Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐ എ എസിന്റെ ഓൾ ഇന്ത്യ യൂണിഫോം അല്ല സാരി, എന്നിട്ടും കേരളത്തിലെ വനിതാ ഐഎഎസ് ഓഫിസർമാർ ജീൻസിട്ട് കാണാത്തത് എന്തുകൊണ്ട്? എന്തുകൊണ്ടായിരിക്കണം ജീൻസ് ഇട്ട ഒരു സ്ത്രീ കലക്ടറേയും നാം സാധാരണ കാണാത്തത്? മുരളീ തുമ്മാരുകുടി എഴുതുന്നു

ഐ എ എസിന്റെ ഓൾ ഇന്ത്യ യൂണിഫോം അല്ല സാരി, എന്നിട്ടും കേരളത്തിലെ വനിതാ ഐഎഎസ് ഓഫിസർമാർ ജീൻസിട്ട് കാണാത്തത് എന്തുകൊണ്ട്? എന്തുകൊണ്ടായിരിക്കണം ജീൻസ് ഇട്ട ഒരു സ്ത്രീ കലക്ടറേയും നാം സാധാരണ കാണാത്തത്? മുരളീ തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

സ്ത്രീകൾ എന്ത് വസ്ത്രം ധരിക്കണമെന്ന് അവർ സ്വയം തീരുമാനിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. സാരി എന്ന വസ്ത്രത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസമുള്ള ആളുമല്ല. എന്നാൽ എനിക്ക് പ്രധാനമായ രണ്ടു വിഷയങ്ങളിലേക്ക് ഒരു പ്രശ്‌നമായി സാരി കടന്നു വരുന്നതുകൊണ്ടാണ് ഈ പോസ്റ്റ്.

ഒന്നാമത്തേത് കരിയർ സംബന്ധിച്ച വിഷയമാണ്. കുറച്ചു നാൾ മുൻപ് കരിയർ കൗൺസിലിങ്ങുമായി ബന്ധപ്പെട്ട് ഒരു എഞ്ചിനീയറിങ്ങ് കോളേജ് അദ്ധ്യാപികയുടെ ഫോൺ വന്നു,

'സാർ, എനിക്ക് ഈ ജോലി മാറി വേറെ എന്തെങ്കിലും ജോലി വേണം'

'എന്ത് പറ്റി, കുട്ടിക്ക് ടീച്ചിങ്ങ് ഇഷ്ടമല്ലേ ?

'എനിക്ക് നല്ല ഇഷ്ടമാണ് സാർ'

'പിന്നെ, കുട്ടികൾക്ക് കുട്ടിയുടെ ടീച്ചിങ്ങ് ഇഷ്ടമല്ലേ'

'അവർക്കും നല്ല ഇഷ്ടമാണ് സാർ'

'പിന്നെന്താണ് പ്രശ്‌നം'.

'സാർ, പഠിപ്പിക്കാൻ പോകണമെങ്കിൽ സാരി ഉടുക്കണം. അത് വലിയ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും ബസിൽ കയറി പോകണമെങ്കിൽ.'

സംഗതി സത്യമാണ്. ജോലിക്ക് പോകാനോ ജോലി ചെയ്യാനോ ഒട്ടും സൗകര്യമുള്ള വേഷമല്ല സാരി. ബസിൽ കയറുന്നത് മാത്രമല്ല, കൺസ്ട്രക്ഷൻ സൈറ്റിൽ സ്റ്റെപ് കേറുന്നത് തൊട്ട് ഒന്ന് ടോയ്ലറ്റിൽ പോകണമെങ്കിൽ പോലും ചുരിദാറും ജീൻസുമായി താരതമ്യം ചെയ്താൽ വലിയ അസൗകര്യമാണ് സാരി.

രണ്ടാമതായി ഇതിൽ സുരക്ഷയുടെ പ്രശ്‌നവുമുണ്ട്. കറങ്ങുന്ന എന്തെങ്കിലും വസ്തുക്കളുള്ള ഏത് തൊഴിൽ സ്ഥലത്തും (മോട്ടോർ, ഫാൻ) സാരി അപകടമുണ്ടാക്കും. ബൈക്കിന്റെ വീലിൽ സാരി കുടുങ്ങി എത്രയോ സ്ത്രീകൾ മരിച്ചിരിക്കുന്നു. കേരളത്തിലേതു പോലെ പൊതുസ്ഥലത്ത് എവിടെയും പട്ടികളും വിജനമായ സ്ഥാലത്തും ഇരുട്ടുള്ള ഇടങ്ങളിലും ഒക്കെ ഞെരമ്പു രോഗികളും, നിറഞ്ഞിരിക്കുന്ന ഒരു സംസ്ഥാനത്തിൽ അവരിൽ നിന്നും രക്ഷപെട്ട് ഓടേണ്ടി വന്നാൽ സാരി വിഘാതമാകുന്നു. അങ്ങനെ തട്ടിത്തടഞ്ഞു വീണ എത്രയോ പേരെ എനിക്ക് നേരിട്ടറിയാം.

എന്നിട്ടും സ്വന്തം ഇഷ്ടത്തിൽ സാരി ഉടുത്തു കൊണ്ട് പോകുന്നതിൽ ഒരു തെറ്റുമില്ല. അതൊക്കെ അവരുടെ തീരുമാനം ആണ്. പക്ഷെ കേരളത്തിലെ അനവധി തൊഴിലിടങ്ങളിൽ സാരി ഇപ്പോഴും നിർബന്ധിതമായി നിലനിൽക്കുന്നു എന്നത് ശരിയല്ല. തുണിക്കടകളിലും പ്രൈവറ്റ് സ്‌കൂളുകളിലും ഒക്കെ സ്‌കൂളുകളിലും അത് പറഞ്ഞ് ചെയ്യിപ്പിക്കുന്ന നിയമമാണെങ്കിൽ എഞ്ചിനീയറിങ്ങ് കോളേജുകളിൽ അത് അലിഖിത നിയമമാണ്. പുതിയ അദ്ധ്യാപകർ സാരിയല്ലാത്ത വസ്ത്രം ധരിച്ചാൽ അതിനെതിര് നിൽക്കുന്നതും പഴ തലമുറയിലെ സ്ത്രീകൾ തന്നെയാണ് എന്നതാണ് കൂടുതൽ വിഷമിപ്പിക്കുന്നത്.

കഷ്ടം എന്തെന്ന് വച്ചാൽ മലയാളികൾക്ക് ഈ സാരിയോട് ഒരു പ്രതിപത്തിയും ഉണ്ടാകേണ്ട കാര്യമില്ല. ഇത് നമ്മുടെ പാരമ്പര്യ വേഷമല്ല. നൂറു വർഷം മുൻപ് ഒരാൾ കേരളത്തിലൂടെ നടന്നാൽ അപൂർവ്വം തൊഴിലിടങ്ങളിലേ സാരി കാണാൻ വഴിയുള്ളൂ, ഇരുന്നൂറു വർഷം മുൻപാണെങ്കിൽ സാരി ഉടുത്ത ഒരാളെപ്പോലും കേരളത്തിൽ തൊഴിലിടത്തോ പുറത്തോ കാണില്ല. അപ്പോൾ ഈ വരത്തൻ വസ്ത്രം എന്നാണ് നമുക്ക് പ്രാധാന്യമുള്ളതായത്?. എന്തിനാണ് ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത, ഏറെ അസൗകര്യങ്ങൾ ഉള്ള ഈ വസ്ത്രം നമ്മുടെ സ്ത്രീകൾ ധരിക്കണം എന്ന് മുതിർന്ന സ്ത്രീകളും അധികാരം ഉള്ളവരും നിർബന്ധിക്കുന്നത് ?.

എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നുകൂടി ഉണ്ട്. കേരളത്തിലെ വനിതാ ഐ എ എസ് ഓഫിസർമാരെ ഞാൻ കേരളത്തിൽ ജീൻസിട്ട് കണ്ടിട്ടില്ല. ചുരിദാർ തന്നെ അപൂർവ്വമാണ്. വനിതാ കളക്ടർമാർ എന്നും സാരി തന്നെയാണ് കണ്ടിട്ടുള്ളത്. ഐ എ എസിന്റെ ഓൾ ഇന്ത്യ യൂണിഫോം അല്ല സാരി. കേരളത്തിന് പുറത്ത് മലയാളി ഐ എ എസ് ഓഫീസർമാരെ ചുരിദാറിലും ഇന്ത്യക്ക് പുറത്ത് ജീൻസ് ഇട്ടുമൊക്കെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. കേരളത്തിൽ ഐ എ എസ് വനിതകളുടെ കാര്യത്തിൽ അങ്ങനെ ഒരു നിയമം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കേരളത്തിൽ ചീഫ് സെക്രട്ടറിയായി വരെ സ്ത്രീകൾ ഉണ്ടായിട്ടുണ്ട്, അപ്പോൾ അങ്ങനെ എന്തെങ്കിലും മണ്ടൻ നിയമം ഉണ്ടെങ്കിൽ തന്നെ അതിൽ മാറ്റം വരുത്താൻ അധികാരമുള്ള സ്ഥാനങ്ങളിൽ അവർ ഇരുന്നിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടായിരിക്കണം ജീൻസ് ഇട്ട ഒരു സ്ത്രീ കലക്ടറേയും നാം സാധാരണ കാണാത്തത് ?

ഞാൻ ഇത് പറയുന്നത് ഒരു മനുഷ്യാവകാശ പ്രശ്‌നമായി മാത്രമല്ല. കേരളത്തിലെ സാഹചര്യത്തിൽ ഏതൊരു ദുരന്ത സാഹചര്യത്തിലും എത്തിപ്പറ്റേണ്ട ആളാണ് കളക്ടർ. കാട്ടാന ഇറങ്ങിയപ്പോൾ അതിനെ ചെണ്ട കൊട്ടി ഓടിക്കാൻ പോയ ഇന്ത്യയിലെ ഒന്നാമത്തെ വനിതാ ഐ എ എസ് ഓഫിസർ ആയിരുന്ന അന്ന മൽഹോത്രയെ പറ്റി ഞാൻ വായിച്ചിട്ടുണ്ട്. പ്രക്ഷുബ്ധമായ ആൾക്കൂട്ടത്തിനിടയിലും കടൽ ക്ഷോഭം ഉള്ളിടത്തും വെള്ളം പൊങ്ങുന്ന സ്ഥലത്തും ഒക്കെ ഓടിയെത്തുന്നവർ ആണ് നമ്മുടെ കളക്ടർമാർ. രണ്ടായിരത്തി നാലിലെ തമിഴ്‌നാട്ടിൽ സുനാമിയിൽ പെട്ടത് പുരുഷന്മാരുടെ ഇരട്ടി സ്ത്രീകളായിരുന്നു എന്നാണ് കണക്ക്. അതിന് പ്രധാന കാരണം പറഞ്ഞത് സാരിയും ഉടുത്തു നീന്തി രക്ഷപെടാനുള്ള ബുദ്ധിമുട്ടാണ്. തിരയിൽപ്പെട്ട് മറിഞ്ഞുവീണാൽ പിന്നെ കളക്ടറും അല്ലാത്തവരും തമ്മിൽ വ്യത്യാസമില്ല, നീന്തിക്കയറിയേ പറ്റൂ. സാരി പാര തന്നെയാണ്.

കേരളത്തിൽ ചില തൊഴിലുകളിൽ ഉള്ളവർ പ്രത്യേക വസ്ത്രങ്ങൾ ധരിക്കണമെന്ന നിർബന്ധബുദ്ധി തീർച്ചയായും മാറ്റിയെടുക്കണം. ചുരിദാർ ഇട്ടു കോളേജിൽ പഠിപ്പിക്കുന്നതിലും, ജീൻസ് ഇട്ട് കലക്ടറേറ്റിൽ പോകുന്നതിലും, സ്‌കർട്ടും ടോപ്പും ഇട്ട് തുണിക്കടയിൽ ഇരിക്കുന്നതിലും ഒരു കുഴപ്പവുമില്ല, അതാരും നിയന്ത്രിക്കുകയും അരുത്. അവർ അങ്ങനെ ചെയ്താൽ ആദ്യത്തെ ഒന്നോ രണ്ടോ ദിവസം ആളുകൾ ഒക്കെ അഭിപ്രായം പറഞ്ഞു എന്ന് വരും, പക്ഷെ മൊത്തമായി നമ്മുടെ സ്ത്രീകൾ തീരുമാനിച്ചാൽ ഒറ്റയടിക്ക് മാറ്റിയെടുക്കാവുന്ന 'പാരമ്പര്യമേ' ഇതിനൊക്കെ ഉള്ളൂ.

ഒരൈഡിയ പറയാം. യു എന്നിൽ പലയിടത്തും ഞങ്ങൾ പ്രയോഗിക്കുന്നതാണ്. ഓരോ വെള്ളിയാഴ്ചകളിലും അവരവരുടെ ദേശീയ വസ്ത്രം ധരിച്ചു വരിക. ഒരു വസ്ത്രവും മറ്റൊന്നിലും നല്ലതോ മാന്യമല്ലാത്തതോ അല്ലെന്നുള്ള കാര്യം ഊട്ടിയുറപ്പിക്കാനാണ് ഇത്. ഇത് നാട്ടിലും ചെയ്യാവുന്നതേ ഉള്ളൂ. അടുത്ത വെള്ളിയാഴ്ച തൊട്ട് എല്ലാ വെള്ളിയാഴ്ചയും സാരി അല്ലാതെ വേറൊരു വേഷമാണ് ധരിക്കാൻ പോകുന്നതെന്ന് തീരുമാനിക്കുക. കേരളമാകെ വെള്ളം പൊങ്ങിക്കിടക്കുന്ന ഈ സമയം പോലെ ഇതിന് പറ്റിയ മറ്റൊരു സമയമില്ല. രണ്ടു വെള്ളിയാഴ്ച അടുപ്പിച്ച് പാന്റിലും സ്‌കർട്ടിലും ചുരിദാറിലും നമ്മുടെ സ്‌കൂൾ അദ്ധ്യാപകരേയും കലക്ടറേയും കണ്ടുകഴിഞ്ഞാൽ പിന്നെ ഈ വേഷവും തൊഴിലും തമ്മിലുള്ള ബന്ധം അങ്ങ് മുറിഞ്ഞു പൊക്കോളും. പിന്നെ സാരി ഉൾപ്പടെ ഉള്ള ഏതു വേഷവും സൗകര്യമനുസരിച്ച് എന്ന് വേണമെങ്കിലും ധരിക്കാമല്ലോ.

#Nosareeonfriday

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP