ്മുടെ രാജ്യത്തെ ഉദ്യോഗസ്ഥന്മാരുടെ പണപ്പെട്ടി നിറയ്ക്കാനുള്ളതാണ്. ഉദ്യോഗസ്ഥന്മാർക്ക് ഉല്ലസിച്ചാർക്കാൻവേണ്ടിയുള്ളതാണ്. ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തെ പുഷ്ടിപ്പെടുത്തുന്നതിനുവേണ്ടിയാണ്.
ഇതൊക്കെ ശരിയാണെങ്കിൽ ഇതിനൊക്കെ ഒരു പരിഹാരം ആവശ്യമല്ലേ, അതുകൊണ്ട് നമ്മൾ കുറവുകളെ ദൂരീകരിച്ച് കൃഷിക്കാർക്ക് നന്മ വരുത്താനുള്ള പ്രവൃത്തികൾ ചെയ്തു. ആദ്യമായി ചെയ്തത്, 13 നിയമങ്ങളിൽ, ഭൂമി ഏറ്റെടുക്കൽ നിയമത്തിന് പുറത്തുണ്ടായിരുന്നതും, ഏതൊരു കാരണംകൊണ്ടാണോ കൃഷിക്കാർക്ക് വലിയ നഷ്ടം സംഭവിച്ചുകൊണ്ടിരുന്നത് അതിനെ ഈ പുതിയ നിയമത്തിനുള്ളിൽ കൊണ്ടുവന്നു. അതുകൊണ്ട് കൃഷിക്കാർക്ക് മുഴുവൻ നഷ്ടപരിഹാരം കിട്ടുകയും അതിന്മേലുള്ള മുഴുവൻ അവകാശവും സംരക്ഷിക്കപ്പെടുകയും ചെയ്തു. എന്നാൽ, മോദി നടപ്പാക്കുന്ന പുതിയ നിയമത്തിൽ കൃഷിക്കാർക്ക് മുഴുവൻ പ്രതിഫലം കിട്ടുകയില്ലെന്നും കുറച്ചേ കിട്ടുകയുള്ളു എന്നുമുള്ള ഊഹാപോഹം വ്യാപിച്ചു.

എന്റെ പ്രിയപ്പെട്ട കൃഷിക്കാരായ സഹോദരീ സഹോദരന്മാരേ, അപ്രകാരത്തിലുള്ള ഒരു പാപം എനിക്ക് ചിന്തിക്കാൻകൂടി കഴിയുകയില്ല. 2013-ൽ മുൻസർക്കാരിന്റെ സമയത്തുണ്ടാക്കിയ നിയമങ്ങളിൽ എത്ര നഷ്ടപരിഹാരമാണോ നിശ്ചയിച്ചിരുന്നത് അതിൽനിന്ന് ഒട്ടുംതന്നെ മാറ്റങ്ങൾ വരുത്തിയിട്ടില്ല. നാലിരട്ടി നഷ്ടപരിഹാരംവരെ നൽകാനുള്ള നടപടികൾവരെ ഞങ്ങൾ സ്വീകരിച്ചു. അവ 13 പദ്ധതികളിലും മുമ്പുണ്ടായിരുന്നില്ല. ഇതിനെയും നമ്മൾ അതിനോട് കൂട്ടിച്ചേർത്തു. അതുമാത്രവുമല്ല, നഗരവല്ക്കരണത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോൾ അതിൽ വികസിപ്പിച്ചെടുത്ത ഭൂമിയിൽ 20 ശതമാനം ഭൂമി ഉടമസ്ഥനു കിട്ടും. പിന്നെയും സാമ്പത്തികമായി അവർക്കാനുകൂല്യങ്ങൾ ഉണ്ടാകും. അതും ഞങ്ങൾ തുടരുന്നു. കുടുംബത്തിലെ ഒരു യുവാവിന് ജോലി ലഭിക്കും. കൃഷിക്കാരുടെ സന്താനങ്ങൾക്കും ജോലി കിട്ടും. അത് ഞങ്ങൾ തുടരുന്നു. ഇതിനെല്ലാം പുറമെ, ഒരു പുതിയ കാര്യംകൂടി ചേർത്തിട്ടുണ്ട്. അതിതാണ്, ജില്ലയിലെ അധികാരികൾക്ക് ഇക്കാര്യവും വ്യക്തമാക്കേണ്ടതായിട്ടുണ്ട്. അതിൽ തൊഴിൽ ആർക്കാണ് ലഭിയ്‌ക്കേണ്ടത്, ഏത് വകുപ്പിൽ വേണം, എവിടെ വേണം. ഇത് സർക്കാരിനെ എഴുതി നൽകിയാൽമാത്രം മതി. ഈയൊരു പുതിയകാര്യംകൂടി കൂട്ടിച്ചേർക്കുകയും സർക്കാരിന്റെ ഉത്തരവാദിത്വമാക്കി ഉറപ്പിക്കുകയും ചെയ്തു. എന്റെ കൃഷിക്കാരായ സഹോദരീസഹോദരന്മാരേ, ഞങ്ങൾ ആഗ്രഹിക്കുന്നത്, ആദ്യം സർക്കാരിന്റെ സ്വന്തം ഭൂമി ഉപയോഗിക്കണം. അതിനുശേഷം ഫലഭൂയിഷ്ഠമല്ലാത്ത ഭൂമി പ്രയോജനപ്പെടുത്തണം. വളരെ അത്യാവശ്യമെങ്കിൽ മാത്രം കൃഷിയിടങ്ങൾ ഉപയോഗിക്കണം. അതുകൊണ്ട് ഫലഭൂയിഷ്ഠമല്ലാത്ത ഭൂമിയുടെ സർവ്വേ നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാണ് മുൻഗണന.

ആവശ്യത്തിലേറെ ഭൂമി ഏറ്റെടുക്കുന്നു എന്ന് കൃഷിക്കാർ പറയുന്നത് ശരിതന്നെ. എത്ര ഭൂമിയെടുക്കണമെന്ന് ആദ്യമായി പരിശോധിക്കണം. പുതിയ നിയമങ്ങളിൽക്കൂടി അത് ആവശ്യപ്പെടുമെന്ന് ഞാൻ നിങ്ങളോട് പറയുന്നു. ആവശ്യത്തിലധികം ഭൂമി ഏറ്റെടുക്കാതിരിക്കാൻ ഇങ്ങനെയൊരു തീരുമാനം ആവശ്യമാണ്. എന്തൊക്കെയോ നടക്കാൻ പോകുന്നുവെന്നുള്ള ആകുലത കഷ്ടനഷ്ടങ്ങൾക്ക് കാരണമാകുന്നു. സാമൂഹ്യ പ്രതിരോധത്തിന്റെ പേരിൽ ഈയൊരു പ്രക്രിയ, വർഷങ്ങളോളം തുടർന്നുവന്നാൽ, വ്യവഹാരങ്ങൾ നടത്തിക്കൊണ്ടിരുന്നാൽ, ഈ സമീപഭാവിയിലൊന്നും കൃഷിക്കാരന് ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ കഴിയുമോ? കൃഷിയിറക്കുമ്പോൾ കോടതിവിധിയെക്കുറിച്ച് അയാൾ ചിന്തിക്കും. അപ്പോൾ എന്തു ചെയ്യും? ഇങ്ങനെ അവരുടെ നാലഞ്ചുവർഷം ഒരു പ്രയോജനവും ഇല്ലാതെ പോകും. ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിൽ ഇക്കാര്യങ്ങളെല്ലാം കുടുങ്ങും. തുടർന്നുള്ള പ്രക്രിയകളെല്ലാം കുഴഞ്ഞു മറിയും. പാവപ്പെട്ട കൃഷിക്കാർ ഓഫീസറന്മാരുടെ കാലുപിടിക്കാൻ നിർബന്ധിതരാകും. അല്ലയോ സാർ, ഇത് ഇങ്ങനെ എഴുതണം, അങ്ങനെ എഴുതണം ഇതൊക്കെയായിരിക്കും സംഭവിക്കാൻ പോകുന്നത്. ഞാൻ എന്റെ കൃഷിക്കാരെ ഈയൊരു ബ്യൂറോക്രസിയുടെ ബലിയാടുകളാക്കണോ? അപ്രകാരം ചെയ്യുന്നത് ശരിയല്ല എന്നാണ് എന്റെ വിചാരം. ഇത് വളരെ ദൈർഘ്യമേറിയതും പ്രയാസകരവുമാണ്. അതിനെ ലളിതമാക്കാനാണ് ഞാൻ ശ്രമിച്ചത്. എന്റെ കൃഷിക്കാരായ സഹോദരീസഹോദരന്മാരേ, 2013-ൽ നിയമമുണ്ടാക്കി. പക്ഷേ, സംസ്ഥാനങ്ങൾ അതിനെ സ്വീകരിച്ചില്ല. കൃഷിക്കാർ പൂർവ്വസ്ഥിതിയിൽതന്നെ. സംസ്ഥാനങ്ങൾ എതിർത്തു. ഞാൻ സംസ്ഥാനങ്ങൾ പറയുന്നത് കേൾക്കണോ വേണ്ടയോ? ഞാൻ സംസ്ഥാനങ്ങളെ വിശ്വസിക്കണോ വേണ്ടയോ? ഇത്ര വലിയ ദേശത്തിന് സംസ്ഥാനങ്ങളെ അവിശ്വസിച്ചുകൊണ്ട് മുന്നോട്ടുപോകാൻ കഴിയുമോ? പറയൂ.

എന്റെ അഭിപ്രായത്തിൽ നമുക്ക് ദേശത്തോട് വിശ്വാസമുണ്ടാകണം. ഭാരതസർക്കാരിലുള്ള പൂർണ്ണവിശ്വാസം. കാരണം, ഞാൻ ഈ ദേശത്തോട് കടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങൾക്ക് പൂർണ്ണമായും വിശ്വസിക്കാവുന്നതാണ്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചുള്ള നിയമത്തിൽ തീർച്ചയായും മാറ്റങ്ങൾ വരുത്താനാകും. കുറ്റങ്ങളും കുറവുകളും മാറ്റുകയും ചെയ്യാം. കർഷകരുടെയും തൊഴിലാളികളുടെയും നന്മയെ, അഭിവയോധികിയെ ലക്ഷ്യമിട്ടാണ് ഓരോ തീരുമാനവും എടുക്കുന്നത്. അതുകൊണ്ട് ദേശവാസികളോട് എനിക്ക് പറയുവാനുള്ളത് ഒരുതരത്തിലുമുള്ള തെറ്റിദ്ധാരണക്കും ഇടവരരുത്. ഇത്തരത്തിൽ ചിലർ തെറ്റിദ്ധാരണ പരത്തുന്നത് കണ്ടില്ലെന്ന് നടിക്കുകയുമരുത്. സർക്കാർ കർഷകർക്കെതിരാണ്, പാവപ്പെട്ടവർക്ക് എതിരാണ് ഇങ്ങനെ ചില നുണപ്രചരണങ്ങൾ സാധാരണക്കാരിൽ എത്തിക്കുവാനുള്ള ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ട്. നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനെതിരെയുള്ള ഗൂഢാലോചന നാം തിരിച്ചറിയുക. അതിന്റെ ഭാഗമായാണ് ഈ നീക്കങ്ങൾ ഓരോന്നും.

ഇത്തരം തെറ്റിദ്ധാരണകളിൽനിന്ന് നാം മുക്തരാകണം. മാത്രമല്ല, നമ്മുടെ ദേശത്തെ ഇത്തരത്തിലുള്ള നീക്കങ്ങളിൽനിന്ന് മോചിപ്പിക്കുകയുംവേണം. നമ്മുടെ കർഷകരെയും സാധാരണക്കാരെയും നമുക്ക് രക്ഷിക്കേണ്ടതുണ്ട്. ഇപ്പോൾ ഗ്രാമത്തിലെ കർഷകരോട് ചോദിക്കുക; സുഹൃത്തേ, മൂന്നുമക്കളുണ്ട് അവരെ എന്താക്കാനാണ് ശ്രമിക്കുന്നത്? അവർ പറയും, ഒരാൾ കൃഷിപ്പണിയിൽ ഏർപ്പെടും, എന്നാൽ മറ്റു രണ്ടുപേർ മറ്റേതെങ്കിലും ജോലിയിൽ ഏർപ്പെടട്ടെ.

ഓരോ ഗ്രാമീണകർഷകന്റെയും മക്കൾക്ക് ജോലി ലഭിക്കണം. അവർക്ക് എവിടെയും പോയി തൊഴിൽ ചെയ്യണമെങ്കിൽ അതിനുള്ള പദ്ധതികളുണ്ടാകണം. അതുകൊണ്ട് നാം ചിന്തിക്കേണ്ടത് ഗ്രാമത്തിന്റെ ഉയർച്ചയെന്നാൽ ഗ്രാമീണരുടെ ഉന്നമനമാണ്. അതിനാൽ കർഷകരുടെ മക്കൾക്ക് തൊഴിൽ ലഭ്യമാകണം. അതിനുള്ള പദ്ധതികൾ നിരവധി ഉണ്ടാകേണ്ടതുണ്ട്. ഗ്രാമോന്നതിക്കുള്ള പദ്ധതിയാണ് സർക്കാർ ഏറ്റവുമധികം പ്രാധാന്യം നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 'ജയ് ജവാൻ ജയ് കിസാൻ' മുദ്രാവാക്യത്തിന് നാം ശക്തിപകരുന്നതും. 'ജയ് ജവാൻ' എന്നത് രാഷ്ട്രത്തിന്റെ രക്ഷയെ മുൻനിർത്തിയുള്ളതാണ്. എന്നാൽ ദേശരക്ഷ എന്ന വിഷയത്തിൽ നിന്ന് ഭാരതത്തിലെ കർഷകർക്കും സാധാരണക്കാർക്കും അകന്ന് നിൽക്കാനാവില്ല. രാഷ്ട്രസുരക്ഷയെ സംബന്ധിച്ച മേഖലകളിൽ അത്യാവശ്യമെങ്കിൽ കർഷകരുടെ ഭൂമി ആവശ്യമായിവന്നേക്കാം. എന്നാൽ എനിക്ക് കർഷകരിൽ പൂർണ്ണ വിശ്വാസമുണ്ട്. രാഷ്ട്രസുരക്ഷയ്ക്കുവേണ്ടി അവർ ഭൂമി തീർച്ചയായും തരികതന്നെചെയ്യും. ഇത്തരത്തിലുള്ള ആവശ്യങ്ങളെ മുൻനിർത്തിയാണ് ഭൂമി ഏറ്റെടുക്കൽ ബന്ധപ്പെട്ടിരിക്കുന്നതും ഗ്രാമത്തിലെ ഏതൊരാളും എന്നോട് പറയാതിരിക്കുകയില്ല ഗ്രാമത്തിൽ റോഡ് വേണ്ടെന്ന്.
കൃഷിയിടങ്ങൾക്ക് ആവശ്യമായ ജലസേചനസൗകര്യങ്ങൾക്കായി ജലവിതാനങ്ങൾ ഉണ്ടാവേണ്ടതല്ലേ. അത്തരത്തിലുള്ള വികസനപ്രവർത്തനങ്ങൾക്കെല്ലാം ഭൂമി ആവശ്യമായിവരും. ഇന്നും നമ്മുടെ ഗ്രാമങ്ങളിൽ വളരെയേറെ ദരിദ്രവിഭാഗങ്ങൾ ഉണ്ട്. അവർക്ക് വാസയോഗ്യമായ വീടുകളില്ല. വീടുവക്കണമെങ്കിൽ അനുയോജ്യമായ ഭൂമി വേണ്ടതല്ലേ. ചിലർ എന്നോട് പറയാറുണ്ട്, ഇതെല്ലാം വ്യവസായികൾക്ക് വേണ്ടിയാണെന്ന്. നിങ്ങൾതന്നെ പറയൂ, അങ്ങനെയാണോ? ഇതെല്ലാം ഇവിടുത്തെ പണച്ചാക്കുകൾക്കു വേണ്ടിയാണോ? നാം യാഥാർത്ഥ്യം മനസ്സിലാക്കണം. ഇതിനു പിന്നിൽ മറ്റൊരു ഉദ്ദേശ്യവുമില്ലെന്നത് പകൽപോലെ സത്യമാണ്. അതേ ഞാൻ നിങ്ങളോട് ഒരു കാര്യം മനസ്സിനേറ്റ വേദനയോടെ പറയാൻ ആഗ്രഹിക്കുകയാണ്. പുതിയ ബില്ലിന്റെ അടിസ്ഥാനം എന്തെന്നതിനെ സംബന്ധിച്ചാണ്. ഏതെങ്കിലും ഒരു വ്യവസായ ആവശ്യത്തിനോ ഫാക്ടറിക്കോ പ്രത്യേക വ്യവസായം ചെയ്യുന്നവർക്കോ ഭൂമിയേറ്റെടുക്കൽ വേണ്ടിവന്ന അവസരത്തിൽ 2013-ൽ ഒരു നിയമം നിർമ്മിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മറ്റ് തുടർനിയമങ്ങൾ നടപ്പിൽ വരുന്നത്. ഇത് 2013-ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. അങ്ങനെയെങ്കിൽ എന്തിനാണിങ്ങനെ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് നാം മനസ്സിലാക്കണം.

എന്റെ കർഷകസോദരന്മാരേ, നിങ്ങളുടെ ഇടയിൽ ഇത്തരത്തിലുള്ള ഒരു തെറ്റിദ്ധാരണ ചില കേന്ദ്രങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പരത്തുകയാണ്. നിങ്ങൾക്ക് നിയമപരമായ പരിരക്ഷ ലഭിക്കില്ല, കോടതികളിൽ പോകാൻ അവസരം ലഭിക്കില്ല എന്നൊക്കെ. ഇവയെല്ലാം അടിസ്ഥാനരഹിതമാണ്. പച്ചക്കള്ളമാണ്. ഭാരതത്തിലെ ഒരു സർക്കാരിനും കർഷകരുടെ നിയമപരമായ അധികാരങ്ങളൊന്നുംതന്നെ കവർന്നെടുക്കാനാവില്ല എന്ന് ഞാനോർമ്മിപ്പിക്കുകയാണ്. ഇക്കാര്യം ഭരണഘടനാശില്പിയായ ബാബാസാഹിബ് അംബേദ്ക്കർ ഭരണഘടനയിൽതന്നെ ഉറപ്പുവരുത്തിയിട്ടുണ്ട്. ഭാരതത്തിലെ ഏതൊരു കോടതിയിലേക്കുമുള്ള വാതിൽ എപ്പോഴും നിങ്ങൾക്കുവേണ്ടി തുറന്നുതന്നെ കിടക്കും. നിങ്ങൾക്ക് ഏതൊരു കോടതിയേയും സമീപിക്കുവാൻ ആകുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. ഇന്ന് കർഷകരുടെ ഇടയിൽ ചിലർ നുണകൾ പ്രചരിപ്പിച്ചു കഴിഞ്ഞു. അതുകൊണ്ട് ഇതു സംബന്ധിച്ച് നിങ്ങളുടെ പടിവാതിലിൽ ഇതിന്റെ നിജസ്ഥിതി എത്തിക്കാനുള്ള പരിശ്രമമാണ് ഞാൻ ചെയ്തത്. ഇത്തരം കാര്യങ്ങൾക്കായി സർക്കാർ ഒരു അഥോറിറ്റിതന്നെ ഉണ്ടാക്കിയിട്ടുണ്ട്. ആ അഥോറിറ്റിയുടെ പ്രവർത്തനം ജില്ലാതലത്തിലേക്ക് നീളും. അതിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ ഓരോ ജില്ലയിലേയും കർഷകരുടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം കാണാൻ അതാതു ജില്ലകളിൽതന്നെ സാധിക്കും. അവിടെ നിങ്ങൾ ആഗ്രഹിക്കുന്നവിധം പരിഹാരം ഉണ്ടായില്ലെങ്കിൽ നിങ്ങൾക്ക് ഉന്നത നീതിപീഠങ്ങളെ സമീപിക്കാനാവും. അതിനുള്ള വ്യവസ്ഥയും അഥോറിറ്റിയുടെ ഭാഗത്തുനിന്നുതന്നെയുണ്ടാവും. ഞാൻ ഇക്കാര്യംകൂടി നിങ്ങളെ അറിയിക്കാനാഗ്രഹിക്കുകയാണ്, ഭൂമി ഏറ്റെടുത്തു കഴിഞ്ഞാൽ 5 വർഷത്തിനകം തിരികെ നൽകാനാവുമെന്ന നിയമം എടുത്തു കളഞ്ഞിട്ടുണ്ട്. മാത്രമല്ല, കർഷകസഹോദരങ്ങളേ, നിങ്ങൾക്ക് ആവശ്യപ്പെടാം. ആദ്യം പദ്ധതി എന്തെന്ന്. അത് പൂർണ്ണരൂപത്തിൽ അവതരിപ്പിച്ചു കാണിക്കാനും ആവശ്യപ്പെടാം. എത്ര വർഷംകൊണ്ട് അത് പൂർത്തിയാക്കുമെന്നും നിങ്ങൾക്ക് ചോദിക്കാനുള്ള പൂർണ്ണ അധികാരമുണ്ട്. മാത്രമല്ല, പറഞ്ഞ കാലയളവിൽ പദ്ധതി നടപ്പിലാകുമോ? എന്ന് ചോദിക്കാനും അതല്ലെങ്കിൽ നിശ്ചിതസമയബന്ധിതമായി പദ്ധതി നടപ്പിലാക്കണമെന്നു പറയുവാനും കർഷകനെ അധികാരപ്പെടുത്തുന്നതാണ് പുതിയ ബില്ല്.

എന്നാൽ ഇന്ന് എന്താണ് നമ്മുടെ മുന്നിൽ കാണുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ? 40 വർഷംമുമ്പേ കർഷകരിൽനിന്ന് ഭൂമി ഏറ്റെടുത്തെങ്കിലും സർക്കാരുകൾ യാതൊന്നും ചെയ്തില്ല. അത്തരം അമാന്തം ഇനിയുണ്ടാവില്ല. ഞങ്ങൾക്ക്, സർക്കാരിന് നിശ്ചയിച്ച സമയപരിധിക്കുള്ളിൽ എല്ലാം ചെയ്തുതീർക്കേണ്ടതുണ്ട്. എന്നാൽ, നാം മനസ്സിലാക്കാനുള്ളത് 500 കി.മീ. നീളത്തിൽ റെയിൽവേ പാതയുടെ പണി ചെയ്യേണ്ട അവസരത്തിൽ അധികം സമയം വേണ്ടി വന്നേക്കും. അത്തരം സാഹചര്യത്തിൽ എത്ര സമയംകൊണ്ട് പണി പൂർത്തിയാകുമെന്ന് ആധികാരികമായി എഴുതി നൽകാൻ ആദ്യംതന്നെ നിങ്ങൾക്കാവശ്യപ്പെടാം. അതുകൊണ്ടുതന്നെ ഇതിൽ ഞങ്ങൾ സർക്കാരിനെ ബന്ധപ്പെടുത്തിയിട്ടുമുണ്ട്.

സർക്കാരിന് ഉത്തരവാദിത്വമുണ്ട്. ഇതിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല. അതുകൊണ്ട് എന്റെ കർഷകസഹോദരങ്ങളോട് ഒരുകാര്യംകൂടി പറയാൻ ആഗ്രഹിക്കുകയാണ്. ചിലപ്പോഴെല്ലാം ശീതീകരിച്ച മുറികളിലിരുന്നാണ് നിയമങ്ങൾ ഉണ്ടാക്കുന്നത്. അവർക്ക് ഗ്രാമത്തിലെ സാധാരണ കർഷകരുടെ യഥാർത്ഥസ്ഥിതി എന്തെന്നൊരിക്കലും മനസ്സിലാക്കാനാവുകയുമില്ല.

ഡാം അല്ലെങ്കിൽ ജലസംഭരണി ഉണ്ടാക്കുന്നത് സംബന്ധിച്ച് ശ്രദ്ധിച്ചാൽ മനസ്സിലാകും. അതുസംബന്ധിച്ച് നിയമം എന്തെന്ന്. നൂറു വർഷത്തിനുമുമ്പ് അവിടത്തെ ജലത്തിന്റെ ലഭ്യത കണക്കാക്കിയാണ്. അതിനുവേണ്ടി ഭൂമി ഏറ്റെടുക്കുവാനുള്ള നിയമം. എന്നാൽ ഇത് നൂറ് വർഷത്തിലെപ്പോഴെങ്കിലും ഒരു പ്രാവശ്യത്തെ ജലസാന്നിദ്ധ്യമാവും കണക്കിലെടുക്കുക. 99 വർഷവും ജലസാന്നിദ്ധ്യം ഉണ്ടാകണമെന്നില്ല. എങ്കിലും ആ ഭൂമി സർക്കാരിന്റെ അധീനതയിലേയ്ക്കാകും പോകുക. ഇതുതന്നെയാണ് പല സംസ്ഥാനങ്ങളിലേയും സ്ഥിതി. ഫലത്തിൽ കർഷകന് ഭൂമിക്കുപകരം പണം എന്നത് വെറും വീൺവാക്കുകളിൽ ഒതുങ്ങുകമാത്രം. അതെല്ലാം കടലാസ്സിൽ ഒതുങ്ങും. എന്നാൽ വീണ്ടും കർഷകർ അവിടെ കൃഷി ചെയ്യും. കാരണം, നൂറ്റാണ്ടുകളിൽ ഒരിക്കൽമാത്രമായിരിക്കും അവിടെ വെള്ളം ഉയരുക. അതുകൊണ്ട് ഒരു വർഷത്തേയ്ക്കുമാത്രമായിരിക്കും അവന് മാറി നിൽക്കേണ്ടതായി വരിക.

2013-ൽ കൊണ്ടുവന്ന നിയമമനുസരിച്ച് കർഷകന് അവിടെ കൃഷി ചെയ്യാൻ അവകാശമില്ല. എന്നാൽ, ഞങ്ങൾ ആഗ്രഹിക്കുന്നത് ഭൂമി വെള്ളം കേറി മുങ്ങിയിട്ടില്ലെങ്കിൽ കർഷകന് അവിടെ കൃഷി ചെയ്യാൻ അവസരം ലഭിക്കണമെന്നാണ്. അതുകൊണ്ട്, ആ ഭൂമി കർഷകരിൽനിന്ന് പിടിച്ചെടുക്കാൻ പാടില്ല. തീർച്ചയായും ഇത്തരത്തിൽ ഒരു പ്രയോജനം കർഷകർക്ക് ഉണ്ടാകണം. അവർ ഭൂമി കൈമാറിയാലും അതിന്റെ പ്രയോജനം ഉണ്ടാകണം. ഭൂമിക്ക് പകരം പണം ലഭിക്കുകയും കൃഷി ചെയ്യാൻ അവസരം കിട്ടുകയും ചെയ്യുന്നതോടെ ഓരോ കർഷകനും പ്രയോജനം ഇരട്ടിയാവുന്നു. ഇത്തരത്തിൽ ഒരു വ്യവസ്ഥ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് പ്രാവർത്തികമാക്കാവുന്ന പ്രായോഗികവ്യവസ്ഥയാണ്. ഇത് നടപ്പാക്കുവാനാണ് ഞങ്ങൾ ചിന്തിച്ചത്.

എന്നാൽ, തെറ്റിദ്ധാരണ പരന്നിട്ടുള്ളത് ഇത്തരം വിഷയത്തിൽ അഭിപ്രായഐക്യം ഉണ്ടാകാതെ നടപ്പിൽ വരുത്തുന്നു എന്നതാണ്. അത് തികച്ചും യാഥാർത്ഥ്യത്തിന് നിരക്കാത്തതാണ്. എന്റെ കർഷകസഹോദരരേ ഇത്തരം തെറ്റിദ്ധാരണകൾക്ക് കാരണം രാഷ്ട്രീയമാണ്. അതിൽനിന്ന് നിങ്ങൾ തികച്ചും മാറി ചിന്തിക്കുകതന്നെ വേണം. നാം അറിയേണ്ട മറ്റൊരുവസ്തുത 2013-ൽ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കൽ നിയമത്തിലും സർക്കാർ കൊണ്ടുവരുന്ന പദ്ധതികൾക്ക് ഭൂമി ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് അഭിപ്രായകൈ്യത്തിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്നതും. സർക്കാരിനെ സംബന്ധിച്ചിടത്തോളം എല്ലാത്തിലും അഭിപ്രായയൈക്യത്തെപ്പറ്റി പറഞ്ഞാൽ ആദ്യമേ ഉണ്ടായിരുന്നില്ല. ഇപ്പോഴും ഇല്ലായെന്നത് വസ്തുതയാണ്. അതുകൊണ്ട് എന്റെ സഹോദരന്മാരേ, ആദ്യം നല്ലതായിരുന്നുവെന്നും ഇപ്പോൾ ചെയ്യുന്നത് തെറ്റാണെന്നുമുള്ള പരാമർശത്തിലൂടെ ഓരോരുത്തരെയും വഴി തെറ്റിക്കുന്ന പരിശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്. ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുകയാണ്, ചില വ്യവസായങ്ങൾക്കുവേണ്ടി, കോർപ്പറേറ്റുകൾക്കുവേണ്ടി. നിങ്ങൾ പറയൂ, ഒരു ഗ്രാമത്തിന്റെ കാര്യമെടുക്കാം. ആ ഗ്രാമത്തിലേയ്ക്ക് റോഡുണ്ടായിക്കഴിഞ്ഞു. എന്നാൽ സമീപഗ്രാമത്തിലേയ്ക്ക് റോഡുണ്ടാക്കണം. മുന്നിലെ ഗ്രാമത്തിൽനിന്ന് 5 കി.മീ. ദൂരത്തിലാണ് സമീപഗ്രാമം. ആ ഗ്രാമത്തിൽ എത്തിച്ചേരാൻ ആവശ്യമായ റോഡിന് നാം സ്ഥലം നൽകില്ലേ? അതിന് നാം ഒരുങ്ങില്ലേ? എല്ലാവർക്കും റോഡ് ആവശ്യമല്ലേ? അതുപോലെയല്ലേ സമീപസ്ഥഗ്രാമത്തിലുള്ളവർക്ക് കുടിനീർസൗകര്യമുള്ള ഗ്രാമവാസികൾ സമീപസ്ഥഗ്രാമവാസികൾക്ക് കുടിനീരെടുക്കാൻ സൗകര്യമൊരുക്കില്ലേ? നമ്മുടെ ആവശ്യങ്ങൾക്കൊപ്പം മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് നാം എതിരുനിൽക്കാറുണ്ടോ? പരസ്പരസഹകരണമല്ലേ നമ്മുടെ സംസ്‌ക്കാരം? എന്റെ സഹോദരരേ, ഇതെല്ലാം നാം നടത്തിക്കൊണ്ടുപോകുന്ന ജീവിതവിഷയങ്ങളാണ്. ഇത്തരം കാര്യങ്ങൾ കേവലം കർഷകർക്കുവേണ്ടിമാത്രമോ, വ്യവസായത്തിനോ വ്യാപാരത്തിനോ മാത്രമല്ല. ഗ്രാമത്തിന്റെ നന്മയെ, ഐശ്വര്യത്തെ മുൻനിർത്തിയുള്ള ചിന്തകളാണല്ലോ? കർഷകന്റെ നന്മയെ അവരുടെ മക്കളുടെ ക്ഷേമത്തെ മാത്രം മുൻനിർത്തിയുള്ളതാണ്. അതുകൊണ്ട് അർത്ഥമാക്കുന്നത് സർക്കാരിന്റെ പദ്ധതിയാണെങ്കിലും അതിന് മുതൽക്കൂട്ടുന്നത് മറ്റുള്ളവരാണ്. അതുകൊണ്ടാണ് ഇതിനെ ആൾക്കാൾ പി.പി.പി. മോഡൽ എന്നു വിളിക്കുന്നത്. എന്നാൽ ഇതിന്റെ പൂർണ്ണ ഉടമസ്ഥാവകാശം സർക്കാരിനാണ്. അതിന്റെ ഉടമ സർക്കാരാണ്. സർക്കാർ എന്ന് ഉദ്ദേശിക്കുന്നത് ഏതെങ്കിലും പ്രത്യേക വ്യക്തികളെയല്ല. സർക്കാർ എന്നത് നിങ്ങൾ ഓരോരുത്തരുമാണ്.

രാജ്യത്തിന്റെ അധികാരം നൂറ്റിഇരുപത്തിയഞ്ചുകോടി ജനങ്ങളിലാണ്. ജനങ്ങളാണ് സർക്കാർ. ജനതയിലാണ് അധികാരകേന്ദ്രം ഇരിക്കുന്നത്. ജനങ്ങൾ കൂടെയുള്ളപ്പോൾ മറ്റഭിപ്രായങ്ങൾക്ക് പ്രസക്തിയില്ല. അതുകൊണ്ടാണ് പി.പി.പി. മോഡൽ എന്നു പറഞ്ഞ് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നത്. അതുകൊണ്ട് ഇതിന്റെ നിജസ്ഥിതി വ്യക്തമാക്കുക എന്നത് എന്റെ കടമയായി കരുതുകയാണ്. പലപ്പോഴും ഞാൻ പറയാറുണ്ട്, അഭിപ്രായയൈക്യമെന്നതിലേയ്ക്കുള്ള പ്രവർത്തനം ഒരുവിധത്തിലുള്ള ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിനും ഏകാധിപത്യത്തിനും കാരണമായേക്കാം.

നമ്മുടെ വീടിന് സമീപപ്രദേശത്ത് പത്തിരുപത് കിലോമീറ്ററിനുള്ളിൽ ഒരു ചെറിയ ഫാക്ടറി തുറന്നാൽ നിരവധിപേർക്ക് ജോലി ലഭിക്കും. അത്തരത്തിലുള്ള വ്യവസായ ചത്വരം സ്വകാര്യമേഖലയിലല്ല. സർക്കാർതന്നെ ആ പ്രദേശത്ത് തൊഴിൽ നൽകാനുള്ള സംരംഭങ്ങൾ ആരംഭിക്കും. അതിന്റെ ഉടമ സർക്കാരായിരിക്കും. ഗ്രാമത്തിന്റെ നന്മയെ കർഷകരുടെ പുരോഗതിയെ അവർക്ക് പിറക്കുന്ന കുട്ടികളുടെ അഭിവയോധികിയെ ലക്ഷ്യമാക്കിയായിരിക്കും. ഗ്രാമത്തിലെ ദരിദ്രരുടെ നന്മയ്ക്കുവേണ്ടി, ഗ്രാമത്തിലെ കർഷകന് വെള്ളവും വെളിച്ചവും എത്തിക്കാനായിരിക്കും ഭൂമി വിനിയോഗിക്കുക.

ഭൂമി ഏറ്റെടുക്കൽ ബില്ലിൽ കുറ്റവും കുറവുമുണ്ടായിരുന്നു. അത്തരം കുറവുകൾ പരിഹരിക്കാനാവുന്ന അടിസ്ഥാനപരമായ പരിശ്രമങ്ങളാണ് നടത്തിയത്. എന്നിട്ടും ഞാൻ ലോക്‌സഭയിൽ പറഞ്ഞത് ഇപ്പോഴും ആർക്കെങ്കിലും എന്തെങ്കിലും കുറ്റമോ കുറവോ കണ്ടെത്താനാകുമെങ്കിൽ അതും പരിഹരിക്കാൻ തയ്യാറാകാമെന്നാണ്. ഞാൻ നിങ്ങളെ ഓർമ്മിപ്പിച്ചത് ആവർത്തിക്കുകയാണ്. കർഷകൻ തന്റെ മക്കളിൽ ഒരാളെ കൃഷിയിലും മറ്റു രണ്ടുപേരെ മറ്റു തൊഴിൽ ചെയ്ത് കുടുംബം പുലർത്താൻ അയച്ചതുമായ കാര്യം. വീടു പുലർത്താൻ വ്യത്യസ്തമായ പരിശ്രമങ്ങളിൽ ഏർപ്പെടുക സാധാരണമാണ്. നാമേതെങ്കിലും റോഡുണ്ടാക്കുകയാണെങ്കിൽ റോഡിന്റെ ഓരം ചേർന്ന് വ്യവസായ ചത്വരങ്ങൾ ഉണ്ടാകും. അതൊന്നും സ്വകാര്യമല്ല, പണക്കാരുടേതുമല്ല, പണച്ചാക്കുകളുടേതുമല്ല, കരിച്ചന്തക്കാരുടേതുമല്ല. സർക്കാരാണ് വികസനമെത്തിക്കുക. അതുവഴി പോകുന്ന എത്രയെത്ര ഗ്രാമങ്ങൾക്കാകും ആ റോഡും വികസനവും പ്രയോജനപ്പെടുക. നൂറുകണക്കിന് ആളുകൾക്ക് തൊഴിലും അന്നവും അതുറപ്പാക്കും.

എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ, ഡൽഹിയിലേയും മുംബൈയിലേയും ഇടുങ്ങിയ കുടിലുകളിൽ നമ്മുടെ കർഷകരും തൊഴിലാളികളും ജീവിതകാലം മുഴുൻ കഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കാൻ ആഗ്രഹിക്കുമോ? സ്വകാര്യ ഫാക്ടറിക്കുവേണ്ടി അഭിപ്രായഏകീകരണത്തിനുള്ള നിയമം നടപ്പിൽ വന്നിട്ടുണ്ട്. എന്നാൽ, ചിലർ പറയുന്നത് പി.പി.പി. മോഡലാണ്. എന്റെ കർഷകസഹോദരങ്ങളേ നിങ്ങൾ ശ്രദ്ധിക്കണം. അങ്ങനെയുണ്ടാകുന്ന റോഡ് ഏതെങ്കിലും വ്യവസായിക്ക് എടുത്തുകൊണ്ടുപോകാനാകുമോ? റോഡ് സർക്കാരിന്റെ അധീനതയിലാണ്. അതിനുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിനാണ്. അതുണ്ടാക്കുന്നത് മറ്റാരെങ്കിലുമാകാം. സർക്കാരിന്റെ കൈവശം വേണ്ടത്ര പണം ഇല്ലാത്തതിനാലാണ് റോഡുണ്ടാക്കാൻ മറ്റുള്ളവർക്ക് അവസരം നൽകുന്നത്. ഇവിടെ സർക്കാരിന്റെ ആഗ്രഹം ഓരോ ഗ്രാമത്തിലും നല്ല വിദ്യാലയം നല്ല ആശുപത്രി ദരിദ്രരുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഇവയെല്ലാമാണ്. അതിലേയ്ക്ക് ആവശ്യത്തിന് പണം വേണം. റോഡ് നിർമ്മിക്കുന്ന പ്രവർത്തനം സ്വകാര്യസ്ഥാപനങ്ങളുടെ പങ്കാളിത്തത്തിലായതിനാൽ അവർ തങ്ങൾക്കുവേണ്ടിയല്ല ഉണ്ടാക്കുന്നത്. അവരുടെ വീട്ടിലേയ്ക്കല്ല കൊണ്ടുപോകുന്നത്. റോഡ് സർക്കാരിന്റേതാണ്. അതിന്റെ പ്രയോജനം എല്ലാപേർക്കും ഒരുപോലെ ലഭിക്കുന്നതുമാണ്. കർഷകരിൽ ചിലർ ഇതേപ്പറ്റി ചിലതു പറഞ്ഞപ്പോഴും ഞങ്ങൾ അവരോട് യോജിക്കുകതന്നെയാണ് ചെയ്തത്. ഞാൻ അവരോട് പറഞ്ഞതും ഭൂമി ഏറ്റെടുക്കാൻ കർഷകരുടെ നന്മയെ ഉദ്ദേശിച്ച് മാത്രമാകണമെന്നാണ്. എന്നാൽ പ്രചരിപ്പിക്കപ്പെട്ട കള്ളം, തെറ്റിദ്ധാരണ മാറ്റാൻ ഞാൻ ജനങ്ങളോട് പ്രതിബദ്ധനാണ്.

എന്റെ കർഷകസഹോദരങ്ങളോട് എനിക്ക് പറയുവാനുള്ളത് ഇതാണ്, നിങ്ങൾ ഇത്തരം തെറ്റിദ്ധരിപ്പിക്കലിനും കള്ളത്തരത്തിനും വശംവദരായി സ്വയം തീരുമാനം എടുക്കരുത്. തെറ്റിദ്ധാരണയ്ക്ക് അടിസ്ഥാനമില്ല. ഇപ്പോഴാവശ്യം ഇതുമാത്രമാണ്, നമ്മുടെ കർഷകർ എത്രമാത്രം കഴിവുറ്റവരാകുമോ അത്രയും നമ്മുടെ ഗ്രാമങ്ങളെ സുശക്തമാക്കാം. നമ്മുടെ കർഷകന്റെ കഠിനപരിശ്രമങ്ങൾക്ക് തുല്യമായ നീതി ഉറപ്പാക്കാം.
ഇതിനു നല്ല കമ്പോളം എങ്ങനെ പിടിച്ചുപറ്റാം. വിളവെടുപ്പിനുശേഷം ധാന്യങ്ങൾ സൂക്ഷിക്കാനുള്ള മേന്മയേറിയ സംഭരണികൾ എപ്രകാരം കരസ്ഥമാക്കാം. ഗ്രാമത്തിന്റെയും കർഷകരുടെയും നന്മയെ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രയത്‌നമാണ് നമ്മൾ നടത്തുന്നത്. കർഷകസുഹൃത്തുക്കളേ, നിങ്ങളുടെ ഭൂമിയിലെ ഉത്പാദനം വർദ്ധിപ്പിച്ചുകൊണ്ട് നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. നമുക്ക് ഹെൽത്ത് കാർഡ് ഉള്ളതുപോലെ ഇതാ, ഭൂമിക്കുവേണ്ടി 'സോയിൽ ഹെൽത്ത് കാർഡ്' നമുക്ക് അസുഖം വരുമ്പോൾ നമ്മൾ ലാബറട്ടറിയിൽ പോയി ടെസ്റ്റുചെയ്യുന്നു. മനുഷ്യരെപ്പോലെതന്നെയാണ് നമ്മുടെ ഭാരതമാതാവും, ഭൂമിമാതാവും. അതുകൊണ്ട് നമ്മുടെ ഭൂമിയെ സംരക്ഷിക്കുക. മാത്രമല്ല, അതിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനെക്കുറിച്ച് നമ്മൾ ചിന്തിക്കുന്നു. അതുകൊണ്ട് ഭൂമി ഏറ്റെടുക്കുക മാത്രമല്ല, ഭൂമിയെ ഫലഭൂയിഷഠമാക്കേണ്ടതും നമ്മുടെ കർത്തവ്യമാണ്. അതിലേക്കാണ് 'സോയിൽ ഹെൽത്ത് കാർഡ്' എന്ന ആശയം മുന്നോട്ടുവച്ചത്.

എല്ലാ കർഷകർക്കും ഇതിന്റെ ലാഭം ലഭിക്കുന്നതാണ്. താങ്കൾ വളത്തിനായി വെറുതെ കളയുന്ന പൈസ ഇതുവഴി ലാഭിക്കാം; നിങ്ങളുടെ വിളവും വർദ്ധിക്കും. നിങ്ങളുടെ വിളവിന്റെ മൊത്തവരുമാനവും ലഭിക്കും. ഇതിനുവേണ്ടി നല്ലൊരു കമ്പോളവും ആവശ്യമാണ്. അതിനും വിൽപ്പനനിയമങ്ങളും കർഷകരെ ചൂഷണംചെയ്യാതിരിക്കാനുള്ള കരുതൽ നടപടികളെപറ്റിയും ഞങ്ങൾ ചിന്തിച്ചുവരുന്നു. അധികം വൈകാതെ തന്നെ നിങ്ങൾക്കിത് നേരിട്ട് കാണാൻ സാധിക്കും. ഞാൻ ഓർക്കുന്നു, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഈ മേഖലയിൽ ഞാൻ ഒരുപാട് നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഗുജറാത്തിലെ കർഷകരുടെ നില വളരെ പരിതാപകരമായിരുന്നു. കാർഷികാവശ്യത്തിനായി ജലക്ഷാമം നേരിട്ടപ്പോൾ അതിൽ ശ്രദ്ധയൂന്നി നടത്തിയ നടപടികൾ വലയി മാറ്റത്തിന് കളമൊരുക്കി. ഗുജറാത്തിന്റെ വികസനത്തിന് കർഷകർ വലിയൊരു പങ്കുവഹിച്ചു. ആർക്കും ഊഹിക്കാൻപോലും സാധിക്കാത്തവിധത്തിൽ. ഗ്രാമങ്ങളൊക്കെയും തരിശാകുമായിരുന്നു. പക്ഷേ, മാറ്റം സംഭവിച്ചു. അതുപോലെ, നമ്മുടെ ദേശത്തിനാകമാനം കർഷകർ സന്തോഷത്തോടെ ജീവിക്കുന്നതിനടക്കം ഒരു പരിവർത്തനം കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു.

പ്രിയപ്പെട്ട കർഷകരേ, എനിക്ക് നിങ്ങളോട് സംസാരിക്കാൻ ഒരവസരം ലഭിച്ചു. പക്ഷേ, ഈയിടയ്ക്ക് ഈ പ്രമേയത്തെ ആധാരമാക്കിയുള്ള ചർച്ചകൾ ഒരുപാട് നടന്നതുകാരണം നിങ്ങളോട് ഏറെ സമയം ഞാൻ ഇതിനുവേണ്ടിയെടുത്തു. പക്ഷേ, കർഷകമിത്രങ്ങളേ, ഇനിയെങ്കിലും മറ്റു വിഷയങ്ങളെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം. പക്ഷേ, നിങ്ങൾക്ക് ഒരു കാര്യം ഉറപ്പുതരാൻ എനിക്ക് സാധിക്കും. നിങ്ങൾ നിർദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ. സർക്കാരിന്റെ അധികാരങ്ങളെല്ലാം അതിനായി വിനിയോഗിക്കാം. നിങ്ങൾ നിങ്ങൾ മനസ്സ് തുറന്ന് എനിക്ക് എഴുതി. അത് വളരെ നന്നായി. എനിക്ക് മനസ്സിലായി, നിങ്ങൾ എന്നിൽ വിശ്വാസം അർപ്പിക്കുന്നതുകൊണ്ടാണല്ലോ ഇത്തരത്തിൽ എനിക്ക് എഴുതിയത്. നിങ്ങളുടെ വിശ്വാസം ഒരിക്കലും തകർക്കില്ലെന്ന് ഞാൻ ഉറപ്പു നൽകുന്നു. ഇതിനായി നിങ്ങളുടെ അനുഗ്രഹാശ്ശിസുകൾ എന്നിലുണ്ടാകണം. കർഷകർ ജഗത് പിതാക്കളാണ്. അവർ മറ്റുള്ളവരുടെ തിന്മ ആഗ്രഹിക്കുന്നില്ല. അവർ തങ്ങളുടെ നഷ്ടങ്ങൾക്കിടയിലും ദേശത്തിന്റെ നന്മയേ ആഗ്രഹിക്കാറുള്ളൂ. ഇത് നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. അങ്ങനെയുള്ള കർഷകർക്ക് നഷ്ടം സംഭവിക്കാതിരിയ്‌ക്കേണ്ടതിന്റെ ഉത്തരവാദിത്വം സർക്കാരിന്റെതാണ്. ഈയൊരുറപ്പ് നിങ്ങൾക്ക് തരാൻ എനിക്ക് സാധിക്കും. എന്റെ മനസ്സിന്റെ ചിന്തകൾ കേട്ടുകഴിയുമ്പോൾ നിങ്ങളിൽ ധാരാളം ആശയങ്ങൾ ഉടലെടുത്തേക്കാം. നിങ്ങൾ തീർച്ചയായും ആകാശവാണിയുടെ വിലാസത്തിൽ എനിക്ക് കത്തുകൾ അയയ്ക്കുക. ഇനി എന്നെങ്കിലും നമുക്ക് വീണ്ടും ചർച്ചയിലേർപ്പെടാം. നിങ്ങളുടെ കത്തുകൾ നോക്കട്ടെ. നമ്മുടെ സർക്കാർ നടപടികളിൽ എന്തെങ്കിലും പാകപ്പിഴകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കാം. നമ്മുടെ നടപടിക്രമങ്ങളിൽ വേഗത വരുത്തേണ്ടത് ആവശ്യമെങ്കിൽ അതുമാകാം. ആർക്കെങ്കിലും എതിരെ അന്യായം നടക്കുകയാണെങ്കിൽ അവർക്ക് എല്ലാവിധത്തിലുമുള്ള പരിരക്ഷയും ചെയ്യുന്നതായിരിക്കും. ഈ പുണ്യമുഹൂർത്തത്തിൽ ഞാനേവർക്കും ഒരുപാട് ആശംസകൾ നേരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP