Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നബിതിരുമേനി ഇസ്ലാം പ്രബോധനം ചെയ്യാൻ തുടങ്ങിയതിനു ശേഷം സ്‌നേഹവായ്‌പ്പോടെ ആ മതം സ്വീകരിക്കപ്പെട്ടത് രണ്ടിടത്താണ്; മദീനയിലും കേരളത്തിലും: വഹാബിസം കേരളത്തോട് ചെയ്തതിനെ കുറിച്ച് പി ടി നാസർ എഴുതുന്നു

നബിതിരുമേനി ഇസ്ലാം പ്രബോധനം ചെയ്യാൻ തുടങ്ങിയതിനു ശേഷം സ്‌നേഹവായ്‌പ്പോടെ ആ മതം സ്വീകരിക്കപ്പെട്ടത് രണ്ടിടത്താണ്; മദീനയിലും കേരളത്തിലും: വഹാബിസം കേരളത്തോട് ചെയ്തതിനെ കുറിച്ച് പി ടി നാസർ എഴുതുന്നു

കേരളത്തിന് ഒരു മുസ്ലിം പൈതൃകമുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ കേരളത്തിലെ മുസ്ലിം സമൂഹത്തിന് തനതായ ഒരു പൈതൃകമുണ്ട്. അതിന് ചരിത്രപരമായ വേരുകളുണ്ട്.

1. കേരളത്തിലെ മുസ്ലിം സമൂഹം ഇന്നാട്ടിലെ ജനതയാൽ സ്വീകരിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമാണ്. നബിതിരുമേനി ഇസ്ലാം പ്രബോധനം ചെയ്യാൻ തുടങ്ങിയതിനു ശേഷം സ്‌നേഹവായ്‌പ്പോടെ ആ മതം സ്വീകരിക്കപ്പെട്ടത് രണ്ടിടത്താണ്. മദീനയിലും കേരളത്തിലും.

നബിതിരുമേനിയും പ്രാരംഭകാല സഖാക്കളും മക്കയിൽ ഇസ്ലാം മതത്തിന്റെ പ്രബോധനം ആരംഭിച്ചപ്പോഴുള്ള എതിർപ്പുകളും വെല്ലുവിളികളും കഠിനമായിരുന്നുവല്ലോ. അതിൽ നിന്ന് രക്ഷതേടാൻ നബി തന്റെ സഖാക്കളെ പലായനത്തിന് പ്രേരിപ്പിച്ചു. ആദ്യസംഘം പോയത് അബിസീനിയയിലേക്കാണ്. -ഇന്നത്തെ എത്യോപ്യയിലേക്ക്- ക്രിസ്ത്യൻ രാജാവായ നേഗസ് ഭരിക്കുന്ന ആ ആഫ്രിക്കൻ രാജ്യത്ത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആ മുസ്ലിംസംഘത്തിന് അഭയം കിട്ടി. അവർ അവിടെ അഭയാർത്ഥികളായി സ്വീകരിക്കപ്പെട്ടു. ആ അഭയാർത്ഥി ജീവിതം പോലും അവസാനിപ്പിക്കാനും രാജാവിനെ സ്വാധീനിച്ച് മുസ്ലിംകളെ തിരിച്ചയപ്പിക്കാനും ഇസ്ലാമിന്റെ ശത്രുക്കൾ ശ്രമിച്ചതെല്ലാം ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കുന്നുണ്ട്. അഭയാർത്ഥി ജീവിതത്തിനു സ്വാഭാവികമായി നേരിടാനുള്ളതാണ് ആ പരിണതിയൊക്കെ.

രണ്ടാമത്തെ പലായനം മദീനയിലേക്കാണ്. നബി തിരുമേനി തന്നെയും മക്കയിൽ നിന്ന് മദീനയിലേക്ക് പോകുന്നു. അവിടെ സസന്തോഷം സ്വാഗതം ചെയ്യപ്പെടുന്നു. അതിനുള്ള സാമൂഹിക സാഹചര്യം അവിടെ ഒരുക്കപ്പെട്ടിരുന്നു. അതിനുമുമ്പു തന്നെ മദീനയിലുള്ളവരുമായി നബി ബന്ധപ്പെട്ടിരുന്നു. അവിടെയുള്ള ചില ഗോത്രങ്ങൾ ഇസ്ലാമിനെ ജീവിതരീതിയായി സ്വീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ജീവിതനായകനായ നബി മദീനയിലേക്ക് ചെല്ലുമ്പോൾ സ്വീകരിച്ചാനായിക്കാനായി മദീനാ നിവാസികൾ പട്ടണത്തിനു പുറത്തു കാത്തുനിൽക്കുകയായിരുന്നു. സ്വാഗതഗാനം പാടി സ്വീകരിച്ചാനയിക്കുകയായിരുന്നു അവർ.

അത്തരത്തിൽ ഇസ്ലാമിനെ ഒരു നാട് സ്വീകരിക്കുന്ന മിഴിവാർന്ന ദൃശ്യങ്ങൾ പിന്നീട് കാണാൻ കഴിയുന്നത് കേരളചരിത്രത്തിലാണ്. ആദ്യത്തെ പെരുമാളിന്റെ മതംമാറ്റ കഥ അവിടെ നിൽക്കട്ടെ. കഥയായോ ഐതിഹ്യമായോ അവിടെ നിൽക്കട്ടെ. തെളിവിന്റെ പിൻബലത്തോടെ രേഖപ്പെടുത്തിയ സംഭവങ്ങൾ പിന്നെയുമുണ്ടല്ലോ. കേരളത്തിലെത്തിയതിൽ, രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പ്രബോധന സംഘമായ മാലിക് ഇബ്‌നു ദിനാറിനും കൂട്ടർക്കും കൊടുങ്ങല്ലൂരിൽ കിട്ടിയ സ്വീകരണം. ഈ നാടിന്റെ ഭരണാധികാരികൾ അവരെ സ്വീകരിക്കുകയും അവരുടെ മതജീവിതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ചെയ്തുകൊടുക്കുകമായിരുന്നുവല്ലോ. അങ്ങനെയാണല്ലോ ചേരമാൻപള്ളി ഉയരുന്നത്.

ചരിത്രത്തിന്റെ യാത്രയിൽ പിന്നെയുമീ സ്വീകരണങ്ങൾ കാണാം. ഏറ്റവും വർണാഭമായ ദൃശ്യങ്ങൾ കാണുക മലബാറിലാണ്. ഒരു കടൽപ്പാട് മാത്രം അപ്പുറം കിടക്കുന്ന യമനിലെ ഹളർമൗത്തിൽ നിന്ന് പ്രബോധകരായ മുസ്ലിംകൾ പായക്കപ്പലിൽ കയറിവന്നത് മലബാറിലേക്കാണല്ലോ. ഇവിടേക്ക്, കേരളത്തിലേക്ക് അവർ വന്നത് വാളുമായിട്ടല്ല. ഇവിടെ കരയിൽ ആരും അവരെ കാത്തുനിന്നത് വാളുമായിട്ടല്ല. ഇരുകൈകളും നീട്ടി സ്വീകരിക്കാനായി കാത്തുനിൽക്കുയായിരുന്നു.

കോഴിക്കോട്ട് നങ്കൂരമിട്ട ജിഫ്രി പരമ്പരയുടെ നായകൻ കോഴിക്കോട്ടെത്തുമ്പോൾ സാമൂതിരി രാജാവിന്റ ദർബാറിലെ പ്രമുഖരും സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥരും കടപ്പുറത്തു കാത്തു നിൽക്കുകയായിരുന്നു. സ്വീകരിച്ച് നേരെ കൊട്ടാരത്തിലേക്ക് ആനയിക്കാൻ. അവിടെയത്തിയ തങ്ങൾക്ക് വീടുവെക്കാൻ സ്ഥലം പതിച്ചുനൽകുന്നു. അവിടെയാണല്ലോ ഇന്നും ജിഫ്രി ഹൗസ് നിലകൊള്ളുന്നത്. നിസ്‌കരിക്കാൻ പള്ളി. പള്ളിവെക്കാൻ സ്ഥലം. ഇതുകൊണ്ടൊന്നും തീരുന്നില്ല കോഴിക്കോട് ഗവർമെന്റിന്റെ സ്വീകരണം. മുസ്ലിംകൾക്ക് സർക്കാർ ശമ്പളത്തിൽ ഖാദിമാരെ നിയമിച്ചു കൊടുക്കുന്നു. ഇന്നും കോഴിക്കോട് വലിയ ഖാദിയും ചെറിയഖാദിയും ഉണ്ടെന്നോർക്കണം.

ഈ മതത്തിൻ അനുയായികൾ വർദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നടപടിയെടുത്തു സാമൂതിരി സർക്കാർ. കടപ്പുറത്തെ മുക്കുവ കുടുംബങ്ങളിലെ മൂത്ത ആൺകുട്ടിയെ മുസ്ലിമായി വളർത്തണം എന്ന് ഒരിക്കൽ ഉത്തരവിറക്കി. കോഴിക്കോടു മുതൽ പൊന്നാനി വരെയുള്ള കടപ്പുറത്തെ ഹിന്ദുകുടുംബങ്ങളിൽ ആയിരം കുടുബങ്ങൾ ഇസ്ലാം സ്വീകരിക്കണമെന്ന് വേറൊരുത്തരവ്. അങ്ങനെയങ്ങനെ ഇസ്ലാമിനെ ഈ നാടും ഈ നാട്ടിലെ ജനങ്ങളും ജീവിതത്തിലേക്ക് സ്വീകരിക്കുകയായിരുന്നു. അതാണ് കേരളീയ മുസ്ലിം പൈതൃകത്തിന്റെ അടിത്തറ.

2. തിരിച്ചങ്ങോട്ട് ആദ്യകാല മുസ്ലിംകൾ എങ്ങനെ പ്രതികരിച്ചു എന്നു നോക്കണം. അറേബ്യയിൽ നിന്ന് വന്നവരായിട്ടും ഇവിടെ അവർ അറബികളായല്ല ജീവിച്ചത്. അറബിപേരിലല്ല അവർ ഇവിടെ ജീവിച്ചത്. മുല്ലക്കോയയായും, പൂക്കോയയായും പൂക്കുഞ്ഞിയായും ജീവിക്കാൻ അവർക്ക് സാധിച്ചു. അവരുടെ പെൺമക്കളെ കുഞ്ഞീബിയെന്നും മുല്ലീബിയെന്നും വിളിച്ചു. വെള്ളമുണ്ടും വെള്ള ഷർട്ടും വെളുത്ത തലയിൽ കെട്ടും കേരളീയ മുസ്ലിംകങ്ങളുടെ തനതു വേഷമായി വന്നു. വരക്കൽ മുല്ലക്കോയ തങ്ങളോ, അബ്ദുർറഹ്മാൻ ബാഫഖിതങ്ങളോ, അങ്ങനെ ചുരുക്കം ചിലർ മാത്രമാണ് അറബിവേഷത്തിൽ കാണപ്പെട്ടത്. ഈ ജനതയിൽ ഇഴുകിച്ചേർന്ന് ജീവിക്കാൻ അവർക്കൊരു മടിയും ഉണ്ടായില്ല. ജനങ്ങളുടെ ഭാഷതന്നെ അവർ സംസാരിച്ചു. നാട്ടിലും വീട്ടിലും. അതുകൊണ്ടു തന്നെ കേരളീയ മു്സ്ലിമിന്റെ മാതൃഭാഷ മലയാളമാണ്. എന്നും. ഇന്നും. മറ്റു സംസ്ഥനങ്ങളിലെപ്പോലെ ഉറുദുവല്ല.

3. മതം വളർത്തുമ്പോൾ പോലും നാടിന്റെ ഊടുംപാവും അഴിയാതെ സൂക്ഷിച്ചു എന്നതാണ് അവരുടെ ഏറ്റവും വലിയ മഹത്വം. മലബാറിൽ ഏറെയാളുകൾ ഇസ്ലാം സ്വീകരിച്ചത് മമ്പുറം മൗലദ്ദവീല സയ്യിദ് അലവി തങ്ങളുടെ മുമ്പിലായിരിക്കും. എന്നാൽ ആരെയും തങ്ങൾ അവരവരുടെ താൽപര്യത്തിന് എതിരായോ തങ്ങളുടെ താൽപര്യത്തിനു വേണ്ടിയോ മാർഗം കൂട്ടിയില്ല. അതിന്റെ തെളിവാണ് കളിയാട്ടുകാവും കാവിലെ ഉത്സവവും. പ്രദേശത്തെ ഏറ്റവും വലിയ ക്ഷേത്രത്തിൽ കടക്കാൻ അനുവദിക്കുന്നില്ല എന്നും അതിനാൽ ഭഗവതിയെ കാണാൻ കഴിയുന്നില്ലെന്നും പരാതിപ്പെട്ടുവന്ന ദളിത് സ്ത്രീക്ക് പള്ളിയിൽ നിന്ന് ഒരു വിളക്ക് എടുത്തുകൊടുക്കുകയാണ് തങ്ങൾ ചെയ്തത്. അതുകൊണ്ടു പോയി കാവിൽ കത്തിച്ച് ഉത്സവം തുടങ്ങാൻ നിർദ്ദേശിച്ചു. അങ്ങനെയാണ് കളിയാട്ടുകാവും കാവിൽ ഉത്സവവും ആരംഭിക്കുന്നത്. ഇന്നും കളിയാട്ടുകാവിലെ ഉത്സവത്തിന് കൊടിയേറുന്നത് മമ്പുറം മഖാമിൽ വന്നു കണ്ടിട്ടാണ്. മലബാറിൽ മാപ്പിളമാർ മാത്രമല്ല ആരും മനംനൊന്താൽ ''മമ്പുറം തങ്ങളെ'' ഓർക്കാറുണ്ട്. അത് ഈ നാടിന്റെ മനസ്സാണ്. മതേതരത്വം എന്ന സങ്കൽപത്തിന് ഊനം തട്ടുമെന്ന് തോന്നിയപ്പോൾ മമ്പുറം തങ്ങളേയും കാര്യസ്ഥനായ കോന്തുനായരേയും ഒരുമിച്ചാണ് മാപ്പിളമാർ ഓർത്തത്.

4. നാടിനെ മനസ്സിലേക്ക് ആവാഹിച്ച ആ മഹാന്മാരായ നേതാക്കൾക്ക് എക്കാലത്തും കേരളം ആദരവും ബഹുമാനവും തിരിച്ചുകൊടുത്തിട്ടുണ്ട്. പണ്ട് രാജാക്കന്മാരുടെ കാലത്തും ഇപ്പോൾ നേതാക്കന്മാരുടെ കാലത്തും. കണ്ണൂരിലെ അറക്കൽ ആലിരാജാക്കന്മാരുടേയും കോഴിക്കോട് സാമൂതിരി രാജാക്കന്മാരുടേയും ഉപദേശകനായിരുന്നു വരക്കൽ മുല്ലക്കോയ തങ്ങൾ. കണ്ണൂരിനും കോഴിക്കോടിനുമിടയിൽ സ്ഥിരം യാത്ര വേണ്ടിവന്നതിനാൽ തങ്ങൾക്ക് ഇളനീർ നൽകാൻ മാത്രമായി പാതയോരങ്ങളിൽ തെങ്ങുകൾ മാറ്റി നിർത്തിയിരുന്നു എന്നത് ചരിത്രം. അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ, പാണക്കാട് പി.എം.എസ്.എ പൂക്കോയതങ്ങൾ, പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങൾ എന്നിവർക്ക് പിൽക്കാല സാമൂഹ്യജീവിതത്തിൽ കിട്ടിയ ആദരവും ഇതിൽ ഒട്ടും കുറവല്ല. അവരെ അംഗീകരിച്ചതിലൂടെയും ആദരിച്ചതിലൂടേയും ഈ നാട് അവരുടെ മതത്തെ ആദരിക്കുകയായിരുന്നു. അതാണ് കേരളീയ മുസ്ലിം പൈതൃകത്തിന്റെ ശേഷിപ്പ്.

5. ഈ നാടിനോട് അവർ കാണിച്ച സ്‌നേഹവായ്‌പ്പ് നാട് എങ്ങനെയാക്കെ തിരിച്ചു കൊടുത്തു എന്നതിന് പല പല ഉദാഹരണങ്ങൾ കെ.ജി മാരാരും ഒ.രാജഗോപാലും രേഖപ്പെടുത്തിയിട്ടുണ്ട്. ബാബറിമസ്ജിദ് തകർന്നതിനെ തുടർന്നുണ്ടായ കലുഷിതമായ കാലാവസ്ഥക്ക് ശേഷം മാരാരും അന്നത്തെ ബിജെപി നേതാക്കളും പാണക്കാട് ശിഹാബ് തങ്ങളെ കാണാനെത്തിയ രംഗമൊക്കെ പത്രത്താളുകളിൽ പതിഞ്ഞു കിടപ്പുണ്ട്. പെരിന്തൽമണ്ണ തിരുമാന്ധാംകുന്നിനടുത്ത തളിക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു തർക്കം നാടിനെ കലക്കിയ കഥ ഒ.രാജഗോപാൽ ആത്മകഥയിൽ പറയുന്നുണ്ട്. ''പക്വമതികളായ മുസ്ലിംലീഗിന്റെ ചില നേതാക്കൾ കൈക്കൊണ്ട നിലപാട് സമുദായ സംഘർഷം ഉണ്ടാകാതിരിക്കാൻ സഹായിച്ചു എന്നതും സ്മരണീയമാണ്. ആദരണീയനായ പൂക്കോയതങ്ങളുടെ നിലപാട് അതായിരുന്നു''-രാജഗോപാൽ പറയുന്നു. ബി.ജെ. പിനേതാക്കൾ എഴുതിയതും പറഞ്ഞതുമെല്ലാം എല്ലാവർക്കും എളുപ്പത്തിൽ കിട്ടുമെന്നതിനാൽ അധികം വിശദീകരിക്കുന്നില്ല.

6. ഈ ഐക്യവും സൗഹാർദ്ദവും മതത്തിനു പുറമെ മാത്രമല്ല മതത്തിന് അകത്തും അതേ കുളിർമയോടെ കാത്തുസൂക്ഷിച്ചു എന്നതാണ് കേരളത്തിലെ മുസ്ലിം നേതൃത്വത്തിന്റെ മഹത്വം. ലോകമുസ്ലിം സമാജത്തിൽ പലവിധ പിളർപ്പുകളും ഇടർച്ചകളും ഉണ്ടായിട്ടും അതൊന്നുംതന്നെ 1920കൾ വരെയും കേരള മുസ്ലിംകളെ ബാധിച്ചില്ല എന്നോർക്കണം. ഏകശിലാ നിർമ്മിതമായി വിള്ളലില്ലാതെ പതിമൂന്ന് നൂറ്റാണ്ടിലേറെ നിലനിന്നതാണ് കേരളത്തിലെ മുസ്ലിം പൈതൃകം. അതിന് വിള്ളൽ വീണത് എന്നുമുതലാണ് എന്നതും അന്വേഷിക്കണം.

7. അപ്പോഴാണ് വഹാബിസം കേരളത്തോട് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും എന്ത് എന്ന് അന്വേഷിക്കേണ്ടിവരിക. നാടിന്റെ പൊതുവായ ആഘോഷങ്ങളെ എതിർക്കുന്നവർ എന്തിനെയാണ് തകർക്കുന്നത്?

8. പരമതനനിന്ദയും അസഹിഷ്ണുതയും മാത്രം ഹൈവോൾട്ടേജിൽ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്ന അൽപ്പഞ്ജരായ മതപ്രസംഗകർ എവിടെ നിന്നാണ് ഇറങ്ങിവന്നത്?

9. നവോന്ഥാനം നടത്തി എന്ന് അവകാശപ്പെടുന്ന പ്രസ്ഥാനം പിളരാൻ തുടങ്ങിയപ്പോൾ അന്തമില്ലാതെ പിളർന്നുകൊണ്ടിരിക്കുകയും അതിൽ നിന്ന് കടുത്ത അന്ധവിശ്വാസികളും ഭീകരവാദികളും പുറത്തുവന്നുകൊണ്ടിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?

10. എന്തുകൊണ്ടാണ് ഒരൊറ്റ ചിന്താധാരയിൽ പെട്ട യുവാക്കൾ മാത്രം ഐ.എസ്.ഐ.എസിൽ എത്തിപ്പെടുന്നത്.
- ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഒറ്റച്ചോദ്യത്തിന് ഉത്തരം തിരഞ്ഞാൽ മതി. അതാണ് ആ ചോദ്യം- വഹാബിസം കേരളത്തോട് ചെയ്തത് എന്ത്? 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP