കമൽ...നിങ്ങളുടെ മനസ്സിൽ ഞങ്ങളൊക്കെ നിർഗുണന്മാർ ആയിരുന്നുവെന്ന് തുറന്നു പറഞ്ഞതിന് നന്ദി; ചലച്ചിത്ര അക്കാദമി ചെയർമാന് കുറച്ചുകൂടെ മാന്യത ആകാമായിരുന്നു; മറുപടിയുമായി ഇടവേള ബാബു
July 02, 2018 | 02:35 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി:മലയാള സിനിമ ആവിഷ്കാരത്തിലും തൊഴിലിടത്തിലും സ്ത്രീ വിരുദ്ധമാണെന്നും മഹാന്മാരെന്ന് കരുതുന്ന ചലച്ചിത്രകാരന്മാരും എഴുത്തുകാരും നടന്മാരുമെല്ലാം ഇതിന് ഉത്തരവാദികളാണെന്നും വിമർശിച്ച സംസസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന്റെ പരാമർശത്തിന് മറുപടിയുമായി എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു.നിലപാടുകളും അഭിപ്രായങ്ങളും ആകാമെന്നും എന്നാൽ കുറച്ചുകൂടി മാന്യത ആകാമായിരുന്നു എന്നും ഇടവേള ബാബു പറഞ്ഞു. 500 ലേറെ അംഗങ്ങളുള്ള താരസംഘടനയിൽ 50 പേരെ സജീവമായി അഭിനയരംഗത്തുള്ളൂവെന്നും അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനിൽക്കുന്നവരാണെന്നും ആയിരുന്നു പ്രസ്താവന. അതിനാൽ അതിൽ ഒരിക്കലും അതിൽ ജനാധിപത്യം ഉണ്ടാകില്ലെന്നും അത് പ്രതീക്ഷിക്കുന്നവർ വിഡ്ഢികളാണെന്നും കമൽ അഭിപ്രായപ്പെട്ടിരുന്നു.ഇതിനുള്ള മറുപടിയുമായാണ് ഇടവേള ബാബു നൽകിയിരിക്കുന്നത്.
ശ്രീ കമൽ, ഇന്നത്തെ പത്ര വാർത്ത കണ്ടു... ഒരു ആക്കാദമി ചെയർമാന് ചേർന്ന വാക്കുകളാണ് അതിൽ ഉപയോഗിച്ചത് എന്ന് തോന്നിയില്ല... നിലപാടുകളും അഭിപ്രായങ്ങളും ആകാം... പക്ഷെ, കുറച്ചു കൂടെ മാന്യത ആകാമായിരുന്നു... 50 ന് ശേഷമുള്ള അംഗങ്ങൾ ഔദാര്യവും കൈനീട്ടി ജീവിക്കുന്നവർ ആണെന്ന് ആണല്ലോ... കാഴ്ചപ്പാട്.. പക്ഷെ, അവരും അഭിമാനത്തോടെ ജീവിക്കുന്നവരാണ്.... കമൽ എന്ന വ്യക്തിയുടെ മനസ്സിൽ ഞങ്ങൾ ഒക്കെ നിർഗുണന്മാർ ആയിരുന്നു എന്നാണ് കരുതി വെച്ചിട്ടുള്ളതെന്നു ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞതിന് ഏറെ നന്ദി. സ്നേഹത്തോടെ മാത്രം, ഇടവേള ബാബു.
