Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രിയ മനോരമേ/മാതൃഭൂമീ/മാതാപിതാക്കളേ! അങ്ങ് കാലിഫോർണിയാ മുതലിങ്ങോട്ട് കഴക്കൂട്ടം വരേയുള്ള 'മല്ലുടെക്കീസിന്' സമർപ്പണം

പ്രിയ മനോരമേ/മാതൃഭൂമീ/മാതാപിതാക്കളേ! അങ്ങ് കാലിഫോർണിയാ മുതലിങ്ങോട്ട് കഴക്കൂട്ടം വരേയുള്ള 'മല്ലുടെക്കീസിന്' സമർപ്പണം

കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളും, കുടുംബങ്ങളിലെ കാരണവന്മാരും അറിയാൻ, ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഒരു ഐ ടിക്കാരൻ മലയാളി എഴുതുന്നത്. 

സുഖമെന്ന് വിശ്വസിക്കുന്നു. നമ്മുടെ നാടിന്റെ ആ പച്ചപ്പും ഹരിതാഭേം എല്ലാം അങ്ങനെ തന്നെയുണ്ടല്ലോ അല്ലേ? വേറെയെന്താ വിശേഷം? റബറിന്റെ വില മെച്ചപ്പെട്ടോ? മാണി സാർ ഇപ്പുറത്തോട്ട് പോരുവോ?

ഐ ടി പ്രൊഫഷനലുകൾ, ഐ ടി എഞ്ചിനീയേർസ്, ടെക്കീസ്, ടെക്കികൾ എന്നൊക്കെയുള്ള പേരുകളിലായി, ഞങ്ങളെപ്പോലെയുള്ളവരെക്കുറിച്ച് ചില തെറ്റിധാരണകൾ നിങ്ങളിൽ പലർക്കുമുണ്ടെന്ന് മനസ്സിലായത്‌കൊണ്ട്, അതിൽ ചിലതൊക്കെ ഒന്ന് ക്ലിയർ ചെയ്‌തേക്കാം എന്ന് വച്ചു. അതിനാണീ എഴുത്ത്.

അങ്ങ് കാലിഫോർണിയാ മുതലിങ്ങോട്ട് കഴക്കൂട്ടം വരേയുള്ള 'മല്ലുടെക്കീസിന്' സമർപ്പണം:

1. ടെക്കീസ് എന്നാൽ ഏതാണ്ടാനകുതിരയാണെന്ന മട്ടിലൊരു പരിവേഷം ചില ലേഖനങ്ങളിലും സിനിമകളിലും സീരിയലുകളിലുമൊക്കെ കണ്ടു. കോട്ടും സൂട്ടും ടൈയ്യുമൊക്കെ ധരിച്ച നാടൻ സായിപ്പന്മാരുടെ പരിവേഷം. അതൊക്കെ ചുമ്മാ വേഷംകെട്ടാണെന്ന് ഇതിനാൽ അറിയിക്കുന്നു. ഇൻഫോസിസിൽ ടൈ നിർബന്ധമായിരുന്ന കാലത്ത്, 200 രൂപാ ഫൈൻ ഒഴിവാക്കാൻ വേണ്ടീ മാത്രം, ഒരെണ്ണം മേടിച്ച് പോക്കറ്റിലിട്ട് നടന്നതല്ലാതെ ഇതു വരെ കോട്ടും പപ്പാസുമൊന്നുമിട്ട് ഓഫീസിൽ പോകേണ്ട ഗതികേടുണ്ടായിട്ടില്ല.

2. കാര്യം ഞങ്ങളൊക്കെ ജോലി ചെയ്യണത് ഒരു കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിന്നിട്ടാണെങ്കിലും, കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തെപ്പറ്റി ഞങ്ങളിൽ പലർക്കും വല്യ വിവരമൊന്നുമുണ്ടാകില്ല. സത്യം പറഞ്ഞാൽ, ഞങ്ങളിൽ പകുതിയും ഒരു കമ്പ്യൂട്ടർ ചൊവ്വേ നേരെയൊന്നു തുറന്ന് അതിന്റെയകം കണ്ടവർ പോലുമല്ല. അതുകൊണ്ട്, വീട്ടിലെ കമ്പ്യൂട്ടർ ഓണായില്ലെങ്കിലോ ഇന്റർനെറ്റ് കിട്ടുന്നില്ലെങ്കിലോ, ഞങ്ങളെ വിളിക്കാതിരിക്കുക. ' റീസ്റ്റാർട്ട് ചെയ്യൂ... മോഡം ഒന്ന് ഓഫ് ചെയ്തിട്ട് ഓൺ ചെയ്യൂ' എന്നൊക്കെയുള്ള തരികിട ട്രബിൾഷൂട്ടിങ്ങേ ഞങ്ങൾക്കും അറിയൂ. അറിയാവുന്ന ആരെയേലും വിളി ഞങ്ങളും അതാ ചെയ്യുന്നത്.

3. ഓഫ്‌ഷോർ ലൊക്കേഷൻ സന്ദർശിക്കാൻ വരുന്ന ചില സായിപ്പന്മാരെയും തെളിച്ച്‌കൊണ്ട് മൂത്താശ്ശാരിമാർ നടന്ന് പോണത് ഇടക്ക് കാണാമെന്നാല്ലാതെ ഞങ്ങളാരും സായിപ്പന്മാരുടെ തോളേൽ കൈയിട്ടല്ല നടക്കണത്. ഈ മൾട്ടി നാഷണൽ കമ്പനി എന്നൊന്നും കേട്ട് ചുമ്മ വിജൃംഭിക്കരുത്. നമ്മുടെ എടപാടൊക്കെ കൂടുതലും നാടന്മാരുമായിത്തന്നെ.

4. വാരാന്ത്യങ്ങളിൽ ഞങ്ങളെല്ലാവരും കട്ടിലുമെടുത്ത് പബ്ബിൽ പോയി കിടക്കുന്നു എന്നൊന്നും ദയവ് ചെയ്ത് വിശ്വസിക്കരുത്. ബാംഗ്ലൂരിൽ വന്ന കാലത്തെ ചില ശനിയാഴ്ചകളിൽ, കൊള്ളാവുന്ന ചില പബ്ബുകളുടെ വാതിൽക്കൽപ്പോയി വായിനോക്കി നിൽക്കുകയും, മറ്റ് ചിലതിൽ ഒന്ന് കയറി നോക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നല്ലാതെ ഇതൊന്നും ആർക്കും ഒരു ഹോബിയൊന്നുമല്ല. ആഴ്‌ചേൽ 5 ദിവസം പുറത്തൂന്ന് കഴിച്ച് വയറു കേടാക്കുന്ന ജീവിതത്തിൽ, പാചകം എന്ന കല പരീക്ഷിക്കാൻ കിട്ടുന്ന രണ്ടേ രണ്ട് ദിവസങ്ങളാണ്, ഞങ്ങളിൽ പലർക്കും, ശനിയും ഞായറും.

5. പിന്നെ സദാചാരം. അതിലാണ് എല്ലാവർക്കും ഏറ്റവും കമ്പം എന്ന് നന്നായി അറിയാം. ' ഐ.ടി പിള്ളേരൊക്കെ കുത്തഴിഞ്ഞ് നടക്കുന്നു' എന്ന് മൂന്ന് മാസം കൂടുമ്പോ ഒന്നെങ്കിലും വായിച്ചില്ലെങ്കിലാണ് പലർക്കും ഒരു ബുദ്ധിമുട്ട്. എന്നാൽ ഇതിലൊന്നും ഒരു കാര്യോമില്ല എന്ന് അർത്ഥശങ്കയിക്കിടയില്ലാത്തവണ്ണം അങ്ങ് പറഞ്ഞേക്കാം. നല്ല പ്രായത്തിലുള്ള ചെറുപ്പക്കാർ അടുത്തിടപഴകുമ്പോളുണ്ടാകാവുന്ന ചില കെമിസ്ട്രികൾ ലോകത്തെല്ലായിടത്തും ഒരു പോലാണ്. അല്ലാതെ, ഐ,ടി കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേകമായി ഒന്നുമില്ല.
പിന്നെ അവധിക്ക് വരുമ്പോ, നാട്ടിലെ കലുങ്കേലിരുന്ന് കൂട്ടുകാരോട് 'വിടൽസ്' അടിക്കാൻ ഞങ്ങളിൽ ചിലർ ശ്രദ്ധിക്കാറുള്ളതുകൊണ്ട്, ഇല്ലാത്ത ചില കഥകൾ നിങ്ങൾ കേൾക്കാറുണ്ടെന്നേയുള്ളൂ.

6. അമേരിക്കേലിരിക്കണവന്മാരു പല നയങ്ങളുമിറക്കും. ഇതൊന്നും ഇവിടം വരെയെത്താറേയില്ല. അവസാനം കണ്ടത് 'ഐ.ടി കമ്പനികളിലെ സ്ത്രീകൾ അണ്ഡം ശീതീകരിക്കുന്നു' എന്ന ഹെഡ്‌ലൈനാണ്. ഇവിടെ അണ്ടം കീറി നിക്കുവാണെന്ന് ഒരുത്തനും അറിയണ്ടല്ലോ.

7. ഐ ടി കമ്പനികളൊന്നും ചാക്കിൽ കെട്ടിയല്ല ശമ്പളം കൊടുക്കുന്നത്. നാട്ടിലെ കോളേജ് അദ്ധ്യാപകരും, ബാങ്ക് ഓഫീസറന്മാരുമൊക്കെ മേടിക്കുന്ന ശമ്പളങ്ങൾക്കടുത്താണ് ശരാശരി ഐ.ടിക്കാരുടേയും ശമ്പളം. പിന്നെ വിദേശത്ത് പോയി ജോലി ചെയ്യാൻ അവസരം കിട്ടുന്നവർ അവിടെ ചെലവ് ചുരുക്കി കുറച്ച് മിച്ചം പിടിക്കാറുണ്ടെന്ന് മാത്രം. അത്‌കൊണ്ട് എന്തിനും ഏതിനും ഒടുക്കത്തെ വില പറഞ്ഞിട്ട് 'നിങ്ങളൊക്കെ ഐടിയല്ലേ, നിങ്ങൾക്കെന്നാ കാശിന് പഞ്ഞം' എന്ന ഡയലോഗ് വിടരുത്.

8. അവസാനമായി ' നീ ശരിക്കും അവിടെയെന്നതാ ചെയ്യുന്നേ?' എന്ന് ഒരു ഐടിക്കാരനോട് ദയവ് ചെയ്ത് ചോദിക്കരുത്. പറയാൻ അവർക്കും, മനസ്സില്ലാക്കാൻ നിങ്ങൾക്കും ഒരു പോലെ ബുദ്ധിമുട്ടായിരിക്കും.

അപ്പോ വേറെ വിശേഷമൊന്നുമില്ല എന്ന് വിശ്വസിക്കുന്നു. റബ്ബറിന്റെ വില കൂടാൻ ഞങ്ങൾ പ്രാർത്ഥിക്കാം. വിദേശ കമ്പനികളുടെ ഐ ടി ബജറ്റുകൾ കൂടാൻ നിങ്ങളും പ്രാർത്ഥിക്കണം. എല്ലാവരും ഫുൾ റേഷൻ മേടിക്കുന്ന ഒരു കിനാശ്ശേരി അതാണല്ലോ ഗാന്ധിജി കണ്ട സ്വപ്നം.
സ്വന്തം, ഞാൻ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP