Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യപാഠം

മദ്യപാഠം

ജിജോ കുര്യൻ

മ്മുടെ അയൽസംസ്ഥാനമായ കർണ്ണാടക മദ്യതീരുവ പിൻവലിച്ചുകൊണ്ട് മദ്യസൗഹൃദമാകാൻ പോകുമ്പോൾ സമ്പൂർണ്ണമദ്യനിരോധനം ആവശ്യപ്പെട്ട് സാക്ഷരമലയാളികൾ തെരുവിലാണ്. ഈ സാഹചര്യത്തിലാണ് ഒരു മദ്യപാഠം മുടങ്ങിക്കിടന്ന 'ഇഷ്ടിക'യിൽ ചേർക്കാൻ ഇഷ്ടം തോന്നിയത്. അപ്പോൾ പാഠം ആരംഭിക്കാം...

മലയാളിയുടെ മദ്യ(തെറ്റി)ദ്ധാരണകൾ

1. മദ്യപാനം പാപമാണ്
2. മദ്യപാനികൾ സദാചാരമില്ലാത്തവരാണ്
3. മദ്യപാനികൾ ഉത്തരവാദിത്വമില്ലാത്തവരാണ്
4. സ്ത്രീകൾ മദ്യപിക്കാൻ പാടില്ല
5. മദ്യം കുടിക്കുന്നവർ മദ്യപാനരോഗികൾ ആകും.

മലയാളി പഠിക്കേണ്ട മദ്യപാഠങ്ങൾ

1. ലൈംഗികതയിൽ എന്നതുപോലെ തന്നെ മദ്യപാനത്തിന്റെ കാര്യത്തിലും മൂടുപടം അഴിച്ചുമാറ്റുക. കപടലൈംഗികസദാചാരം പോലെതന്നെ മലയാളിക്ക് കപടമദ്യസദാചാരമുണ്ട്.

2.മദ്യപാനരോഗികൾ മദ്യം കുടിക്കാൻ പാടില്ല. അത് അവരുടെ ആരോഗ്യത്തെ നശിപ്പിക്കും. അതേസമയം 'പഞ്ചസാരകഴിക്കുന്നത് ഷുഗർ രോഗം ഉണ്ടാക്കും' എന്ന് പറയുന്നതുപോലെയുള്ളൂ 'മദ്യം കഴിക്കുന്നത് മദ്യപാനരോഗം ഉണ്ടാക്കും' എന്ന് പറയുന്നത്. മദ്യപാനരോഗികളുടെ കൂടെയിരുന്ന് മദ്യം കഴിക്കാതിരിക്കുക, രോഗികളുടെ നന്മയെപ്രതി.

3.മദ്യസംസ്‌കാരം എന്നൊരു സംസ്‌കാരം ഉണ്ടെന്ന് മനസ്സിലാക്കുക. മദ്യം ഒളിച്ചുംപാത്തും കഴിക്കേണ്ടതല്ല എന്ന് അർത്ഥം. മദ്യപാനം സമൂഹത്തിലും കുടുംബത്തിലും കൂട്ടായി ആഘോഷിക്കപ്പെടുമ്പോൾ അതിന് സംസ്‌കാരസമ്പന്നമായ ഒരു സാമൂഹ്യനിയന്ത്രണം സ്വാഭാവികമായി ഉണ്ടാവും. അതുപോലെ മദ്യംവിൽക്കേണ്ടത് നമ്മുടെ ബിവറേജസിന്റേതു പോലുള്ള വൃത്തികെട്ട മാളങ്ങളിൽ അല്ല. മാന്യമായ ഇടങ്ങളിൽ ഉപഭോക്താവിന് സ്വന്തം നിലയ്ക്ക് തിരഞ്ഞെടുക്കാൻ പറ്റുന്നവിധത്തിൽ ആയിരിക്കണം. മാന്യതയുള്ള ഒരു വിപണനത്തിന്റെ രീതി അതാണ്. കുട്ടികൾക്ക് മദ്യം കൊടുക്കാൻ പാടില്ല, കാരണം മാനസീകശാരീരിക പക്വത ലൈംഗികതയിൽ എന്നപോലെ മദ്യഉപഭോഗത്തിനും അനിവാര്യമാണ്. മദ്യസംസ്‌കാരം ഉള്ള നാടുകളിൽ ഒക്കെ സ്റ്റേറ്റ് തന്നെ കൊടുക്കുന്ന നിർദ്ദേശം 'ഉത്തരവാദിത്വപൂർണ്ണമായ മദ്യപാനം' (Drink Responsibly!) എന്നാണ് അല്ലാതെ 'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' (Alcohol Consumption Is Injurious to Health) എന്നല്ല.

4. ഓരോ പ്രദേശത്തിനും അതതിന്റെ കാലാവസ്ഥയ്ക്കും ഭക്ഷണക്രമത്തിനും ചേരുന്ന മദ്യങ്ങൾ ഉണ്ട്. ആരോഗ്യപരമായ കുടിയിൽ അവയാണ് പാനംചെയ്യേണ്ടത്.

5. കേരളത്തിലെ മദ്യത്തിന്റെ ടാക്‌സ് ലോകത്തിൽ തന്നെ ഏറ്റവും കൂടിയ ടാക്‌സിൽ ഒന്നാണ് (135%!). ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്ന മദ്യനികുതി സമ്പ്രദായം ഗാട്ട്കരാർ വ്യവസ്ഥകൾക്ക് പോലും വിരുദ്ധമാണ്. ഈ ടാക്‌സ് മുഴുവനായി എടുത്തുമാറ്റിയാൽ പാലിനേക്കാൾ അല്പം മാത്രം ഉയർന്ന നിരക്കിൽ സാധാരണ മദ്യങ്ങൾ നമുക്ക് വാങ്ങാൻ കഴിയും. (2001 ലെ കണക്കനുസരിച്ച് വെറും 30 രൂപ വിലയുള്ള ഫുൾബോട്ടിൽ സാധാരണ മദ്യത്തിന് സർക്കാരിന് കിട്ടുന്ന ലാഭം 179!) ഓരോ മദ്യപനേയും അയാളുടെ കുടുംബത്തേയും കൊള്ളയടിച്ച് അതിൽ കൂലിപ്പണിക്കാരനായ മദ്യപന്റെ കുടുംബത്തെ പട്ടിണിയിലേക്ക് തള്ളുന്നത് നമ്മുടെ ഗവണ്മെന്റ് തന്നെയെന്ന് സാരം.

മദ്യസദാചാരത്തിന്റെ പൊള്ളത്തരം

ദ്യനിരോധനം വേണമെന്ന് ശഠിക്കും വിധം മദ്യത്തിന് പിന്നിൽ പ്രചരിപ്പിക്കപ്പെട്ട വാദം മദ്യപാനം സാമൂഹ്യകുറ്റകൃത്യങ്ങളിലേയ്ക്ക് നയിക്കും എന്നതാണ്. കള്ള് കുടിച്ച് മത്തനായ ഒരാൾ അരാജകമായ പെരുമാറ്റത്തിലേയ്ക്ക് നീങ്ങുകയും കുടുംബവും സമൂഹവും കലാപഭൂമികളായി മാറുകയും ചെയ്യുന്നുവത്രെ. ബിവറേജ്‌കോർപ്പറേഷനും ഇല്ലാതിരുന്ന കാലത്തിന്റെ, നമ്പൂതിരിസമുദായം മദ്യപാനം പോലും നടത്താത്ത ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയായിരുന്നു അച്ഛനടക്കം അറുപത്തഞ്ച് പുരുഷകേസരികളാൽ ഭോഗിക്കപ്പെട്ട 23 വയസ്സുകാരി കുറിയേടത്ത് താത്രി. ചാരായംവാറ്റില്ലാത്ത കാലത്താണ് നായർ തറവാടുകളിൽ പതിനൊന്ന് തികയാത്ത പെൺകിടാങ്ങൾ പ്രതിദിനം മൂന്നു സംബന്ധക്കാരാലും ഒരു ട്രെയിനിയാലും ഭോഗിക്കപ്പെട്ടത്. പല കീഴാള സമൂഹങ്ങളിലും ജേഷ്ഠാനുജന്മാർ ഒറ്റ ഭാര്യയെ പ്രാപിക്കുന്ന പാഞ്ചാലിരീതികൾ നിലനിന്നിരുന്നു. ഇതൊന്നും മദ്യപാനശീലമില്ലാതിരുന്ന സമൂഹത്തിലാണെന്ന് ഓർക്കണം. ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് 1978ൽ പാട്യം ഗോപാലൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള സൂചന. പ്രതിദിനം 16,000 കുപ്പികൾ 14,000 പേർക്കായി വിറ്റുപോകുന്ന മാഹിയെ ഓർമ്മിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ആ പ്രസംഗം: ''മാഹിയുടെ ചരിത്രത്തിൽ കഴിഞ്ഞ 50 കൊല്ലത്തിനിടയിൽ മാഹിക്കോടതിയിൽ ഇന്നുവരെ വന്നിട്ടുള്ളത് ഒരേയൊരു കൊലക്കേസാണ്. അത് ഒരു മോഷണക്കേസ് പിടികൂടുന്ന സന്ദർഭത്തിൽ പിടികൂടാൻ ശ്രമിച്ചയാളെ മോഷ്ടാവ് കുത്തിയ സംഭവമായിരുന്നു.''

ഇത്തരം സൂചനകളുടെ ശേഷഭാഗമെന്നോണം വായിക്കേണ്ടതാണ് മദ്യപാനശീലമേയില്ലാത്ത മദ്ധ്യപൂർവ്വേഷ്യൻ മുസ്ലിം രാജ്യങ്ങളിൽ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന കൊടിയ കലാപങ്ങളുടെ കഥ. തല വെട്ടാനും കൈവെട്ടാനും കണ്ണു ചൂഴ്‌ന്നെടുക്കാനും തീവ്രവാദത്തിന് ജന്മം കൊടുക്കാനും മദ്യത്തിന്റെ ആവശ്യമേയില്ലെന്ന് ഇതിൽനിന്ന് വ്യക്തമാണല്ലോ. അല്ലെങ്കിൽ പിന്നെയെങ്ങനെയാണ് ഏറ്റവും സമാധാനപൂർവ്വമായ രാജ്യങ്ങളുടെ ലിസ്റ്റിൽ മദ്യം വളരെ സുലഭമായ യൂറോപ്യൻ രാജ്യങ്ങൾ കടന്നുവരുന്നത്? ലോകത്തിന്റെ ഏറ്റവും സമാധാനപൂർവ്വകമായ രാജ്യങ്ങളിൽ മുൻനിരയിൽ മദ്യം സുലഭമായ ഐസ്ലാൻഡ്, ഡെന്മാർക്ക്, ഓസ്ട്രിയ, ന്യൂസിലാന്റ് എന്നിവയും, ഏറ്റവും അശാന്തി നിറഞ്ഞ ഇടങ്ങളായി കണക്ക് ചേർക്കപ്പെട്ടിരിക്കുന്നത് മദ്യവർജ്ജനം മതവിശ്വാസംപോലെ കൊണ്ടുനടക്കുന്ന സിറിയ, അഫ്ഗാനിസ്ഥാൻ, ദക്ഷിണ സുഡാൻ, ഇറാക്ക് എന്നീ രാജ്യങ്ങളുമാണെന്നോർക്കണം. സദാചാരവും ക്രമസമാധാനവുമായി ബന്ധപ്പെടുത്താനുള്ള ശ്രമം യാതൊരുവിധ ആധികാരികതയുമില്ലാത്ത പൊള്ളവാദമെന്ന് ഇതിൽനിന്ന് വ്യക്തമാണല്ലോ.

കൊണ്ടല്ലാതെ കണ്ടുപഠിക്കാത്ത ഒരു ജനതയാണ് നമ്മൾ. വേണ്ട സാംസ്‌കാരിക സാമൂഹിക മനഃശ്ശാസ്ത്രചരിത്രപഠനങ്ങളൊന്നുമില്ലാതെ ഒരു രാഷ്ട്രീയനയരൂപീകരണത്തിലേയ്ക്ക് പോകണം എന്നുപറയുന്ന നമ്മുടെ സമൂഹവും രാഷ്ട്രീയപാർട്ടികളും എത്ര മണ്ടന്മാരാൺ അടിച്ചമർത്തപ്പെട്ട ലൈംഗികത പോലെ അടിച്ചമർത്തപ്പെട്ട മദ്യപാനവും ആത്മനിയന്ത്രണമില്ലാത്ത ആസക്തിയിൽ എത്തിക്കും എന്നതിന് മദ്യനിരോധനം ഏർപ്പെടുത്തി പരാജയപ്പെട്ട ചരിത്രത്തിലെ ഡസൻകണക്കിന് ദേശങ്ങളുടെ കഥ നമ്മുടെ കണ്മുൻപിൽ തന്നെ നിലനിൽക്കുന്നുണ്ട്. നമ്മുക്ക് ആവശ്യം ഒരു 'മദ്യസാക്ഷരത'യാണ്, 'മദ്യനിരോധന'മല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP