Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുരുകുലങ്ങൾ കച്ചവടസ്ഥലങ്ങളല്ല, ഭരണകർത്താക്കൾ ഉരുക്കുമുഷ്ടിക്കാരും

ഗുരുകുലങ്ങൾ കച്ചവടസ്ഥലങ്ങളല്ല, ഭരണകർത്താക്കൾ ഉരുക്കുമുഷ്ടിക്കാരും

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഏതാനും വർഷങ്ങളായി നിലനിന്നിരുന്ന ശാന്തത ഭഞ്ജിച്ചു കൊണ്ട് സർക്കാരും സ്വാശ്രയ മാനേജ്‌മെന്റുകളും വീണ്ടുമൊരു ശീതയുദ്ധത്തിന് നാന്ദി കുറിച്ചിരിക്കുകയാണ്. കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ച് സംസ്ഥാന സർക്കാരും ന്യൂനപക്ഷാവകാശങ്ങളുടെയും സാമൂഹികനീതിയുടെയും വാദമുയർത്തി മാനേജ്‌മെന്റുകളും ഈ പോർമുഖത്ത് മുഖാമുഖം നിൽക്കുന്ന സ്ഥിതിവിശേഷമാണ് ഇന്ന് കാണുവാൻ കഴിയുന്നത്. സംസ്ഥാനത്ത് പ്രഫഷണൽ കോളജുകളുടെ കടന്നുവരവ് വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് മുൻകാലങ്ങളിൽ കളമൊരുക്കിയിട്ടുള്ളത് എന്ന കാര്യം വിസ്മരിച്ചു കൊണ്ടാവരുത് ഇരുപക്ഷവും ഇത്തരം പരമപ്രധാനമായ കാര്യങ്ങളിൽ നിലപാടുകളെടുക്കേണ്ടത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ ഉയർച്ച ലക്ഷ്യമിട്ടാണ് പ്രഫഷണൽ വിദ്യാഭ്യാസം സ്വകാര്യവൽക്കരിക്കാനും സ്വാശ്രയ മാനേജ്‌മെന്റുകൾക്ക് സർക്കാർ നിയന്ത്രണത്തോടെ കോളജുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകപ്പെടുകയും ചെയ്തത്. ഇപ്രകാരം സ്വാശ്രയ മേഖലയിൽ മെഡിക്കൽ - എഞ്ചിനീയറിങ് കോളജുകൾ സ്ഥാപിക്കപ്പെടുകയും പ്രതിവർഷം ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിന് പുറത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം ഒരു പരിധി വരെ കുറച്ചു കൊണ്ടുവരുന്നതിന് സാധിക്കുകയും ചെയ്തു. കേരളത്തിൽ സ്വാശ്രയ കോളജുകൾ ആരംഭിക്കുന്ന കാലത്ത് സർക്കാർ മേഖലയിൽ ആകെ 5 മെഡിക്കൽ കോളജുകളും ഏതാനും എഞ്ചിനീയറിങ്, ഡെന്റൽ, ആയുർവ്വേദ, ഹോമിയോ, നഴ്‌സിങ് കോളജുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്. എന്നാൽ ഇന്ന് സാഹചര്യങ്ങൾക്ക് മാറ്റം വന്നിരിക്കുന്നു. ഇന്ന് ആരോഗ്യരംഗത്ത് സർക്കാർ മേഖലയിൽ പൂർത്തിയായ 12 മെഡിക്കൽ കോളജുകളും (കൊല്ലം ESI മെഡിക്കൽ കോളജ്, പരിയാരം മെഡിക്കൽ കോളജ് എന്നിവ ഉൾപ്പെടെ) 5 വീതം ഡെന്റൽ, ആയുർവ്വേദ, ഹോമിയോ കോളജുകളും കുറേയധികം നഴ്‌സിങ് കോളജുകളും ഏതാനും ഫാർമസി കോളജുകളും ആണുള്ളത്. എഞ്ചിനീയറിങ് മേഖലയിൽ കേന്ദ്ര സർക്കാരിനു കീഴിൽ കോഴിക്കോട് NIT, തിരുവനന്തപുരം IIST എന്നിവയും സംസ്ഥാന സർക്കാരിനു കീഴിൽ 12 എഞ്ചിനീയറിങ് കോളജുകൾ, അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള 4 കോളജുകൾ, IHRD യുടെ 9 കോളജുകൾ, സഹകരണ വകുപ്പിന്റെ 8 കോളജുകൾ, മറ്റ് വകുപ്പുകളുടെ 4 കോളജുകൾ എന്നിവയാണുള്ളത്. കൂടാതെ വിവിധ യൂണിവേഴ്‌സിറ്റികളുടെ കീഴിൽ വരുന്ന 3 കോളജുകളുമുണ്ട്. എന്നാൽ ഇതിലും എത്രയോ അധികമാണ് സ്വാശ്രയ മേഖലയിലുൾപ്പെടുന്ന കോളജുകളുടെ എണ്ണം. ഇവയുടെ കണക്കെടുത്താൽ ആരോഗ്യമേഖലയിൽ മാത്രം 56 കോളജുകൾ ഉണ്ട്. അതിൽ 20 സ്വകാര്യ മെഡിക്കൽ കോളജുകൾ, 19 ഡെന്റൽ കോളജുകൾ, 15 ആയുർവ്വേദ കോളജുകൾ, 1 വീതം സിദ്ധ, യൂനാനി മെഡിക്കൽ കോളജുകളും ഉണ്ട്. എഞ്ചിനീയറിങ് മേഖലയിൽ 118 കോളജുകളും സ്വാശ്രയ മേഖലക്ക് സ്വന്തമാണ്.

ഉന്നത വിദ്യാഭ്യാസം കാംക്ഷിക്കുകയും അതിന്റെ ഗുണഫലങ്ങൾ സ്വീകരിക്കുവാൻ വെമ്പൽ കൊള്ളുകയും ചെയ്യുന്ന സമൂഹമാണ് ഇന്നു നമ്മുടെ സംസ്ഥാനത്തുള്ളത്. വിദ്യാഭ്യാസത്തിന്റെ മൂല്യവും മഹത്വവും പതിറ്റാണ്ടുകൾക്ക് മുമ്പേ തിരിച്ചറിയുകയും അത് സ്വായത്തമാക്കാൻ പരിശ്രമിച്ച് വിജയിക്കുകയും ചെയ്ത ഒരു സമൂഹത്തിന്റെ ഭാഗമാണ് നമ്മൾ. 90% ലധികം സാക്ഷരത എന്ന മികച്ചനേട്ടം കൈവരിക്കുവാനും നമുക്ക് സാധിച്ചുവെന്നത് വിദ്യാദേവതയെ നാം സർവ്വധനത്തിനും മേലെ കുടിയിരുത്തി എന്നതിനുള്ള മകുടോദാഹരണമാണ്. ഈ ലക്ഷ്യം മുൻനിർത്തി സ്ഥാപിതമായ സ്വാശ്രയ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസമേഖലക്ക് ഭാവിയിലും അതിന്റേതായ പങ്കുവഹിക്കാൻ കഴിയേണ്ടതുണ്ട്. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ചില റിപ്പോർട്ടുകൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിലെ നിലവാരത്തകർച്ചയെ സൂചിപ്പിക്കുന്നതാണ്. ഈ നിലവാരത്തകർച്ചക്ക് നിദാനമായ കാരണങ്ങൾ വിരൽചൂണ്ടുന്നത് സ്വാശ്രയ മേഖലയിലെ വിദ്യാർത്ഥി പ്രവേശനത്തിന്റെ അപാകതകളിലേക്കാണ്.

സർക്കാർ നിയന്ത്രണത്തിലുള്ള കോളജുകളിൽ പ്രവേശനപ്രക്രിയ നടക്കുന്നത് പൂർണമായും കേന്ദ്ര/സംസ്ഥാന സർക്കാരുകൾ നടത്തുന്ന പ്രവേശന പരീക്ഷയിലെ സ്‌കോറും +2 പരീക്ഷയിലെ മാർക്കും പ്രത്യേക അനുപാതത്തിൽ കണക്കാക്കിയാണ്. അതോടൊപ്പം നിയമാനുസൃത സംവരണങ്ങളും കൂടി പരിഗണിക്കുന്ന സുതാര്യമായ പ്രവേശന പ്രക്രിയയായതിനാൽ അർഹരായവർക്ക് തന്നെ പ്രവേശനം ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രവേശന പ്രക്രിയ മേൽപറഞ്ഞവയിൽ നിന്നും വിഭിന്നമാണ്. 50:50 എന്ന അനുപാതത്തിലാണ് അവിടങ്ങളിൽ പ്രവേശനം നടക്കുന്നത്. 50% പേരെ മാത്രം മെറിറ്റ് ലിസ്റ്റിൽ നിന്നും ഉൾപ്പെടുത്തി ബാക്കി 50% പേരെ മാനേജ്‌മെന്റ് ക്വാട്ട വഴിയും ഉൾപ്പെടുത്തുന്നു. മാനേജ്‌മെന്റ് ക്വാട്ടയിലൂടെയുള്ള പ്രവേശനം മിക്ക കോളജ് മാനേജ്‌മെന്റുകളും തലവരിപ്പണം വാങ്ങിയാണ് നടത്തുന്നത് എന്നത് പരസ്യമായ രഹസ്യവുമാണ്. ഈ തലവരിപ്പണത്തിന് പ്രത്യേക മാനദണ്ഡമൊന്നുമില്ല, 'ഡിമാന്റ് കൂടുമ്പോൾ വിലയും കൂടുന്നു' എന്ന തത്വമായിരിക്കണം ഇതിനാധാരം. ഇപ്രകാരം പണം പിടുങ്ങുന്ന ഒട്ടേറെ സ്വകാര്യ സ്വാശ്രയ കോളജുകൾ ഇന്ന് കേരളത്തിലുണ്ട്. മെറിറ്റിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കും മാനേജ്‌മെന്റ് ക്വാട്ട വിദ്യാർത്ഥികൾക്കും വെവ്വേറെ ഫീസ് ചുമത്തുക എന്ന സമ്പ്രദായവും ഇവിടങ്ങളിൽ നിലനിൽക്കുന്നു. ഈ പണസമ്പാദനം മാത്രം ലക്ഷ്യം വച്ചുകൊണ്ട് നിരവധി സ്വാശ്രയ മാനേജ്‌മെന്റ് സ്ഥാപനങ്ങളാണ് പ്രതിവർഷം സംസ്ഥാനത്ത് മുളച്ചു പൊന്തുന്നത്. ഇത്തരം സ്ഥാപനങ്ങൾ വിദ്യാഭ്യാസനിലവാരം ഉയർത്താനുള്ള ഒരു പങ്കും വഹിക്കുന്നില്ലെന്ന് മാത്രമല്ല അർഹതയില്ലാത്ത വിദ്യാർത്ഥികളെ പണം മാത്രം മാനദണ്ഡമാക്കി തിരുകിക്കയറ്റി വിദ്യാഭ്യാസമേഖലയുടെ മൂല്യശോഷണത്തിനും നിലവാരത്തകർച്ചക്കും ആക്കം കൂട്ടുകയും ചെയ്യുന്നു.

ഈ വർഷത്തെ എഞ്ചിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ സാങ്കേതിക സർവ്വകലാശാലക്ക് കീഴിലുള്ള 150 കോളജുകളിൽ 20000 ത്തോളം ബി-ടെക് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കഴിഞ്ഞ വർഷം 68% ഉണ്ടായിരുന്നിടത്ത് ഈ വർഷം 65% വിദ്യാർത്ഥികൾ മാത്രമേ പ്രവേശനം നേടിയിട്ടുള്ളൂ. അതായത് കഴിഞ്ഞ വർഷത്തെ 39595 പേർക്ക് പകരം ഈ വർഷം ചേർന്നവർ 35570 മാത്രം. പ്രവേശന നടപടികളുടെ കാലതാമസവും മറ്റു നൂലാമാലകളും മൂലം വളരെയധികം വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളിലേക്ക് പഠനത്തിനായി പോയിട്ടുണ്ടെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കുവാൻ കഴിയുന്നത്. പ്രവേശനം നേടാൻ കോളജുകളും സീറ്റുകളും ബാക്കിയുണ്ടായിരുന്നിട്ടും വിദ്യാർത്ഥികൾ മറ്റിടങ്ങളിലേക്ക് ചേക്കേറിയത് ഗൗരവതരമായി കാണേണ്ടതും ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്. ഇത്തരം കാര്യങ്ങൾ മെഡിക്കൽ പ്രവേശന നടപടികളിൽ ഉണ്ടാവാതിരിക്കാൻ സർക്കാരും മാനേജ്‌മെന്റുകളും ജാഗ്രത വച്ചു പുലർത്തേണ്ടതുമാണ്.

പ്രവേശന വിഷയത്തിൽ സർക്കാരും മാനേജ്‌മെന്റുകളും തമ്മിലുണ്ടായ ഉരസൽ വിദ്യാഭ്യാസമേഖലയെ പ്രതികൂലമായി ബാധിക്കാൻ അനുവദിച്ചുകൂടാ. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 100% സീറ്റുകളും സർക്കാർ ഏറ്റെടുത്ത് പ്രവേശനം നടത്തുക എന്നതിനോട് ഇന്നത്തെ സാഹചര്യത്തിൽ യോജിക്കുവാൻ കഴിയില്ല. മാത്രമല്ല, അങ്ങനെ ചെയ്യുന്നത് ഒട്ടേറെ നിയമപ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുകയും പ്രവേശന പ്രക്രിയ അനിശ്ചിതമായി നീളുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനുമുപരിയായി അന്യസംസ്ഥാന കോളജുകളിലേക്ക് നമ്മുടെ വിദ്യാർത്ഥികൾ ചേക്കേറുന്നതിനും ഇടയാക്കിയേക്കും. ആയതിനാൽ പ്രവേശന നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വളരെ മുമ്പുതന്നെ ചർച്ച ചെയ്ത് തീരുമാനിച്ച് ധാരണയിലെത്തുകയാണ് വേണ്ടത്. ഇത്തരത്തിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധി സർക്കാർ മുൻകൈയെടുത്ത് മാനേജ്‌മെന്റുകളുമായി സമവായത്തിലെത്തുക എന്നുള്ളതാണ്. ഇത്തവണ മുൻവർഷത്തെ തൽസ്ഥിതി തുടർന്നുകൊണ്ട് പ്രവേശന നടപടികൾ പൂർത്തിയാക്കുകയാണ് വേണ്ടത്. ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രവേശന പ്രക്രിയയുമായി മുന്നോട്ട് പോകേണ്ട ഈ സമയത്ത് ഇരുപക്ഷവും കടുംപിടുത്തം തുടരുന്നത് സംസ്ഥാനത്ത് തുടർപഠനം നടത്തുന്നതിനുള്ള വിദ്യാർത്ഥികളുടെ അവസരങ്ങൾ നഷ്ടപെടുത്തുന്നതിനും തൽഫലമായി അന്യ സംസ്ഥാനങ്ങളിലേക്ക് ചേക്കേറാനുള്ള അവസരം സൃഷ്ടിക്കുന്നതിനും മാത്രമേ ഇടയാക്കുകയുള്ളൂ. ന്യായമായ ഫീസ് വാങ്ങുന്നതിനുള്ള അവകാശം നിലവിലുണ്ടെന്നിരിക്കേ അമിത ഫീസും തലവരിപ്പണവും വാങ്ങുന്ന ചുരുക്കം ചില മാനേജ്‌മെന്റുകളെങ്കിലും തെറ്റുതിരുത്താൻ തയ്യാറാകണമെന്നും ഈ സമൂഹം അതിയായി ആഗ്രഹിക്കുന്നു. ഗുരുകുലങ്ങൾ കച്ചവടസ്ഥലങ്ങളും ഭരണകർത്താക്കൾ ഉരുക്കുമുഷ്ടിക്കാരും ആവാതിരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ വിദ്യാഭ്യാസമേഖലക്ക് അഭിമാനകരവും സർവ്വോപരി ഗുണകരവും.

(ലേഖകൻ ചക്കിട്ടപാറ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റാണ്.)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP