Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാ മത സ്ഥാപനങ്ങളെയും ഒരുപോലെ വിമർശിക്കുവാൻ മലയാളത്തിലെ മറ്റു ഏത് പത്രത്തിനു കഴിയുന്നുണ്ട് ?

എല്ലാ മത സ്ഥാപനങ്ങളെയും ഒരുപോലെ വിമർശിക്കുവാൻ മലയാളത്തിലെ മറ്റു ഏത് പത്രത്തിനു കഴിയുന്നുണ്ട് ?

വിൽസൺ കരിമ്പന്നൂർ

ലയാള ഭാഷയിലിറങ്ങുന്ന മിക്കവാറും ഓൺലൈൻ പോർട്ടലുകൾ വായിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്നാൽ അവയൊന്നിനോടും തോന്നാത്ത ഒരു അടുപ്പം എനിക്ക് മറുനാടൻ മലയാളി എന്ന ഓൺലൈൻ പോർട്ടലിനോട് ഉണ്ടായി എന്ന് പറഞ്ഞാൽ അതിൽ ഒട്ടും കള്ളമില്ല. അതുകാരണം ഞാൻ എന്റെ പല സുഹൃത്തുക്കൾക്കും ഈ പോർട്ടലിന്റെ ലിങ്ക് അയച്ചു കൊടുത്തിട്ടു, ഇത് നിർബന്ധമായി വായിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ന് അവർ എല്ലാരും മറുനാടൻ മലയാളിയുടെ സ്ഥിരം വായനക്കാരാണ്.

അതും കൂടാതെ ഫേസ് ബുക്കിൽ 'പത്രം' എന്ന പേരിൽ ഒരു ഗ്രൂപ്പ് ആരംഭിച്ച്, 'മറുനാടൻ മലയാളി' യെ പ്രൊമോട്ട് ചെയ്യുവാൻ തുടങ്ങി (ഇപ്പോൾ അല്ല കുറെ നാളുകൾക്കു മുമ്പ്. ഇപ്പോഴും ആ ഗ്രുപ്പ് ഉണ്ട്.). ഞാൻ ജീവിതത്തിൽ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ഒരു ടീമിന്റെ ഒരു പ്രസ്ഥാനത്തിനു വേണ്ടി ഇത്രയധികം താല്പര്യം എന്തിനു എടുത്തു എന്ന ന്യായമായ ചോദ്യത്തിന്റെ ഉത്തരം കുറിക്കട്ടെ.

'കക്ഷിരാഷ്ട്രീയ ജാതിമത വർഗ്ഗ,വർഗ്ഗീയ താല്പര്യത്തിനു അതീതമായ ഒരു പത്രം എന്നൊരു ചിന്ത ബോധധാരയിൽ ഉടലെടുത്തതുകൊണ്ട് മാത്രമായിരുന്നു അത്. കുറെ നാളായി അങ്ങനെയൊരു സ്വപ്നം താലോലിക്കുന്നുണ്ടായിരുന്നു, കക്ഷിരാഷ്ട്രീയ ജാതിമത വർഗ്ഗ വർഗ്ഗീയതാല്പര്യത്തിനു അതീതമായൊരു പത്രം.

ആ ആഗ്രഹത്തിനോട് നീതി പുലർത്തുന്ന ഒരു പത്രമെന്ന നിലയിലാണ്, മറുനാടൻ മലയാളി എന്ന ഓൺലൈൻ പോർട്ടിലിനെ കണ്ടത്. അതിനാലാണ് ആ പ്രസ്ഥാനത്തെ വളർത്തുവാൻ യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ പ്രവർത്തിച്ചത്. അതിന്റെ ക്രെഡിറ്റ് എടുക്കുവാൻ ഒരിക്കലും ആ സ്ഥാപനത്തിനോട് ബന്ധപ്പെട്ടിട്ടുമില്ല.

ഞാനും സുഹൃത്തുക്കളും 'മറുനാടൻ മലയാളി'യുടെ നിഷ്പക്ഷ നിലപാടുകളെ ശ്ലാഘിച്ചു എപ്പോഴും സംസാരിക്കാറുണ്ട്. ഹിന്ദുക്കളും മുസ്‌ളീമുകളും ക്രിസ്താനികളും അടങ്ങിയ ഞങ്ങളുടെ സംഘത്തിനു ഒരിക്കൽ പോലും അവിടെയൊരു വർഗ്ഗീയ നിലപാട് കാണുവാൻ സാധിച്ചിട്ടില്ല. ഇപ്പോൾ ഇങ്ങനെയൊരു ആരോപണം വന്നപ്പോൾ സത്യത്തിൽ അതിശയം, ഉണ്ടായി. 'ക്ഷീരമുള്ള ഒരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം' എന്ന ചൊല്ല് മലയാളിയുടെ സ്ഥായിഭാവമാണ് എന്ന് തോന്നിപ്പോകും പലപ്പോഴും നമ്മുടെ പല നിലപാടുകളും കാണുമ്പോൾ. എല്ലാ മത സ്ഥാപനങ്ങളെയും ഒരുപോലെ വിമർശിക്കുവാൻ മലയാളത്തിലെ മറ്റു ഏത് പത്രത്തിനു കഴിയുന്നുണ്ട് ? എന്നാൽ മറുനാടൻ മലയാളിക്ക് അതിനു കഴിഞ്ഞിട്ടുണ്ട് എന്ന് പറയുവാൻ സാധിക്കും . അതിനു തെളിവായി എത്ര ഉദ്ദാഹരണങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാട്ടുവാൻ കഴിയും.

നാം ഉൾക്കൊള്ളുന്ന പ്രസ്ഥാനത്തിന് ഗുണകരമല്ലത്തതോ, എതിരായിട്ടുള്ളതോ ആയ വാർത്തകൾ വായിക്കുമ്പോൾ ഒരു നീരസം മനസിൽ ഉടലെടുക്കുന്നുവെങ്കിൽ ഓർക്കുക, നാം ആ പ്രസ്ഥാനത്തിന്റെ അടിമയായിരിക്കുന്നുവെന്നു. അതിനാണ് സങ്കുചിതത്വം എന്ന് പറയുന്നത്. ഇടുങ്ങിയ സ്വാർത്ഥചിന്തയാണ് നമ്മെ ഭരിക്കുന്നത് എന്ന് അപ്പോൾ തിരിച്ചറിയുക. അല്ലാതെ, വാർത്ത സത്യമായിരിക്കുമ്പോൾ, പത്രക്കാർ പക്ഷം പിടിക്കുന്നുവെന്നു ചിന്തിക്കുന്നുവെങ്കിൽ നാം വർഗ്ഗീയ വാദികൾ ആയിരിക്കുന്നുവെന്നു സാരം.

ഞാൻ ഒട്ടും ഇഷ്ടപ്പെടാത്ത പല നിലപാടുകളും ഈ പത്രത്തിൽ അച്ചടിച്ച് വരുന്നുണ്ട്. അതുകൊണ്ട് എനിക്ക് ഈ പത്രത്തിനോട് ഒരിക്കലും അതൃപ്തി ഉണ്ടായിട്ടില്ല. അനേകം പ്രവാസികൾക്ക് ഗുണം ലഭിക്കുന്ന ആറന്മുള വിമാനത്താവള വിഷയത്തിൽ ഈ പത്രം അതിന്റെ സ്വന്തം പേര് പോലും മറന്ന്, മറുനാടൻ മലയാളിക്ക് എതിരായ നിലപാട് ആണ് എന്നും എടുക്കുന്നത്. അതിനോട് എനിക്ക് യോജിക്കുവാൻ കഴിയുന്നില്ല എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ഞാൻ ഈ പത്രത്തിന്റെ ശത്രു ആകണമോ. ആ വിഷയത്തിലും ഞാൻ കാണാത്ത പല കാര്യങ്ങളും എനിക്ക് മനസ്സിലാക്കുവാൻ ഈ പത്രത്തിന്റെ നിലപാടുകൾ മൂലം സാധിച്ചിട്ടുണ്ട്.

ഇന്ന് 'മറുനാടൻ മലയാളി'ക്ക് വളരെയധികം എതിർപ്പും ശത്രുക്കളും ഉണ്ട്. അത് വെളിവാക്കുന്ന ഒരു സത്യം ഉണ്ട്. 'മറുനാടൻ മലയാളി' എന്ന പോർട്ടൽ അസൂയ ഉളവാക്കുന്ന വിധം വളരുന്നു. വളരെ താണ നിലയിൽ നിന്നും ഒരു പ്രസ്ഥാനം അതിവേഗം വളരുന്നത്, ഉൾക്കൊള്ളുവാൻ കഴിയാത്ത ഒരു സമൂഹമാണ് നമ്മുടേത് എന്ന് പറയേണ്ടി വരുന്നതിൽ വേദനയുണ്ടെങ്കിലും, അതൊരു നഗ്‌നസത്യമാണ്. നമ്മുടെ മുത്തശ്ശി പത്രങ്ങൾക്ക് പോലും ലഭിക്കാത്ത, അത്ര വേഗത്തിലുള്ള വളർച്ചയും അംഗീകാരവും ഇന്ന് മറുനാടൻ മലയാളിക്ക് ലഭിക്കുന്നുണ്ട്. അത് പലരേയും വിറളി പിടിപ്പിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്, അടുത്ത കാലത്ത് കുറെ പത്രപ്രവർത്തകർ ഈ സ്ഥാപനത്തിനു എതിരെ രംഗത്ത് വന്നത്.

മലയാള പത്രപ്രവർത്തകർ നമ്മുടെ അഭിമാനമായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. സ്വദേശിഭിമാനിയുടെയും കേസരിയുടെയും കാലഘട്ടം മുതൽ അടുത്ത കാലം വരെ ആ നല്ല പാരമ്പര്യം തുടരുന്നുണ്ടായിരുന്നു. ഇന്നും അനേകം നല്ല പത്രപ്രവർത്തകർ ഉണ്ട് .എന്നാൽ കുറെയധികം കള്ളനാണയങ്ങൾ ഈ രംഗത്ത് ഉണ്ട് എന്നതിനു ഒരു സംശയവും ഇല്ല

രാഷ്ട്രീയം, മതം, കോർപ്പറെറ്റുകൾ പോലെ തന്നെ അധികാര സ്ഥാപനകളിൽ ഇടപെടുവാനും സ്വന്തം കാര്യം നേടിയെടുക്കുവാനും കഴിവുള്ള ഒരു കൂട്ടരാണ് ഇന്ന് ഇന്ത്യയിൽ പത്രപ്രവർത്തകരിൽ പലരും . 2G വിവാദത്തിൽ അത് നാം നേരിട്ട് കണ്ടതാണ്. വലിയ പേരും പ്രശസ്തിയുമുള്ള പത്രസ്ഥാപനങ്ങളിലെ ചില പ്രശസ്ത പത്രപ്രവർത്തകർ റാഡിയ ടേപ്പിൽ കുരുങ്ങിയിരുന്നു. പ്രശസ്ത മദ്ധ്യാനപത്രമായ Mid Day യുടെ ക്രൈം ലേഖകനായ ജേ. ഡേയുടെ കൊലപാതകത്തിൽ ജേർണലിസ്റ്റ് ആയ ജിഗ്‌നാ വോറയുടെ പങ്കും നാം കണ്ടതല്ലേ.

അടുത്തിടെ നവിമുംബൈയിൽ പത്രപ്രവർത്തകരായ 2 വനിതകളെ പൊലീസ് അറസ്റ്റ് ചെയ്ത ഒരു സംഭവം ഉണ്ടായി. പ്രസ്തുത ജേർണലിസ്റ്റുകൾ നവിമുംബൈയിലെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിനു ശേഷം ഭക്ഷണത്തിന്റെ നിലവാരം മോശമാണ് എന്ന് അറിയിച്ചിട്ട്,അത് തങ്ങളുടെ പത്രത്തിൽ വാർത്ത ആക്കുമെന്ന് ഭീക്ഷണിപ്പെടുത്തി. ഹോട്ടൽഉടമ അവരുടെ ഭീക്ഷണിക്ക് വിധേയപ്പെടുകയും കുറെ രൂപ കൊടുത്തു, തല്ക്കാലം പ്രശ്‌നം ഒതുക്കുകയും ചെയ്തു. . എന്നാൽ ആ ജേർണലിസ്റ്റുകൾ ഇത് മുതലെടുത്ത്, പല വട്ടം പണം വാങ്ങി . ഒടുവിൽ, വലിയൊരു തുക (ഒരു ലക്ഷം) ആവശ്യപ്പെട്ട് ഭീക്ഷണി മുഴക്കി. രക്ഷയില്ലാതെ ഹോട്ടൽഉടമ പൊലീസിൽ പരാതിപ്പെടുകയും പത്രപ്രവർത്തകരുടെ അറസ്റ്റിൽ കലാശിക്കുകയും ചെയ്തു. വെറും ഒരു പ്രാദേശിക പത്രത്തിന്റെ ജേർണലിസ്റ്റുകൾ ആയ 2 വനിതകളുടെ പ്രവർത്തിയാണിത്. അപ്പോൾ പേരും പ്രശസ്തിയുമുള്ള പത്രപ്രവർത്തകർ തുനിഞ്ഞിറങ്ങിയാൽ ഏതറ്റം വരെ പോകും ?

അതിനാൽ പ്രസ് ക്ലബ് വിവാദത്തിൽ കൂടി പല പത്രപ്രവർത്തകരുടെ ശത്രു ആയി മാറിയ 'മറുനാടൻ മലയാളി' ഇനി സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഇനിയും വർഗ്ഗീയ വിഷയത്തിലേക്ക് തിരിച്ചു വരാം. കഴിഞ്ഞ കുറെ നാളുകളായി ഈ ആരോപണം മറുനാടൻ മലയാളിക്ക് എതിരായി കേരളത്തിലെ എല്ലാ മതവിഭാഗങ്ങളും ഉന്നയിച്ചു കാണുന്നുണ്ട്. സംഘികളും സുടാപ്പികളും അച്ചായന്മാരും ഒക്കെ തങ്ങൾക്കെതിരെ ആണ് ഈ പത്രമെന്ന് പഴി ചാരുന്നുണ്ട്. അതിന്റെ അർത്ഥം എന്താണ് ? ഈ പത്രം നിഷ്പക്ഷം ആണെന്നല്ലേ. തന്നേയുമല്ല, വായനക്കാര്ക്ക് അവന്റെ അഭിപ്രായം തുറന്നു പറയാനും കഴിയുന്നുണ്ട്. അതാണ് ഈ പത്രത്തിന്റെ ഏറ്റവും വലിയ നേട്ടം.

ഇത്രയും എഴുതിയതുകൊണ്ട് , മറുനാടൻ മലയാളി 100% ഉത്തമ പത്രമാണെന്ന് ഒന്നും എനിക്ക് അഭിപ്രായം ഇല്ല. ഏതൊരു കച്ചവടത്തിലും കാണിക്കുന്ന അടവുകളും മറ്റും ഇതിലും കാണുവാൻ സാധിക്കുന്നുണ്ട്. വിവാദങ്ങൾ സൃഷ്ടിച്ചു, വായനക്കാരുടെ എണ്ണം കൂട്ടുവാൻ 'മറുനാടൻ മലയാളി'യുടെ അണിയറ പ്രവർത്തകർ അതീവസമർത്ഥർ ആണെന്നു പറയാതിരിക്കാൻ കഴിയില്ല. Ad sense ലൂടെ നിലനില്ക്കുന്ന ഒരു പ്രസ്ഥാനത്തിന് ഈ കളിയൊന്നും ഇല്ലാതെ പിടിച്ചു നില്ക്കുവാൻ കഴിയില്ലയെന്നതിനാൽ അതൊക്കെ ക്ഷമിച്ചു കളയാം. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP