Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീകൾക്ക് ആരാധനാലയത്തിൽ പ്രവേശിക്കുവാൻ തടസ്സം നിൽക്കുന്നത് അവരുടെ അശുദ്ധിയോ, അതോ സമൂഹ മനസ്സിലെ അശുദ്ധിയോ...

സ്ത്രീകൾക്ക് ആരാധനാലയത്തിൽ പ്രവേശിക്കുവാൻ തടസ്സം നിൽക്കുന്നത് അവരുടെ അശുദ്ധിയോ, അതോ സമൂഹ മനസ്സിലെ അശുദ്ധിയോ...

വിൽസൺ കരിമ്പന്നൂർ

സ്ത്രീകളുടെ ആരാധനാലയപ്രവേശനം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണല്ലോ. മഹാരാഷ്ട്രയിലുള്ള അഹമ്മദ്നഗറിലെ ശനി ഷിങ്നപുർ മന്ദിരത്തിൽ പ്രവേശിക്കുവാനായിട്ടു ഭൂമാതാ രൺരാഗിണി ബ്രിഗേഡിന്റെ പ്രവർത്തകർ നടത്തിയ പോരാട്ടവും അതിന്റെ വിജയവും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. പിന്നീട് അതിന്റെ നേതാവ് ശ്രിമതി തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദർഗയിലും പ്രവേശിച്ച് പ്രാർത്ഥന നടത്തിയിരുന്നു.

കൂടാതെ സ്ത്രീകൾക്ക് പ്രവേശനം ഇല്ലാതിരുന്ന നാസിക്കിലെ തൃമ്പകേശ്വർ ശിവമന്ദിരം,കോലാപ്പൂരിലെ മഹാലക്ഷ്മിമന്ദിരം എന്നിവിടങ്ങളിലും അവർ പ്രവേശിച്ചു കഴിഞ്ഞു. സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച മറ്റു പല ആരാധനാലയങ്ങളിലും അവർ ഇനിയും പ്രവേശിക്കുമെന്നു പ്രസ്താവിച്ചിട്ടുമുണ്ട്. ആ കൂട്ടത്തിൽ ശബരിമലക്ഷേത്രത്തിലും അവർ പ്രവേശിക്കുവാൻ ശ്രമിക്കുന്നുണ്ട്.

ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നത് സംബന്ധിച്ച ഒരു കേസ്സ് സുപ്രീം കോടതിയിൽ ഇപ്പോൾ നടക്കുന്നുണ്ടല്ലോ. അതിനാൽ ശബരിമല പ്രവേശനം ഉൾപ്പെടെയുള്ള സ്ത്രീകളുടെ ആരാധനാലയപ്രവേശനം ഇപ്പോൾ പല വേദികളിലും ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ചു ആർക്കും അഭിപ്രായം പറയുവാൻ സാധിക്കുന്ന സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇതിനെപറ്റി കൊണ്ടുപിടിച്ച അഭിപ്രായപ്രകടനങ്ങൾ കണ്ടു.

അതു പലതും വായിച്ചപ്പോൾ തോന്നിയത്,പൊതുവെ വിദ്യാസമ്പന്നർ എന്നു അഭിമാനിക്കുന്ന മലയാളികൾ ഈ വിഷയത്തിൽ കാട്ടുന്ന നിലപാടുകൾ അത്ര അഭിമാനകരമല്ല എന്നാണ്. സാമൂഹ്യമാദ്ധ്യമങ്ങളിലെ ഭൂരിഭാഗം അഭിപ്രായങ്ങളും സ്ത്രീകൾക്ക് അനുകൂലമല്ലായിരുന്നു.ഏറ്റവും, അതിശയകരമായി കണ്ടത്, നല്ലൊരു ശതമാനം സ്ത്രീകളും ശബരിമല പ്രവേശനം ഉൾപ്പെടെയുള്ള സ്ത്രീകളുടെ ആരാധനാലയപ്രവേശനത്തെ എതിർത്താണ് കുറിപ്പുകൾ എഴുതിയത്. ഫേസ്‌ബുക്കിൽ ഒരു സംഗീത ഗ്രൂപ്പിന്റെ ഉടമയായ അമേരിക്കയിൽ താമസിക്കുന്ന ഒരു മലയാളി വനിത എന്റെ സൗഹൃദവലയത്തിൽ ഉണ്ട്. ഒരുവിധം പുരോഗമനതരത്തിൽ എഴുതുന്ന ആ മഹിളാരത്‌നവും ഈ വിഷയത്തിൽ പിന്നാക്കം പോകുന്നതാണ് കണ്ടത്.

ഏറ്റവും അതിശയകരമായ വസ്തുത ഭാരതത്തിലെ (കേരളത്തിലെയും) ഭൂരിഭാഗം സ്ത്രീകളും അവർ അശുദ്ധകൾ എന്ന പുരുഷന്റെ വാദം അംഗീകരിച്ച മട്ടാണ്. എന്തിനധികം പറയണം, എന്നും കൃഷ്ണന്റെ രാധയായി സ്വയം സങ്കല്പിച്ചു കവിതകൾ എഴുതിയിരുന്ന നമ്മുടെ പ്രിയ കവിയത്രി സുഗതകുമാരി പോലും സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ എതിർത്തു പോരാടുന്നതായിട്ടാണ് കണ്ടത്.

പൊതുവെ പുരോഗമന സ്വാഭാവം വച്ച് പുലർത്തുന്ന മറുനാടന്മലയാളി പോർട്ടലും അതിന്റെ എഡിറ്റോറിയലിൽ ആചാരവും അനുഷ്ടാനവും നിലനിർത്തണം എന്നു എഴുതിക്കണ്ടു. അങ്ങനെ എല്ലാ ഭാഗത്ത് നിന്നും എതിർപ്പിന്റെ ശബ്ദം ആണ് മുഴങ്ങിക്കേട്ടത്.ഏറ്റവും ഒടുവിൽ സുപ്രീം കോടതി തന്നെ ഈ വിഷയം കേട്ടിരുന്ന ബെഞ്ചിനെ മാറ്റുന്നതായിട്ടു കണ്ടു. ഈ വിഷയം കോടതിയിൽ വന്നപ്പോൾ ഇടതുപക്ഷ സർക്കാർ യു.ഡി. എഫ് സർക്കാർ എടുത്ത നിലപാട് തന്നെ കൈക്കൊണ്ടതായി മനസ്സിലാക്കുന്നു. വി എസ് അച്യുതാനന്ദൻ ഗവർമെന്റ് എടുത്ത സ്ത്രീ പ്രവേശനത്തിന് അനുകൂലമായ പുരോഗമന നിലപാട് എടുക്കുവാൻ പിണറായി സർക്കാരിന് കഴിയുന്നില്ല എന്ന് സാരം. ഇടതുപക്ഷം എന്നത് പേരിൽ മാത്രം നിർത്തി, പ്രവർത്തിയിൽ വലതുപക്ഷ നിലപാടുകൾ എടുക്കുന്ന ഒരു സമീപനം ആണ് ഐസ്‌ക്രീം കേസിലും ശബരിമല വിഷയത്തിലും പുതിയ ഗവർമെന്റ് കൈക്കൊണ്ടത്. അത് പുത്തരിയിൽ കല്ല് കടിച്ച അനുഭവം ഉണ്ടാക്കി.

ഈ ലേഖനം കൊണ്ടു ഉദ്ദേശിക്കുന്നത്, ശബരിമല വിഷയം പ്രതിപാദിക്കുകയല്ല. പുരോഗമനവാദികൾ എന്ന് സ്വയം ഞെളിയുന്ന ഒരു സമൂഹത്തിന്റെ കാപട്യം വെളിവാക്കുവാൻ ആണ് ശ്രമിക്കുന്നത്. ലോകം ഇത്രയും പുരോഗമിച്ചിട്ടും ശാസ്ത്രം റോക്കറ്റ് വേഗത്തിൽ കുതിക്കുമ്പോഴും നാം ഋതുമതിയായ സ്ത്രീ അശുദ്ധിയാണ് എന്ന് വിശ്വസിക്കുന്നു. അതു ശബരിമലയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല .അനേകം മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം ഇല്ല. കേരളത്തിലെ ഏകദേശം 75 ശതമാനം മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം ഇല്ലായെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ചിലയിടങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേക സ്ഥലങ്ങൾ ഒരുക്കിയിരിക്കുന്നതായിട്ടാണ് അറിയുന്നത്. എന്നാൽ ഗൾഫു് മേഖലയിൽ ഈ വേർതിരിവ് ഇല്ലഎന്നും ഓർക്കണം.

ഏറ്റവും പുരോഗമനം പറയുന്ന, പാശ്ചാത്യ സംസ്‌ക്കാരത്തെ മുറുകെ പിടിക്കുവാൻ വെമ്പുന്ന കേരള ക്രൈസ്തവരിൽ ബഹുഭൂരിപക്ഷത്തിന്റെയും പള്ളികളുടെ അൾത്താരയിൽ സ്ത്രീകൾക്ക് കയറാനാവില്ല.പ്രതേകിച്ചു മാർത്തോമാ, യാക്കോബായ ,ഓർത്തഡോക്‌സ് സഭകളുടെ മദ്ബഹ്ക്കുള്ളിൽ (അൾത്താരയിൽ) ഒരു സ്ത്രീയെയും കടക്കുവാൻ അനുവദിക്കില്ല. പൊതുവെ ഇവിടുത്തെ ആദ്യസഭകൾ എന്നറിയപ്പെടുന്ന ഈ സഭകളെ സുറിയാനിസഭകൾ എന്നും വിളിക്കുന്നു. തോമാശ്ലീഹ കേരളത്തിൽ വന്ന് നേരിട്ടു് സ്ഥാപിച്ച സഭയുടെ പിന്തുടർച്ചക്കാർ എന്നവകാശപ്പെടുന്ന ഇവരുടെ ഇടയിൽ സ്ത്രീകൾക്ക് ഇന്നും ആരാധനയിൽ ശുശ്രുഷകർ ആകുവാൻ അവകാശമില്ല. സ്ത്രീകൾക്ക് അല്പമെങ്കിലും പരിഗണന കൊടുക്കുന്ന കേരളത്തിലെ ഏക പുരാതനസഭ ഇടക സഭ മാത്രമേ ഉള്ളു. പെന്തക്കോസ്തു സഭകളിൽ പോലും പാസ്റ്ററിന്റെ പദവി പുരുഷന്മാർക്കാണ്.

ഈ അകറ്റി നിർത്തലിനു ഒരു കാര്യം മാത്രമേ ഉള്ളു. സ്ത്രീക്ക് ആർത്തവം ഉണ്ടാകുന്നു,അതു അശുദ്ധമാണ്. അതിനാൽ അവൾ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുവാൻ അയോഗ്യ ആണ്. എന്നാൽ ഒരു സ്ത്രീ ഋതുമതി ആയില്ലെങ്കിലോ അവളെ സ്ത്രീയായി ആരെങ്കിലും അംഗീകരിക്കുമോ. സ്ത്രീയുടെ സ്ത്രീത്വം അംഗീകരിക്കപ്പെടണമെങ്കിൽ അവൾ അമ്മയാകണം. ഋതുമതിയാകാതെ സ്ത്രീക്ക് അമ്മയാകുവാൻ ആവില്ലല്ലോ. അപ്പോൾ സ്ത്രീയുടെ ഏറ്റവും വലിയ ശക്തിസ്രോതസ് ആണ് അവളുടെ ആർത്തവം. പ്രകൃതി അവൾക്കു കനിഞ്ഞേകിയ ആ ശക്തിസ്രോതസിനെ അശുദ്ധിയെന്നു മുദ്ര കുത്തിയാൽ അതു പ്രകൃതിയോട് കാണിക്കുന്ന അവഹേളനം ആണ്. ഒരു ദൈവവിശ്വാസിയെ സംബന്ധിച്ചു പറഞ്ഞാൽ ഇവിടെ പ്രകൃതി എന്ന് വിവക്ഷിച്ചതു ഈശ്വരൻ ആണ്. ഈശ്വരനാണല്ലോ സർവ്വ ചരാചരങ്ങളുടെയും സൃഷ്ട്ടാവ് . അപ്പോൾ സ്ത്രീയെ സൃഷ്ടിച്ചതും അവൾക്കു മാതൃത്വത്തിന്റെ മഹനീയത പ്രാപിക്കുവാനായി ആർത്തവചക്രം സൃഷ്ടിച്ചതും ദൈവം ആണല്ലോ. അപ്പോൾ ദൈവസൃഷ്ടിയായ സ്ത്രീയും അവളിൽ ഉളവാക്കിയ ആർത്തവചക്രവും അശുദ്ധമാകുന്നുവെങ്കിൽ അതു ദൈവനിഷേധമല്ലേ.

ഇങ്ങനെ തലമുറയുടെ നിലനിൽപ്പിനു വേണ്ടി സ്ത്രീയ്ക്ക് നൽകിയ മഹനീയമാതൃത്വത്തിന്റെ ആരംഭപ്രക്രീയയുടെ ബാക്കിപത്രത്തെ അശുദ്ധിയുടെ പ്രതീകമാക്കി, അവളെ ദൈവസന്നിധിയിൽ നിന്നും അകറ്റുന്നവരോടെ ദൈവം ക്ഷമിക്കുമോ ? പ്രത്യുത്പാദനത്തിന്റെ ഭാഗമായ അണ്ഡോല്പാദനത്തിൽ നിന്നാണല്ലോ ആർത്തവം ഉടലെടുക്കുന്നത്.അങ്ങനെയെങ്കിൽ പുരുഷനിൽ ഉടലെടുക്കുന്ന പ്രത്യുത്പാദനഗ്രന്ഥിയുടെ അവശിഷ്ടമായിസംഭവിക്കുന്ന ശുക്ലവിസർജ്ജനം (സ്വപ്നസ്‌കലനം ) അവനെ അശുദ്ധനാക്കുമല്ലോ. ഒരേ പ്രക്രീയയുടെ രണ്ടു വശമാണല്ലോ ഇവ രണ്ടും. ഇവയിൽ ഒന്നു ശുദ്ധവും മറ്റൊന്ന് അശുദ്ധവും ആകുന്നതെങ്ങനെ ?

പുരുഷമേധാവിത്തസമൂഹം സ്ത്രീയെ ഇടിച്ചു താഴ്‌ത്തുവാൻ കാണിച്ച തന്ത്രമാണിത്. ആരാധനവിഷയത്തിൽ അശുദ്ധയായ, അതെ സ്ത്രീയെ പ്രാപിക്കുവാനും അവളിൽ തങ്ങളുടെ ആസക്തികൾ ആഴ്ന്നിറക്കി നിർവൃതി അടയുവാനും പുരുഷന് യാതൊരു ഉളിപ്പും ഇല്ലല്ലോ. ഇതിനെ കാപട്യം എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്?

പല ക്രൈസ്തവ സഭകളിലും ദേവാലയത്തിന്റെ അൾത്താരയിൽ മാതാവിന്റെ രൂപം വച്ചിരിക്കും. എന്നാൽ അതെ അൾത്താരയിൽ സ്ത്രീക്ക് പ്രവേശനം ഇല്ല. ഇതും ഇരട്ടാത്താപ്പ് തന്നെയല്ലേ .

പൊതുവെ സെമറ്റിക്ക് മതവിഭാഗങ്ങൾ എല്ലാരും തുടരുന്ന ഒരു പാരമ്പര്യം യഹൂദന്മാരുടെ രീതികൾ ആണ്. പഴയ കാലത്തെ യഹൂദമാർ സ്ത്രീകളെ വളരെ നികൃഷ്ടരായിട്ടാണ് കരുതിയിരുന്നത്. മനുഷ്യജാതിയിൽ പാപം ഉണ്ടായതിന്റെ കാരണം സ്ത്രീയാണെന്നാണ് യഹൂദവീക്ഷണം. വിലക്കപ്പെട്ട കനി അവൾ തിന്നുകയും തന്റെ പങ്കാളിയെക്കൊണ്ട് തീറ്റിക്കുകയും ചെയ്തവളാണ് സ്ത്രീ (ഉൽപത്തി 3:12). ദൈവത്തിനോട് മറുതലിക്കുകമാത്രമല്ല മറുതലിക്കുവാൻ പ്രേരിപ്പിക്കുക കൂടി ചെയ്ത പാപിയാണവൾ. ഇതായിരുന്നു സ്ത്രീയെക്കുറിച്ച യഹൂദ വീക്ഷണം.

അന്ന് അവരുടെ പ്രാർത്ഥനയിൽ, തങ്ങളെ സ്ത്രീയായും പട്ടിയായും സൃഷ്ടിക്കാഞ്ഞതിനാൽ ദൈവത്തെ സ്തുതിക്കുന്നുവെന്നു പറയുമായിരുന്നു. അത്രയ്ക്ക് അവർ സ്ത്രീകളെ താരം താഴ്‌ത്തിയിരുന്നു.അതിന്റെ ചില അനുരണനങ്ങൾ ക്രിസ്തീയ സഭയിലും,ഇസ്ലാമിലും കടന്നു കൂട്ടിയിട്ടില്ലേ എന്ന് സംശയിക്കേണ്ടയിരിക്കുന്നു. അബ്രഹാം എന്ന പൊതുപിതാവാണല്ലോ ഈ മൂന്ന് വിഭാഗങ്ങൾക്കും ഉള്ളത്. എന്നാൽ ശാസ്ത്രത്തിന്റെ വളർച്ചയോടു ഈ മതങ്ങൾ തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്തുവാൻ ലോകത്തിൽ മിക്കയിടങ്ങളിലും തയ്യറായി. യൂറോപ്പിലും അമേരിക്കയിലും ക്രൈസ്തവ സഭയിൽ പുരുഷന്റെ തുല്യസ്ഥാനം മിക്കരംഗങ്ങളിലും സ്ത്രീക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഭാരതത്തിൽ ക്രൈസ്തവ സഭ യാഥാസ്ഥിതിക നിലപാട് മാറ്റുവാൻ തയ്യറല്ല. ഇവിടെ എല്ലാ മതങ്ങളും ഒരു പോലെ സ്ത്രീകളെ അശുദ്ധിയുടെ പേര് പറഞ്ഞു മാറ്റി നിർത്തുന്നു.

പൊതുവെ മതപരമായ വിഷയം വരുമ്പോൾ ആചാരങ്ങളും അനുഷ്ടാനങ്ങളും നില നിർത്തണമെന്നൊരു വാദം ഉയരും . തൽസ്ഥിതി നില നിർത്തുക എന്നത് ഒരു എളുപ്പ ഒത്തുതീർപ്പു ഫോർമുല ആണല്ലോ. അങ്ങനെ നിലവിലുള്ള തെറ്റായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒരു മാറ്റവും ഇല്ലാതെ തുടരും.പൊതുവെ മാദ്ധ്യമങ്ങളും ഈ തൽസ്ഥിതി തുടരുന്നതിനു അനുകൂലമായിരിക്കും. അതുകൊണ്ട് തന്നെ ഇപ്പോൾ നിലനിൽക്കുന്ന ആചാരങ്ങൾ എത്ര വലിയ തെറ്റായിരുന്നാൽ പോലും ഒരു മാറ്റവും ഇല്ലാതെ തുടരും. എന്നാൽ ചരിത്രത്തിന്റെ ഏടുകൾ മറിച്ചു നോക്കിയാൽ അനേകഘട്ടങ്ങളിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റിമറിച്ചിട്ടുണ്ട്.ഇന്ത്യയിൽ തന്നെ അനേക ആചാരങ്ങൾ മാറിയിട്ടുണ്ട്. ഇവിടെ വളരെ ശക്തമായി നിന്നിരുന്ന ഒരു തെറ്റായ ആചാരമായിരുന്നു സതി. ഭർത്താവിന്റെ ചിതയിൽ ഭാര്യ ചാടി മരിക്കണമെന്നത് നൂറ്റാണ്ടുകളായി ഇവിടെ നിലനിന്നിരുന്ന ഒരു ആചാരമായിരുന്നു. അത് തെറ്റായിരുന്നുവെന്നു ഇന്ന് നമുക്ക് ബോധ്യം ഉണ്ട്. എന്നാൽ അന്ന് അങ്ങനെ ചിന്തിക്കുന്നവർ ന്യുനപക്ഷം ആയിരുന്നു.

എന്നാൽ അത് മാറ്റി മറിക്കുവാൻ രാജാറാംമോഹന്റോയി പോലെ ചിലർ രംഗത്ത് വന്നതിനാൽ സാധിച്ചു. അതുപോലെ ഇവിടെ നിലനിന്നിരുന്ന മറ്റൊരു ആചാരം ആയിരുന്നു ശൈശവവിവാഹം,അതും മാറി. ഇവിടെ നിലനിന്നിരുന്ന മറ്റൊരു ആചാരമായിരുന്ന ദേവദാസി സമ്പ്രദായവും മാറി. മേല്പറഞ്ഞ പല ആചാരങ്ങളും രഹസ്യമായി പലയിടത്തും നടക്കുന്നണ്ട് . എന്നാലും അതൊക്കെ ഔദ്യോഗികമായി ആർക്കും ചെയ്യുവാനാകില്ല. എന്നാൽ ഇന്ന് നമ്മുടെ നാട്ടിൽ നിലവിലുള്ള ഒരു ആചാരം മാറ്റുവാൻ അത്ര എളുപ്പം സാധിക്കില്ല. അത് എത്ര വലിയ അനാചാരം ആണെങ്കിൽ കൂടി ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റുവാൻ പാടില്ല എന്ന നിലപാടിൽ പൊതുജനം ഉറച്ചു നിൽക്കും.

ആചാരത്തിന്റെ പിന്തുടർച്ച വെളിപ്പെടുത്താൻ പലരും പറയുന്ന ഒരു കഥ ഇവിടെ ആവർത്തിക്കട്ടെ.പണ്ടൊരു ഉത്തരേന്ത്യൻ ഗ്രാമത്തിൽ, കാട് പിടിച്ചു കിടന്ന ഒരു സ്ഥലത്തു ഒരു ക്ഷേത്രം ഉണ്ടായിരുന്നു.പൂജാരി പൂജ നടത്തുമ്പോൾ കുറ്റിക്കാട്ടിൽ നിന്നും എലികൾ വന്ന് ഓടി നടന്ന്, പൂജാരിയുടെ ഏകാഗ്രത നഷ്ടപ്പെടുത്തിയിരുന്നു. കൂടാതെ പൂജസാമഗ്രികൾ തട്ടിയിടുകയും ചെയ്യുമായിരുന്നു. സഹികെട്ട പൂജാരി കണ്ടെത്തിയ ഒരു പ്രീതിവിധിയായിരുന്നു, ഒരു പൂച്ചയേയും കൊണ്ട് ക്ഷേത്രത്തിൽ പൂജക്ക് പോകുകയെന്നത്. എന്നാൽ അമ്പലത്തിൽ എത്തിയ പൂച്ച എലികളെ ഓടിച്ചു ക്ഷേത്രത്തിന്റെ പുറത്ത് പോകുമ്പോൾ വേറെ ചില എലികൾ വന്നു പൂജക്ക് ഭംഗം വരുത്തിയിരുന്നു. അതിനു പരിഹാരമായി പൂജാരി പൂച്ചയെ തന്റെ അരികിൽ ബന്ധിച്ചു നിർത്തുവാൻ തുടങ്ങി. അതിനു ഫലം കിട്ടിയതിനാൽ പൂജാരി ഇതൊരു പതിവാക്കി. ഭക്തജനങ്ങൾ അത് സ്ഥിരം കണ്ടിരുന്നു. കാലങ്ങൾക്കു ശേഷം ഗ്രാമം പുരോഗമിച്ചപ്പോൾ അമ്പലം പുതുക്കിപ്പണിതു, കാടും പടലും എല്ലാം അപ്രത്യക്ഷമായി.

ക്ഷേത്രത്തിന്റെ പണി തീരുന്നതിനു മുമ്പ് പൂജാരി മരിച്ചു പോയി. പുതിയ ക്ഷേത്രത്തിൽ പൂജാരിയുടെ മകൻ പുതിയ പൂജാരിയായി നിയമിക്കപ്പെട്ടു. തന്റെ പിതാവിന്റെ കൂടെ നടന്ന് ക്ഷേത്രത്തിന്റെ എല്ലാ നടപടികളും അറിയാവുന്ന മകൻ പൂജാരി പുതിയ അമ്പലത്തിൽ പൂജ നടത്തുവാൻ മകൻപൂജാരി എത്തി.ജനം നോക്കിയപ്പോൾ അദ്ദേഹത്തിന്റെ കൂടെ പൂച്ച ഇല്ല. ജനം എതിർത്തു, പൂച്ച ഇല്ലാതെ പൂജ നടത്തുവാൻ പാടില്ല. എലിയെ ഒഴിവാക്കാൻ ആണ് പൂച്ചയെ തന്റെ പിതാവ് ഉപയോഗിച്ചതു എന്നും, ഇപ്പോൾ എലിയില്ലാത്തതിനാൽ പൂച്ചയുടെ ആവശ്യം ഇല്ലെന്നും മകൻ ആകുന്ന രീതിയിൽ വിശദീകരിക്കുവാൻ ശ്രമിച്ചു, പക്ഷെ ആചാരാനുഷ്ഠാനത്തിൽ മുറുകെ പിടിച്ചിരുന്ന ജനം പൂച്ചയെക്കൂടാതെ പൂജ നടത്തുവാൻ സമ്മതിച്ചില്ല. ഇതൊരു സംഭവകഥയാകാം ചിലപ്പോൾ വെറും കഥയാകാം, എന്നാലും ഈ കഥ നൽകുന്ന പാഠം നാം മറക്കരുത്.

അന്ധമായ ആചാരങ്ങൾ മാറണം. പണ്ട് ഇത്രയും ബുദ്ധിമുട്ടില്ലാതെ,പല ആചാരങ്ങൾക്കും എതിരെ പോരാടാമായിരുന്നു, അന്ന് ഇത് പോലുള്ള സംഘബലം ഇല്ലായിരുന്നു. ഇന്ന് എത്ര നല്ല പുരോഗമനചിന്തയെയും സംഘബലം കൊണ്ട് തകർക്കാൻ കഴിയും, അതിനു വേണ്ടി പ്രതിലോമശക്തികൾ ഏതു വഴിയും തേടും. പച്ചനുണകൾ സൃഷ്ടിക്കും, തങ്ങളുടെ പാര്യമ്പര്യത്തിന്റെ മഹത്വം നിലനിർത്തുന്നത് ജീവിതത്തേക്കാൾ ആവശ്യമാണെന്ന് വിളിച്ചു കൂവും. അതിനു വേണ്ടി അച്ചടി മാദ്ധ്യങ്ങളെയും വിർച്യുൽ സംവിധാനത്തെയും ഉപയോഗിക്കും. സാമൂഹ്യകൂട്ടായ്മകളിൽ തങ്ങളുടെ കൂട്ടവും കൂട്ടായ്മകളും ഉണ്ടാക്കി പോരാടും. ചുരുക്കത്തിൽ ഏലി ഉണ്ടേലും ഇല്ലേലും പൂച്ചയില്ലാതെ പൂജ ഇല്ല എന്ന മട്ടിൽ കാര്യങ്ങൾ എത്തിക്കും. ഇവിടെയാണ് വ്യക്തികൾ ഉണരേണ്ടതിന്റെ ആവശ്യകത. ഓരോ വ്യക്തിയും കാര്യങ്ങൾ അവന്റെ കണ്ണിൽ കൂടി കാണുവാൻ ശ്രമിക്കുക. ഇന്ന് നാം കാണുന്നത് സമൂഹത്തിന്റെ കണ്ണ് കൊണ്ടാണ്. ആ കണ്ണ് ഒന്ന് അടച്ചിട്ടു നമ്മുടെ കണ്ണിൽ കൂടി ഒന്ന് നോക്കിയാൽ അഭുതകരമായ മാറ്റങ്ങൾ,കാഴ്ചപ്പാടിൽ ഉണ്ടാകും. സ്ത്രീയുടെ വിഷയം തന്നെ എടുക്കാം, സമൂഹത്തിന്റെ ചിന്തയിൽ അശുദ്ധയായ ഈ സ്ത്രീ നമ്മുടെ അമ്മയാണ്, സഹോദരിയാണ്, ഭാര്യയാണ്. ഇവരിൽ നമുക്ക് എന്ത് അശുദ്ധി ? സത്യത്തിൽ പുരുഷന്മാർക്ക് ഇല്ലാത്ത ചില നന്മകൾ ഒക്കെ ഇവരിൽ ഉണ്ടുതാനും. ഇവരുടെ സ്‌നേഹപരിചരണം കിട്ടാതെ നമുക്കൊരു ജീവിതം ഇല്ലല്ലോ,എന്നിട്ടും സമൂഹം അല്ലെങ്കിൽ മതം പറയുമ്പോൾ നാം അവരിൽ അശുദ്ധി കാണുന്നു. അതാണ് സമൂഹകണ്ണിന്റെ കാഴ്ച എന്ന് ഞാൻ പറഞ്ഞത്.

സ്ത്രീകൾ അൾത്താരയിൽ പ്രവേശിക്കുന്നതു സംബന്ധിച്ച് നടന്ന ഒരു ചർച്ചയിൽ, എന്റെ ഒരു ആരാധ്യനായ വ്യക്തി പറഞ്ഞ വാക്കുകൾ ഞാൻ എന്നും ഓർക്കും. വളരെ നല്ല നിലയിൽ കേരളാ ഹൈക്കോടതിയിൽ പ്രാക്ടിസ് ഉണ്ടായിരുന്നത് വലിച്ചെറിഞ്ഞിട്ടു, മധ്യപ്രദേശിലും ഒഡീഷ്സയിലും ആദിവാസികളെ ഉദ്ധരിക്കാനായി പോയ വ്യക്തി. അവിടുത്തെ ഗ്രാമങ്ങളിൽ 40 വർഷക്കാലം അലഞ്ഞു, ജീവിതം അവർക്കു വേണ്ടി ഉഴിഞ്ഞു വച്ചിട്ട് ഒരു പബ്ലിസിറ്റിയും സ്വീകരിക്കാത് ജീവിച്ച
മനുഷ്യൻ. ഇപ്പോൾ രോഗബാധിതനായി ശയ്യാവലംബനായി തിരുവനന്തപുരത്തു കഴിയുന്ന ആ ധീരനായ മനുഷ്യൻ പറഞ്ഞത് ഇങ്ങനെയായിരുന്നു ' തലേദിവസം കള്ളും കുടിച്ചു കാളയിറച്ചിയും തിന്നിട്ടു രാവിലെ അൾത്താരയിൽ കയറി ധൂപക്കുറ്റി വീശുന്ന ഇവന്റെയൊക്കെ വയറ്റിൽക്കിടക്കുന്ന പുളിച്ച തീട്ടത്തിന്റെ അത്രയും അശുദ്ധി സ്ത്രീയുടെ ആർത്തവത്തിന് ഇല്ലായെന്ന് ഇവനൊക്കെ എന്നാണ് മനസ്സിലാക്കുക'. ആ മഹാനെ ഞാൻ എന്നും ബഹുമാനിക്കുന്നു, അദ്ദേഹത്തിന്റെ പേരാണ് അഡ്വക്കേറ്റ് പി എ സൈറസ്.

അൾത്താരയിൽ പ്രവേശിക്കുന്നതു സംബന്ധിച്ച് 25 വർഷം മുമ്പ് നടന്ന ഒരു സിംപോസ്യത്തിൽ ഈ ലേഖകൻ പ്രസംഗിച്ചപ്പോൾ, എടുത്തപറഞ്ഞ ഒരു കാര്യം എഴുതാം, ''എന്റെ അമ്മയുടെയും സഹോദരിയുടെയും പ്രാർത്ഥന ദൈവം കേൾക്കുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്; അവർ സ്ത്രീകളായതു കൊണ്ട് മാത്രം അവർക്കു ദൈവത്തിനെ ആരാധിക്കുവാനും പ്രാർത്ഥിക്കുവാനും ദൈവം അനുവദിക്കുന്നില്ലേൽ ആ ദൈവത്തിനെ ആരാധിക്കുവാൻ പുരുഷൻ ആയതു കൊണ്ട് മാത്രം കിട്ടിയ ആ അവകാശം എനിക്ക് വേണ്ട. എനിക്കുറപ്പുണ്ട് ദൈവമല്ല അത് അനുവദിക്കാത്തത്, ദൈവത്തിന്റെ പേരിൽ മുതൽ എടുക്കുന്ന ചില സങ്കുചിത മനസ്സുകളാണ് അതിനു തടസ്സം.'' അന്നും ഇന്നും ആ അഭിപ്രായം തന്നെയാണ് ഈ ലേഖകന്. ഇന്ന് ആ ഗണത്തിൽ ഭാര്യ കൂടി ഉൾപ്പെടുമെന്നു മാത്രം.

യത്ര നാര്യസ്തു പൂജന്ത്യേ രാമന്തേ തത്ര ദേവതാം
യത്രൈ താസ്തുന പൂജന്ത്യേ സർവാ സ്തത്രാ ഫലാഃ ക്രിയാഃ

''എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നുവോ അവിടെ എല്ലാ ദേവതകളും സന്തോഷത്തോടെ വസിക്കുന്നു. എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നില്ലയോ അവിടെ ചെയ്യുന്ന കർമ്മങ്ങൾ എല്ലാം നിഷ്ഫലങ്ങളായിത്തീരുന്നു'' . ഇത് മനുസ്മൃതിയിലെ വാക്കുകൾ ആണ്. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് പുരാതനകാലത്തു ഭാരതത്തിൽ സ്ത്രീകൾക്ക് നല്ല പരിഗണന ലഭിച്ചിരുന്നുവെന്നല്ലേ, കാലക്രമേണയാണ് സ്ത്രീ അവഗണനയുടെ ആഴത്തിലേക്ക് നിപതിച്ചതു. ഈ അവസ്ഥ മാറിയേ പറ്റു, അതിനു കേരളത്തിലെ എല്ലാ പുരോഗമന കാംഷികളും ഒത്തു ചേരണം. അന്ധവിശ്വസങ്ങളെ തകർക്കണം. കുമാരനാശാന്റെ വരികൾ ഇവിടെ സ്മരണീയമാണ്.

' മാറ്റുവിൻ ചട്ടങ്ങളെ
മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളേ താൻ
മാറ്റുവിൻ ചട്ടങ്ങളെ
കാലം വൈകിപ്പോയികേവലമാചാര
നൂലുകളെല്ലാം പഴകിപ്പോയി '

ശ്രീമതി തൃപ്തി ദേശായി ഒരു നല്ല ഒരു തുടക്കമാണ് അതിനുവേണ്ടി ആരംഭിച്ചിരിക്കുന്നത്. അത് പോലെ എല്ലാ മതങ്ങളിലും ഇത് പോലുള്ള മുന്നേറ്റം നടക്കുന്നുണ്ട്.എത്ര അടിച്ചമർത്തിയാലും, കാലം അത് മാറ്റിയെടുക്കും. പ്രശസ്ത എഴുത്തുകാരനായ ഹസൻ സുറൂർ പോലുള്ളവർ ഇന്ത്യയിലെ മുസ്ലിം മതത്തിൽ മാറ്റം വരുത്തുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ India's Muslim Spring: Why Nobody Is Talking About It? ( 'ഇന്ത്യൻ മുസ്ലിം വസന്തം: ആരും അതിനെ കുറിച്ച് ചർച്ച ചെയ്യാത്തതെന്ത്?') എന്ന കൃതിയും ആ രംഗത്തെ ശക്തമായ ചുവടുവയ്‌പ്പ് ആണ്.

അതുപോലെ, ക്രൈസ്തവ ലോകത്തു വലിയ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു . പുതിയ മാർപാപ്പ കൊണ്ടു വരുന്ന മാറ്റങ്ങൾ ഒരു കാലത്ത് കത്തോലിക്കാ സഭയിൽ ചിന്തിക്കുവാൻ പോലും സാദ്ധ്യമല്ലാത്ത കാര്യങ്ങൾ ആണ്. അവിവാഹിതരുടെ കുട്ടികളെ പള്ളിയിൽ വച്ച് മാമോദീസ നൽകുക. സ്വവർഗ്ഗാനുരാഗികളോടെ കരുണ കാണിക്കുക, ഇതൊക്കെ ഇന്നും സാധാരണസഭാംഗങ്ങൾക്കു സഹിക്കാൻ പറ്റുന്നില്ല.കത്തോലിക്കാ സഭയിലെ പല പുരോഹിതമാർക്കും ബിഷപ്പുമാർക്കും സഹിക്കാനാവുന്നതല്ല,പിന്നെയല്ലേ സാധാരണ ജനം. എന്നാൽ ഫ്രാൻസിസ് മാർപാപ്പ സ്ത്രീകൾക്ക് ഡീക്കൻ പദവി നൽകുവാൻ തയ്യാറായി മുന്നേറുകയാണ്.

ചുരുക്കത്തിൽ, സ്ത്രീകൾക്ക് ആരാധനാലയത്തിൽ പ്രവേശിക്കുവാൻ അവസരം ഒരുക്കുന്നത് പോലെ, സ്ത്രീകൾക്ക് ഒരിടത്തും വിവേചനം പാടില്ലാത്ത ഒരു സമൂഹവ്യവസ്ഥിതി ഇവിടെ രൂപപ്പെടുവാൻ പുരോഗമനകാംഷികൾ എല്ലാരും ഒത്തുചേർന്ന് പോരാടേണ്ട സമയം ആഗതമായിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP