Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രിയ മോദീജി.. താങ്കളെന്താണ് പണ്ഡിറ്റ്ജിയെ കുറിച്ച് ഒരക്ഷരം മിണ്ടാത്തത്? ശശി തരൂർ പ്രധാനമന്ത്രിക്കെഴുതിയ തുറന്നകത്ത് തർജ്ജമ ചെയ്ത് വി ടി ബൽറാം

പ്രിയ മോദീജി.. താങ്കളെന്താണ് പണ്ഡിറ്റ്ജിയെ കുറിച്ച് ഒരക്ഷരം മിണ്ടാത്തത്? ശശി തരൂർ പ്രധാനമന്ത്രിക്കെഴുതിയ തുറന്നകത്ത് തർജ്ജമ ചെയ്ത് വി ടി ബൽറാം

വി ടി ബൽറാം

ഫേസ്ബുക്കിൽ 'സംഘി'കളും വി ടി ബൽറാമും തമ്മിലുള്ള തുറന്ന പോര് തുടങ്ങിയിട്ട് കാലം കുറേയായി. ശബരിമലയിലെ സമ്പദ് ഉപയോഗിക്കുന്നതും മോദിയുടെ ഭാര്യയുടെ കാര്യവുമൊക്കെ ഫേസ്‌ബുക്കിൽ സജീവ ചർച്ചയായ വിഷയങ്ങളായിരുന്നു. മോദി പ്രധാനമന്ത്രി ആയ ശേഷവും ഇക്കാര്യത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇത്തവണ തിരുവനന്തപുരം എംപി ഡോ. ശശി തരൂർ പ്രധാനമന്ത്രിക്കെഴുതിയ തുറന്നകത്ത് മലയാളത്തിൽ തർജ്ജമ ചെയ്ത് ബൽറാം ഫേസ്‌ബുക്കിലിട്ടു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെ അനുസ്മരിക്കാൻ മറക്കുന്നത് എന്നകാര്യം ഓർമ്മപ്പെടുത്തിയാണ് ശശി തരൂർ തുറന്നകത്തെഴുതിയത്. കത്തിന്റെ മലയാളം തർജ്ജമ ഫേസ്‌ബുക്കിൽ ചർച്ചകൽക്ക് വഴിവച്ചിട്ടുണ്ട്.

തരൂരിന്റെ ലേഖനം വിടി ബൽറാം പരിഭാഷപ്പെടുത്തിയത് ചുവടേ

 

 

ബഹുമാന്യനായ പ്രധാനമന്ത്രി, പ്രിയപ്പെട്ട മോദിജീ,

ട്വിറ്ററിലല്ലാതെ താങ്കൾക്ക് എന്തെങ്കിലും എഴുതാനുള്ള അവസരം ഇതുവരെ ലഭിച്ചിട്ടില്ല. താങ്കളുമായി നേരിട്ടുള്ള എന്റെ ആദ്യ സമ്പർക്കം തന്നെ ഇങ്ങനെ തുറന്ന കത്തിന്റെ രൂപത്തിലായതിന് എന്നോട് ക്ഷമിക്കുക. പക്ഷേ, ഇന്ത്യയിലെ മുഴുവൻ പൊതുജനങ്ങളേയും ഉൾപ്പെടുത്തേണ്ട ഒരു ചർച്ചയാവണം ഇക്കാര്യത്തിലുണ്ടാവേണ്ടത് എന്ന വിശ്വാസമെനിക്കുള്ളതുകൊണ്ടാണ് ഞാനിങ്ങനെ ചെയ്യുന്നത്.

മോദിജീ, രാജ്യത്തെ ഏറ്റവും വലിയ ഭരണപരമായ പദവി ഏറ്റെടുത്തിട്ട് നാളിതുവരെ താങ്കൾ ഒരിക്കല്പോലും നമ്മുടെ വിശ്രുതനായ പ്രഥമ പ്രധാനമന്ത്രിയുടെ പേരുപോലും ഉച്ചരിച്ചിട്ടില്ല.

താങ്കൾക്ക് ആ പേര് അറിയാമെന്നെനിക്കുറപ്പുണ്ട്. കാരണം ആ പേര് പലരും ആവശ്യത്തിലധികം ഉപയോഗിച്ചിട്ടുണ്ടെന്ന് താങ്കൾ പണ്ട് പരാതി പറഞ്ഞിട്ടുണ്ടല്ലോ. ആ പേര് ജവാഹർലാൽ നെഹ്രുവിന്റേതാണ്. (എന്നെപ്പോലെ താങ്കൾക്കും സ്ഥാനപ്പേരുകളോടും വിശേഷണങ്ങളോടും താത്പര്യമില്ല എന്നറിയാം. എന്നിരുന്നാലും അദ്ദേഹം പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു, അഥവാ ചുരുക്കത്തിൽ 'പണ്ഡിറ്റ്ജി' എന്നാണറിയപ്പെട്ടിരുന്നത് എന്നും രേഖപ്പെടുത്തിവക്കട്ടെ.)

ഞാൻ ഇത്തരുണത്തിൽ ജവാഹർലാൽ നെഹ്രുവിന്റെ പേര് എടുത്തുപറഞ്ഞത് വെറും ഒന്ന് രണ്ട് മാസങ്ങൾക്കകം, കൃത്യമായിപ്പറഞ്ഞാൽ ഈ വരുന്ന നവംബർ 14ന്, നാമദ്ദേഹത്തിന്റെ 125ആം ജന്മവാർഷികത്തിലേക്കെത്തുകയാണ് എന്നോർമ്മിപ്പിക്കാനാണ്. വാർഷികങ്ങൾ ആഘോഷിക്കാൻ വളരെ താത്പര്യമെടുക്കാറുള്ള ഒരു രാജ്യമാണ് നമ്മുടേതെന്ന് താങ്കൾക്കുമറിയാവുന്നതാണല്ലോ. ജനനവും മരണവും മറ്റ് പ്രധാന സംഭവങ്ങളുമെല്ലാം നാം സമുചിതമായി ഓർമ്മിക്കാറുണ്ട്. സ്വാഭാവികമായും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ, താങ്കളിന്നിരിക്കുന്ന മഹത്തായ പദവി ദീർഘകാലം അലങ്കരിച്ച, 1964 മെയ് മാസം 27ആം തീയതി മരണപ്പെടുന്നതുവരെ ഈ രാജ്യത്തിന്റെ ഭാഗധേയം നിർണയിച്ച ദേശാഭിമാനിയായ ഒരു വലിയ നേതാവിന്റെ 125ആം ജന്മവാർഷികം ഒരു പ്രധാന ദേശീയ അനുസ്മരണമായി മാറേണ്ടതുണ്ട്. എന്നാൽ അങ്ങനെയൊരു അനുസ്മരണ പരിപാടിയുടെ ഒരു സൂചനയും താങ്കളുടെ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ കാണുന്നില്ലെന്നതിൽ എനിക്ക് അതിയായ ദു:ഖമുണ്ട്.

പ്രധാനമന്ത്രിയെന്ന നിലയിൽ ജവാഹർലാൽ നെഹ്രു ആധുനിക ഇന്ത്യയുടെ ശില്പിയാണെന്ന കാര്യത്തിൽ താങ്കൾക്കും എതിർപ്പുണ്ടാവില്ലെന്ന് എനിക്കുറപ്പുണ്ട്. ഈയിടെയായി താങ്കൾ ഇടക്കിടക്ക് ഉയർത്തിക്കാട്ടാറുള്ള മറ്റൊരു മഹാനായ ദേശീയ നേതാവിനേയും ഞാൻ വിസ്മരിക്കുന്നില്ല. ഒരിക്കൽക്കൂടി താങ്കളേപ്പോലെ ഞാനും സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ ആരാധകനാണ്. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്ന കാര്യത്തിലും സ്വതന്ത്ര ഇന്ത്യക്കായി ഒരു ഭരണസംവിധാനമുണ്ടാക്കുന്നതിലും അദ്ദേഹം വഹിച്ച വിലയേറിയ പങ്ക് ആർക്കും ചോദ്യം ചെയ്യാനാവാത്തതാണ്. പക്ഷേ മഹാനായ സർദാർ 1950ൽ മരണപ്പെട്ടു. അതുകൊണ്ടുതന്നെ പിന്നീടുള്ള പതിനാലു വർഷവും രാജ്യത്തെ നയിച്ച് രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്ല്യശിലകൾ ഉചിതമായി രൂപപ്പെടുത്തിയ നെഹ്രുവുമായി താരതംയപ്പെടുത്തുമ്പോൾ സർദാറിന്റെ സ്വാധീനം പരിമിതമാണെന്ന് കാണാവുന്നതാണ്.

ജവാഹർലാൽ നെഹ്രു വെറുമൊരു സാധാരണ രാഷ്ട്രീയ നേതാവായിരുന്നില്ല. അനുഗ്രഹീതനായ ഒരു എഴുത്തുകാരനെന്ന നിലയിലും പ്രഭാഷകനെന്ന നിലയിലും ഭാരതീയ ചരിത്രത്തേക്കുറിച്ചും രാഷ്ട്രീയത്തേക്കുറിച്ചും ഏറ്റവും ശ്രദ്ധേയമായ പല പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഒരു തത്ത്വചിന്തകൻ, മാനവികതാവാദി, ജനാധിപത്യവാദി, സോഷ്യലിസ്റ്റ്, വിശ്വപൗരൻ എന്നൊക്കെയുള്ള നിലയിലും; വിയോജിക്കുന്നവരുടെ പോലും ആദരവ് ആർജ്ജിച്ച ഒരു രാഷ്ട്രതന്ത്രജ്ഞൻ എന്നനിലയിലും അദ്ദേഹത്തിന്റെ സ്ഥാനം അദ്വിതീയമാണ്. യുക്തിചിന്തയും ലിബറൽ ലോകവീക്ഷണവും സമന്വയിപ്പിച്ച് ശാസ്ത്രാവബോധത്തേയും ആധുനിക വ്യവസായത്തേയും പ്രോത്സാഹിപ്പിച്ചിരുന്ന അദ്ദേഹം പുരോഗമന ഇന്ത്യയുടെ അടിത്തറ പാകിയ ഇരുപതാം നൂറ്റാണ്ടിന്റെ ഉജ്ജ്വല വ്യക്തിത്വമായിരുന്നു.

ഭാരതത്തിന്റെ ബഹുസ്വരതയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ ബഹുമാനം ഈ രാജ്യത്തെ ഒന്നിച്ചുനിർത്തി. ജനാധിപത്യത്തോടും ജനാധിപത്യ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നതിനോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് പുതുതായി സ്വാതന്ത്യം നേടിയ മറ്റ് പല രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭാരതത്തെ സ്വേച്ഛാധിപത്യത്തിലേക്ക് വഴിതെറ്റാതെ സംരക്ഷിച്ചുനിർത്തിയത്.

മര്യാദകേടാ!ണെന്ന് തെറ്റിദ്ധരിക്കില്ലെങ്കിൽ നെഹ്രുവിനെക്കുറിച്ച് ഞാൻ തന്നെ എഴുതിയ 'നെഹ്രു: ഇന്ത്യയുടെ കണ്ടെത്തൽ' എന്ന ലഘു ജീവചരിത്രഗ്രന്ഥത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഏറെ തിരക്കുള്ള ഒരു പ്രധാനമന്ത്രിക്കുപോലും വായിക്കാവുന്നത്ര ചെറിയ ഒരു പുസ്തകമാണത്. ജവാഹർലാൽ നെഹ്രുവിന്റെ ജീവിതം സ്വന്തം നിലക്കുതന്നെ വിസ്മയാവഹമായ ഒരു കഥയാണ്. അനുഗ്രഹീതനായ ബാലൻ, പ്രത്യേകതകളൊന്നുമില്ലാത്ത യുവാവ്, തലയെടുപ്പുള്ള യുവ ദേശീയവാദി, ധീരനായ സ്വാതന്ത്ര്യ സമര സേനാനി എന്നിങ്ങനെ അദ്ദേഹത്തിന്റെ ജീവിതത്തിലെ വ്യത്യസ്ത തലങ്ങളിലൊക്കെയും അദ്ദേഹത്തിലെ അപ്രതിരോധ്യനായ പ്രധാനമന്ത്രിയുടേയും സമാനതകളില്ലാത്ത ആഗോള രാഷ്ട്രതന്ത്രജ്ഞന്റേയും അതേ സങ്കീർണ്ണതകളുൾക്കൊള്ളുന്നുണ്ട്. അതുകൊണ്ട് ചുരുക്കിയാണെങ്കിലും ആ ജീവിതത്തെ മുഴുവനായിത്തന്നെ പറയാനാണ് ഞാൻ പുസ്തകത്തിൽ ശ്രമിച്ചിട്ടുള്ളത്.

അതേ സമയം നെഹ്രുവിയൻ പൈതൃകത്തിന്റെ നെടുംതൂണുകളായ ജനാധിപത്യ സ്ഥാപനങ്ങളുടെ രൂപീകരണം, ശക്തമായ പാൻ ഇന്ത്യൻ മതേതരത്വം, സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങൾ, ചേരി ചേരായ്മയിലൂന്നിയ വിദേശനയം എന്നിവയേയൊക്കെക്കുറിച്ചൊക്കെ വിമർശനബുദ്ധ്യാ വിലയിരുത്താനും ഞാൻ ശ്രമിച്ചിട്ടുണ്ട്. ഭാരതീയതയേക്കുറിച്ചുള്ള ശരിയായ ഒരു ദർശനത്തിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നു ഇവയൊക്കെ. എന്നാൽ ഈ ഭാരതീയതയാണല്ലോ താങ്കളും താങ്കളുടെ പാർട്ടിയും ഇപ്പോൾ അടിസ്ഥാനപരമായിത്തന്നെ ചോദ്യം ചെയ്യുന്നത്.

മോദിജീ, നെഹ്രു യാഥാർത്ഥ്യമാക്കിയ ഒരിന്ത്യയെയാണ് ഇന്ന് താങ്കൾ നയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ ഇന്ത്യക്കാരുടേയും പ്രധാനമന്ത്രിയായിരിക്കും താങ്കളെന്ന് സ്വയം അവകാശപ്പെടുന്നു.'ഇന്ത്യക്കാരൻ' എന്ന ഈ പദത്തിനുപോലും ഇന്നുകാണുന്ന അർത്ഥം നൽകിയ അദ്ദേഹത്തോട് കടപ്പാടോടുകൂടിയല്ലാതെ താങ്കൾക്ക് ആ വാക്കുപയോഗിക്കാനാവില്ല. അദ്ദേഹത്തിന്റെ ആദർശങ്ങളുടെ പ്രകടിതരൂപമാണ് ഇന്ത്യക്കാരൻ എന്ന നമ്മുടെ സ്വത്വവും പാസ്‌പോർട്ടും.

ആ മൂല്ല്യങ്ങൾ എവിടെ നിന്നാണ് ഉത്ഭവിച്ചത്? അവയുടെ പ്രയോക്താവിനു തന്നെ അവയെ പൂർണ്ണമായി സാക്ഷാത്കരിക്കാൻ കഴിഞ്ഞോ? അവ എത്രത്തോളം ഇന്ന് പ്രായോഗികമാണ് എന്നിവയൊക്കെയായിരുന്നു എന്റെ പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങൾ. 125ആം ജന്മവാർഷികത്തിൽ അവയൊക്കെ ചർച്ചചെയ്യപ്പെടേണ്ട വിഷയങ്ങളാണെന്നും ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഊളിയിട്ടിറങ്ങാൻ തുടങ്ങിയപ്പോൾ ആരാധനയും വിമർശനവും ഇടകലർന്നായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്. എന്നാൽ കൂടുതൽ കൂടുതൽ ആ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ ആരാധന തന്നെയായിരുന്നു കൂടുതൽ ശക്തിപ്പെട്ടത്.

ഇന്ത്യക്കുമേൽ ജവാഹർലാൽ നെഹ്രുവിന്റെ സ്വാധീനം പുനപരിശോധനകൾക്കതീതമായ വിധം വലുതാണ്. ആ പൈതൃകം നമ്മുടേതാണ്, അദ്ദേഹം നിലകൊണ്ട എല്ലാത്തിനോടും നാം യോജിച്ചാലും ഇല്ലെങ്കിലും. നാം ഇന്ന് എന്താണോ, ഗുണമാകട്ടെ ദോഷമാകട്ടെ; അതിനൊക്കെയും ആ മനുഷ്യനോട് വലിയ അളവിൽ കടപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ആ ജീവിതം ചരിത്രത്തിലുമപ്പുറമാകുന്നത്. ആ ചരിത്രത്തെയാണ് താങ്കളും താങ്കളുടെ പാർട്ടിയും സർക്കാരും കണ്ടില്ല എന്ന് നടിക്കുന്നത്.

തനിക്ക് തെറ്റ് പറ്റില്ല എന്ന് പണ്ഡിറ്റ്ജി ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. മൃതദേഹങ്ങൾ മാത്രമേ തെറ്റ് ചെയ്യാത്തവരായി ഉണ്ടാകൂ എന്നാണദ്ദേഹം ഒരിക്കൽ പറഞ്ഞത്. താങ്കളും താങ്കളുടെ പാർട്ടി വക്താക്കളും അദ്ദേഹത്തിന്റെ തെറ്റുകളേക്കുറിച്ച് ആസ്വദിച്ച് വർണ്ണിക്കാറുണ്ട്. ഈ രാജ്യത്തിന്റെ സ്ഥിരത, ഐക്യം, വികസനം, പുരോഗതി എന്നിവയിൽ അദ്ദേഹത്തിന്റെ സംഭാവനകളേക്കുറിച്ച് ഒരിക്കലും താങ്കളുടേയോ പാർട്ടി നേതാക്കളുടേയോ പ്രസംഗങ്ങളിൽ ഒരു വാക്കുപോലും ഒരിക്കലും കടന്നുവരാറില്ല, എന്നാൽ ഇന്ത്യയിൽ സംഭവിച്ച ചെറുതും വലുതുമായ എല്ലാ തെറ്റുകൾക്കും അദ്ദേഹത്തിന്റെ നേർക്കുള്ള പഴിചാരൽ സ്ഥിരമെന്നോണം ഉണ്ടാകാറുമുണ്ട്.

പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹ നെഹ്രുവിനെക്കുറിച്ച് നിരീക്ഷിച്ചത് പോലെ: 'ഇത്രത്തോളം സ്വന്തം ജീവിതകാലത്ത് ആരാധിക്കപ്പെട്ടതും മരണശേഷം ആസൂത്രിതമായി അപകീർത്തിപ്പെടുത്തപ്പെട്ടതുമായ മറ്റൊരാളില്ല'.

ജവാഹർലാൽ നെഹ്രുവിനേക്കുറിച്ചുള്ള ബിജെപി.യുടെ നിരന്തരമായ ദൂഷണപ്രചരണങ്ങൾക്ക് ഒരു അപവാദം മാത്രമാണുള്ളത്, അത് മറ്റാരിൽ നിന്നുമല്ല, ബിജെപി.ക്കാരനായ ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിൽ താങ്കളുടെ ഒരേയൊരു മുൻഗാമിയായ അടൽ ബിഹാരി വാജ്‌പേയിയിൽ നിന്നാണത്.

നെഹ്രുവിന്റെ മരണത്തിലനുശോചിച്ച് പാർലമെന്റിൽ പ്രസംഗിക്കവേ വികാരാധീനനായി കാവ്യാത്മക ഭാഷയിൽ വാജ്‌പേയി പറഞ്ഞു പ്രധാനമന്ത്രിയുടെ വിയോഗത്തോടെ 'ഒരു സ്വപ്നം പൂർത്തീകരണത്തിലെത്താതെ അവശേഷിക്കുന്നു, ഒരു ഗീതം മൗനമാകുന്നു, ഒരു വെളിച്ചം അനന്തതയിലേക്ക് മറഞ്ഞിരിക്കുന്നു. ഭീതിയോ പട്ടിണിയോ ഇല്ലാത്ത ഒരു ലോകത്തേക്കുറിച്ചായിരുന്നു ആ സ്വപ്നം; ഭഗവദ് ഗീതയുടെ ആത്മാവിനോട് താദാത്മ്യം പ്രാപിച്ചതും റോസാ പുഷ്പത്തിന്റെ സൗരഭ്യമുള്ളതുമായതുമായിരുന്നു ആ ഗീതം; നമുക്ക് വഴികാട്ടാൻ രാവുമുഴുവൻ കത്തിത്തീരുന്ന മെഴുകുതിരിയായിരുന്നു ആ വെളിച്ചം'. വാജ്‌പേയി ഉറപ്പിച്ചുപറഞ്ഞു, 'ഈ നഷ്ടം ഒരു കുടുംബത്തിന്റേയോ ഒരു പാർട്ടിയുടേയോ മാത്രമല്ല, ഭാരത മാതാവിന്റേതാണ്. അവർ വിലപിക്കുകയാണ്, കാരണം അവരുടെ പ്രിയപ്പെട്ട രാജകുമാരൻ അനന്ത നിദ്രയിൽ ലയിച്ചിരിക്കുന്നു. മനുഷ്യ സമൂഹം തന്നെ ദു:ഖാർത്തരാണ്, കാരണം അവരുടെ സേവകനും ആരാധകനും എന്നെന്നേക്കുമായി അവരെ വിട്ടുപോയിരിക്കുന്നു'.

'മർദ്ദിതരുടെ അഭ്യുദയകാംക്ഷി', 'ലോകമാവുന്ന അരങ്ങിലെ നായക നടൻ' എന്നിങ്ങനെ അദ്ദേഹത്തെക്കുറിച്ച് വാജ്‌പേയി പിന്നേയും തുടർന്നുകൊണ്ടേയിരുന്നു. ഭഗവാൻ രാമനുമായിപ്പോലും അദ്ദേഹം നെഹ്രുവിനെ ഉപമിച്ചു. കാരണം വാത്മീകിയുടെ (ഹിന്ദുത്വവാദികളുടേയും) നാ!യക കഥാപാത്രത്തേപ്പോലെ അദ്ദേഹം 'അസാദ്ധ്യമായതും അപ്രാപ്യമായതുമായതിനെ യാഥാർത്ഥ്യമാക്കുന്ന'യാളാണ്. 'അദ്ദേഹം ഒത്തുതീർപ്പുകളെ ഭയപ്പെട്ടിരുന്നില്ല, എന്നാൽ അദ്ദേഹത്തെ ബലാൽക്കാരമായി നിർബന്ധിച്ച് വിട്ടുവീഴ്ച ചെയ്യിക്കാൻ കഴിയില്ല'.

അന്തരിച്ച പ്രധാനമന്ത്രിയേക്കുറിച്ച് മഹാമനസ്‌കതയുള്ള ഒരു എതിരാളിയുടെ സ്വാഭാവികമായ നല്ല വാക്കുകൾ മാത്രമാണ് ഇവയെന്ന് ഒരുപക്ഷേ താങ്കൾ പറഞ്ഞേക്കാം. പക്ഷേ, വാജ്‌പേയിയുടെ പ്രസ്താവനകൾ അനുഷ്ഠാനപരതക്ക് അപ്പുറമുള്ളതാണ് എന്നതാണ് യാഥാർത്ഥ്യം. നെഹ്രുവിന്റെ ആദർശങ്ങളിലേക്ക് പുനരർപ്പണം നടത്തണമെന്ന് അദ്ദേഹം രാഷ്ട്രത്തോട് ആഹ്വാനം ചെയ്തു. താങ്കൾക്കും വേണമെങ്കിൽ ഉപയോഗിക്കാവുന്ന വാക്കുകളിൽ വാജ്‌പേയി പറഞ്ഞു 'ഐക്യത്തോടെയും അച്ചടക്കത്തോടെയും ആത്മവിശ്വാസത്തോടെയും നമ്മുടെ റിപ്പബ്ലിക്കിനെ നാം പുഷ്ടിപ്പെടുത്തണം. നേതാവ് മാത്രമേ പോയിട്ടുള്ളൂ, അനുയായികൾ ഇവിടെത്തന്നെയുണ്ട്. സൂര്യൻ അസ്തമിച്ചു, എന്നാലും നക്ഷത്രങ്ങൾ കാട്ടുന്ന വഴിയിലൂടെ നാം മുന്നോട്ട് പോകേണ്ടതുണ്ട്. ഇത് പരീക്ഷണ ഘട്ടമാണ്. എന്നിരുന്നാലും അദ്ദേഹത്തിന്റെ മഹത്താ!യ ലക്ഷ്യത്തോടൊപ്പം നമുക്ക് സ്വയം സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ഭാരതം ശക്തവും പ്രാപ്തവും സമ്പന്നവുമാകുകയുള്ളൂ.

മോദിജീ, താങ്കൾ പങ്കുവെക്കുന്നു എന്ന് സ്വയം അവകാശപ്പെടുന്ന ലക്ഷ്യങ്ങൾ ഇത് തന്നെയാണ്. താങ്കൾക്ക് നെഹ്രുവിന്റെ നയങ്ങളോട് വിയോജിക്കാം, പക്ഷേ, വാജ്‌പേയിയേപ്പോലെ താങ്കൾക്കും അദ്ദേഹത്തിന്റെ ആദർശങ്ങളോട് കലഹിക്കേണ്ട കാര്യമില്ല. താങ്കളുടെ പാർട്ടി സ്ഥാപകനും ശ്രേഷ്ഠനായ മുൻഗാമിയുമായ വാജ്‌പേയിയോട് താങ്കൾ പലപ്പോഴും ആദരവ് പ്രകടമാക്കിയിട്ടുണ്ട്, എന്നാൽ ഒരിക്കല്പോലും മുൻഗാമികളിൽ പ്രഥമനായ രാഷ്ട്രശില്പിയോട് അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല.

താങ്കളുടെ മുൻഗാമിയുടെ ഉപദേശം കണക്കിലെടുത്ത് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുടെ 125ആം ജന്മവാർഷികമാഘോഷിക്കുന്ന ഈ വേളയിൽ ഈ രാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളേപ്പറ്റി ഒരു പുനർവിചിന്തനത്തിന് താങ്കൾക്കിനിയും സമയമായില്ലേ? നമ്മുടെ രാഷ്ട്രം അതിന്റെ മഹത്തായ ആദർശങ്ങളോട് പുനരർപ്പണം നടത്താനുള്ള ഒരു അവസരമായി ഇതിനെ കണ്ട് അതിനായി തയ്യാറെടുക്കാൻ താങ്കളുടെ സർക്കാരിന് കഴിയേണ്ടതല്ലേ?

ഡോ. ശശി തരൂർ എം. പി.

വി ടി ബെൽറാം എംഎൽഎ ഫേസ്‌ബുക്കിൽ എഴുതിയത്..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP