Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഠിക്കാൻ വിട്ട മകളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി വീട്ടിൽ നിന്ന് ഇറക്കി അച്ഛനമ്മമാരോട് മിണ്ടാതാക്കുന്ന മുസ്ലിം നന്നായി ഏശുന്ന ഒരു അപരബിംബമാണ്; ഏതു മധ്യവർഗ ഹിന്ദു രക്ഷിതാവിന്റെയും ചങ്കിൽ തീ കോരിയിടാൻ കെൽപ്പുള്ള പ്രയോഗീ; ഒരൊറ്റ അഖില മതി ലക്ഷക്കണക്കിന് മനസ്സുകളിൽ 'മുസ്ലിം പ്രതിയോഗി' സൃഷ്ടിക്കപ്പെടാൻ: ഇടതു മതേതരരെ സംഘപരിവാർ ആക്കുന്നവർ അറിയാൻ

പഠിക്കാൻ വിട്ട മകളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി വീട്ടിൽ നിന്ന് ഇറക്കി അച്ഛനമ്മമാരോട് മിണ്ടാതാക്കുന്ന മുസ്ലിം നന്നായി ഏശുന്ന ഒരു അപരബിംബമാണ്; ഏതു മധ്യവർഗ ഹിന്ദു രക്ഷിതാവിന്റെയും ചങ്കിൽ തീ കോരിയിടാൻ കെൽപ്പുള്ള പ്രയോഗീ; ഒരൊറ്റ അഖില മതി ലക്ഷക്കണക്കിന് മനസ്സുകളിൽ 'മുസ്ലിം പ്രതിയോഗി' സൃഷ്ടിക്കപ്പെടാൻ: ഇടതു മതേതരരെ സംഘപരിവാർ ആക്കുന്നവർ അറിയാൻ

ടതു മതേതരരെ സംഘപരിവാർ ആക്കിയേ അടങ്ങൂവെന്ന് ആർക്കാണ് നിർബന്ധം?

ഇസ്ലാമിക സംസ്‌കാരത്തിന്റെ മാത്രമല്ല, ഹൈന്ദവസംസ്‌കാരത്തിന്റെകൂടി മണ്ണാണ് മലപ്പുറം. ആചാരങ്ങളും വിശ്വാസങ്ങളും ഇടകലർന്ന തിരുമാന്ധാംകുന്നും കാടാമ്പുഴയും തിരുനാവായയും ഒക്കെ ഉൾക്കൊള്ളുന്ന മണ്ണ്. ഭക്തകവികളായ മേൽപ്പത്തൂരും പൂന്താനവും ജനിച്ച നാട്. ഒരർഥത്തിൽ, ബ്രാഹ്മണിക്കൽ ഹിന്ദുയിസത്തിന്റെതന്നെ ചരിത്രമുള്ള നാട് എന്ന് പറയാം.

2011 കാനേഷുമാരിയനുസരിച്ചു ജനസംഖ്യയുടെ 27.6 ശതമാനം ഹിന്ദുമത വിശ്വാസികളാണ് മലപ്പുറത്ത്. ഏറ്റവും ഒടുവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മലപ്പുറം ലോക്‌സഭാമണ്ഡലത്തിൽ ആകെ പോൾ ചെയ്ത വോട്ട് 9,35,991 ആണ്.

ഇതിന്റെ 27.6 ശതമാനം 2,58,333. കണക്കുകൾവെച്ച് നോക്കിയാൽ രണ്ടരലക്ഷത്തിലേറെ ഹിന്ദുമത വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ഇതിൽ ബിജെപി സ്ഥാനാർത്ഥിക്കു കിട്ടിയ ആകെ വോട്ട് 65,662. അതായത്, പോൾ ചെയ്യപ്പെട്ട ഹിന്ദു വോട്ടുകളിൽ 75 ശതമാനവും ഇടത്തുപക്ഷത്തേയോ വലതുപക്ഷത്തേയോ മുസ്ലിം സ്ഥാനാർത്ഥിക്കു കിട്ടി. ഓർക്കണം, മോദി-അമിത്ഷാ-യോഗി 'തിളക്കത്തിന്റെ' ഈ കാലത്ത് ഒരു ശരാശരി ഹിന്ദുവിന് 'രാജ്യസ്‌നേഹിയും ഭാരതീയനും വികസനപ്രേമിയുമൊക്കെ' ആയി നിൽക്കാനുള്ള ഏറ്റവും എളുപ്പമുള്ള തിരഞ്ഞെടുപ്പ് സംഘ്പരിവാറിനൊപ്പം ചേരുക എന്നതാണ്.

മാണി മുതൽ എ പി മുസ്ലിയാർക്കുവരെ തരംപോലെ മോദിയൊരു യഥാർത്ഥ ' വികസന നായകനാവുന്ന' കാലമാണ്. അങ്ങനെയൊരു ആസുരമായ കാലത്താണ്, സംഘപരിവാറിന്റെ വിദ്വേഷഭരിത ഹൈന്ദവ അധികാര രാഷ്ട്രീയം അതിന്റെ കൊടുമുടിയിൽ നിൽക്കുന്ന ഈ കാലത്താണ് 75 ശതമാനം ഹിന്ദുക്കൾ തങ്ങൾ മതേതരത്വത്തിന് ഒപ്പമാണെന്നു ബാലറ്റിൽ പ്രഖ്യാപിക്കുന്നത്. ഒരു മുസ്ലിം പേരിനു നേരെ നിസ്സംശയം വോട്ടുകുത്തുന്നത്. ഏതൊരു മുസ്ലിം പേരുകാരനും ഭീകരനോ, കുറഞ്ഞപക്ഷം വർഗീയവാദിയോ ആക്കപ്പെടുന്ന ഈ കാലത്താണ് അതിനെ നിരാകരിക്കുന്ന ഹിന്ദുസമൂഹം മലപ്പുറംപോലെ പലരും പറഞ്ഞു പറഞ്ഞു കമ്യൂണൽ ആക്കുന്ന ഒരു ജില്ലയിൽപ്പോലും അടിയുറച്ചു നിൽക്കുന്നത്.

ഈ 75 ശതമാനം ഹിന്ദുമതേതരർ ആണ് കേരളീയ സെക്കുലറിസത്തിന്റെ ഇനിയുള്ള ഏറ്റവും വലിയ പ്രതീക്ഷ. അവരാണ് അമിത്ഷായുടെ കണ്ണിലെ കരട്. അവരെ പാട്ടിലാക്കാനാണ് ബിജെപി ഈ വിയർപ്പൊഴുക്കുന്നത് മുഴുവൻ. അത്രപെട്ടന്നൊന്നും താമരക്കുണ്ടിൽ ചാടാത്ത സാംസ്‌കാരിക-രാഷ്ട്രീയ പാകതയുള്ള ആ ഹിന്ദു മതേതര സമൂഹമാണ് കാൽ നൂറ്റാണ്ടായി പലമട്ടിൽ ഹൈന്ദവ ഫാഷിസം ഉഴുതുമറിച്ചിട്ടും കേരളത്തെ ബാലറ്റിൽ എങ്കിലും വർഗീയവൽക്കരിക്കാതെ കാക്കുന്നവരിലെ ഭൂരിപക്ഷം.

പക്ഷെ, ദുഃഖകരമായ ഒന്നുണ്ട്. ഈ ഹിന്ദു മതേതര സമൂഹത്തെ എങ്ങനെയും ബിജെപി യിൽ എത്തിക്കാൻ ഇന്ന് ഏറ്റവും അദ്ധ്വാനിക്കുന്നത് സംഘ്പരിവാർ മാത്രമല്ല, ഇസ്‌ളാമിസ്റ്റുകൾ കൂടിയാണ്. മുസ്ലിം സമുദായത്തിലെ ഒരു ശതമാനം ജനങ്ങളുടെ പോലും പിന്തുണയില്ലാത്ത തീവ്ര മതവാദ സംഘങ്ങൾ. ബിജെപി വിമർശനം വരുമ്പോൾ മാത്രം മതേതരത്വത്തെ പുൽകിയും അല്ലാത്തപ്പോൾ മതേതരവാദികളെ 'മതേതര തീവ്രവാദികൾ' ആക്കിയും മതമൗലികവാദികൾ അവരുടെ തനിനിറം കാട്ടുന്നു.

ഒരു പതിറ്റാണ്ടു മുൻപ് 98 ശതമായിരുന്നു ഈ നാട്ടിലെ മതേതര ഹിന്ദുസമൂഹം. ഇന്നത് എൺപതോ എഴുപത്തഞ്ചോ ആയിട്ടുണ്ട്. നാളെയത് അമ്പതോ നാല്പതോ ആകുന്നുവെങ്കിൽ അതിന്റെ ഒന്നാമത്തെ ഉത്തരവാദിത്തം മതേതരത്വം, ഇടതുപക്ഷം, ലിബറൽ ചിന്ത എന്നിവയെയൊക്കെ പുച്ഛത്തോടെ കാണുന്ന ഈ മുസ്ലിം മതമൗലികവാദികൾക്കു ആവും. വിരലിൽ എണ്ണാവുന്ന അംഗങ്ങൾ മാത്രമുള്ള, സംഘടനാ രൂപമുള്ള യാഥാസ്ഥിതിക മതവാദ കൂട്ടങ്ങൾ ആണ് അവർ.

ശ്രദ്ധിക്കണം, അവർ ഈ നാട്ടിലെ സാധാരണ മുസ്ലിംകളുടെ ശബ്ദമൊന്നുമല്ല. പക്ഷെ, അവരുടെ വിവേകരഹിത എടുത്തുചാട്ടങ്ങൾക്കു വില നൽകേണ്ടി വരുന്നതാവട്ടെ, മുസ്ലിം സമുദായം ഒന്നടങ്കം ആണ് താനും.
അക്രമകാരിയായ മുസ്ലിം, പാക്കിസ്ഥാൻവാദിയായ മുസ്ലിം, ദേശവിരുദ്ധനായ മുസ്ലിം തുടങ്ങിയ സ്ഥിരം വ്യാജനിർമ്മിതികളിലൂടെ കേരളത്തിൽ 'മുസ്ലിം ശത്രു' എന്ന എതിരാളിയെ സൃഷ്ടിക്കാൻ കഴിയില്ല എന്ന് ഇതിനകം സംഘ്പരിവാർ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ മതസ്ഥരും ഏറെക്കുറെ മാംസാഹാരികളായ കേരളത്തിൽ 'ബീഫ് കഴിക്കുന്ന മുസ്ലിം' എന്ന അപരനിർമ്മിതിപോലും ഉത്തരേന്ത്യയിലെ ശക്തിയിൽ ഏശില്ല.
പക്ഷെ, 'പഠിക്കാൻ വിട്ട മകളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി വീട്ടിൽ നിന്ന് ഇറക്കി അച്ഛനമ്മമാരോട് മിണ്ടാതാക്കുന്ന മുസ്ലിം' നന്നായി ഏശുന്ന ഒരു അപരബിംബമാണ്. ഏതു മധ്യവർഗ ഹിന്ദു രക്ഷിതാവിന്റെയും ചങ്കിൽ തീ കോരിയിടാൻ കെൽപ്പുള്ള പ്രയോഗമാണത്.

ഒരൊറ്റ അഖില മതി ലക്ഷക്കണക്കിന് മനസ്സുകളിൽ 'മുസ്ലിം പ്രതിയോഗി' സൃഷ്ടിക്കപ്പെടാൻ. ഇത് സംഘപരിവാറിന് നന്നായി അറിയാം. അതുകൊണ്ടാണ് വീണു കിട്ടിയ ഒരു ആതിരയും അഖിലയും അണയാതെ ആളികത്തുന്നത്. അതിനു തീയൂതി കൊടുക്കുന്ന എല്ലാ മുസ്ലിം ആവേശ ആൾക്കൂട്ടങ്ങളും ചെയ്യുന്നത് സംഘപരിവാറിന് തട്ടകം ഒരുക്കുക തന്നെയാണ്.

പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യം താത്കാലികമായി കോടതിയാൽ തടയപ്പെട്ടിരിക്കുന്നു എന്നത് മാത്രമാണ് ഹാദിയ പ്രശ്‌നത്തിന്റെ കാതൽ. തീർച്ചയായും അതൊരു നിസ്സാര പ്രശ്‌നമല്ല. എന്നാൽ നിലവിൽ കോടതിവഴി മാത്രം പരിഹരിക്കപ്പെടേണ്ട പ്രശ്‌നമാണത്. ശരി, തെറ്റ് എന്നീ രണ്ടു ദ്വന്ദ്വങ്ങൾ മാത്രമുള്ള പ്രശ്‌നവുമല്ല അത്. പ്രായപൂർത്തിയായ എത്രയോ പേരെ അവരുടെ വഴിക്കു വിടുന്ന കോടതി ഈ കേസിൽ അസാധാരണ നടപടിക്ക് മുതിർന്നത് തീർച്ചയായും അതിൽ അസാധാരണമായ അസ്വഭാവികതകൾ ഉണ്ടായതുകൊണ്ടാണ്. നിയമം തീർപ്പുകല്പിക്കട്ടെ.
പക്ഷെ, ഒറ്റപ്പെട്ടതും അസാധാരണവുമായ ഈ വ്യക്തിവിഷയത്തെ മുസ്ലിംകൾക്കെതിരായ നീതിപീഠ-ഭരണകൂട അനീതിയുടെ ഉദാഹരണം എന്ന മട്ടിൽ പർവതീകരിക്കുമ്പോൾ അത് യഥാർത്ഥ വിഷയങ്ങളിൽനിന്നുള്ള ഒളിച്ചോട്ടംകൂടിയാണ്.

ദളിതർക്കൊപ്പം മുസ്ലിംകൾ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന, അറുപതു ശതമാനം മുസ്ലിംകൾ ഭൂരഹിതരായ, മുസ്ലിം അപരവത്കരണം അതിന്റെ മൂർധന്യതയിൽ നിൽക്കുന്ന ഈ കാലത്തും ഒരു അഖിലയെയോ ആതിരയെയോ മതംമാറ്റുന്നതാണ് സുപ്രധാനമെന്നു കരുതാനുള്ള വിവേകമില്ലായ്മ ആയിക്കോളൂ. പക്ഷെ, ആ താളത്തിനൊപ്പം തുള്ളാത്ത സകലരെയും സംഘിച്ചാപ്പ കുത്തുന്ന ആ തീക്കളി ഈ നാടിന്റെ ശേഷിക്കുന്ന മതേതരത്വത്തെക്കൂടി ഇല്ലാതാക്കും.

കമ്യുണിസ്റ്റിനും മതേതരവാദിക്കും മതവിശ്വാസിക്കും യുക്തിവാദിക്കും ഇടതിനും ലിബറലിനും ഒക്കെ ഇടമുള്ള ഭൂമികതന്നെയാണ് ഫാഷിസവിരുദ്ധ പോരാട്ടത്തിന്റെത്. ഇവർ എല്ലാവരും മതവിശ്വാസിയുടെ അതെ വാക്കുകളോ നിലപാടുകളോ കടമെടുത്തുതന്നെ വേണം ഫാഷിസത്തെ എതിർക്കാൻ എന്ന് ശഠിക്കരുത്. നമ്മുടേത് അല്ലാത്ത എല്ലാ നിലപാടും സംഘിത്തമാണ് എന്ന് വിളിച്ചുകൂവും മുൻപ് രണ്ടുവട്ടം ചിന്തിക്കണം, നിങ്ങൾ ശരിക്കുമൊരു ഫാഷിസ്റ്റ് വിരുദ്ധൻ ആണെങ്കിൽ.

മയ്യിത്തുനിസ്‌കരിച്ചു പോരാടുന്നവർ അത് ചെയ്യട്ടെ. അതിന്റെ അല്പമകലെ കൊടിപിടിച്ചോ പ്രകടനം നടത്തിയോ പാട്ടുപാടിയോ ചുംബിച്ചോ ഒക്കെ പ്രതിഷേധിക്കുന്നവർ അത് ചെയ്‌തോട്ടെ. ഈ സമരങ്ങൾ എല്ലാം അദൃശ്യമായി കൂട്ടിമുട്ടുന്നുണ്ട്. അത് തിരിച്ചറിയാത്ത സംഘി വിളികളും ചാപ്പ കുത്തലുകളും ഫാഷിസവിരുദ്ധപോരാട്ടത്തിന്റെ 'എഡിറ്റോറിയൽ പേജിനു' ചേരില്ല. വെറും മതവാദത്തിന്റെതു മാത്രമാണ് പേജ് എങ്കിൽ ഇനിയും ആവർത്തിച്ചോളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP