Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്ലേമ് എ ബ്ലാക്ക് മാൻ സിൻഡ്രോം: ബോസ്റ്റൺ ഏരിയ മർഡർ കേസും സിനിമാ നടിയെ തട്ടിക്കൊണ്ടു പോയ സംഭവവും: ഒരു അഭിഭാഷകന്റെ കുറിപ്പ്...

ബ്ലേമ് എ ബ്ലാക്ക് മാൻ സിൻഡ്രോം: ബോസ്റ്റൺ ഏരിയ മർഡർ കേസും സിനിമാ നടിയെ തട്ടിക്കൊണ്ടു പോയ സംഭവവും: ഒരു അഭിഭാഷകന്റെ കുറിപ്പ്...

മേരിക്കൻ നിയമ വൃത്തങ്ങളിൽ വളരെ പ്രശസ്തമായൊരു പ്രയോഗമാണ് 'ബ്ലേമ് എ ബ്ലാക്ക് മാൻ സിൻഡ്രോം' (Blame a Black Man Syndrome). ഈ ഗണത്തിൽപ്പെടുന്ന ശ്രദ്ധേയമായ ആദ്യത്തെ കേസ് 1989ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 'ബോസ്റ്റൺ ഏരിയ മർഡർ' ആണ്. 1989 ഒക്ടോബർ 23ന് മസാച്യുസെറ്റ്‌സിലെ ബ്രിഗാം വനിതാ ഹോസ്പിറ്റലിൽ നിന്ന് ഗർഭകാല ശുശ്രൂഷകളെ പറ്റിയുള്ള ക്ലാസ് അറ്റൻഡ് ചെയ്ത ശേഷം മടങ്ങി വരികയായിരുന്ന ചാൾസ് സ്റ്റുവർട്ടും അയാളുടെ ഏഴു മാസം ഗർഭിണിയായ ഭാര്യ കരോളും റോക്‌സ്ബറിക്കും മിഷൻ ഹില്ലിനും ഇടയിൽ വച്ച് ആയുധധാരിയായ ഒരു അജ്ഞാതനാൽ ആക്രമിക്കപ്പെട്ടു എന്നതായിരുന്നു കേസ്. ഒരു സ്വകാര്യ കമ്പനിയിൽ ജനറൽ മാനേജർ ആയി ജോലി ചെയ്തിരുന്ന ചാൾസും ഒരു ടാക്‌സ് അറ്റോർണിയായി പ്രാക്ടീസ് ചെയ്തിരുന്ന കരോളും സഞ്ചരിച്ചിരുന്ന കാർ റോക്‌സ്ബറിക്കടുത്ത് വച്ച് 'ആജാനുബാഹുവായ' 'പരുക്കൻ ശബ്ദമുള്ള' 'തോക്കേന്തിയ' ഒരു 'കറുത്ത മനുഷ്യൻ' തടഞ്ഞു നിർത്തി അകത്ത് കടക്കുകയും വാഹനം മിഷൻ ഹിൽ പരിസരത്തേക്ക് ഓടിച്ചു കൊണ്ടു പോകാൻ ചാൾസിനെ ഭീഷണിപ്പെടുത്തുകയും ആയിരുന്നത്രേ.

വഴിമധ്യേ ദമ്പതികളെ കൊള്ളയടിക്കാൻ ശ്രമിച്ച 'കറുത്ത അജ്ഞാതൻ' അത് തടയാൻ ശ്രമിച്ച കരോളിന്റെ തലയിലും ചാൾസിന്റെ വയറ്റിലും വെടി വച്ച ശേഷം കൈക്കലാക്കിയ സ്വർണ്ണവും പണവുമായി വാഹനത്തിൽ നിന്നിറങ്ങി ഓടി. ഗുരുതരമായി മുറിവേറ്റിരുന്ന ചാൾസ് തന്നെയാണ് പൊലീസിൽ വിളിച്ച് വിവരമറിയിക്കുന്നത്. അടിയന്തിരമായി ഹോസ്പിറ്റലിൽ എത്തിച്ച ദമ്പതികളെ ഉടനടി ശസ്ത്രക്രിയകൾക്ക് വിധേയരാക്കിയെങ്കിലും കരോളിനെ രക്ഷിക്കാൻ ഡോക്ടർമാർക്ക് സാധിക്കാതെ വന്നു. മരണത്തിന് തൊട്ടു മുൻപായി സിസേറിയനിലൂടെ അവളുടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും പൂർണ്ണ വളർച്ചയെത്തിയിരുന്നില്ലാത്ത ആ കുഞ്ഞിനും അധിക നാൾ ആയുസ്സുണ്ടായില്ല. ഇന്റെൻസീവ് കെയർ യൂണിറ്റിനുള്ളിൽ വച്ച് തന്നെ മാമോദീസ മുക്കുകയും കരോളിന്റെയും ചാൾസിന്റെയും മുൻ നിശ്ചയ പ്രകാരം ക്രിസ്റ്റഫർ എന്ന് പേരിടുകയും ചെയ്ത കുട്ടി പതിനേഴാം ദിവസം മരണത്തിന് കീഴടങ്ങി. ആറാഴ്ചക്കിടയിൽ രണ്ടു ശാസ്ത്രക്രിയകൾ വേണ്ടി വന്ന ചാൾസ് മാത്രമാണ് ആ സംഭവത്തെ അതിജീവിച്ചത്. ബോസ്റ്റണിലെ ആഫ്രോ അമേരിക്കൻ ജനതക്കെതിരായി ഒരു ഘട്ടത്തിൽ വംശീയ പ്രതിഷേധങ്ങൾക്ക് പോലും വഴിവച്ച കേസിൽ രണ്ടു മാസത്തിനകം ചാൾസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വില്ലി ബെന്നറ്റ് എന്നൊരു പരുക്കൻ ശബ്ദമുള്ള കറുത്ത മനുഷ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 28ന് നടത്തിയൊരു തിരിച്ചറിയൽ പരേഡിനിടെ ബെന്നറ്റ് തന്നെയാണ് അക്രമിയെന്ന് ചാൾസ് സ്ഥിരീകരിച്ചു.

എന്നാൽ ഒരൊറ്റ ആഴ്ചക്കുള്ളിൽ കാര്യങ്ങളെല്ലാം മാറി മറിയുകയായിരുന്നു. ജനുവരി 3ന് അമേരിക്കയെ ഞെട്ടിച്ചു കൊണ്ട് യഥാർത്ഥത്തിൽ കരോളിനെ കൊലപ്പെടുത്തിയത് ചാൾസ് തന്നെയാണെന്നും, ആ കൃത്യത്തിൽ താനും സഹായിയായിരുന്നെന്നും, ചാൾസിന്റെ സഹോദരനായ മാത്യു സ്റ്റുവർട്ട് വെളിപ്പെടുത്തി. തന്റെ സാമ്പത്തിക ഭദ്രതയെ പറ്റി ഒട്ടും തൃപ്തനല്ലായിരുന്ന ചാൾസ് അതോടൊപ്പം ഒരു കുഞ്ഞിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കാൻ തീരെ താല്പര്യപ്പെട്ടിരുന്നില്ല. ഗർഭിണിയായ കരോളിന് കുറേ കാലത്തേക്കിനി ജോലി ചെയ്യാനോ സമ്പാദിക്കാനോ സാധിക്കില്ല എന്നത് അയാളെ കൂടുതൽ അസ്വസ്ഥനാക്കിയിരുന്നു. അക്കാലത്ത് തന്നെ തന്നോടൊപ്പം ജോലി ചെയ്തിരുന്ന ഡിബോറ അലൻ എന്ന സ്ത്രീയുമായി ചാൾസ് പ്രണയത്തിലുമായിരുന്നു. ഏറ്റവും പ്രധാനമായി കരോളിന്റെ പേരിലുണ്ടായിരുന്ന ഒരു ലക്ഷം ഡോളറിന്റെ ലൈഫ് ഇൻഷുറൻസ് പോളിസി അയാളിലെ ക്രിമിനലിനെ വല്ലാതെ പ്രലോഭിപ്പിച്ചിരുന്നു. അങ്ങനെയാണ് തന്റെ എല്ലാ പ്രശ്‌നങ്ങളും തീർത്തു സമ്പന്നമായൊരു പുതിയ ജീവിതം ആരംഭിക്കാനുള്ള മാർഗ്ഗം കരോളിനെ ഒരു അപകടത്തിന്റെ മറവിൽ ഇല്ലാതാക്കുകയാണ് എന്നയാൾ ഉറപ്പിക്കുന്നത്. അതിനായി തന്റെ സഹായം ചാൾസ് തേടിയെന്നും, കൃത്യം നടന്ന രാത്രി സംഭവ സ്ഥലത്തും താനും ഉണ്ടായിരുന്നെന്നും, കരോളിനെ വെടി വച്ച ശേഷം അജ്ഞാതന്റെ ആക്രമണ കഥ കൂടുതൽ വിശ്വാസയോഗ്യമാക്കാൻ ചാൾസ് തന്നെയാണ് സ്വന്തം വയറ്റിലേക്ക് വെടിയുതിർത്തതെന്നും, തുടർന്ന് കരോളിന്റെ ആഭരണങ്ങളും ബാഗും ചാൾസിന്റെ തോക്കുമെല്ലാം കൊണ്ടു പോയി പൈൻ നദിയിലേക്ക് എറിഞ്ഞു കളഞ്ഞത് താനാണെന്നും മാത്യു അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഏറ്റു പറഞ്ഞു.

തങ്ങളുടെ നിരീക്ഷണത്തിലായിരുന്ന ചാൾസ് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം ആദ്യം ചെയ്തത് കരോളിന്റെ ഇൻഷുറൻസ് തുക മുഴുവനായും മേടിച്ചെടുക്കുകയും അതിൽ നിന്ന് 16000 ഡോളർ പണമായി കൊടുത്ത് ഒരു നിസ്സാൻ മാക്‌സിമ കാർ വാങ്ങുകയും ആണെന്ന് മനസിലാക്കിയിരുന്ന പൊലീസിന് ആ മൊഴി വിശ്വസിക്കാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മാത്യുവിന്റെ വെളിപ്പെടുത്തൽ വന്ന് മണിക്കൂറുകൾക്കകം അപ്രത്യക്ഷനായ ചാൾസിന്റെ പുതിയ കാർ പിറ്റേ ദിവസം ചെൽസിയയിലെ ടോബിൻ പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. അതിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ 'പുതിയ ആരോപണങ്ങൾ തന്റെ ശക്തിയെല്ലാം ചോർത്തി കളഞ്ഞിരിക്കുന്നു' എന്നായിരുന്നു ചാൾസിന്റെ കൈപ്പടയിൽ എഴുതിയിരുന്നത്. തൊട്ടടുത്ത ദിവസമായ ജനുവരി 5ന് മിസ്റ്റിക് നദിയിൽ നിന്ന് ചാൾസ് സ്റ്റുവർട്ടിന്റെ മൃതശരീരം കണ്ടെടുത്തു. തുടരന്വേഷണത്തിൽ കേസിൽ നിന്ന് വില്ലി ബെന്നറ്റ് ഒഴിവാക്കപ്പെടുകയും കൂട്ടു പ്രതിയായ മാത്യു സ്റ്റുവർട്ട് ശിക്ഷിക്കപ്പെടുകയും ചെയ്തു. അങ്ങനെയാണ് പ്രമാദമായ ബോസ്റ്റൺ ഏരിയ മർഡർ കേസ് അവസാനിക്കുന്നത്.

ബോസ്റ്റൺ മർഡറിന് ശേഷം ഇതു വരെ ഈ ശ്രേണിയിൽപ്പെടുന്ന നൂറു കണക്കിന് കേസുകളാണ് അമേരിക്കയിൽ മാത്രം റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് രണ്ടു ദിവസം മുമ്പാണ് വായിച്ചത്. കഴിഞ്ഞ വർഷം സൗത്ത് കരോളിനയിലെ സ്‌കൂളിൽ നിന്ന് ചാടി പോയ രണ്ടു കുട്ടികൾ തങ്ങളെയൊരു കറുത്ത മനുഷ്യൻ തട്ടി കൊണ്ടു പോവുകയായിരുന്നു എന്നാരോപിച്ചതാണ് ഇത്തരത്തിൽ വാർത്തയായ അവസാന സംഭവം. അമേരിക്കൻ സ്‌കൂളുകളിലെ സുരക്ഷിതത്വതത്തെ പറ്റി വലിയ ചർച്ചയുണർത്തിയ സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണവും നടക്കുകയുണ്ടായി. ഒടുവിൽ കണ്ടെത്തിയത് ഊഹിക്കാമല്ലോ. അങ്ങനെയൊരു തട്ടിക്കൊണ്ട് പോവലും ഉണ്ടായിരുന്നില്ല, അങ്ങനെയൊരു കറുത്ത മനുഷ്യനും ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഇത്തരം കേസുകളിൽ പതിവായി കറുത്ത മനുഷ്യർ തന്നെ സാങ്കൽപ്പിക പ്രതികളാവുന്നത് എന്ന കാര്യം പഠനത്തിന് വിധേയമാക്കിയ ക്രിമിനോളജിസ്റ്റുകളാണ് അതിന് പിന്നിൽ പ്രവർത്തിക്കുന്ന മനഃശാസ്ത്രത്തിന് 'ബ്ലേമ് എ ബ്ലാക്ക് മാൻ സിൻഡ്രോം' എന്ന് പേരിടുന്നത്. അമേരിക്കയിലെ വെളുത്തവർക്കിടയിൽ പ്രബലമായ കറുത്തവരോടുള്ള വംശീയ വിദ്വേഷവുമായി അതിന് അടുത്ത ബന്ധമുണ്ടത്രേ. ആ വംശീയ വിദ്വേഷത്തിന്റെ ഉല്പന്നമായി കറുത്തവർ അപകടകാരികളും, അക്രമികളും, എന്തും ചെയ്യാൻ മടിയില്ലാത്തവരും ആണെന്നൊരു ബോധം അവരുടെ മനസ്സുകളിൽ പതിഞ്ഞു കിടക്കുന്നുണ്ട്. ആ മനോഭാവമാണ് കുറ്റം ആരോപിക്കപ്പെടുന്നത് ഒരു കറുത്ത വർഗ്ഗക്കാരനെതിരെ ആവുമ്പോൾ തെളിവുകളുടെ അഭാവത്തിൽ പോലും അത് വിശ്വസിക്കാൻ അവരെ സന്നദ്ധരാക്കുന്നത്. ഈ മനോഭാവത്തിന്റെ കൺകെട്ട് സാധ്യത തിരിച്ചറിയുന്ന കുറ്റവാളികൾക്ക് അതിനാൽ സ്വന്തം തെറ്റിനെ മറച്ചു പിടിക്കാൻ ഒരു സാങ്കൽപ്പിക കറുമ്പൻ അക്രമിയെ സൃഷ്ടിച്ചാൽ മാത്രം മതിയെന്നാവുന്നു. ചാൾസ് സ്റ്റുവർട്ടിന്റെ ആജാനുബാഹുവായ പരുക്കൻ ശബ്ദമുള്ള കറുത്ത കൊലയാളി മുതൽ സൗത്ത് കരോളിനയിലെ കറുത്ത കുട്ടികളെപ്പിടുത്തക്കാരൻ വരെയുള്ള സാങ്കൽപ്പിക പ്രതികൾ സൃഷ്ടിക്കപ്പെടുന്നത് അങ്ങനെയാണ്.

ബ്ലേമ് എ ബ്ലാക്ക് സ്ട്രാറ്റജിയിൽ നിന്ന് വംശീയതയുടെ ഘടകത്തെ മാറ്റി നിർത്തിയാലത് ലോകത്തെവിടെയുമുള്ള കുറ്റവാളിക്കും സ്വയം പ്രതിരോധത്തിന്റെ കൺകെട്ട് സാധ്യത തുറന്നു കൊടുക്കുന്നൊരു കൗശലമാണെന്ന് കാണാവുന്നതാണ്. എന്തെന്നാൽ ഏതൊരു കുറ്റകൃത്യത്തിലേയും യഥാർത്ഥ പ്രതിക്ക് സമൂഹത്തിന്റെ കാഴ്ചവെട്ടത്ത് നിന്നും മറഞ്ഞു നിൽക്കാനുള്ള എളുപ്പ മാർഗ്ഗം ആ സമൂഹം കുറ്റവാളിയെന്ന് വിശ്വസിക്കാൻ ഒരുക്കമായിരിക്കുകയും ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള സാങ്കൽപ്പിക പ്രതികളെ സൃഷ്ടിച്ച് അവർക്ക് വിട്ടു നൽകുക തന്നെയാണ്. കാലങ്ങളായുള്ള തങ്ങളുടെ മുൻവിധികളെല്ലാം ഒടുവിൽ തെളിയിക്കപ്പെട്ടതിന്റെ ആവേശത്തിൽ ആൾക്കൂട്ടം സാങ്കൽപ്പിക പ്രതിയെ ഭർത്സിച്ച് ആത്മരതിയടയുമ്പോൾ, യഥാർത്ഥ പ്രതിക്ക് ആ ബഹളങ്ങളിൽ നിന്നെല്ലാം വളരെയകലത്തിൽ സുരക്ഷിതനായി മറഞ്ഞിരിക്കാം. 2001 മുതലുള്ള ഏതാനും വർഷങ്ങളിൽ 'കാലാ ബന്ദർ' എന്നൊരു കരിങ്കുരങ്ങ് മനുഷ്യൻ ഡൽഹിയിൽ കറങ്ങി നടപ്പുണ്ട് എന്ന ജനങ്ങളുടെ ഭീതിയെ അവിടുത്തെ സ്ഥിരം ക്രിമിനലുകൾ പോലും എങ്ങനെയാണ് തങ്ങൾക്കനുകൂലമായി ഉപയോഗപെടുത്തിയത് എന്ന് നമ്മൾ കണ്ടതാണ്. കേരളത്തിൽ കഴിഞ്ഞ ദിവസം പബ്ലിക് റോഡിൽ വച്ച് നടി ക്രൂരമായി ആക്രമിക്കപ്പെട്ട വിഷയത്തിലും ഇങ്ങനെ സാങ്കൽപ്പിക പ്രതികളെ സമൂഹത്തിന് സൃഷ്ടിച്ചു നൽകി, അവർക്ക് പിന്നാലെ ആൾക്കൂട്ടം പായുന്നത് കണ്ടാഹ്ലാദത്തോടെ മറഞ്ഞിരിക്കുന്ന ഒരു യഥാർത്ഥ പ്രതിയുണ്ട്.

ആ പ്രതിയുടെ പേര് സംസ്ഥാന ആഭ്യന്തര വകുപ്പ് എന്നാണ്. എന്തെന്നാൽ, ഇതൊരു സിനിമാ നടിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ മാത്രം വിഷയമല്ല. സംസ്ഥാനത്ത് നിരന്തരമായി ആവർത്തിക്കപ്പെടുന്ന ക്രമസമാധാന തകർച്ചയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം തന്നെയാണ്. ഈ സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷമുള്ള 9 മാസങ്ങളിൽ മാത്രം പതിനഞ്ചോളം രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ അരങ്ങേറിയിരിക്കുന്നത്. ആരുടേയും മരണത്തിൽ കലാശിക്കാത്ത അക്രമ സംഭവങ്ങളുടെ എണ്ണമെത്രയെന്നറിയില്ല. ഇവിടെ പട്ടാപകൽ ബന്ധുജനങ്ങളുടെ മുന്നിലിട്ട് ആളുകൾ വെട്ടിയരിയപ്പെടുന്നു. വീടിന് തീവച്ച് സ്ത്രീകളെയടക്കം ചുട്ടു കൊല്ലുന്നു. ഉന്നത ബന്ധങ്ങളുടെ സുരക്ഷിതത്വത്തിൽ കൊട്ടേഷൻ സംഘങ്ങളും കുപ്രസിദ്ധ ഗുണ്ടകളും നിർഭയരായി വിഹരിക്കുന്നു. ഇതിന്റെയൊക്കെ തുടർച്ചയിൽ തന്നെയാണ് നടിക്കെതിരായുണ്ടായ ആക്രമണത്തെയും കാണേണ്ടത്. അങ്ങനെ കാണാൻ ജനങ്ങൾക്ക് സാധിച്ചാലന്ന് അവരുടെ വിരലുകൾ ചൂണ്ടപ്പെടുന്നത് ആഭ്യന്തര വകുപ്പ് കൂടി കയ്യാളുന്ന ഇരട്ട ചങ്കുങ്കൾക്ക് നേരെ തന്നെയാവുമെന്ന തിരിച്ചറിവാണ് മലയാളിയുടെ മനഃസ്ഥിതിയെ തൃപ്തിപെടുത്താൻ ഉതകുന്ന തരം സാങ്കൽപ്പിക പ്രതികളെ സൃഷ്ടിച്ചു വിടാൻ സർക്കാർ ഏജൻസികളെ പ്രേരിപ്പിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം തന്നെ 'അവർ തമ്മിലുള്ള ബന്ധം നമുക്കറിയില്ല' എന്നായിരുന്നുവെന്നത് ശ്രദ്ധേയമാണ്. അതേ തുടർന്നാണ് സർക്കാരിനെ നയിക്കുന്ന പാർട്ടിയുടെ സ്വന്തം ചാനൽ തന്നെ ഇരയും ആക്രമിയും തമ്മിലുണ്ടായിരുന്ന ദുരൂഹ ബന്ധത്തെ പറ്റി റിപ്പോർട് ചെയ്യുന്നത്. അത്തരം വിക്ടിം ബ്ലേമിങ് ഒന്നും യാദൃശ്ചികമായോ അവധാനത കുറവ് മൂലമോ സംഭവിക്കുന്നതല്ല. ഇതൊരു ക്രമസമാധാന പ്രശ്‌നമല്ലെന്നും രണ്ടു പേർ തമ്മിലുള്ള വ്യക്തിപരമായ വിഷയം മാത്രമാണെന്നും വരുത്താനുള്ള ബോധപൂർവമായ ശ്രമമാണത്. ആ ഉദ്യമം ദയനീയമായി പരാജയപ്പെടുന്നതോടെയാണ് ബ്ലേമ് എ ബ്ലാക്ക് മാൻ സ്ട്രാറ്റജിയൊക്കെ കളത്തിലിറങ്ങുന്നത്. അമേരിക്കയിലെ ബ്ലാക്ക് മാൻ കറുത്ത വർഗ്ഗക്കാരനാണെങ്കിൽ കേരളത്തിലത് സിനിമാക്കാരനാണ് എന്നേയുള്ളൂ.

സിനിമ മറ്റൊരു ലോകമാണെന്നും, അവിടെ ശരിയല്ലാത്തത് പലതും സംഭവിക്കുന്നുണ്ടെന്നും, സിനിമാക്കാരൊക്കെ കാശിന്റെ ഹുങ്കിൽ എന്തും ചെയ്യുന്നവരാണെന്നുമൊക്കെ നമ്മുടെയെല്ലാം മനസ്സിൽ പതിഞ്ഞു കിടക്കുന്നൊരു ബോധമാണ്. അതു കൊണ്ട് തന്നെ എന്ത് ആരോപണവും സിനിമാക്കാർക്ക് എതിരെയാവുമ്പോൾ തെളിവിന്റെ അഭാവത്തിലും 'അവിടെ അതും നടക്കും, അതിലപ്പുറവും നടക്കും' എന്ന ന്യായത്തിലത് വിശ്വസിക്കാൻ നമ്മൾ ഒരുക്കവുമാണ്. അന്വേഷണം പ്രമുഖ നടനിലേക്കോ പ്രമുഖ സംവിധായകനിലേക്കോ പ്രമുഖ നിർമ്മാതാവിലേക്കോ പ്രമുഖ യുവ നടനിലേക്കോ നീളുന്നു എന്നൊരു തലക്കെട്ട് കൊണ്ട് തന്നെ നമ്മൾ തൃപ്തരാവുകയും, സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ ഗൗരവുമുള്ള വിഷയത്തെ സന്തോഷത്തോടെ മറന്നു കളയുകയും ചെയ്യും.

സെൻസേഷണലിസത്തിന്റെ ഏറ്റവും അഴുകിയ അവസ്ഥയിൽ എത്തിക്കഴിഞ്ഞിരിക്കുന്ന നമ്മുടെ മാദ്ധ്യമങ്ങൾ മാനനഷ്ട കേസിനുള്ള ഒരു പഴുതുമില്ലെന്ന് ഉറപ്പു വരുത്തി മാത്രം കൊടുക്കുന്ന വാലും തലയുമില്ലാത്ത ഗോസിപ് വാർത്തകളിൽ നിന്ന് മറഞ്ഞിരിക്കുന്ന പ്രമുഖനെ കണ്ടെത്താൻ പദപ്രശ്‌നം പൂരിപ്പിക്കുന്ന കുട്ടിയെ പോലെയാ സൂചനകൾ ഓരോന്നും സൂക്ഷ്മമായി അപഗ്രഥിച്ച് നേരം പോക്കും. അങ്ങനെ കാലങ്ങളായി സൂക്ഷിക്കുന്ന മുൻവിധികളെല്ലാം ഒടുവിൽ തെളിയിക്കപ്പെടുന്നതിന്റെ ആവേശത്തിൽ നമ്മൾ സിനിമാക്കാരെ മുഴുവൻ ഭർത്സിച്ച് ആത്മരതിയടയുമ്പോൾ, യഥാർത്ഥ പ്രതി ഒരു കരിങ്കൊടി പ്രതിഷേധത്തിന്റെ അലോസരം പോലുമില്ലാതെ നടി ആക്രമിക്കപ്പെട്ട അതേ റോഡിലൂടെ കൊടി കെട്ടിയ വാഹനത്തിൽ ചീറിപായുകയാവും.

തങ്ങളുടെ മുൻവിധികളെ മുറിയാതെ സംരക്ഷിക്കാനുള്ള ന്യായീകരണങ്ങൾ കൂടി സമൂഹം എപ്പോഴും തയ്യാറാക്കി വെക്കാറുണ്ട് എന്നതാണ് ഏറ്റവും രസകരമായ സംഗതി. അതിനാണ് ഈ ആരോപണങ്ങളെയൊക്കെ ഏറ്റുപിടിക്കുന്നതിനൊപ്പം തന്നെ 'എന്നാലും ഇതൊന്നും ഒരിക്കലും തെളിയാൻ പോകുന്നില്ല' എന്നൊരു നിഷേധം കൂടി നമ്മൾ കയ്യിൽ കരുതുന്നത്. കഥാന്ത്യം എങ്ങനെയായാലും നമ്മുടെ ധാരണകൾ തോൽപ്പിക്കപ്പെടുന്നില്ല എന്നതാണതിലെ സൗകര്യം. ആരോപണം ഒടുവിൽ തെളിയിക്കപ്പെട്ടാലും ഇല്ലെങ്കിലും 'ഞാൻ അപ്പോഴേ പറഞ്ഞില്ലേ?' എന്ന് തന്നെ നമുക്ക് ചോദിക്കാൻ പറ്റും.

കഴിഞ്ഞ ദിവസം ദിലീപിനെ അകാരണമായി വേട്ടയാടുന്നത് 'ഒരേ സംഭവത്തിൽ രണ്ട് ഇരകളെ സൃഷ്ടിക്കലാവും' എന്ന് ഞാനെഴുതിയതിനെ പറ്റി ഒരു സുഹൃത്ത് ചോദിച്ചത് 'എന്തിനാ അറിയാത്ത കാര്യത്തിൽ കേറി അഭിപ്രായം പറയുന്നത്, ഒടുക്കം അയാൾക്കിതിൽ ബന്ധമുണ്ടെന്നാണ് തെളിയുന്നതെങ്കിലോ?' എന്നായിരുന്നു. 'അയാൾക്കതിൽ ബന്ധമുണ്ടെന്നാണ് തെളിയുന്നതെങ്കിൽ അയാൾ ശിക്ഷിക്കപ്പെടും. പക്ഷെ അയാൾക്ക് ബന്ധമില്ല എന്നാണ് തെളിയുന്നതെങ്കിലോ?' എന്ന് ഞാനവനോട് തിരിച്ചും ചോദിച്ചു. ഓ. സിനിമാക്കാരനല്ലേ? എന്തായാലുമത്ര പുണ്യാളൻ ഒന്നുമായിരിക്കില്ലല്ലോ എന്ന മട്ടിലൊരു മറുപടിയാണ് കിട്ടിയത്. ഈയൊരു ബോധ്യം പേറുന്ന സമൂഹമാണിവിടെ ഭരണവർഗ്ഗത്തിന് കാര്യങ്ങൾ വളരെ എളുപ്പമാക്കിയിരിക്കുന്നത്. ആ ബോധ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ചില്ലറ പൊടിക്കയ്യുകൾ കൊണ്ടു മാത്രമവർക്ക് സ്വന്തം കടമകളെ പറ്റിയുള്ള ചോദ്യങ്ങളെ മായ്ച്ചു കളയാം.

നടിക്ക് നേരെയുണ്ടായ ആക്രമണം ഒരു ക്രമസമാധാന പ്രശ്‌നമല്ലെന്നും, പണ്ടേ പ്രശ്‌നമായ സിനിമാ മേഖലയിലെ ഒട്ടും പുതുമയില്ലാത്തൊരു ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നും ഇതിനോടകം തന്നെ നമ്മൾ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ബ്ലേമ് എ ബ്ലാക്ക് സ്ട്രാറ്റജി വിജയിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയതിൽ ഏതൊക്കെ പ്രമുഖ നടന്മാർ 'കുടുങ്ങും' എന്നത് മാത്രമാണ് നമ്മൾ കൗതുകത്തോടെ വീക്ഷിക്കുന്ന ഏക സംഗതി. ഇനിയിത് പോലൊരു സംഭവം ഇവിടെ ആവർത്തിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്നത് ചർച്ച പോലുമല്ല. രാജ്യത്തെ ഞെട്ടിച്ച 2012 ഡൽഹി ഗാങ്ങ് റേപ്പ് കേസിലെ പ്രധാന പ്രതികളെയെല്ലാം 24 മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞിരുന്നതാണ്. ഡിസംബർ 16ന് നടന്ന സംഭവത്തിലുള്ള പ്രതിഷേധം കൊടുമ്പിരി കൊള്ളുകയും ഡിസംബർ 20ന് വിദ്യാർത്ഥികൾ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ വീട് വളയുകയും ചെയ്യുമ്പോൾ കേസിലെ ജുവനൈൽ അടക്കമുള്ള നാല് പ്രതികളും ഇരുമ്പഴികൾക്കുള്ളിലായിരുന്നു. ഡിസംബർ 21ന് കേസിലെ അഞ്ചാം പ്രതിയെ കൂടി രാജസ്ഥാനിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടും, ഒരാഴ്ചക്കുള്ളിൽ ചാർജ് ഷീറ്റ് ഉണ്ടാവുമെന്ന് ഡൽഹി പൊലീസ് കമ്മീഷണർ തന്നെ നേരിട്ട് ഉറപ്പു കൊടുത്തിട്ടും, സമരത്തിൽ നിന്ന് പിന്മാറാതെയാണവർ പാർലമെന്റും രാഷ്ട്രപതി ഭവനുമൊക്കെ സ്ഥിതി ചെയ്യുന്ന റായ്‌സിനാ കുന്നുകൾ പ്രതിഷേധ സൂചകമായി പിടിച്ചെടുത്തത്. 

ഡിസംബർ 22നാണ് കൂടുതൽ പ്രതിഷേധക്കാർ റായ്‌സിനാ കുന്നുകളിലേക്ക് എത്തി ചേരുന്നത് തടയാൻ വേണ്ടി പൊലീസിന് ഡൽഹിയിലെ 7 മെട്രോ റെയിൽ സ്റ്റേഷനുകൾ അടച്ചിടേണ്ടി വന്നത്. ഡിസംബർ 24നാണ് സമരം അക്രമാസക്തമാവുന്നതും മുനിറിക്കയിലും ജന്തർ മന്തറിലുമൊക്കെ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ പൊലീസുമായി ഏറ്റുമുട്ടി അറസ്റ്റ് വരിക്കുന്നതും. തുടർന്നുള്ള ദിവസങ്ങളിലാണ് സമരം രാജ്യമൊന്നാകെ ഏറ്റെടുക്കുന്നതും, ബാംഗ്ലൂരിലും ചെന്നൈയിലും കൊൽക്കത്തയിലും ഹൈദരാബാദിലുമൊക്കെ 'നിർഭയ' പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെടുന്നതും. പ്രതിയെ പിടികൂടി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധങ്ങൾ ആയിരുന്നില്ല ഇതൊന്നും.

സ്ത്രീകൾക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ പരാജയപ്പെട്ട ഭരണകൂടത്തോടുള്ള പൗരന്റെ രോഷപ്രകടനമായിരുന്നു അവയൊക്കെയും. പൊതുവഴിയിലൂടെ സ്ത്രീകൾക്ക് നിർഭയമായി യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിന്റെ ഉത്തരവാദിത്വം സർക്കാരിനും മുഖ്യമന്ത്രിക്കും തന്നെയാണെന്ന് പറഞ്ഞു കൊണ്ട്, ക്രമസമാധാനം പരിപാലിക്കുന്നതിൽ പരാജയപ്പെട്ട ഭരണവർഗ്ഗത്തിന് അധികാരത്തിൽ തുടരാൻ യാതൊരവകാശവും ഇല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട്, ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപെടാതിരിക്കാൻ രാജ്യത്തെ നിയമ സംവിധാനത്തിൽ തന്നെ സമൂലമായ പരിവർത്തനം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുണ്ടായ സമരമായിരുന്നു അത്. ആ ആവശ്യങ്ങളുടെ ആത്മാർത്ഥതയേയും ശക്തിയേയും കണ്ടില്ലെന്ന് നടിക്കാൻ ആവാത്തതിനാലാണ് ഒടുക്കം പ്രധാനമന്ത്രി മന്മോഹൻ സിംഗിന് തന്നെ വിഷയത്തിൽ ഔദ്യോഗികമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കേണ്ടി വന്നത്. ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ പുനഃപരിശോധിക്കാൻ ജസ്റ്റിസ് വർമ്മ അധ്യക്ഷനായ ജുഡീഷ്യൽ കമ്മീഷൻ സ്ഥാപിക്കപെട്ടതും, രാജ്യത്തെ ക്രിമിനൽ നിയമങ്ങളിൽ നിർണ്ണായക ഭേദഗതികൾ വരുത്തി കൊണ്ടുള്ള 2013 ക്രിമിനൽ ലോ അമെൻഡ്‌മെന്റ് ഓർഡിനൻസ് രാഷ്ട്രപതിക്ക് പുറപ്പെടുവിക്കേണ്ടി വന്നതും ഈ പ്രതിഷേധങ്ങളുടെ ഫലമായാണ്. രാം സിങ്ങിന്റെയും കൂട്ടരുടെയും ക്രിമിനൽ ജീവിതത്തിന്റെ എക്‌സ്‌ക്ലൂസീവ് ത്രില്ലറുകൾക്ക് പുറകേയാണ് ഡൽഹി ജനത സഞ്ചരിച്ചതെങ്കിൽ ഇതൊന്നും ഒരിക്കലും സംഭവിക്കുമായിരുന്നില്ല.

ഡൽഹി ഗാങ്ങ് റേപ്പ് വലിയൊരു പ്രതിഷേധ കൊടുക്കാറ്റിന് വഴി വച്ചത് ആ കൃത്യത്തിന്റെ വിവരണാതീതമായ ക്രൂരത ജനതയുടെ സൈക്കിനെ (psyche) തന്നെ സ്പർശിച്ചതുകൊണ്ടാണ്.
ഈ മഹാനഗരത്തിൽ തങ്ങൾക്ക് എന്ത് സുരക്ഷിതത്വമാണുള്ളത് എന്ന് ഓരോ ഡൽഹി നിവാസിയും ചിന്തിച്ചു പോയി അന്ന്. നാളെ ഇത് തങ്ങൾക്കും സംഭവിക്കാവുന്നതാണെന്ന ബോധ്യം ഡൽഹിയിലെ ഓരോ പെൺകുട്ടിയേയും ഉലച്ചു കളഞ്ഞു അന്ന്. അവരിൽ ഓരോരുത്തരും നിർഭയയായി തങ്ങളെ തന്നെ തിരിച്ചറിഞ്ഞിരുന്നു അന്ന്. അതിനാലാണ് അത്ര ശക്തിയായി അവർക്കന്ന് പൊട്ടിത്തെറിക്കാൻ സാധിച്ചത്. അങ്ങനെയൊരു തിരിച്ചറിവ് നമുക്കിപ്പോഴും ഉണ്ടായിട്ടില്ല എന്നത് തന്നെയാണ് നമ്മുടെയീ നിസ്സംഗതയുടെ കാരണവും. നമ്മളിൽ ആർക്കും നാളെ സംഭവിക്കാവുന്ന ഒന്നു തന്നെയാണ് നടിക്കെതിരെയും കഴിഞ്ഞ ദിവസം സംഭവിച്ചത് എന്നിരിക്കെയും അത് നമ്മുടെ സൈക്കിനെ ഒരു നിലയ്ക്കും സ്പർശിച്ചിട്ടില്ല. പകരമത് തൊലിയുടെ ഏറ്റവും ഉപരിതലത്തിൽ സ്ഥിതി ചെയ്യുന്ന ഇക്കിളി കോശങ്ങളെ മാത്രം പ്രചോദിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. സിനിമാ താരങ്ങളുടെ ജീവിതം പോലും സിനിമാ കഥകൾ പോലെ തന്നെ കാണുന്ന ശീലം കൊണ്ടാവാം, നമ്മുടെ കൂടിയൊരു പ്രശ്‌നമായി അതിനെ നേരിടാനോ പരിഹാരം തേടാനോ നമ്മളിപ്പോഴും ഒരുക്കമാവാത്തത്. സിനിമയിലെ ശോക രംഗങ്ങളിൽ ചിലപ്പോൾ കഥാപാത്രങ്ങൾക്കൊപ്പം നമ്മളും കരയാറുണ്ട്. ചതിയും വഞ്ചനയുമുള്ള രംഗങ്ങൾ വരുമ്പോൾ രോഷം കൊള്ളാറുണ്ട്. പ്രേതം വരുമ്പോൾ പേടിക്കാറുണ്ട്. പക്ഷെ അങ്ങനെ കരയുന്നതും ദേഷ്യപ്പെടുന്നതും പേടിക്കുന്നതുമെല്ലാം യഥാർത്ഥത്തിൽ ആ സിനിമയുടെ ആസ്വാദനം തന്നെയാണ്. ആകാശദൂത് കണ്ട് നൂറു വട്ടം കരഞ്ഞായാളോട് ചോദിച്ചാലും ആകാശദൂതൊരു 'നല്ല സിനിമ' ആയിരുന്നു എന്നേ പറയൂ. എന്നാൽ അതേ സംഭവത്തെ സിനിമക്ക് വെളിയിലൊരു യഥാർത്ഥ്യമായി അനുഭവിച്ച ആരും ന്നെ അതൊരു 'നല്ല അനുഭവം' ആയിരുന്നെന്ന് പറയുകയില്ല.

ഏതൊരു സംഭവത്തേയും 'സിനിമയായി കാണുന്നതും' 'അനുഭവമായി നേരിടുന്നതും' തമ്മിലുള്ള വ്യത്യാസം അത്രയുമാണ്. വാദിയും പ്രതിയും സാക്ഷിയും ആരോപണ വിധേയരുമൊക്കെയായി ഒരുപാട് സിനിമാ താരങ്ങൾ ഒരു സംഭവത്തിൽ വരുമ്പോളതിന് ആകെമാനമൊരു സിനിമയുടെ പ്രതീതി വരുമെന്നതൊരു സ്വാഭാവികതയാണ്. എന്നാൽ അപ്പോഴുമത് സിനിമയല്ലെന്നും, നമ്മുടെ പൊതു നിരത്തിൽ നടന്നൊരു അക്രമ സംഭവമാണെന്നും, നാളെ നമ്മളെ കൂടി ബാധിക്കാവുന്നൊരു ക്രമ സമാധാന പ്രശ്‌നമാണെന്നുമുള്ള യാഥാർഥ്യം ഒരു വസ്തുതയായി തന്നെ നിലനിൽക്കുന്നുണ്ട്.

ആ വസ്തുതയെ അഭിസംഭോധന ചെയ്യാനുള്ള ആർജ്ജവമാണ് ഒരു സമൂഹമെന്ന നിലയിൽ നമ്മളിപ്പോൾ കാണിക്കേണ്ടത്. പ്രമുഖന്റെ പേര് പറയാനുള്ള ധൈര്യം ഇവിടുത്തെ മാദ്ധ്യമങ്ങൾക്കുണ്ടോ എന്നതല്ല, യഥാർത്ഥ പ്രതി നമ്മുടെ സർക്കാർ തന്നെയാണെന്ന് ചൂണ്ടിക്കാട്ടാനുള്ള ധൈര്യം അവർക്കുണ്ടോ എന്നതാണ് ചോദ്യം. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നമ്മുടെ ആഭ്യന്തര വകുപ്പൊരു തികഞ്ഞ പരാജയമാണെന്ന തിരിച്ചറിവ് നമുക്കുണ്ടോ എന്നത്, ആ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര വകുപ്പിന്റെ ചുമതലയെങ്കിലും ഒഴിയാനുള്ള ധാർമ്മികത സംസ്ഥാന മുഖ്യമന്ത്രി കാണിക്കണം എന്നാവശ്യപ്പെടാനുള്ള ചങ്കൂറ്റം നമുക്കുണ്ടോ എന്നത്, സർവ്വോപരി സാക്ഷരതയുടെയും പ്രബുദ്ധതയുടേയും ജീവിത ഭദ്രതയുടേയും സുരക്ഷയുടെയും ഒക്കെ കാര്യത്തിൽ നമ്മളീ ഊറ്റം കൊള്ളുന്ന 'കേരളാ മോഡൽ' എന്നതൊരു പെരും നുണയാണ് എന്ന് തുറന്നു സമ്മതിക്കാനുള്ള ആത്മാർത്ഥതയും സത്യസന്ധതയും നമുക്കുണ്ടോ എന്നത്. ഇവയെല്ലാമാണ് യഥാർത്ഥ ചോദ്യങ്ങൾ.

ആ ധൈര്യം നമുക്കില്ലാത്തിടത്തോളം കാലം കടമകൾ മറന്ന ഭരണവർഗ്ഗം രോഷം തീർക്കാനുള്ള വെറും 'ബ്ലാക്ക് മാൻ'മാരെ നമുക്കെറിഞ്ഞു തന്ന് ആരാലും ചോദ്യം ചെയ്യപ്പെടാതെ സ്വസ്ഥരായി വിഹരിക്കും. ആരെയും പേടിക്കാനില്ലെന്ന ധാർഷ്ട്യത്തിലവർ ഇനിയുമൊരു 1850 ക്രിമിനലുകളെ കൂടി ശിക്ഷാ ഇളവ് നൽകി സമൂഹത്തിലേക്ക് തുറന്നു വിടാൻ ഗവർണ്ണറോട് മടിയില്ലാതെ ശുപാർശ ചെയ്യും. പ്രതിവിധിയോ പരിഹാര നിർദ്ദേശങ്ങളോ ഇല്ലാതെ, ഒരു പ്രശ്‌നമുണ്ടെന്നത് അംഗീകരിക്കുക പോലും ചെയ്യാതെ, ഒടുവിലോരോ വിഷയവും ഒറ്റപ്പെട്ട സംഭവമായി സമൂഹ മറവിയിൽ മുങ്ങി മരിക്കും.

ബ്ലേമ് എ ബ്ലാക്ക് സിൻഡ്രോമിനെ പറ്റിയാണല്ലോ നമ്മൾ പറഞ്ഞു തുടങ്ങിയത്. ബോസ്റ്റൺ ഏരിയ മർഡർ മുതൽ സൗത്ത് കരോളിന കിഡ്‌നാപ്പിങ് വരെയുള്ള നൂറുകണക്കിന് കേസുകളിൽ തെറ്റെന്ന് 
തെളിയിക്കപ്പെട്ട ശേഷവും, വിദഗ്ധമായ അക്കാദമിക പഠനത്തിലൂടെ അതിന് പിന്നിലെ മനഃശാസ്ത്ര തലം വരെ വെളിവാക്കപ്പെട്ടിട്ടും, ഇപ്പോഴും എങ്ങനെയാണ് അമേരിക്കൻ ക്രിമിനലുകൾ അതേ ഡിഫൻസ് പ്രയോഗിക്കാൻ ധൈര്യപെടുന്നതും ആളുകളത് ഒട്ടും പ്രയാസമില്ലാതെ വിശ്വസിക്കാൻ തയ്യാറാവുന്നതും എന്നൊരു ചോദ്യം ബാക്കിയുണ്ട്. ഉത്തരം വളരെ ലളിതമാണ്. പഠനങ്ങൾ പറയുമ്പോലൊരു വംശീയ മനഃസ്ഥിതിയും തങ്ങൾക്കുണ്ടെന്ന് സമ്മതിക്കാൻ അമേരിക്കൻ ജനതയിപ്പോഴും ഒരുക്കമേ അല്ലത്രേ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP