Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുസ്ലിം വിരുദ്ധതയുടെ പേര് പറഞ്ഞ് 'ബിരിയാണി'യിൽ വിഷം കലർത്തരുത്..! കഥാപാത്രത്തിന്റെ പേരുകൾ നോക്കി മതവിരുദ്ധത ആരോപിക്കുന്നത് തെറ്റ്; സന്തോഷ് എച്ചിക്കാനത്തിന്റെ കഥ വിവാദമാക്കുമ്പോൾ സംഭവിക്കുന്നത്: കെ വി മധു എഴുതുന്നു...

മുസ്ലിം വിരുദ്ധതയുടെ പേര് പറഞ്ഞ് 'ബിരിയാണി'യിൽ വിഷം കലർത്തരുത്..! കഥാപാത്രത്തിന്റെ പേരുകൾ നോക്കി മതവിരുദ്ധത ആരോപിക്കുന്നത് തെറ്റ്; സന്തോഷ് എച്ചിക്കാനത്തിന്റെ കഥ വിവാദമാക്കുമ്പോൾ സംഭവിക്കുന്നത്: കെ വി മധു എഴുതുന്നു...

പ്രതിനിധാന വായനകളുടെ കോക്രികൾ പലയളവിൽ പലകാലത്തും കണ്ടിട്ടുണ്ട്. ഒരുപക്ഷേ പ്രാദേശികതകൾക്കൊപ്പം സാർവ്വലൗകികാനുഭവങ്ങളെ ഇത്രയധികം ഇഴചേർത്ത കഥകൾ കൂടുതൽ കണ്ടിട്ടില്ലാത്തതിനാൽ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി'ക്കെതിരായ കലാപരിപാടികൾ കഥവായിക്കും മുമ്പ് പൂർണമായും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ എന്തേലും തന്തുക്കൾ കാണും എന്ന സംശയം അവശേഷിപ്പിച്ചുകൊണ്ടാണ് കഥ വായിച്ചുതീർത്തത്. വായിച്ചുകഴിഞ്ഞപ്പോഴാണ് ബോധ്യമായത് അതിവായന എന്ന പദം (അനീഷ് ബർസോം ഏറ്റവും അധികം ഉപയോഗിക്കാറുള്ള പദമാണ്.) ഇത്രയധികം ചിലപ്പോൾ എംടി അൻസാരിയുടെ ഹിഗ്വിറ്റ വായനയ്ക്ക് പോലും യോജിക്കില്ല എന്ന്. ബിരിയാണിയുടെ ആ പ്രതിനിധാന വായന, കഥവായിച്ചുകഴിഞ്ഞപ്പോൾ എന്നെ ഭീതിദമായ ഭാവിയെ കുറിച്ചുള്ള നടുക്കങ്ങളിലേക്കാണ് നയിച്ചത്.

കഥ വായിച്ച് നൂറാവർത്തി തിരിച്ചും മറിച്ചും മിട്ടുനോക്കിയിട്ടും അതിനകത്ത് മുസ്ലിംവിരുദ്ധത കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല. ആകപ്പാടെ അതിവായന നടത്തിയവരുടെ ബൗദ്ധിക ലക്ഷണങ്ങൾ കൂടി വച്ചുനോക്കിയപ്പോൾ അതിൽ വില്ലൻഭാവത്തിൽ നിൽക്കുന്നവർക്ക് മുസ്ലിംപേരുണ്ട് എന്നുള്ളത് മാത്രമാണൊരു സംഗതി. കേരളം പോലൊരുനാട്ടിൽ പേരുകൾ നോക്കി മതവിരുദ്ധത ആരോപിക്കാൻ കഴിയുമോ. ഒരുപക്ഷേ ഇസ്ലാമോഫോബിയയുടെ വിപരീതപദമായി ചിലരൊക്കെ പ്രയോഗിച്ചുകാണാറുള്ള തീവ്രഇരവാദത്തിന്റെ അവതാരങ്ങളായി ചിലർ പ്രത്യക്ഷപ്പെട്ട് വ്യഖ്യാനങ്ങൾ ചമച്ചിരിക്കുകയാണ്. ഇനി മുസ്ലിം പേരുള്ള വില്ലന്മാർ പാടില്ല എന്ന് ആക്രോശിക്കുകയാണ്. ആ കഥ നടക്കുന്ന സാമൂഹ്യസാഹചര്യമോ, ആ കഥയുടെ ഉള്ളടക്കം പോലുമോ പരിശോധിക്കപ്പെട്ടില്ല.

ലോകമുതലാളിത്ത രാഷ്ട്രങ്ങൾ പോലും നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് ആ കഥയുടെ കാതൽ. അത് ഇന്ത്യയടക്കമുള്ള മൂന്നാംലോകരാജ്യങ്ങളിൽ പരിഹരിക്കപ്പെടുകയേ ചെയ്യാതിരുന്ന വൈരുദ്ധ്യാത്മകമായ സാമൂഹ്യാവസ്ഥ കൂടിയാണ്. കുഴികൾ തോണ്ടി മണ്ണിൽ പൂഴ്‌ത്തിക്കളയുന്ന ഭക്ഷണ ബാക്കികളും ഭക്ഷണമില്ലാതെ വയറൊട്ടിനിൽക്കുന്ന പട്ടിണിക്കാരും ഒരേ സമയം പ്രത്യക്ഷപ്പെടുന്ന, കോൺഗ്രസ്സുകാർ ഭരിച്ചുവശാക്കിയ, നരേന്ദ്ര മോദി ഭരിച്ചുവശത്താക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ സാഹചര്യം. അതിനെ പോലും വായിക്കാനറിയാത്ത, അല്ലെങ്കിൽ അത് വായിക്കരുതെന്നാഗ്രഹിക്കുന്ന ചിലർ, ഉടനെ കയറി ഇതാ ഈ കഥയിൽ മുസ്ലിംപേരുള്ള വില്ലന്മാർ, ഈ കഥ മുസ്ലിംവിരുദ്ധം എന്ന് വിളിച്ചുചൊല്ലുന്നു. സാമൂഹത്തിൽ വേഗത്തിൽ വിഷം കലർത്താനുള്ള എളുപ്പ പ്രതിധാന നിരൂപണത്തിന് തൂലികയെടുത്തിരിക്കുന്നു. ഇത്രവലിയൊരു സാമൂഹ്യപ്രശ്നം ചർച്ച ചെയ്യുന്ന കഥയെ, മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഒരുവിഷയത്തെ, അതിലെ കഥാപാത്രങ്ങളുടെ പേര് നോക്കി പ്രത്യേക ലക്ഷ്യത്തോടെ, കുറച്ചുകാലത്തേക്കെങ്കിലും തെറ്റായ ചർച്ചകളിലേക്ക് അട്ടിമറിക്കാൻ അവർക്ക് കഴിഞ്ഞത് ചെറിയ കാര്യമല്ല. അതിന് പിന്നിൽ ഭരണകൂട താൽപര്യം തന്നെയാണ്.

അവരുടെ അജണ്ടയെന്തായാലും അതിനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. നാളെ നമ്മുടെ നാട്ടിൽ ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും പേരുകളിൽ വില്ലന്മാർ പ്രത്യക്ഷപ്പെട്ടാൽ അതത് മതതീവ്രവാദികൾക്ക് വാളെടുക്കാനുള്ള വഴി വെട്ടിത്തെളിക്കുകയാണ് ഇക്കൂട്ടർ. സംഘപരിവാർ സംഘടനകൾക്ക് നല്ലൊരു വാദം കൂടി വീണുകിട്ടുകയാണ്. ഉദാഹരണത്തിന് നമ്മുടെയൊക്കെ നാട്ടിൽ നടക്കുന്ന കഥകളാണെങ്കിൽ നായകനും വില്ലനും ഒക്കെ ഹിന്ദുക്കളായിരിക്കും. സ്വാഭാവികമായും ഹിന്ദുക്കളെ വില്ലന്മാരാക്കിയാൽ കുമ്മനവും ടീമും പറയില്ലേ, ദേ ഹിന്ദുവിനെ വില്ലനാക്കിയെന്ന്. ഇനി പഴയ സിനിമകളിലൊക്കെ കാണുമ്പോലെ ഭദ്രൻ എന്നൊക്കെയാണ് വില്ലന്മാരുടെ പേരെങ്കിൽ പറയുകയേ വേണ്ട, ദൈവത്തെ അപമാനിക്കുന്നോടാ എന്ന് ചോദിച്ചുകളയും.

ബിരിയാണിയിൽ തന്നെ ഹസൈനാർച്ചയുടെ പേര് വല്ല മുഹമ്മദ് എന്നെങ്ങാനുമായിരുന്നെങ്കിൽ എന്തായിരുന്നിരിക്കും ഇവിടത്തെ അവസ്ഥ. എന്നാൽ മറ്റുപല സംഭവങ്ങളും ആലോചിച്ചുനോക്കിയാൽ ഇത്തരക്കാരുടെ ലക്ഷ്യങ്ങളൊക്കെ ഒന്നാണ് എന്ന് കാണാം. രാഹുൽ ഈശ്വർ കഴിഞ്ഞ ദിവസം ഒരു വാർത്താ സമ്മേളനത്തിൽ ശബരിമലയിൽ ഇല്ലാത്ത സ്ത്രീപ്രവേശനത്തിന്റെ പേര് പറഞ്ഞ് കേരളസർക്കാരിനെതിരെ തമിഴ്‌നാട് സർക്കാരിനോട് സഹായം തേടാൻ തീരുമാനിച്ചു എന്ന് പ്രഖ്യാപിക്കുകയുണ്ടായി. അവിടെ മറ്റൊരു ഭയങ്കരമായ വെളിപ്പെടുത്തൽ കൂടി നടത്തി. ആരാധാലയങ്ങളിൽ സ്ത്രീ ആധിപത്യത്തിന് ശ്രമിക്കുന്ന ഇത്തരക്കാരെ നിയന്ത്രിക്കാൻ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന മതപണ്ഡതന്മാരെയും സംഘടനാ നേതാക്കളെയും കൂടി ചേർത്തുകൊണ്ടുള്ള കോർഡിനേഷൻ രൂപീകരിക്കുന്നു എന്ന്. അതിന്റെ ഭാഗമായി. കാന്തപുരം, ഇടി മുഹമ്മദ് ബഷീർ തുടങ്ങിയവരുമായി ചർച്ചയും കഴിഞ്ഞുവത്രെ. ഇത്തരം നിലപാടുകാരെല്ലാം കൂടി ജോയിന്റായാൽ ഇന്ത്യയിലെ പാതി പ്രശ്നവും പരിഹരിക്കാമല്ലോ. നരേന്ദ്ര മോദിക്കും ആർഎസ്എസിനും കൂടി സന്തോഷമാകും.

ചുരുക്കത്തിൽ ഈ പോക്ക് പോയാൽ ഇവിടെ സാഹിത്യമുൾപ്പെടെ സകലപ്രസ്ഥാനങ്ങൾക്കും ഭാവിയിൽ മതപ്രതിനിധാനപേരുകളുള്ള വ്യക്തികൾ പ്രതിനായകന്മാരായി വന്നാൽ ഇത്തരക്കാർ നിയന്ത്രിച്ചുകളയും. അങ്ങനെ സമൂഹം മലീമസവും കുറ്റകൃത്യങ്ങളുടെ കേദാരവും ഒക്കെയായി മാറിയാലും സഹിത്യമുൾപ്പെടെയുള്ള സർഗ്ഗാത്മക പ്രസ്ഥാനങ്ങളിൽ നിന്ന് പുറത്തുവരുന്ന സൃഷ്ടികളിൽ നന്മനിറഞ്ഞവരും ഉദാത്തമാതൃകകളും മാത്രമാകും ഉണ്ടാകുക. അങ്ങനെ നല്ല ഒരു നാട് ഇവരെല്ലാം കൂടി പണിയും. പണ്ട് അടിസ്ഥാനവർഗ്ഗം ക്രൂരതകളുടെ ഇരയായി കഴിയുമ്പോഴും രാജസദസ്സുകളിൽ മനോഹരമായ പ്രകൃതി ഭംഗികളെ വാഴ്‌ത്തിയ നന്മനിറഞ്ഞ എഴുത്താകരെ പോലെ. അത്തരം ലോകമാണ് ഇവർ സ്വപ്നം കാണുന്നത്.

ഒരുകഥവായിക്കുമ്പോൾ മാത്രമല്ല, സാമൂഹ്യസാഹചര്യത്തിനനുസരിച്ച് ഒരു വായനയോ രാഷ്ട്രീയപ്രതികരണമോ നടത്തുമ്പോൾ പോലും മിനിമം കോമൺസെൻസെങ്കിലും വേണം. കുറഞ്ഞ സാമൂഹ്യബോധമെങ്കിലും വേണം. സംഘപരിവാർ സംഘടനകൾ വിതയ്ക്കുന്ന ആകുലതകളിൽ മതേതരമനസ്സുകൾ വെന്തുനീറുമ്പോൾ അർക്ക് പുതിയൊരായുധം കൂടി ഇട്ടുകൊടുത്ത് സംതൃപ്തി അടയുകയാണ് ഇത്തരക്കാർ. ആ ബോധത്തെ എന്താണ് വിളിക്കേണ്ടത്, അവരവരുടെ മതബോധമെന്നോ, എതിർ സാമൂഹ്യബോധമെന്നോ, അതോ പൊട്ടത്തരമെന്നോ...
ഇത് പണ്ടാരോ പറഞ്ഞതുപോലെ, ഞാനോ ഇങ്ങനെയായി എന്നാപ്പിന്നെ ലോകം മൊത്തം എന്നെപ്പോലെയാക്കിക്കളയാം എന്ന കുരുട്ടിബുദ്ധിയാണ് ഇത്തരം അതിവായനകൾക്ക് പിന്നിൽ. അവരോട് പറഞ്ഞിട്ടൊന്നും വലിയ കാര്യമില്ല, എന്നാലും പറഞ്ഞിരുന്നില്ലല്ലോന്ന് ഭാവിയിൽ കുറ്റബോധം തോന്നരുതല്ലോ. കേരളത്തെ വീണ്ടും ഒരുഭ്രാന്താലയമാക്കരുത്. ഏച്ചിക്കാനം തന്നെ പറഞ്ഞതുപോലെ ബിരിയാണിയിൽ വിഷം കലർത്തരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP