Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചന്ദ്രനെ തേടി എത്തിയവർ കുഞ്ഞിരാമനെ വെട്ടി നുറുക്കുമെന്ന് ആരും ഒരിക്കലും കരുതിയില്ല; കാരണം അവരിൽ പലരും കുഞ്ഞിരാമന്റെ ചായക്കടയിൽ നിന്ന് ചായയും കുടിച്ച് ലോഹ്യം പറഞ്ഞ് ചിരിക്കുന്നവരായിരുന്നു: അജിത വിധവയായത് 24-ാമത്തെ വയസ്സിൽ: നല്ല പ്രായത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട ഈ യുവതി നാലും രണ്ടും വയസ്സുള്ള കുട്ടികളെയും കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയി

ചന്ദ്രനെ തേടി എത്തിയവർ കുഞ്ഞിരാമനെ വെട്ടി നുറുക്കുമെന്ന് ആരും ഒരിക്കലും കരുതിയില്ല; കാരണം അവരിൽ പലരും കുഞ്ഞിരാമന്റെ ചായക്കടയിൽ നിന്ന് ചായയും കുടിച്ച് ലോഹ്യം പറഞ്ഞ് ചിരിക്കുന്നവരായിരുന്നു: അജിത വിധവയായത് 24-ാമത്തെ വയസ്സിൽ: നല്ല പ്രായത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട ഈ യുവതി നാലും രണ്ടും വയസ്സുള്ള കുട്ടികളെയും കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയി

പി റ്റി ചാക്കോ

ഹൃദയത്തിൽ പട്ടട എരിയുന്നവർ-6

പാനൂരിൽ നിന്നും പത്തു കിലോമീറ്റർ അകലെ എരഞ്ഞാട് എന്ന കുഗ്രാമത്തിലെ ഏക ചായപ്പീടികയിൽ നാലു ചായയ്ക്കു പറഞ്ഞപ്പോൾ കടയുടമ മാധവി(40)യുടെ മുഖത്ത് സന്തോഷത്തിന്റെ മിന്നലാട്ടം.

ഉച്ചകഴിഞ്ഞ നേരത്ത് ആരും ഈ പീഡികയിൽ എത്താറാല്ല. അതായിരിക്കാം ആ സന്തോഷത്തിനു കാരണം.

ഞൊടിയിടയിൽ നാലു ഗ്ലാസ്സ് ചായയുമായി അവർ എത്തി. തണുത്ത ചായ. അതിൽ ചത്ത ഉറമ്പുകളുടെ കൂട്ടം.
ഞങ്ങൾ വന്നതിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിയ ഉടനെ അവർ ചായ തിരിച്ചെടുത്തു. കെട്ടു പോയ തീ വീണ്ടും ഊതിക്കത്തിച്ചു. പാലും വെള്ളവും ചൂടാക്കാൻ വച്ചു.

ഇളകിയാടുന്ന ബെഞ്ചിൽ ഞങ്ങളിരുന്നു. മുമ്പിൽ ദ്രവിച്ച ഡെസ്‌ക്. ഒരു ചായപ്പീടികയെന്ന് ഇതിനെ വിളിക്കാമോ? നാലു തൂണുണ്ട്. ഓല മേഞ്ഞിരിക്കുന്നു. മെഴുകാത്ത നിലം. പലഹാരങ്ങൾ നിരത്തി വയ്ക്കുന്ന അലമാരയില്ല. പണം സൂക്ഷിക്കാൻ മേശയില്ല. കടയിൽ അനക്കമില്ല.

പാലും വെള്ളവും ചൂടാക്കുന്ന നേരിയ ശബ്ദം. ചാരം പറന്നകന്നു. കനലുകൾ ജ്വലിക്കുന്നു. മാധവി ചാരം മൂടിയിട്ടിരുന്ന ഓർമ്മകളുടെ കനലുകളും ജ്വലിച്ചു തുടങ്ങി. ചുട്ടു പൊള്ളുന്ന ജീവിതാനുഭവങ്ങൾ മാധവി വിളമ്പിവച്ചു.

ഭർത്താവ് കുഞ്ഞിരാമനും മാധവിയും ചേർന്നാണ് ഈ ചായക്കട നടത്തിക്കൊണ്ടിരുന്നത്. പുലർച്ചെ 4.30നു എഴുന്നേൽക്കും. ആറുമണിയോടെ പുട്ടും ദോശയും കറിയുമൊക്കെ തയ്യാറാകും. മാധവി പശുവിനെ കറക്കും ആറരയോടെ പണിക്കാരെത്തും. ഇവിടെയുള്ള വിശാലമായ തെങ്ങിൻ തോപ്പുകളിലെ പണിക്കാരാണവർ. സ്ഥല ഉടമകൾ പട്ടണത്തിലാണു താമസം. പണിക്കാരാണു ചായപ്പീടികയിലെ മുഖ്യ പറ്റുകാർ.

ഇങ്ങനെ രാവും പകലും അധ്വാനിച്ചു ചെറിയൊരു വീടുണ്ടാക്കി. മകളെ കെട്ടിച്ചു. ആടി നിൽക്കുന്ന ചായപ്പീടിക നന്നാക്കണമെന്നു കുഞ്ഞിരാമന് അതിയായ മോഹമുണ്ടായിരുന്നു.

പക്ഷേ അതിനു മുൻപ് കുഞ്ഞിരാമൻ യാത്രയായി. 1998 നവംബർ ഒന്ന്, രണ്ട് തീയതികളിൽ സിപിഎമ്മും ബിജെപി യും മത്സരിച്ചു കൊല നടത്തുന്നിനിടെയാണ് കുഞ്ഞിരാമൻ വധിക്കപ്പെട്ടത്. 36 മണിക്കൂറിനുള്ളിൽ നാലു പേരെയാണ് അന്നു കുരുതി കഴിച്ചത്. ഇരു പക്ഷത്തും ഈ രണ്ടു പേർ.

യാഥാർത്ഥത്തിൽ കുഞ്ഞിരാമന്റെ സഹോദരനും ബിജെപി പ്രവർത്തകനുമായ ചന്ദ്രനെ തേടിയാണ് ആക്രമികൾ എത്തിയത്. ചന്ദ്രനെ സ്ത്രീകൾ വളഞ്ഞു വച്ചു രക്ഷിക്കുകയായിരുന്നു. തുടർന്ന് അവർ തൊട്ടടുത്തുള്ള കുഞ്ഞിരാമന്റെ വീട്ടിലെത്തി. കുഞ്ഞിരാമന്റെ കടയിൽ സ്ഥിരമായി ചായ കുടിക്കാനെത്തുന്നവരായിരുന്നു സംഘത്തിൽ പലരും. അവർ പറ്റും തരാനുണ്ടായിരുന്നു. അതുകൊണ്ട് അവർ തന്നെ കൊല്ലുകില്ലെന്നാണ് കുഞ്ഞിരാമൻ കരുതിയത്. പക്ഷേ അവർ കുഞ്ഞിരാമനെ വീട്ടുകാരുടെ മുന്നിലിട്ടു വെട്ടിനുറുക്കി.

ജീവിത യാതനകളുടെ മഹാ സാഗരത്തിൽ മാധവി ഒറ്റപ്പെട്ടു. അതിൽ നിന്നും കരകയറാൻ അവരിപ്പോൾ കൈകാലിട്ടടിക്കുകയാണ്. കട വീണ്ടും തുറന്നു കച്ചവടം തുടങ്ങി. മകൾ അനിഷ (18)യുടെ വിവാഹത്തിനു ശേഷം ഓരാഴ്്ച്ച കഴിഞ്ഞപ്പോഴായിരുന്നു കുഞ്ഞിരാമന്റെ അരുംകൊല. വിവാഹത്തിന് 42000 രൂപ പയറ്റിയിരുന്ന( വിവാഹത്തിനും മറ്റു ആവശ്യങ്ങൾക്കും അയൽക്കാരിൽ നിന്നും അമ്പതും നൂറുമായി പണം സമാഹരിക്കുന്നതിനെയാണ് മലബാറിൽ പയറ്റ് എന്നു പറയുന്നത്). അത് മടക്കി നൽകണം ഇളയ കുട്ടി അജീഷ സ്‌കൂളിൽ പഠിക്കുന്നുണ്ട്.

പ്രാരാബ്ധങ്ങളും പ്രശ്നങ്ങളും മൂലം മാധവിക്ക് ഉറക്കമില്ലാത്ത രാവുകളാണിപ്പോൾ. ഉറക്ക ഗുളിക കഴിച്ചാണ് കിടക്കുന്നത്. ഇടയ്ക്കു തലചുറ്റലുണ്ടാകും. ബിജെപി മാധവിയെ സാമ്പത്തികമായി സഹായിച്ചു.

കുഞ്ഞിരാമന്റെ നാല്പത്തിയൊന്നു കഴിയുന്നതുവരെ പാർട്ടി സഹായത്തിനുണ്ടായിരുന്നു. പാർട്ടിക്ക് എക്കാലവും സഹായിക്കാനാവില്ലെന്ന യാഥാർത്ഥ്യവും മാധവി തിരിച്ചറിയുന്നു. മൂത്തമകൻ ഭഗീഷിലാണ് മാധവിയുടെ ഇനിയുള്ള പ്രതീക്ഷകളത്രയും. അച്ഛന്റെ അതേ പകർപ്പ്. അച്ഛനെപോലെ അധ്വാനി.

'ഓൻ നല്ല കുട്ട്യാ' മാധവി ഇടയ്ക്ക് അടിവരയിട്ടു പറയുന്നു.

എന്നാൽ എത്ര നല്ല കുട്ടിയും തലശേരിയിൽ സുരക്ഷിതനല്ലെന്ന യാഥാർത്ഥ്യം മാധവിയെപ്പോലെ ഒരുപാട് അമ്മമാരുടെ ഉറക്കം കെടുത്തുന്നു.

ഭർത്താവിന്റെ മരണത്തിൽ എന്തു ചെയ്യണമെന്നറിയാതെ 24കാരി അജിത; അച്ഛന്റെ സ്‌നേഹ വാത്സല്യങ്ങൾ നഷ്ടമായത് നാലു വയസ്സുകാരി ഷംനയ്ക്കും രണ്ടു വയസ്സുകാരി ഷഹാനയ്ക്കും

നടകയറി കിതച്ചുകിതച്ചു മുറ്റത്തേക്കു കയറിവന്നു കോളോത്തു ചാത്തു തിണ്ണയിലെ ബെഞ്ചിലിരുന്നു. രണ്ടു മിനുറ്റ് വിശ്രമിച്ചപ്പോഴാണ് ശബ്ദം പുറത്തു വന്നത്.

' വയ്യ കുട്ടികളെ ആസ്ത്മ കലശലാ.'
പവിത്രന്റെ മരണത്തോടെ സെൻട്രൽ പൊയ്ലൂരിലെ കോളോത്ത് കുടുംബം കിതച്ചുകിതച്ചാണു നീങ്ങുന്നത്. പന്ത്രണ്ടു പോരുള്ള ഈ വലിയ കുടുംബത്തിന്റെ നെടും തൂണിനു തന്നെയാണ് വെട്ടേറ്റത്. ടാക്സി തൊഴിലാൽയായിരുന്ന പവിത്രന്റെ സമ്പാദ്യത്തിലൂടെയാണ് ഈ വലിയ ദരിദ്ര കുടുംബത്തിൽ അന്നന്നയപ്പം എത്തിയിരുന്നത്.

പവിത്രന്റെ ഭാര്യ അജിത(24) മക്കൾ ഷംന(4) ഷഹാന(2) അച്ഛൻ ചാത്തു(52) അമ്മ ചീരൂട്ടി(45) മൂത്ത സഹോദരൻ ബാലൻ,ഭാര്യ, മൂന്നു കുട്ടികൾ, ഇളയ സഹോദരൻ അനീഷ് എന്നിവരടങ്ങുന്ന വലിയൊരു കുടുംബമാണ് അരുകൊലയിൽ തളർന്നത്.

എല്ലാ പാർട്ടികാരുമുള്ള വീടാണിത്. ചാത്തു കോൺഗ്രസ് അനുഭാവി. ചീരൂട്ടിയും അനീഷും ജനതാദൾ. മരുമകൻ ഗോവിന്ദൻ ബിജെപി., പവിത്രൻ സിപിഎം. പക്ഷേ കഴിഞ്ഞ നവംബറിൽ 36 മണിക്കൂറിനുള്ളിൽ സിപിഎമ്മും ആർ.എസ്.എസും മത്സരിച്ച് കൊലനടത്തിയപ്പോൾ ബിജെപി ക്കു കയ്യിൽ കിട്ടിയതു പവിത്രനെയായിരുന്നു.

പൊയ്ലൂരിൽ രാവിലെ ഒൻപതിനു ജീപ്പിലെത്തിയ അക്രമി സംഘം ടാക്സിസ്റ്റാൻഡിൽ ജീപ്പിലിരുന്ന രണ്ടു പേരെ ബോംബെറിഞ്ഞു. അവർ ജീപ്പോടിച്ചു രക്ഷപ്പെട്ടപ്പോഴാണ് പവിത്രനെ കാണുന്നത്. അവർ പവിത്രനെ ബോംബെറിഞ്ഞു വീഴ്‌ത്തി. വടിവാൾ കൊണ്ടു വെട്ടി നുറുക്കി. കൈ കാൽ വിരലുകൾ അവിടെ ചിതറിക്കിടന്നു.

സി. പി.എം ഒന്നേ മുക്കാൽ ലക്ഷം രൂപ ഈ കുടുംബത്തിനു നൽകിയിട്ടുണ്ട്. ഇതിൽ 1.30 ലക്ഷം ഭാര്യയ്ക്കും കുട്ടിക്കുമാണ്.

24-ാം വയസ്സിൽ വൈധവ്യത്തിന്റെ നൊമ്പരം അജിതയുടെ ഹൃദയത്തെ കീറി മുറിച്ചു. വെറും നാലു വയസ്സുള്ള ഷംനയും രണ്ടു വയസ്സുള്ള ഷഹാനയും ഒരു പിതാവിന്റെ താങ്ങും തലോടലുമില്ലാത്ത നാളുകളിൽ കൂടി കടന്നു പോകുന്നു. പാർട്ടി ഫണ്ടോ പാർട്ടിയുടെ കരുത്തോ ഈ ഓമനകളുടെ നാളെകളെ ശോഭനമാക്കുമെന്ന് ആർക്കും തെറ്റിദ്ധാരണയില്ല.

(ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു ലേഖകനായ പിറ്റി ചാക്കോ. ദീപികയിൽ മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം)

(തുടരും) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP