Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചീഞ്ഞ മീനുകൾ ഫ്രഷായി മാറുന്നതെങ്ങിനെ? നമ്മൾ കഴിക്കുന്ന മീനിൽ എന്തൊക്കെ രാസവസ്തുക്കളാണ് ചേർക്കുന്നത്? മത്സ്യപ്രേമികൾ തീർച്ഛയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ചീഞ്ഞ മീനുകൾ ഫ്രഷായി മാറുന്നതെങ്ങിനെ? നമ്മൾ കഴിക്കുന്ന മീനിൽ എന്തൊക്കെ രാസവസ്തുക്കളാണ് ചേർക്കുന്നത്? മത്സ്യപ്രേമികൾ തീർച്ഛയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

തിരുവനന്തപുരം നിവാസികളിൽ വിഴിഞ്ഞം തീരത്ത്, മീൻപിടുത്ത വള്ളത്തിൽ നിന്നം മീൻ വാങ്ങാൻ പോകാത്തവരുണ്ടാകില്ല. എന്നാൽ കഴിഞ്ഞ കുറെ നാളുകളിലായി ഇവരൊക്കെ തന്നെ വലിയ തട്ടിപ്പിനാണ് നിങ്ങളെ ഇരയാക്കി കൊണ്ടിരിക്കുന്നത്. ഞാനും എന്റെ കുറച്ച് സുഹൃത്തുക്കളുമായി വള്ളത്തിൽ നിന്നും നേരിട്ട് വാങ്ങിയ മീൻ 2 മണിക്കൂർ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും കേടായതു കണ്ടാണ് ഇതിന്റെ പിന്നാമ്പുറത്തേക്ക് ഒരന്വേഷണം നടത്തിയത്.

സാധാരണ ദിവസങ്ങളിലെല്ലാം വെളുപ്പാൻ കാലം മുതലേ ദൂരെ നിന്നു വരെ ധാരാളം പേർ ഇത്തരത്തിൽ വള്ളങ്ങളിൽ നിന്നും നേരിട്ട് മീൻ വാങ്ങുവാനായി വിഴിഞ്ഞത്ത് എത്താറുണ്ട്. വള്ളമെത്തുമ്പോൾ ഒരു കൂട്ടം മീൻ മൊത്തമായി ലേലം വിളിച്ചെടുക്കലാണ് ഇവിടത്തെ രീതി.
ഇതിനിടയിൽ മീനിന്റെ ലഭ്യത വളരെ കുറവുള്ള ദിവസങ്ങളിൽ നല്ല വില ലഭിക്കുവാനായി ചില ഇടനിലക്കാർ വഴിയാണ് തട്ടിപ്പ് നടക്കുന്നത്. മീൻ കുറവുള്ള ദിവസങ്ങളിൽ ഇവർ തമിഴ്‌നാട്ടിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും വണ്ടിയിൽ രാത്രി കാലങ്ങളിൽ മീൻ എത്തിക്കുന്നു.
ബോട്ടു ലാൻഡിന് അടുത്തുള്ള കടൽപ്പാലത്തിലെ വലിയ പെട്ടികളിൽ ഐസും രാസവസ്തുക്കളും ചേർത്ത് ഇവ സൂക്ഷിക്കുന്നു.

എന്നാൽ ഈ പെട്ടികളെല്ലാം ഒറ്റ നോട്ടത്തിൽ വലയും വള്ളത്തിലെ ഉപകരണങ്ങളുമായേ തോന്നൂ. ശേഷം മൂന്ന് മണിയോടുകൂടെ ഈ മത്സ്യങ്ങളെല്ലാം ഓരോ വള്ളത്തിൽ നിറച്ച് പുറംകടലിലേക്ക് പോകുന്നു. പിന്നെ വെളുപ്പിന് കടൽവെള്ളത്തിൽ കുളിച്ച് നല്ല ഫ്രഷ് മീനുകളായി ഇടവിട്ട് ഇടവിട്ട് ഇവ കരയിലേക്ക് എത്തുന്നു. വാങ്ങുന്നവരെല്ലാം വിലയല്പം കൂടിയാലും ബോട്ടിൽ നിന്നും ഫ്രഷ് മീൻ വാങ്ങിയ സന്തോഷത്തിൽ തിരികെ പോകുന്നു. ( എല്ലാ വള്ളത്തിലെത്തുന്ന മീനുകളും ഇത്തരത്തിലുള്ളവയല്ല. വളരെ ചെറിയ ഒരു വിഭാഗമാണ് ഇത്തരം പ്രവർത്തികളിലേർപ്പെടുന്നത്).

മീനിൽ വിതറുന്ന വെളുത്ത പൊടി..?

ചിലയിടങ്ങളിൽ മീനിൽ രാസവസ്തുക്കൾ ചേർത്തു വിൽക്കുന്നതായുള്ള ആരോപണം പണ്ടുമുതലേ സജീവമാണ്. അതേക്കുറിച്ച് അന്വേഷിച്ചവർ കണ്ടെത്തിയത് പലതും ഞെട്ടിക്കുന്ന സത്യങ്ങളിലായിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് മൂന്നു മാസത്തിലൊരിക്കലോ മറ്റോ ഏതെങ്കിലും മാർക്കറ്റിൽ നിന്നു ചടങ്ങിനു വേണ്ടി അൽപം സാംപിൾ മീൻ എടുത്തു പരിശോധിക്കും. അതിൽ തന്നെ ഒന്നും കണ്ടെത്തുകയുമില്ല.

കടലിൽ നിന്നും പത്തും പതിനാറും ദിവസം, ചിലപ്പോൾ ഒരു മാസംവരെയും പിന്നിട്ടെത്തുന്ന മീനുകൾ നമ്മുടെ അടുക്കളയിലെത്തുന്നത് വെറും ഐസ് മാത്രം വിതറിയാണോ..? മീൻ കേടാകാതെ എങ്ങനെ ഇത്രയും നാളിരിക്കുന്നു? പ്രധാനമായും മീൻ കേടാകാതിരിക്കാൻ ഇവർ ഐസിൽ വിതറുന്നത് ഒരു വെള്ളപ്പൊടിയാണ്...

'പ്രിഷർ ഫിഷ്' എന്നാണു മൽസ്യബന്ധന മേഖലയിൽ ഈ പൊടി അറിയപ്പെടുന്നത്. സോഡിയം ബെൻസോയേറ്റ് എന്ന രാസവസ്തുവാണ് ഈ വെള്ളപ്പൊടി. ജനിതക വൈകല്യം, പാർക്കിൻസൺ രോഗം, കോശങ്ങളുടെ നാശം, കാൻസർ, അകാലവാർധക്യം തുടങ്ങി ഒട്ടേറെ രോഗങ്ങൾക്കു സാധ്യതയുണ്ടാക്കുന്നതാണ് ഈ രാസവസ്തു. കേരളത്തിലും പുറത്തും മൽസ്യബന്ധന തുറമുഖങ്ങൾ മുതൽ ചില്ലറ വ്യാപാര മാർക്കറ്റുകളിൽ വരെ പച്ചമീനിനു മുകളിൽ വാരിവിതറിയും വെള്ളത്തിൽ കലക്കിയുമൊക്കെ പ്രയോഗിക്കുന്നത് ഈ സോഡിയം ബെൻസോയേറ്റ് തന്നെ.

അച്ചാർ, ബ്രെഡ്, പഴജ്യൂസ്, ഉണക്കി സൂക്ഷിക്കുന്ന പ്രോസസ് ചെയ്ത ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവയിൽ ബാക്ടീരിയയെ പ്രതിരോധിക്കാൻ വളരെ ചെറിയ അംശത്തിൽ മാത്രം ഉപയോഗിക്കുന്ന പ്രിസർവേറ്റീവ് ആയ സോഡിയം ബെൻസോയേറ്റ് മീനിൽ ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലാത്തതാണ്.

സോഡിയം ബെൻസോയേറ്റിനെപ്പറ്റി 2000ത്തിനു ശേഷം പുറത്തുവന്ന പഠനങ്ങൾ ഞെട്ടിക്കുന്നതാണ്. ഇത് അമിതമായി ശരീരത്തിനുള്ളിലെത്തിയാൽ അപകടകരമായ ദൂഷ്യഫലങ്ങളുണ്ടാകുമെന്നാണു പഠനങ്ങൾ. ജനിതക ൈവകല്യവും കാൻസറും പാർക്കിസൺ രോഗവും ന്യൂറോ സംബന്ധമായ അസുഖങ്ങളും അകാലവാർധക്യത്തിലേക്ക് എത്തിക്കുന്ന അസുഖങ്ങളുമെല്ലാം ഇതുമൂലം വരാനിടയുണ്ട്. കുട്ടികളിൽ ഇത് ഹൈപ്പർ ആക്ടിവിറ്റി എന്ന സ്വഭാവ വൈകല്യത്തിനും കാരണമാകുന്നുവെന്നു പഠനങ്ങൾ പറയുന്നു.

ലോകത്തെ തന്നെ ഏറ്റവും ആധികാരികമായ രീതിയിൽ ഗുണനിലവാരം നിശ്ചയിക്കുന്ന യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ടേഷൻ (എഫ്ഡിഎ) അവരുടെ നിയമാവലിയായ കോഡ് ഓഫ് ഫെഡറൽ റെഗുലേഷൻസ് (21) ൽ സോഡിയം ബെൻസോയേറ്റിനെപ്പറ്റി വ്യക്തമായി പറയുന്നുണ്ട് പ്രോസസ് ചെയ്ത ആഹാരസാധനത്തിൽ സോഡിയം ബെൻസോയേറ്റ് 0.1% എന്ന അളവിൽ കൂടാൻ പാടില്ല.

അച്ചാർ, പഴജ്യൂസുകൾ എന്നിവ ദീർഘകാലം ഇരിക്കുന്നതിനും പിഎച്ച് ന്യൂട്രൈലൈസ് ചെയ്ത് നിലനിർത്തുവാൻ പോലും 0.1 ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല. പ്രകൃതിയിൽ നിന്നെത്തുന്ന, മീൻ പോലെയുള്ള ഭക്ഷ്യസാധനങ്ങളിൽ ഇത് ഒരുതരത്തിലും ഉപയോഗിക്കാൻ പാടില്ലെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ഫിഷറീസ് ടെക്‌നോളജി രംഗത്തെ വിദഗ്ധരും പറയുന്നു. അതിനാൽ തന്നെ ഫ്രഷ്, നാടൻ തുടങ്ങിയ ലേബലിൽ നമ്മുടെ വിശ്വാസം നേടിയ പലതും ഇപ്പോഴും വിഷമയം തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP