Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സാധാരണ ജനത ബോധവാന്മാരാകണം; പൊലീസുദ്യോഗസ്ഥൻ ഔദ്യോഗിക പദവിക്കു പുറത്തു നിന്നു ചെയ്യുന്ന കുറ്റകൃത്യങ്ങൾ മറ്റേതൊരു പൗരനും ചെയ്യുന്ന കുറ്റകൃത്യങ്ങൾ പോലെ തന്നെയാണ്; അഡ്വ പി റഹിം പൊലീസുകാരുടെ കുറ്റകൃത്യങ്ങളിൽ ജനങ്ങൾ ബോധവാന്മാർ ആകേണ്ടതിനെക്കുറിച്ച്‌ തുറന്നെഴുതുന്നു

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സാധാരണ ജനത ബോധവാന്മാരാകണം; പൊലീസുദ്യോഗസ്ഥൻ ഔദ്യോഗിക പദവിക്കു പുറത്തു നിന്നു ചെയ്യുന്ന കുറ്റകൃത്യങ്ങൾ മറ്റേതൊരു പൗരനും ചെയ്യുന്ന കുറ്റകൃത്യങ്ങൾ പോലെ തന്നെയാണ്; അഡ്വ പി റഹിം പൊലീസുകാരുടെ കുറ്റകൃത്യങ്ങളിൽ ജനങ്ങൾ ബോധവാന്മാർ ആകേണ്ടതിനെക്കുറിച്ച്‌ തുറന്നെഴുതുന്നു

അഡ്വ. പി. റഹിം

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതികൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യൻ ജനത, വിശേഷിച്ചും കേരള ജനത ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പൊലീസ് അതിക്രമങ്ങളും പൊലീസ് പീഡനങ്ങളും വർത്തമാനപത്രങ്ങളിലും ആനുകാലികങ്ങളിലും സ്ഥിരം വാർത്തയായിക്കഴിഞ്ഞിരിക്കുന്നു.

ഒരു സാധാരണ പൗരൻ എന്ന നിലയിൽ ഒരു പൊലീസുദ്യോഗസ്ഥൻ ഔദ്യോഗിക പദവിക്കു പുറത്തു നിന്നു ചെയ്യുന്ന കുറ്റകൃത്യങ്ങൾ മറ്റേതൊരു പൗരനും ചെയ്യുന്ന കുറ്റകൃത്യങ്ങൾ പോലെ തന്നെയാണ്. ഇത് ഇന്ത്യൻ ശിക്ഷാനിയമം തുടങ്ങി മറ്റു നിയമങ്ങൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയിൽ വരും. എന്നാൽ ഒരു പൊലീസുദ്യോഗസ്ഥൻ തന്റെ ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പൊതു ജനങ്ങളേറെയും അജ്ഞരാണ്.

2011 -ലെ കേരളാ പൊലീസ് നിയമത്തിൽ ജാമ്യം കിട്ടുന്നവയും ജാമ്യം കിട്ടാത്തവയുമായി പൊലീസ് പദവിയിലിരുന്ന് ചെയ്യുന്ന നിരവധി കുറ്റകൃത്യങ്ങൾ വിവരിച്ചിട്ടുണ്ട്. പാലീസ് എന്ന ഔദ്യോഗിക പദവിയിലിരിക്കുമ്പോൾ ചെയ്യുന്ന കുറ്റകൃത്യങ്ങളാണിവ. ബഹുജനങ്ങൾക്കും പൊലീസുമായി ബന്ധപ്പെട്ടു നില്ക്കുന്ന പൊതു പ്രവർത്തകർക്കും പൊലീസ് സേനാംഗങ്ങൾ ചെയ്യുന്ന ഈ കുറ്റകൃത്യങ്ങളെ കുറിച്ച് വലിയ ധാരണയില്ല.

കേരളാ പൊലീസ് ആക്ടിന്റെ 114 -ാം വകുപ്പ് പൊലീസ് ഉദ്യോഗസ്ഥൻ ചെയ്യുന്ന കൃത്യവിലോപം സംബന്ധിച്ചുള്ളതാണ്. സേനയിലെ അംഗങ്ങൾക്ക് ബാധകമായിട്ടഉള്ള നിയമവ്യവസ്ഥയോ നടപടിക്രമമോ ചട്ടമോ റഗുലേഷനോ ലംഘിക്കുകയോ അനുസരിക്കാൻ ഉപേക്ഷ വരുത്തുകയോ ചെയ്യുക, കർത്തവ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നതിലേയ്ക്കായി രോഗം നടിച്ചു കിടക്കുകയോ രോഗമോ പരിക്കോ ഉണ്ടെന്ന് ഭാവിക്കുകയോ സ്വമേധയാ ദേഹോപദ്രവം ഏല്പിക്കുകയോ ചെയ്യുക, മറ്റേതെങ്കിലും വിധത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് യോജിക്കാത്ത രീതിയിൽ പ്രവർത്തിക്കുക, ഭീരുത്വത്തിന് അപരാധിയാകുകയോ ചെയ്യുക തുടങ്ങിയവ ഈ വകുപ്പനുസരിച്ചുള്ള പൊലീസ് സേനയിലെ അംഗത്തിന്റെ കുറ്റകൃത്യങ്ങളാണ്. മൂന്നു മാസം വരെ തടവു ശിക്ഷയോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിത്.

കുറ്റകൃത്യം ചെയ്യുന്ന പൊലീസുദ്യോഗസ്ഥന് ജാമ്യം ലഭിക്കും. വകുപ്പുതല നടപടികൾ മാത്രവും ഈ കുറ്റകൃത്യങ്ങൾക്ക് ആകാം. പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് 115-ാം വകുപ്പനുസരിച്ച് ഏഴു വർഷം വരെ തടവു ശിക്ഷയോ, 12 മാസത്തെ ശമ്പളത്തിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റകൃത്യമാണ്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ഈ കുറ്റകൃത്യത്തിന് ബാധകമാകുന്നതാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ശല്യമുണ്ടാക്കുന്ന അറസ്റ്റ്, പരിശോധന, പിടിച്ചെടുക്കൽ എന്നിവ നടത്തുന്നത് 3 വർഷം വരെ തടവ് ശിക്ഷയോ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്.

നിയമാനുസൃതമായ അധികാരമോ കാരണമോ ഇല്ലാതെ ശല്യമുണ്ടാക്കാൻ വേണ്ടി ഏതെങ്കിലും കെട്ടിടത്തിലോ ഉരുവിലോ കൂടാരത്തിലോ സ്ഥലത്തോ പ്രവേശിക്കുകയോ, അനാവശ്യമായ പരിശോധന നടത്തുകയോ അതിനിടയാക്കുകയോ ചെയ്യുക, നിയമവിരുദ്ധമായും ശല്യമുണ്ടാക്കാൻ വേണ്ടിയും ന്യായമായ കാരണം കൂടാതെയും ഏതെങ്കിലും ആളുടെ വസ്തു പിടിച്ചെടുക്കുകയോ ഒരാളെ തടങ്കലിൽ വയ്ക്കുകയോ പരിശോധന നടത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുക, കസ്റ്റഡിയിലുള്ളതോ തന്റെ കർത്തവ്യത്തിനിടയിൽ താൻ ബന്ധപ്പെടുന്നതോ ആയ ആളെ കരുതിക്കൂട്ടി പീഡനത്തിനോ ഏതെങ്കിലും വിധത്തിലുള്ള മനുഷ്യത്വരഹിതമോ നിയമവിരുദ്ധമോ ആയ വ്യക്തിപരമായ ആക്രമണത്തിനോ ഗുരുതരമായ ദുർവൃത്തിക്കോ വിധേയനാക്കുക, കരുതിക്കൂട്ടിയും അറിവോടെയും ദുരുദ്ദേശ്യപരമായും ഒരു നിരപരാധിയെ ഒരു ക്രിമിനൽ കുറ്റത്തിൽ ഉൾപ്പെടുത്താൻ വേണ്ടി ഒരു വ്യാജ പ്രസ്താവന രേഖപ്പെടുത്തുകയോ വ്യാജരേഖയുണ്ടാക്കുകയോ പൊലീസിനു മേൽ ആക്രമണം നടന്നുവെന്ന് വ്യാജമായ ആരോപണം ഉന്നയിക്കുകയോ ചെയ്യുക, ഒരു പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ അയാൾ തടയുവാൻ ബാദ്ധ്യസ്ഥനായ ഒരു കുറ്റകൃത്യം ചെയ്യുന്നതിന് കരുതിക്കൂട്ടിയും നേരിട്ടും സഹായമോ പ്രേരണയോ നൽകുക എന്നിവ 116-ാം വകുപ്പനുസരിച്ചുള്ള കുറ്റകൃത്യങ്ങളാണ്. ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഈ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നത്. ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതികൾക്കാണ് ഈ കുറ്റകൃത്യങ്ങൾ എല്ലാം വിചാരണ നടത്തി ശിക്ഷിക്കാനുള്ള അധികാരം.

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സാധാരണജനത ഇന്നും ബോധവാന്മാരായിട്ടില്ല. പൊലീസിനെ അറിയാനും അവർ ചെയ്യാൻ പാടില്ലാത്തതെന്തെന്നറിയാനും ഇന്നും നമ്മുടെ ജനങ്ങൾക്കായിട്ടില്ല. ഇതു സംബന്ധിച്ച ഒരു അവബോധനം ജനങ്ങൾക്കുണ്ടാകേണ്ടത് നിലവിലെ സാഹചര്യങ്ങളിൽ ഒഴിച്ചു കൂടാനാവാത്തതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP