Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എന്തുകൊണ്ടാണ് കുമ്പസാരം ഒരു മനുഷ്യാവകാശ ലംഘനവും സ്ത്രീപീഡനവും ആകുന്നത്? കുമ്പസാരത്തിന് ബൈബിളിൽ എന്ത് സാധുതയാണുള്ളത്? കുമ്പസാരം ഒരു സാമൂഹ്യ തിന്മ ആകുന്നത് എന്തുകൊണ്ട്? ഗീവർഗീസ് ഇടിച്ചെറിയ എഴുതുന്നു...

എന്തുകൊണ്ടാണ് കുമ്പസാരം ഒരു മനുഷ്യാവകാശ ലംഘനവും സ്ത്രീപീഡനവും ആകുന്നത്? കുമ്പസാരത്തിന് ബൈബിളിൽ എന്ത് സാധുതയാണുള്ളത്? കുമ്പസാരം ഒരു സാമൂഹ്യ തിന്മ ആകുന്നത് എന്തുകൊണ്ട്? ഗീവർഗീസ് ഇടിച്ചെറിയ എഴുതുന്നു...

ഗീവർഗീസ് ഇടിച്ചെറിയ

കുമ്പസാരം എന്ന ആചാരത്തിന്റെ മറവിൽ ചില ക്രിസ്തീയസഭകളിൽ നടന്നു വരുന്ന  മനുഷ്യാവകാശ ലംഘനവും സ്ത്രീപീഡനവും ഇന്ൻ പുതുമ നശിച്ച വാർത്തയായി മാറിക്കഴിഞ്ഞിരിക്കുന്നു. അത്രയധികം വാർത്തകളും കേസുകളും ആണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതു ഒരു സാമുഹ്യപ്രശ്നമായി വളരുന്നതിനാൽ കുമ്പസാരം എന്ന അനാചാരവും അതിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശലംഘനവും സ്ത്രീപീഡനവുംനിർത്തലാക്കുവാൻ വേണ്ട ഉത്തരവുകൾ അതിന് അധികാരപ്പെട്ടവരിൽ നിന്നും എത്രയും വേഗം ഉണ്ടാകേണ്ടിയിരിക്കുന്നു. അങ്ങനെഈ അനാചാരത്തെ നമ്മുടെ സമൂഹത്തിൽ നിന്നു നീക്കണമെന്നാണു്, ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നതും. അതു വിജയിക്കണമെങ്കിൽ ക്രിസ്തീയ വിശ്വാസികൾ ഉണരുകയും കുമ്പസാരം പോലെയുള്ള അനാചാരങ്ങൾ ബഹിഷ്ക്കരിക്കുകയും ചെയ്യേണ്ടതായിട്ടുമുണ്ട്.

ആദ്യമേ തന്നെ അറിയിക്കട്ടെ; ഈ ലേഖനം ചില ക്രിസ്തീയസഭകളെയോ പുരോഹിതന്മാരെയോ ഏതെങ്കിലും വിധത്തിൽ അവഹേളിക്കാനോ അപകീർത്തിപ്പെടുത്താനോ, അവർ ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങളെ വില കുറച്ചു കാട്ടാനോ അല്ല. പിന്നെയോ, പണ്ടെങ്ങോ സഭാംഗങ്ങൾക്കു് അറിവില്ലാത്ത കാലത്ത്, ബൈബിൾ സുലഭമായി ലഭിക്കാതിരുന്നതിനാൽ അതിലെ സത്യങ്ങൾ വായിച്ചറിയുവാനും പരിജ്ഞാനം പ്രാപിക്കുവാനും സാധിക്കാതിരുന്ന കാലത്ത്,ദുരുദ്ദേശ്യത്തോടെ ചിലർ എഴുതി നടപ്പാക്കിയ അനാചാരങ്ങളെയും അനുഷ്ടാനങ്ങളെയും മാറ്റി, വിദ്യാഭ്യാസത്തിലൂടെയും ബൈബിൾവചനങ്ങൾ വായിച്ചു കിട്ടിയ ദൈവവചനപരിജ്ഞാനത്തിലൂടെയും വിശ്വാസികൾ നേടിയ അറിവിന്‌ അനുസൃതമായി, കാലോചിതയും ബൈബിൾവചനപ്രകാരവും സത്യസന്ധമായി ദൈവഹിതത്തിനനുസരിച്ചു  വിശ്വാസജീവിതം ക്രമപ്പെടുത്തുവാൻ, വിശ്വാസികൾക്ക് അവസരങ്ങൾ ഉണ്ടാകുന്നതിനു വേണ്ടി മാത്രമാകുന്നു.

എന്താണു കുമ്പസാരം?

കുമ്പസാരം എന്നു പൊതുവായി അറിയപ്പെടുന്നത് താഴെ വിവരിക്കുന്നു.

ചില ക്രിസ്തീയസഭകളിൽ പ്രത്യേകിച്ച് ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളിലും കാത്തോലിക്കാ വിഭാഗങ്ങളിലും വിശ്വാസികളെ, പുരോഹിതരുടെ മുൻപിൽ നിർ‍‍ബ്ബന്ധമായി മുട്ടുകുത്തിച്ചു നിർത്തി പാപങ്ങൾ ഏറ്റു പറയിക്കുന്ന ആചാരം ഉണ്ട്. അതിനെയാണ് കുമ്പസാരം ആയി അറിയപ്പെടുന്നത്.

ദൈവ മുൻപാകെ ഒരു വിശ്വാസി പാപജീവിതം ഉപേക്ഷിച്ചു് അനുതപിക്കണം എന്നതാണു് ദൈവവചനപ്രകാരമുള്ള നിയമം. ഈ ആവശ്യത്തെ മുൻനിർത്തി ചമച്ച തെറ്റായ ആചാരം മാത്രമാണു്, ഈ കുമ്പസാര രീതി. ഇതിനു ബൈബിൾ പ്രകാരം യാതൊരു വിലയോ അടിസ്ഥാനമോ ഇല്ല.

അതു സ്ത്രീകളുടെ ഉള്ളിലുള്ള ലൈംഗികവും വ്യക്തിപരവുമായ കാര്യങ്ങൾ ചോദിച്ചറിയാൻ പുരോഹിതനു അവസരങ്ങൾ നൽകുന്നതിനാൽഅതുവഴി വെറുമൊരു മനുഷ്യനായ പുരോഹിതന്റെ മുൻപിൽ എന്നും അവൾ ഒരു അവഹേളന വസ്തുവിനെപോലെ കഴിയേണ്ടി വരുകയും ചെയ്യുന്നു. പുരോഹിതനും സാധാരണ മനുഷ്യനെപോലെ ബലഹീനനും പാപിയും സകലവിധ വികാരങ്ങൾക്കും അടിമപ്പെട്ടവനും ആണു്. പുരോഹിതരിൽ വളരെ ചുരുക്കംപേർ കാമാസക്തി ഉള്ളവരുമാകാം. അതിനാൽ കുമ്പസാരം എന്ന ഈ ഏറ്റുപറച്ചിൽ വഴി ദുർവൃത്തരായ ആ പുരോഹിതർക്ക് സ്ത്രീകളെ കൂടുതൽ വഴി തെറ്റിക്കാനും തന്റെ ലൈംഗികാവശ്യങ്ങൾക്ക് അവളെ ഉപയോഗിക്കാനുമുള്ള അവസരങ്ങൾ ഒരുക്കുന്നു. തന്റെ അത്തരം പാപങ്ങൾ അറിയാവുന്ന ഒരു പുരുഷന്റെ മുൻപിൽ പ്രത്യേകിച്ചു ഒരു പുരോഹിന്റെ മുൻപിൽ അവൾ വഴങ്ങി കൊടുക്കേണ്ടി വരികയും ചെയ്യുന്നു.

പലരും സമൂഹത്തെയും സഭയെയും ഭയന്ൻ ഇതു സമ്മതിക്കില്ല. എങ്കിൽകൂടി അത്തരം സാഹചര്യങ്ങൾ ഉണ്ടാകും എന്ന് ചില പുരോഹിതരും സ്ത്രീകളും ഉൾപെട്ട പഴയകാലത്തെ കോളിളക്കം സൃഷ്ടിച്ച പല പൊലീസ് കേസുകളും ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന പല സംഭവങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ടല്ലോ. (ഉദാഹരണമായി, കോട്ടയത്തിനടുത്തു്  പാലുകൊണ്ടുപോയി കൊടുത്തുകൊണ്ടിരുന്ന ഒരു പെൺകുട്ടിയെ പുരോഹിതൻ കൊന്ന സംഭവം.(പുരോഹിതനെശിക്ഷിക്കുകയും ചെയ്തു). ഇപ്പോഴും പുരോഹിതർ ഉൾപ്പെട്ടചില കേസുകൾ നടക്കുന്നുമുണ്ടല്ലോ.വിദേശ രാജ്യങ്ങളിൽ പോലും ഇത്തരം ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചില ബിഷപ്പുമാരും പുരോഹിതരും, വിവാഹിതരും അവിവാഹിതരുമായ സ്ത്രീകളെ മാത്രമല്ല, ചില കൗമാരപ്രായക്കാരായ ആൺകുട്ടികളെയും ലൈംഗികാവശ്യങ്ങൾക്ക് ഉപയോഗിക്കുകയും തങ്ങളുടെ സ്ഥാനം ഉപയോഗിച്ചു പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നും, പല സഭകളും അത്തരക്കാരെ പുറത്താക്കിയിട്ടുണ്ട് എന്നും വാർത്തകൾ വന്നിട്ടുണ്ടു്. പുരോഹിതർ പുറത്താക്കപ്പെട്ടാലും സ്ത്രീകളും യുവാക്കളും പിന്നീടു് അനുഭവിക്കുന്ന മാനസികവും സമുഹ്യവുമായ പീഡനങ്ങൾ അതിലും എത്രയോ വലുതാണു്, അധികമാണ് എന്ന് നാം ഏവർക്കും അറിയാം.സ്ത്രീകളുടെ കുടുംബബന്ധങ്ങൾ പോലും തകർത്തുകളയാൻ ഇത്തരം സംഭവങ്ങൾ കൊണ്ടു സാധിക്കുന്നതാണു്.

അതിനാൽ, പുരോഹിതരുടെ മുൻപിൽ വിശ്വാസികളെ നിർ‍‍ബ്ബന്ധമായി മുട്ടുകുത്തിച്ചു നിർത്തി, തങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ഏറ്റുപറയിക്കുന്ന ആചാരം,അവരെ സമൂഹമദ്ധ്യത്തിലും ക്രിസ്തീയസഭയുടെ മുൻപിലും ദൈവത്തിനു മുൻപിലും അവഹേളിക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്യുകയാണെന്ന സത്യം മനസ്സിലാക്കി, അത് മനുഷ്യർ എഴുതി വെച്ചിരിക്കുന്ന ഏതു വിശ്വാസത്തിന്റെ  അടിസ്ഥാനത്തിലായാലും പ്രമാണത്തിന്റെ അടിസ്ഥാനത്തിലായാലും അത്തരം ആചാരങ്ങൾ നിർത്തലാക്കി വിശ്വാസികളെ രക്ഷിക്കേണ്ട ആവശ്യം ഇന്ൻ സഞ്ജാതമായിരിക്കുന്നു. സംസ്കാരവും ഉന്നതവിദ്യാഭ്യാസവുമുള്ള ഇന്നത്തെ മനുഷ്യരുടെയും സമൂഹത്തിന്റെയും ഉന്നമനത്തിന് അതാവശ്യമാണ്.

കുമ്പസാരം മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനുംവിരുദ്ധവും ദൈവം മനുഷ്യന് അനുവദിച്ചിരിക്കുന്ന ആത്മീയസ്വാതന്ത്ര്യത്തിനു എതിരും ആകുന്നു. കൂടാതെ അതിനു ബൈബിൾപ്രകാരം യാതൊരു വിലയോ അടിസ്ഥാനമോ ഇല്ലാത്തതിനാൽ ഈ രീതി തെറ്റും മനുഷ്യത്വരഹിതവും മനുഷ്യരെ കൂടുതൽ പാപത്തിലേക്കും ദൈവശിക്ഷയിലേക്കും കൊണ്ടെത്തിക്കുന്നതുമാണ്.

ഇത്തരം കുമ്പസാരം ശരിയായ രീതിയാണോ?

ത്തരം കുമ്പസാരം ശരിയായ രീതിയല്ല എന്നു മാത്രമല്ല ദൈവകോപം വരുത്തുന്നതുമാണ്. ഇതിലൂടെ പാപമോചനം ലഭിക്കില്ല എന്നു മാത്രമല്ല കൂടുതൽ പാപത്തിൽ കൊണ്ടെത്തിക്കുന്നതുമാണ്.

ഇത്തരം കുമ്പസാരം ബൈബിൾപരമായിതന്നെ തെറ്റാണെന്നു സ്ഥാപിക്കാൻ സാധിക്കും.

1. ഈ രീതി ബൈബിൾ പ്രകാരമോ ദൈവവചന പ്രകാരമോ അല്ല.അതിന് അനുകൂലമായി ഒരു വചനവും ബൈബിളിൽ ഇല്ല.

2. കുമ്പസാരം അഥവാ അനുതാപം ( തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ദൈവസന്നിധിയിൽ ഏറ്റു പറയുന്ന പ്രവൃത്തി) വ്യക്തിപരമായി ദൈവസന്നിധിയിൽ മാത്രം നടത്തേണ്ട ഒരു കാര്യം ആണ്.

ദൈവസന്നിധി എന്നാൽ അത് എവിടെയും, എവിടെവെച്ചും ആകാം. ദൈവം സർവവ്യാപിയും സർവജ്ഞനും സർവശക്തനും ആകുന്നു എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്.ഈ ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന ദൈവസാന്നിദ്ധ്യത്തിൽ  അനുതപിക്കാൻ  പറ്റുന്ന ഏതു സ്ഥലത്തു വെച്ചും സാഹചര്യത്തിലും അതാകാം. ഒരു പള്ളിയിൽ വെച്ചും വിശ്വാസിക്ക്, അനുതാപത്തോടെ ഇരുന്നോ, നിന്നോ,മറ്റാരും കേൾക്കാതെ ദൈവത്തിനു മുൻപിൽ മനസ്ഥാപത്തോടെ ഹൃദയം തുറന്നു ഇതു ചെയ്യാവുന്നതാണ്. സ്വന്തഭവനത്തിൽ സ്വന്തമുറിയിൽ വെച്ചും അടച്ചിട്ട മുറിയിൽ ഒറ്റക്കിരുന്നും ഇത് ചെയ്യാവുന്നതാണ്.

3. ലുക്കോസ് 18: 9-14 വരെയുള്ള വചനങ്ങളിൽ  പാപിയായ  ചുങ്കകാരന്  നീതീകരണം ലഭിക്കുന്നത് (പാപമോചനത്തിനു ശേഷം ലഭിക്കുന്നതാണ്, നീതീകരണം) എങ്ങനെയെന്നു വിവരിച്ചിരിക്കുന്നു.“രണ്ടുമനുഷ്യർപ്രാർത്ഥിപ്പാൻദൈവാലയത്തിൽപോയി? ഒരുത്തൻപരീശൻ , മറ്റവൻചുങ്കക്കാരൻ .

ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻ പോലും തുനിയാതെ മാറത്തടിച്ചു കൊണ്ട്,‘ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ’എന്നു പറഞ്ഞു. അവൻനീതീകരിക്കപ്പെട്ടവനായിവീട്ടിലേക്കുപോയിഎന്നും മറ്റവൻ അങ്ങനെയല്ല, അവൻ നീതീകരിക്കപ്പെട്ടില്ല എന്നും ആ ദൈവവചനങ്ങൾ  പറയുന്നു. 

4. മത്തായി 6:5-13 വരെയുള്ള വചനങ്ങളിൽ സ്വന്തഭവനത്തിൽ ഇരുന്നും പ്രാർത്ഥിക്കാം എന്നും, പ്രാർത്ഥിക്കേണ്ടത് എങ്ങനെ എന്നും വിവരിക്കുന്നു. 

5. യാക്കോബ് 5: 14-16യുള്ള വചനങ്ങളിൽ ഇങ്ങനെ വിവരിക്കുന്നു.“നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണപൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും? കർത്താവു അവനെ എഴുന്നേല്പിക്കും? അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും. എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നുവേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ . നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.” 

ദൈവസന്നിധി എന്നാൽ അത് എവിടെയും, എവിടെവെച്ചും ആകാം. ദൈവം സർവവ്യാപിയും സർവജ്ഞനും സർവശക്തനും ആകുന്നു എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്.ഈ ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന ദൈവസാന്നിദ്ധ്യത്തിൽ അനുതപിക്കാൻ പറ്റുന്ന ഏതു സ്ഥലത്തു വെച്ചും സാഹചര്യത്തിലും അതാകാം. ഒരു പള്ളിയിൽ വെച്ചും വിശ്വാസിക്ക്, അനുതാപത്തോടെ ഇരുന്നോ, നിന്നോ,മറ്റാരും കേൾക്കാതെ ദൈവത്തിനു മുൻപിൽ മനസ്ഥാപത്തോടെ ഹൃദയം തുറന്നു ഇതു ചെയ്യാവുന്നതാണ്. സ്വന്തഭവനത്തിൽ സ്വന്തമുറിയിൽ വെച്ചും അടച്ചിട്ട മുറിയിൽ ഒറ്റക്കിരുന്നും ഇത് ചെയ്യാവുന്നതാണ്.ഇവിടെ മൂപ്പന്മാർ എന്നത് പുരോഹിതരല്ല. ദൈവവചനത്തിൽ വളർന്ന, വചനങ്ങൾ അനുസരിച്ചു ജീവിക്കുന്ന സഭയിലെ മുതിർന്ന എല്ലാ ക്രിസ്തീയവിശ്വാസികളെയും ഉദ്ദേശിച്ചാണ് അപ്രകാരം പറയുന്നത്. 

‘പാപമോചനത്തിനുവേണ്ടി തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ’ എന്നാണ് മുകളിലത്തെ വചനം പറയുന്നത്.അല്ലാതെ, പുരോഹിതരോട് ഏറ്റു പറയാനല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ആരൊക്കെ അന്യോന്യം പാപം ചെയ്തോ, അന്യോന്യം ചെയ്ത ആ പാപങ്ങൾ അവരവർ അന്യോന്യം ഏറ്റു പറഞ്ഞുകൊണ്ട് അന്യോന്യം പ്രാർത്ഥിപ്പിൻ എന്നാണ് പറയുന്നത്. അതായതു ഒരുവൻ ആരോടു പാപം ചെയ്തോ അയാളോടാണ് അത് ഏറ്റു പറയേണ്ടത്; അല്ലാതെ പുരോഹിതരോടല്ല. 

മത്തായി 5:23-24 വചനങ്ങളിലും മറ്റു പല വചനങ്ങളിലും ഇതിനെപ്പറ്റി വിവരിക്കുന്നുണ്ട്. 

6. മത്തായി 3:6-ൽ ഉള്ള വചനത്തിൽ‍, യഹൂദർ പാപങ്ങൾ ഏറ്റുപറഞ്ഞുകൊണ്ടു യോർദാൻ നദിയിൽ യോഹന്നാൻ സ്നാപകനാൽ സ്നാനമേറ്റു എന്ന് പറയുന്നു.ഇതു യഹൂദർ ചെയ്തതും സ്നാന സമയത്തു നടന്ന കാര്യവുമാണു്. അതിനാൽ ഇപ്പോൾ ക്രിസ്ത്യാനികൾക്കിടയിൽ നടത്തപ്പെടുന്ന കുമ്പസാരവും ആയി യഹൂദർ ചെയ്തതിനെ ബന്ധപ്പെടുത്താനും പറ്റില്ല. 

പാപം ഏറ്റുപറഞ്ഞതു യോഹന്നാനോട് ആയിരുന്നു എന്നും പറയുന്നില്ല. യഹൂദർ ദൈവത്തോടാണ് പാപങ്ങൾ ഏറ്റു പറയാറ്;പുരോഹിതരോടല്ല. പുരോഹിതരോട് പാപങ്ങൾ ഏറ്റുപറഞ്ഞതായി വചനങ്ങളിൽ എവിടെയും വായിച്ചിട്ടില്ല.അതിനാൽ, അവർ ദൈവത്തിന്റെ മുൻപിൽ പാപങ്ങൾഏറ്റുപറഞ്ഞിട്ടു സ്നാനമേറ്റതിനെ പറ്റിയാകും ഇവിടെ പറഞ്ഞിരിക്കുന്നത്. കൂടാതെ യോഹന്നാൻ സ്നാപകൻ പുരോഹിതനായിരുന്നില്ല, പ്രവാചകനായിരുന്നു. യഹൂദർ തങ്ങൾക്കുണ്ടായ മാനസാന്തരഫലമായി സ്വമനസാലെ പാപങ്ങൾ ഏറ്റുപറഞ്ഞതായി മാത്രമേ ഈ വചനത്തിൽ നിന്നു മനസ്സിലാകുകയുള്ളു. അല്ലാതെ ആരും നിർബ്ബന്ധപൂർവ്വം ചെയ്യിച്ചതല്ല. 

മറ്റൊരു പ്രധാനകാര്യം, യോഹന്നാൻസ്നാപകൻ നടത്തിയ സ്നാനമല്ല  ക്രിസ്ത്യാനികൾ എല്ക്കുന്നത് എന്നതാണ്.യോഹന്നാൻ മാനസാന്തരസ്നാനം നടത്തിയപ്പോൾ ക്രിസ്ത്യാനികൾ യേശുവിനോട് ചേരാൻ യേശുവിന്റെ നാമത്തിൽ ആണ് സ്നാനം എല്ക്കുന്നത്.അത് യേശുവിൽ നിന്നു പാപമോചനം കിട്ടാൻ ഉള്ള സ്നാനം ആകുന്നു.അപ്പൊസ്തോലപ്രവൃത്തി 2:38-എന്ന വചനം ഇതേപറ്റി പറയുന്നുണ്ട്.അതിനാൽ കുമ്പസാരവും ഈ സ്നാനസമയത്തെ പാപമോചന വചനങ്ങളും തമ്മിൽ കൂട്ടി കുഴക്കാൻ പാടില്ല. തന്നെയുമല്ല, ചില ക്രിസ്തീയസഭകളിൽ നടക്കുന്ന മുകളിൽ വിവരിക്കുന്ന ക്രിസ്ത്യാനികളുടെ കുമ്പസാരം സ്നാനസമയത്തല്ല താനും. എല്ലാ വർഷവും പുരോഹിതരുടെ മുൻപിൽ ചെന്നു വേണം കുമ്പസാരിക്കാൻ എന്നാണ് അനാചാരം ഉണ്ടാക്കിയിരിക്കുന്നത്  . 

7. ഈ കുമ്പസാരരീതി ദൈവവചനപ്രകാരം അല്ല;എങ്കിൽ ചില സഭകളിൽ ഈ രീതി എങ്ങനെയുണ്ടായി; എവിടെ നിന്നു വന്നു.? 

ഇതിനുള്ള ഉത്തരം സഭകളിലെ ബിഷപ്പുമാരും പുരോഹിതരും  രഹസ്യമാക്കി വച്ചിരിക്കുന്നു. ഈ കുമ്പസാരരീതി ബൈബിളിൽ ഇല്ലാത്തവയും മനുഷ്യർ സ്വന്തമായി എഴുതി വെച്ചതുമാണ്. അതിനാൽ അതിനു ആത്മീയമായി യാതൊരു മൂല്യമും ഇല്ല.ദൈവം അത്തരം മനുഷ്യനിർമ്മിത (മനുഷ്യരാൽ എഴുതപ്പെട്ട) ആചാരങ്ങൾ സ്വീകരിക്കുക ഇല്ല എന്നുതന്നെയല്ല, തള്ളികളയുകയും ചെയ്യുന്നു.അങ്ങനെ വിശ്വാസികൾ, ദൈവത്തിൽ നിന്നും പാപമോചനം ലഭിക്കാതെ ദൈവശിക്ഷയ്ക്കു യോഗ്യരായി തീരുന്നു.മർക്കോസ് 7: 6-8 വരെ വായിച്ചാൽ, മനുഷ്യർ സ്വന്തമായി ഉണ്ടാക്കിയ ആചാരാനുഷ്ടാനങ്ങൾ ദൈവം തള്ളിക്കളയുന്നു എന്നും കാണാം. 

8. യേശുക്രിസ്തുവിന്റെ മരണപുനരുത്ഥാനശേഷമാണ് ക്രിസ്തീയ സഭകൾ ഉണ്ടായത്. ബൈബിളിലെ പുതിയനിയമ പുസ്തകങ്ങളിൽ ആദ്യകാല സഭകൾ എങ്ങനെയാണു പ്രവർത്തിച്ചിരുന്നതെന്ന് എഴുതിയിട്ടുണ്ട്. ക്രിസ്തീയവിശ്വാസികൾ അറിയേണ്ടതും പാലിക്കേണ്ടതുമായ എല്ലാ കാര്യങ്ങളും ദൈവവചനങ്ങളിലൂടെ നല്കപ്പെട്ടിട്ടുമുണ്ട്.

ഇത്തരമൊരു കുമ്പസാരരീതി ആ നിയമപുസ്തകങ്ങളിൽ ഒന്നും തന്നെയില്ല. ആദ്യകാല സഭകളിൽ ഇത്തരം രീതികളും ഇല്ല. 

9. പിൽക്കാലത്ത് എപ്പോഴോ സഭാ നടത്തിപ്പുകാർ അവരുടെ നിഗൂഡതാത്പര്യങ്ങൾക്കു വേണ്ടി എഴുതിയുണ്ടാക്കിയ ആചാരമാണ് ഈ കുമ്പസാരം. 

10. ഒരുപക്ഷേ മറ്റു ചില മതങ്ങളിൽ നിന്നും എടുത്തതുമാകാം.അക്കാലത്ത് ബാബിലോണിയൻ മതത്തിൽ തങ്ങളുടെ അംഗങ്ങളെ വിധേയപ്പെടുത്തി അടിമകളാക്കി നിർത്താൻ ഈ രീതി ഉണ്ടായിയിരുന്നു എന്ന് പറയപ്പെടുന്നു. ചില ക്രിസ്തീയസഭകൾ ഈ കുമ്പസാരം അവരിൽ നിന്നും പകർത്തിയതാണെന്നും കരുതപ്പെടുന്നു. അല്ലാതെ ഇതൊരു ക്രിസ്തീയ ആചാരം ആയിരുന്നില്ല എന്നു ബൈബിളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നതാണു്. 

11. ഈ കുമ്പസാര രീതി ഒരു ആചാരമായി ഉണ്ടാക്കിയതിനും നടത്തിക്കൊണ്ടുപോകുന്നതിനും പിന്നിൽ ചില ദുരുദ്ദേശ്യങ്ങളും ഉണ്ടെന്നു കരുതപ്പെടുന്നു.അവ താഴെ കൊടുക്കുന്നു.

(a) തങ്ങളുടെ കീഴുലുള്ള വിശ്വാസികളെ എക്കാലവും പാപത്തിൻ കീഴിൽ ആണെന്നുബോധ്യപ്പെടുത്തി നിർത്താം. അതിനാൽ എല്ലാ വർഷവും കുമ്പസാരിക്കണം എന്നുപറഞ്ഞ് അവരെ എക്കാലവും കുറ്റബോധത്തിൽ ആക്കാം.

(b) പുരോഹിതരാണു തങ്ങൾക്കു പാപമോചനവുംസ്വർഗ്ഗവും നല്കുന്നവരെന്ന ചിന്ത ഉണ്ടാക്കി വിശ്വാസികളെ എക്കാലവും ചൂഷണം ചെയ്യാം. വിശ്വാസികൾ പുരോഹിതരേക്കാൾ  അധമരാണെന്നു  വരുത്തി തീർത്തു കൊണ്ട്എക്കാലവും വിശ്വാസികളെ തങ്ങളുടെ അടിമകളാക്കി നിർത്തുന്നതിനും അങ്ങനെ അവർക്കു സാധിക്കുന്നു.എന്നാൽ  ദൈവത്തിനു മുൻപിൽ എല്ലാവരും സമന്മാരാകുന്നു എന്ന വേദവാക്യം അവർ മറന്നു കളയുന്നു. 

12. മനുഷ്യരിൽ ആർക്കും തന്നെ പാപമോചനാധികാരം നല്കപെട്ടിട്ടില്ല എന്നതാണു സത്യം. മനുഷ്യനും ദൈവത്തിനും ഇടയിൽ ബൈബിൾപ്രകാരം യേശുക്രിസ്തു അല്ലാതെ മറ്റൊരു മധ്യസ്ഥനും ഇല്ല.അതിനാൽ ഈ കുമ്പസാരരീതി തികച്ചും തള്ളപ്പെടാൻ യോഗ്യവും നീക്കം ചെയ്യപ്പെടേണ്ടതും ആകുന്നു. 

13. കേരളത്തിൽ  ഓർത്തഡോക്സ്, യാക്കോബായ  വിഭാഗങ്ങളിലും കാത്തോലിക്കാ വിഭാഗങ്ങളിലും ഈ രീതി കാണാം. മറ്റു ക്രിസ്തീയ സഭകളായ മാർത്തോമ, സി എസ് ഐ, പ്രോട്ടസ്ടൻറ്,ബ്രദറൺ, ഇവാൻജലിക്കൽ, നവോത്ഥാന, പെന്തികൊസ്തൽ സഭകളിലും, സ്വതന്ത്ര സഭകളിലും ഇത്തരം കുമ്പസാരരീതി ഇല്ല. അതുപോലെ കേരളത്തിലെ നവോത്ഥാന സുവിശേഷകരുടെ സഭകളിലും ഈ രീതി പഠിപ്പിക്കുകയോ പാലിക്കുകയോ ചെയ്യുന്നില്ല എന്നാണു ഞാൻ മനസ്സിലാക്കുന്നത്‌.അതിനാൽ ഈ കുമ്പസാരം തെറ്റായ രീതിയിലാണെന്നും മനസ്സിലാക്കാവുന്നതാണ്.

മേല്പറഞ്ഞ ചില സഭകളുടെ ഇത്തരം ദൈവവചനവിരുദ്ധ ആചാരങ്ങളുടെ ഉദ്ദേശ്യവും അതിൽ നിന്നു മനസ്സിലാക്കാവുന്നതാണ്.

ബഹുഭ്ഭൂരിപക്ഷം ക്രിസ്തീയസഭകളിലും ക്രിസ്തീയ വിശ്വാസികളിലും ഈ സമ്പ്രദായം ഇല്ലാത്തതിനാൽ ഇതു തെറ്റാണെന്നു സാമാന്യബുദ്ധിയിൽ  ചിന്തിച്ചാൽ സാധാരണക്കാർക്കു പോലും മനസ്സിലാവുകയും ചെയ്യും. 

14. എങ്കിലും ഈ രീതിയെ എതിർക്കാത്തത് പല കാരണങ്ങൾ കൊണ്ടുമാകാം.

അവയിൽ ചിലതു താഴെ കൊടുക്കുന്നു

(a1)ചെറുപ്പം മുതലേ  ചെയ്തു വരുന്ന രീതിയെ എതിർത്താൽ തങ്ങൾക്കു നീതി ലഭിക്കുമോ എന്ന ഭയം നിമിത്തവും സഭയുടെ പുറത്താക്കൽ ഭീഷണി ഉണ്ടാകും എന്നതിനാലും.

(a2)അവരെയും കുടുംബത്തെയും, പുരോഹിതരുടെയും സഭാനേതാക്കളുടെയും പ്രേരണയാൽ, മറ്റു വിശ്വാസികൾ ഒറ്റപ്പെടുത്തുകയും പലവിധ പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്യുമോ എന്ന ഭീതി മൂലം

(a3) ബൈബിൾ ശരിയായി പഠിക്കാതെയും മനസ്സിലാക്കാതെയും പണ്ടെങ്ങോ അറിവില്ലാത്തവർ എഴുതി വെച്ച പാരമ്പര്യങ്ങളും ആചാരങ്ങളും ശരിയായിരിക്കും എന്ന അടിസ്ഥാനരഹിതമായ അന്ധവിശ്വാസം മൂലം.

(a4)ദൈവവചനം വായിച്ചു മനസ്സിലാക്കാൻ തുനിയാത്തതിനാൽ വചനത്തിൽ ഉള്ള അറിവില്ലായ്മമൂലം പുരോഹിതർ പറയുന്ന അസത്യങ്ങൾ, ദൈവവചനപ്രകാരം ആകുംഎന്നു തെറ്റിദ്ധരിച്ച് ചെയ്തു പോകുന്നതു്.

(a5)സഭയിലെ ആചാരം ആയതിനാൽ ഒരു പ്രശ്നം ഉണ്ടാകാതിരിക്കാൻ അങ്ങ് ചെയ്യുന്നു എന്നുമാത്രം. അല്ലാതെ ഇന്നത്തെ കാലത്ത്, ഭൂരിപക്ഷം വിശ്വാസികളും പൂർണ മനസ്സോടെയോ സമ്മതത്തോടെയോ ചെയ്യുന്നതല്ല അത്. (അതിനാൽ മിക്കവാറും എല്ലാവരുംതന്നെ, അതൊരു വെറും മനുഷ്യാചാരമായി കരുതി ശരിയായ രീതിയിൽ പാപങ്ങൾ ഏറ്റു പറയാതെ പുരോഹിതനു മുൻപിൽ കളവു പറയുകയോ,പാപങ്ങൾ ഇല്ല എന്ന് പറഞ്ഞൊഴിയുകയോ ചെയ്തു കൊണ്ടു് ഓരോ കുമ്പസാരത്തിനു ശേഷവും വീണ്ടും കൂടുതൽ പാപിയായി തീരുന്നു എന്നതാണു സത്യം.)

15. ക്രിസ്തുവിൽ എല്ലാവരും ആത്മീയമായി സ്വതന്ത്രരാണ് എന്നാണ് ബൈബിൾവചനം പഠിപ്പിക്കുന്നത്. എന്നാൽ ഈ ആചാരങ്ങൾ  നടപ്പാക്കുന്ന സഭകൾ ഇത്തരം അനാചാരങ്ങളിലൂടെ വിശ്വാസികളെ ആത്മീയ അടിമത്വത്തിൽ പൂട്ടിയിട്ടു കൊണ്ട് പാപത്തിൽ ബന്ധിച്ചു കളയുന്നു. അങ്ങനെ വിശ്വാസികൾ അവർ പോലുമറിയാതെ മരണശേഷം പാപത്തിൽനിന്നും മോചനം ലഭിക്കാതെ നരകശിക്ഷക്കു യോഗ്യരാകുന്നു.

16. സ്വതന്ത്രമായി ചിന്തിക്കാനോ ദൈവവചനം മനസിലാക്കി വിശ്വാസത്തിൽ വളരാനോ സഭാംഗങ്ങളെ ഇത്തരം സഭകൾ അനുവദിക്കുന്നതുമില്ല. തങ്ങൾ പറയുന്ന അസത്യങ്ങൾ ബലമായി അടിച്ചേല്പിച്ച് എല്ലാവരെയും സാത്താന്യശക്തികൾക്ക് കീഴ്പെടുത്തി കൊടുക്കുകയാണ്,  വിശ്വാസികളുടെ ശമ്പളം വാങ്ങി പുരോഹിതർ ചെയ്തു കൊണ്ടിരിക്കുന്നത്. അതിന്റെ പിന്നിലെ ദുരുദ്ദേശ്യം ധനലാഭം മാത്രമാണു താനും. (തങ്ങളെ പഠിപ്പിച്ചതല്ലേ പുരോഹിതർക്കു ചെയ്യാൻ പറ്റുകയുള്ളൂ? സഭാ തലവന്മാർ പറയുന്നത് അവർ ചെയ്യാൻ നിർബന്ധിതരുമല്ലേ?അങ്ങനെ ചെയ്യുന്നില്ല, എങ്കിൽ അവരെയും പുറത്താക്കും.) 

17. അനുതാപവും പാപമോചനവും ദൈവവും മനുഷ്യനും തമ്മിലുള്ള വ്യക്തിപരമായകാര്യമാണ്. ക്രിസ്തീയവിശ്വാസപ്രകാരമുള്ള പാപമോചനത്തിനുള്ള അധികാരം യേശുക്രിസ്തുവിനാണ് ദൈവം നൽകിയിരിക്കുന്നത് എന്ന് ദൈവവചനത്തിൽ നിന്നു വ്യക്തമാണ്‌. പാപമോചനം യാചിക്കുന്ന മനുഷ്യനും പാപമോചനം നൽകുന്ന യേശുക്രിസ്തുവിനും ഇടയിൽ മറ്റൊരു മധ്യസ്ഥൻ ഇല്ല.അതിനു ആരുടേയും ശുപാർശയും ആവശ്യമില്ല; ദൈവത്തിനു അതു കാര്യവുമല്ല. (അങ്ങനെ ഉള്ളതായി ദൈവവചനത്തിൽ എവിടെയും കാണുന്നുമില്ല.)ഒരു പാപിക്കു വേണ്ടി മറ്റൊരു പാപിയായ മനുഷ്യനു മധ്യസ്ഥൻ ആകാൻ സാധിക്കില്ലല്ലോ. അതു പുരോഹിതൻ ആണെങ്കിൽകൂടി. ദൈവവചനങ്ങൾ അതാണു പഠിപ്പിക്കുന്നത്. 

18.  മധ്യസ്ഥനായി ചമയുന്ന പുരോഹിതന്റെ മുൻപിൽ ശരിയായും സത്യസന്ധമായും ഹൃദയം തുറന്ൻ അനുതപിക്കാൻ സാധിക്കാത്തതു കാരണം,വിശ്വാസികൾ അവരുടെ പാപത്തിൽ എപ്പോഴും നിലനിൽക്കുന്നു എന്നതാണു ഈ കുമ്പസാരരീതി മൂലം ഉള്ള വലിയ ദോഷം. അങ്ങനെ അവർ മരിക്കുമ്പോൾ ക്രിസ്തീയ വിശ്വാസപ്രകാരമുള്ള പാപമോചനം ലഭിക്കാതെ മരിക്കുന്നു. ദൈവത്തിൽ നിന്നുള്ള ശിക്ഷാവിധിക്കു യോഗ്യരായി തീരുകയും ചെയ്യുന്നു.

19. ഈ രീതി സഭാചട്ടമായി വിശ്വാസികളുടെ മേൽ നിർബ്ബന്ധപൂർവ്വം അടിച്ചേല്പിക്കുന്നതിനാൽ മാത്രമാണ് ധാരാളം പേരും അതിനു സമ്മതിക്കുന്നത്. അല്ലാതെ സ്വമനസ്സാലെ അല്ല. ദൈവവചനത്തിൽ അറിവുള്ള ആരും തന്നെ ഇങ്ങനെയൊരു തെറ്റു് സ്വന്ത ഇഷ്ടപ്രകാരം ചെയ്യില്ലല്ലോ. 

20. ഒരു പുരോഹിതനും ഇന്നു കാണുന്ന മനുഷ്യാചാരങ്ങളിൽ കെട്ടിപ്പടുത്തിരിക്കുന്ന സഭക്കും ആരെയും സ്വർഗത്തിൽ എത്തിക്കാൻ കഴിവില്ല എന്നതാണു സത്യം. ദൈവവചനങ്ങൾ അതാണു പഠിപ്പിക്കുന്നത്. 

21. ഒരു മനുഷ്യനു, മറ്റൊരു മനുഷന്റെ മുൻപിൽ ,അതൊരു പുരോഹിതനായാൽകൂടി, തന്റെ പാപങ്ങൾ ഏറ്റു പറയുന്നതു വലിയ മാനസികപീഡക്ക് കാരണമാകുന്നു. പ്രത്യേകിച്ചു്, സ്ത്രീകൾക്ക് അത് അപമാനവും കൂടിയാണ്. ഒരു സ്ത്രീയുടെ മാനസികാവസ്ഥ അപ്പോൾ വളരെ പീഡിതമാകുന്നു. അവർ പ്രകടിപ്പിച്ചില്ലെങ്കിൽ കൂടി അതു് ഒരു സത്യമാണ്.അതിനാൽ എല്ലാവരും പുരോഹിതരോട് എല്ലാ പാപങ്ങളും ഏറ്റു പറയാറില്ല.അവിടെ ഒരു അസത്യപ്രവൃത്തി നടക്കുന്നതിനാൽ വിശ്വാസികളുടെ പാപങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു. അങ്ങനെ വിശ്വാസികളെ കൂടുതൽ കൂടുതൽ പാപങ്ങളിലേക്ക് നയിക്കുന്നതു കൂടിയാണ്, ഈ കുമ്പസാരരീതി. 

കൂടാതെ, ചില വിവരങ്ങൾ കൂടി താഴെ കൊടുക്കുന്നു:- 

(1)ഒരു പുരോഹിതന്റെ മുൻപിൽ മുട്ടുകുത്തി നിർത്തുന്നത് തെറ്റാണ്. ദൈവത്തിനു മുൻപിൽ മാത്രമേ മനുഷ്യൻ മുട്ടുകുത്തേണ്ടതുള്ളു എന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്‌. 

(2)ജഡസംബന്ധമായി പാപം ചെയ്ത സ്ത്രീകൾ ആരൊക്കെയെന്നു മനസ്സിലാക്കാൻ ഈ കുമ്പസാര രീതി പുരുഷന്മാരായ പുരോഹിതർക്ക് അവസരങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ അത്തരം സ്ത്രീകളെ ചില ജഡമോഹികളായ പുരോഹിതർക്ക് തങ്ങളുടെ കാമപൂരണത്തിനും മറ്റ് ഇംഗിതങ്ങൾക്കും ഉപയോഗിക്കാൻ എളുപ്പവഴിയുണ്ടാക്കുന്നു; ചിലപ്പോൾ അവർ അതിൽ വിജയിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച്, വിദൂരസ്ഥലങ്ങളിൽ ജോലിയുള്ള ഭർത്താക്കന്മാർ ഉള്ള സ്ത്രീകൾ, വിധവകൾ, ഭർത്താവിൽ നിന്നു പല കാരണങ്ങളാൽ വേർപെട്ടു താമസിക്കുന്നവർ, വിവാഹമോചനം നേടിയവർ തുടങ്ങിയവർ ഇത്തരം കെണികളിൽ വീഴാൻ സാദ്ധ്യത കൂടുതൽ ആണുതാനും. 

ഈ കുമ്പസാരരീതി മനുഷ്യാവകാശ ലംഘനവും സ്ത്രീപീഡനവും ക്രിസ്തീയ സഭാവിശ്വാസികളുടെ വ്യക്തിത്വത്തെയും അഭിമാനത്തെയും ധ്വംസിക്കുന്നതുമാണ്.മേല്പറഞ്ഞ കാരണങ്ങളിൽ നിന്നും വിവരണങ്ങളിൽ നിന്നും ബൈബിൾ സത്യങ്ങൾ മനസ്സിലാക്കി ഇത്തരം കുമ്പസാര രീതി സത്യവിശ്വാസത്തിനു എതിർ ആയതിനാൽ, അതു നിർത്തൽ ചെയ്യുന്നതിനു വേണ്ട നടപടികൾ എത്രയും വേഗം അതിന് അധികാരപ്പെട്ടവർ എടുക്കേണ്ടത് ഇന്നത്തെ ആവശ്യമായി വളർന്നിരിക്കുന്നു.

ഏതെല്ലാം കാര്യങ്ങൾക്കാണു പരിഹാരം ഉണ്ടാകേണ്ടത്:- 

(1) ഈ ആധുനികകാലത്ത്, മനുഷ്യർ വക്തിസ്വാതന്ത്ര്യവും അറിവും നേടിയ ഈ കാലത്ത്,ബൈബിളിൽ നിന്നും എല്ലാവർക്കും അത്മീയാറിവുകൾ നേടാൻ സാധിക്കുന്നതിനാൽ, ബൈബിൾ വാങ്ങാൻ ഇല്ലാതിരുന്ന കാലത്ത് ഉണ്ടാക്കിയിട്ടുള്ള അനാചാരങ്ങൾ സഭകൾ തുടർന്നു കൊണ്ടു പോകുന്നത് സഭയിലെ എല്ലാവരുടെ മേലും ദൈവകോപം വരുത്തുന്നതാകയാലും  ഈ കിരാതവും പുരാതനവുമായ കുമ്പസാരരീതി തള്ളിക്കളയേണ്ടത് വിശ്വാസികളുടെ ആത്മീയവളർച്ചക്കും ഉന്നമനത്തിനും അത്യന്താപേക്ഷിതമാകയാലും ഇതു നിർബ്ബന്ധപൂർവം ചെയ്യിക്കുന്നത് നിർത്തലാക്കാൻ വേണ്ട നടപടികൾ ഉണ്ടാകണം എന്നതാണു ഒന്നാമത്തെ ആവശ്യം. 

(2)മേൽപറഞ്ഞിട്ടുള്ള പല ക്രിസ്തീയ സഭകളിലും പള്ളികളിലും ഇക്കാലത്ത്, പള്ളി ഇടവക പൊതുയോഗങ്ങളിൽ പങ്കെടുക്കാനും വോട്ടു ചെയ്യാനുംഇപ്രകാരം കുമ്പസാരിക്കുന്നവർക്കു മാത്രമാണ്‌, അനുവാദം ഉള്ളത്. അത് ആ ഇടവകയിലെ വോട്ടവകാശമുള്ള ഒരംഗത്തിന്റെ വോട്ടവകാശം നിഷേധിക്കുന്നതിനു തുല്യമാണ്. ഇടവകാംഗങ്ങൾ എല്ലാവരും കൂടി നല്കിയ സാമ്പത്തികവും ശാരീരികവും ആത്മീയവുമായ ദാനങ്ങളിലൂടെ കെട്ടിപ്പടുത്ത പള്ളിയിൽ ഈ അനുചിത കാരണത്തിന്മേൽ ഒരംഗത്തിന്റെയോ അയാളുടെ കുടുംബത്തിന്റെയോ ഇത്തരം അവകാശങ്ങൾ നിഷേധിക്കുന്നത് നിയമപരമായും മനുഷികപരമായും തെറ്റാണു്. ഇത് അനീതിയാണ്.

കുമ്പസാരം മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനുംവിരുദ്ധവും ദൈവം മനുഷ്യന് അനുവദിച്ചിരിക്കുന്ന ആത്മീയസ്വാതന്ത്ര്യത്തിനു എതിരും ആകുന്നു. കൂടാതെ അതിനു ബൈബിൾപ്രകാരം യാതൊരു വിലയോ അടിസ്ഥാനമോ ഇല്ലാത്തതിനാൽ ഈ രീതി തെറ്റും മനുഷ്യത്വരഹിതവും മനുഷ്യരെ കൂടുതൽ പാപത്തിലേക്കും ദൈവശിക്ഷയിലേക്കും കൊണ്ടെത്തിക്കുന്നതുമാണ്.ഒരു ഇടവക പള്ളിയിലെ വോട്ടവകാശം അവിടുത്തെ എല്ലാഅംഗങ്ങൾക്കും അവകാശപ്പെട്ടതാണ്. ഈ അവകാശം നിഷേധിക്കുന്ന എല്ലാ പോതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും നിരോധിക്കണമെന്നുള്ളതാണ് രണ്ടാമത്തെ ആവശ്യം.

(3)ക്രിസ്തീയസഭകൾ ദൈവത്തിനും യേശുക്രിസ്തുവിനും സ്വന്തമാണ്.അല്ലാതെ സഭയെ നയിക്കുന്ന മനുഷ്യർക്കു് അവകാശപ്പെട്ടതല്ല.അവർ കാലാകാലങ്ങളിൽ വന്നുപൊയ്ക്കൊണ്ടിരിക്കും. അതിനാൽ സഭാനേതാക്കന്മാർക്കും ബിഷപ്പുമാർക്കും അവരുടെ താത്പര്യങ്ങൾക്ക് അനുസരിച്ചു സഭയെ നടത്തിക്കൊണ്ടു പോകാൻ സാധിക്കില്ല. അതു വിശ്വാസവഞ്ചനയും ജനവഞ്ചനയും ദൈവത്തോടു കാട്ടുന്ന വഞ്ചനയും ആത്മഹത്യാപരവും ആണ്. സഭകൾ നടത്തേണ്ട രീതി ബൈബിളിൽ പുതിയനിയമ പുസ്തകങ്ങളിൽ വ്യക്തമായി എഴുതിയിട്ടുണ്ടു്. ആ രീതി അനുസരിച്ചാണു സഭകൾ നടന്നു കൊണ്ടിരുന്നത്. പിന്നീട് എപ്പോഴോ മനുഷ്യർ സ്വന്ത രീതിയിൽ ആചാരങ്ങളും പ്രമാണങ്ങളും എഴുതി ഉണ്ടാക്കി മാറ്റിയതാണ്. അതു പാലിക്കാൻ സത്യക്രിസ്തീയവിശ്വാസികൾക്ക് കടപ്പാടില്ല,  ഉത്തരവാദിത്വവുമില്ല. യേശു തന്റെ രക്തത്താൽ ഉണ്ടാക്കിയതാണ്, ക്രിസ്തീയ വിശ്വാസികൾക്കുള്ള പുതിയ ഉടമ്പടിയും ആ ഉടമ്പടിയുടെ മേൽ കെട്ടിപ്പടുത്തിരിക്കുന്ന സഭകളും. അതു ബൈബിൾ പുതിയ നിയമപുസ്തകങ്ങളിൽ എഴുതി വെച്ചിരിക്കുന്നു. അതു പ്രകാരമല്ലാതെ, സ്വന്ത ഇഷ്ടപ്രകാരമോ, മനുഷ്യരുടെ ചിന്തകളിൽ നിന്നും ഉടലെടുക്കുന്ന ആശയപ്രകാരമോ മനുഷ്യർക്കുണ്ടാകുന്ന ദർശനങ്ങളുടെ അടിസ്ഥാനത്തിലോ സഭകൾ നടത്താൻ പാടില്ല. അതു ദൈവകോപത്തിനും ശിക്ഷാവിധിക്കും കാരണമായി തീരും. തെറ്റായ ഈ രീതി ഉണ്ടാക്കുന്നതിൽ യാതൊരു പങ്കുമില്ലാത്ത നിർദോഷികളായ സാധാരണ വിശ്വാസികളും ആ ശിക്ഷയിൽ പെട്ടു പോകും എന്നതാണു ഇതിന്റെ പരിതാപകരമായ അവസ്ഥ.

1 കൊരിന്ത്യർ 3:10 മുതൽ 15 വരെയുള്ള വാക്യങ്ങളിൽ, തെറ്റായ രീതിയിൽ നടത്തപ്പെടുന്ന സഭകൾ തീയ്ക്കു (ദൈവശിക്ഷക്ക്) ഇരയാവും എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടു്. ആ ശിക്ഷയിൽനിർദോഷികളായ സഭാവിശ്വാസികളും ഉൾപ്പെടുന്നു.

കൂടാതെ മത്തായി 7:24 മുതൽ 27 വരെയുള്ള വചനങ്ങളിൽ ഒരു സഭ നടത്തി കൊണ്ടു പോകേണ്ട രീതിയെപ്പറ്റിയും സഭാ മക്കളെ (വിശ്വാസികളെ) പഠിപ്പിക്കേണ്ടതെങ്ങനെയെന്നും വിവരിച്ചിരിക്കുന്നു. തെറ്റായ രീതിയിൽ നടത്തപ്പെടുന്ന സഭകളും തെറ്റായ രീതിയിൽ പഠിക്കുന്ന വിശ്വാസികളും, പാപങ്ങളിലും അവിശ്വാസത്തിലും വീണുപോകുകയും തകർന്നു പോകുകയും ചെയ്യുമെന്നും വ്യക്തമാക്കിയിരിക്കുന്നു.

അതിനാൽ ബൈബിൾ പരമല്ലാത്ത പ്രമാണങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിക്കാൻ സഭയിലെ അംഗങ്ങളെ നിർബന്ധിക്കുന്നതിൽ നിന്നും എല്ലാ സഭകളെയും വിലക്കണം എന്നതാണ് മൂന്നാമത്തെ ആവശ്യം. 

(4) ബൈബിൾ പരമല്ലാത്തതും തെറ്റായതും ആയ പഠിപ്പിക്കലുകൾ പാലിക്കാത്ത ക്രിസ്തീയ വിശ്വാസികളെ സഭയിൽ നിന്നു പുറത്താക്കും എന്ന ഭീഷണിയും, മരിച്ചാൽ ശവക്കോട്ടയിൽ അവരുടെ ശവം അടക്കാൻ അനുവദിക്കില്ല എന്ന ഭീഷണിയും എല്ലാ സഭകളും മുഴക്കാറുണ്ടു്.ഓരോ ഇടവകയും പള്ളിയും സ്ഥാപനങ്ങളും കെട്ടിപ്പടുത്തിരിക്കുന്നതു്, ആ ഇടവകയിലെ മാത്രം ജനങ്ങൾ കൊടുത്ത പണം ഉപയോഗിച്ചാണ്. ശവക്കോട്ടയും അപ്രകാരം ആ ഇടവകയുടെ ഭാഗമാണ്. അതിനാൽ ഇത്തരം ഭീഷണികൾ മുഴക്കുന്നത് വിശ്വാസികളുടെ അവകാശലംഘനമായി കരുതി, അവ നിരോധിക്കണം. ഇതാണു നാലാമത്തെ ആവശ്യം. 

(5)ബൈബിൾപരമായ ക്രിസ്തീയവിശ്വാസങ്ങൾ ഉള്ള, യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു വിശ്വാസിയെയും സഭയിലെ അംഗത്തെയും പുറത്താക്കാൻ ഒരു ക്രിസ്തീയസഭക്കും അവകാശമോ അധികാരമോ ഇല്ല എന്ന് ആ സഭകൾ മനസ്സിലാക്കണം എന്നതാണ് അഞ്ചാമത്തെ ആവശ്യം. 

(6)പുരോഹിതർ അവരുടെ പേരിനോടൊപ്പം ഫാദർ എന്ന സ്ഥാനപ്പേര് കൂട്ടിച്ചേർത്തു കാണുന്നുണ്ട്. അങ്ങനെയൊരു സ്ഥാനപ്പേരോ സ്ഥാനമോ ബൈബിൾ വചനങ്ങളിൽ ഇല്ല. അതു അവർ സഭാവിശ്വാസികളെ കുറഞ്ഞവരാക്കാൻ, തങ്ങളേക്കാൾ താണവരാക്കാൻ വേണ്ടി ഉണ്ടാക്കി എടുത്തതാണ്. അങ്ങനെ അവരെ എല്ലാവരും അച്ഛൻ എന്ന് (ഫാദർ എന്ന അർത്ഥത്തിൽ അച്ചൻ എന്നും) വിളിക്കുന്നു. 60 വയസുള്ള ഒരാൾ 30 വയസുള്ള ഒരു പുരോഹിതനെ ഫാദർ എന്ന അർത്ഥത്തിൽ അച്ചൻഎന്നു വിളിക്കുന്നതു ഭാഷാപരമായും സംസ്കാരപരമായും തെറ്റാണു്. 60 വയസുള്ള ഒരാൾ 30 വയസുള്ള തന്റെ മകനായ പുരോഹിതനെ ഫാദർ എന്ന അർത്ഥത്തിൽ അച്ചൻഎന്നു വിളിക്കുന്നതു് എത്ര അപഹാസ്യമാണ്.തന്നെയുമല്ല, ഇത് ബൈബിൾ വചനത്തിനു വിപരീതമാകയാൽ പാപവും ആകുന്നു. 

ഒരു ദൈവവിശ്വാസി ദൈവത്തെ മാത്രമേ പിതാവു എന്നു വിളിക്കാൻ പാടുള്ളൂ എന്നാണു മത്തായി 23: 9- ഉം 10- ഉം ദൈവവചനങ്ങൾ കൽപിക്കുന്നത്. 

ഭാഷാപരമായ അർത്ഥം വെച്ചു പറഞ്ഞാൽ നമ്മുടെ ശരീരത്തിനു ജന്മം നല്കിയ അച്ഛനെയും, പിതാവു എന്ന് വിളിക്കാം. 

അതിനാൽ, പുരോഹിതരുടെ മുൻപിൽ വിശ്വാസികളെ നിർ‍‍ബ്ബന്ധമായി മുട്ടുകുത്തിച്ചു നിർത്തി, തങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ഏറ്റുപറയിക്കുന്ന ആചാരം,അവരെ സമൂഹമദ്ധ്യത്തിലും ക്രിസ്തീയസഭയുടെ മുൻപിലും ദൈവത്തിനു മുൻപിലും അവഹേളിക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്യുകയാണെന്ന സത്യം മനസ്സിലാക്കി, അത് മനുഷ്യർ എഴുതി വെച്ചിരിക്കുന്ന ഏതു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായാലും പ്രമാണത്തിന്റെ അടിസ്ഥാനത്തിലായാലും അത്തരം ആചാരങ്ങൾ നിർത്തലാക്കി വിശ്വാസികളെ രക്ഷിക്കേണ്ട ആവശ്യം ഇന്ൻ സഞ്ജാതമായിരിക്കുന്നു. സംസ്കാരവും ഉന്നതവിദ്യാഭ്യാസവുമുള്ള ഇന്നത്തെ മനുഷ്യരുടെയും സമൂഹത്തിന്റെയും ഉന്നമനത്തിന് അതാവശ്യമാണ്.അതായതു ഒന്ന് കൂടി വ്യക്തമാക്കാം. ശരീരത്തിനു ജന്മം നൽകിയ ആളെ ശരീരസംബന്ധമായി പിതാവു് (അച്ഛൻ) എന്നു ഭാഷാപരമായി പറയാം. എങ്കിലും, ദൈവമാണ് ഒരു മനുഷന്റെപൂർണ അർത്ഥത്തിലുള്ള (അതായതു, ശരീരം, ദേഹി അഥവാ മനസ്, ആത്മാവു് ഇവ മൂന്നും ചേർന്ന ഒരു പൂർണമനുഷ്യന്റെ) പിതാവു എന്നു ദൈവവചനം വ്യക്തമാക്കുന്നു. ദൈവവചനം ഇപ്രകാരം കല്പിക്കുമ്പോൾ അവയുടെ ഉപദേശകരായ പുരോഹിതർ, അറിഞ്ഞു കൊണ്ടുതന്നെ പിതാവു (ഫാദർ) എന്ന ദൈവത്തിന്റെ സ്ഥാനം സ്വയം ഏറ്റെടുത്തു സ്വയം പാപം ചെയ്യുകയും, വിശ്വാസികളെ ദൈവകല്പന ലംഘിക്കാൻ നിർബന്ധിച്ചുകൊണ്ടു് പാപം ചെയ്യിക്കുകയും ചെയ്യുന്നു എന്നതാണു സത്യം.

പൗലോസ്‌ അപ്പൊസ്തൊലെൻ പുതിയ നിയമത്തിലെ തന്റെ ലേഖനത്തിൽ, താൻ ആത്മീയ വിശ്വാസത്തിൽ വളർത്തിയ ശിഷ്യനോടു ആത്മീയ പിതാവു എന്നു എഴുതിയിട്ടുണ്ടെങ്കിലും, തന്നെ അങ്ങനെ വിളിക്കാൻ ആ ശിഷ്യനോടു ആവശ്യപ്പെടുകയോ ആരും പൗലോസിനെ അങ്ങനെ വിളിക്കുകയോ ചെയ്തതായി രേഖപ്പെടുത്തിയിട്ടില്ല. പൗലോസാണ്‌ ആ ശിഷ്യനെ ആത്മീയമായി വളർത്തിയത് എന്നേ അതിനു അർത്ഥം നൽകേണ്ടതുള്ളൂ.പിതാവെന്നു വിളിക്കാനല്ല അപ്രകാരം എഴുതിയത് എന്ന് വേണം അതിൽ നിന്നും മനസ്സിലാക്കാൻ.

ഈ കാരണങ്ങളാൽ, പ്രത്യേകിച്ചു ദൈവകല്പനയുടെ ലംഘനം ആകയാൽ, ഫാദർ (പിതാവു് അഥവാ അച്ചൻ) എന്ന ഈ സ്ഥാനം പുരോഹിതർ യാതൊരു വിധത്തിലും ഉപയോഗിക്കുകയോ വിശ്വാസികളെ കൊണ്ടു അപ്രകാരം വിളിപ്പിക്കുകയോ ചെയ്യാൻ പാടില്ല എന്നതാണു് ആറാമത്തെ ആവശ്യം. 

ഉപസംഹാരം:-

പൂർണമായും ക്രിസ്തീയ സഭകളുടെ അധിപനും ഉടമസ്ഥനുമായ യേശുക്രിസ്തുവിലും, ദൈവത്തിലും ബൈബിളിലെദൈവവചനങ്ങളിലും വിശ്വസിക്കുന്ന ഒരാൾ എന്ന നിലയിൽ ഉത്തമബോദ്ധ്യത്തോടെയും ഉത്തമവിശ്വാസത്തോടെയും എഴുതുന്നതാണ്, ഈ ലേഖനം. 

ബൈബിളിൽ വിവരിച്ചിരിക്കുന്ന സത്യമായ ദൈവവചനങ്ങൾ ശരിയായി പഠിക്കുകയും മനസ്സിലാക്കുകയം ചെയ്യാൻ കഴിവില്ലാത്ത സാധാരണ വിശ്വാസികൾക്കു വേണ്ടി കൂടിയാണു ഇത് എഴുതിയിരിക്കുന്നത്. 

തെറ്റിദ്ധാരണ ഉണ്ടാകാതെയിരിക്കാൻ ഈ ലേഖനത്തിന്റെ ഉദ്ദേശ്യം വീണ്ടും എഴുതുകയാണു. ഈ ലേഖനം ഏതാനും ക്രിസ്തീയസഭകളെയോ പുരോഹിതന്മാരെയോ ഏതെങ്കിലും വിധത്തിൽ അവഹേളിക്കാനോ  അപകീർത്തിപ്പെടുത്താനോ, അവർ ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങളെ വില കുറച്ചു കാട്ടാനോ അല്ല. സഭകളിൽ നടന്നു കൊണ്ടിരിക്കുന്നതും സഭാവിശ്വാസികൾ അനുഭവിക്കുന്നതുമായപീഡനങ്ങൾക്ക് ഇപ്പോഴെങ്കിലും അവസാനം ഉണ്ടാകണമല്ലോ എന്നു കരുതി എഴുതിയതാണ്.

പണ്ടെങ്ങോ എഴുതിയ തെറ്റായ കാര്യങ്ങൾക്കും  അനാചാരങ്ങൾക്കും ഇപ്പോഴുള്ള പുരോഹിതരെ പഴിക്കാനും സാധിക്കില്ല. അവരെ പഠിപ്പിച്ച കാര്യങ്ങൾ അവർ നടപ്പാക്കുന്നു എന്നു മാത്രം. സത്യം മനസിലാക്കി അത്തരം അനാചാരങ്ങൾ മാറ്റാൻ അവർ തയ്യാറാകുന്നില്ല എന്നതാണ് അവരുടെ തെറ്റു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP