Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എനിക്ക് ശേഷം ഇവിടെ പ്രളയം സംഭവിക്കില്ല! വർക്കഹോളിസം എന്ന രോഗത്തിന്റെ ലക്ഷണങ്ങളായി അറിയാം; ഫാ. ജിജോ കുര്യൻ എഴുതുന്നു..

എനിക്ക് ശേഷം ഇവിടെ പ്രളയം സംഭവിക്കില്ല! വർക്കഹോളിസം എന്ന രോഗത്തിന്റെ ലക്ഷണങ്ങളായി അറിയാം; ഫാ. ജിജോ കുര്യൻ എഴുതുന്നു..

ജിജോ കുര്യൻ

'എന്റെ കൈ ചെന്നില്ലെങ്കിൽ ഇവിടെയൊന്നും നടക്കില്ല.' 'നൂറുകൂട്ടം പണികൾ! സമയം കിട്ടിയിട്ട് വേണ്ടേ എങ്ങോട്ടെങ്കിലും പോകാൻ.' 'നിങ്ങളൊയൊക്കെ ഒരു പണി ചെയ്യാൻ ഏല്പിച്ചാൽ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി വെക്കും, പിന്നെ ഞാനതിന്റെ പിന്നാലെ നടക്കണം.' 'ങാ, നിങ്ങൾക്കൊക്കെ വെറുതെ കറങ്ങിനടന്നാൽ മതിയല്ലോ.' ഇത്തരം വേവലാതികൾ സൂചിപ്പിക്കുന്ന ഒരു 'സംസ്‌കാര രോഗം' ഉണ്ട് വർക്കഹോളിസം. സംസ്‌കാരം വളർന്ന കൂടെ വളർന്ന മനുഷ്യൻ എന്ന ജീവിയെ മാത്രം ബാധിച്ച ഒരു രോഗമാണിത്. മറ്റൊരു ജീവിയും ഇരതേടലിന് അപ്പുറം ജോലിയിൽ മുഴുകാറില്ല. ജോലിയല്ല, വിശ്രമം/ലീലയാണ് ജീവിതത്തെ ആനന്ദകരമാക്കുന്നത് എന്ന് ബൈബിളും ഭാരത പുരാണങ്ങളും പറയുന്നു.

ട്രെഡ്മില്ല് ഈ സംസ്‌കാരത്തിന്റെ ഒരു കോമാളി പ്രതീകമാണ്. അതിൽ നമ്മൾ ദിവസം മുഴുവൻ ഓടുന്നു, എന്നാൽ എങ്ങും എത്തിച്ചേരുന്നുമില്ല! ട്രെഡ്മില്ല് സംസ്‌കാരത്തിൽ പെട്ടുപോയാൽ പിന്നെ അതിൽ നിന്ന് രക്ഷപെടാനാവില്ല എന്നതാണ് അതിന്റെ ദുരന്തം. ജീവിതത്തെ തിരിച്ചുപിടിക്കാൻ ആവാത്തവിധം ആ സംസ്‌കാരവും സമ്പദ്‌വ്യവസ്ഥയും മനുഷ്യനെ അടച്ചുപൂട്ടുന്നു. ഇടതടവില്ലാതെ കഠിനാദ്ധ്വാനം ചെയ്യാൻ തയ്യാറായാൽ മാത്രമേ ആ സംസ്‌കാരത്തിന്റെ ജീവിതരീതികൾക്കൊപ്പം നമുക്ക് നീങ്ങാനാവൂ. 'ഉത്സാഹത്തോടെ കഠിനാദ്ധ്വാനം ചെയ്യുക, കൂടുതൽ നേട്ടം കൊയ്യുക' എന്നതായിരിക്കുന്നു പുതിയ തൊഴിൽ സംസ്‌കാരത്തിന്റെ മുഖമുദ്ര. 'എല്ലു മുറിയെ പണിയെടുത്താൽ പല്ലു മുറിയെ തിന്നാം' എന്ന പഴഞ്ചൊല്ലിന്റെ പുത്തൻ ഭാഷ്യങ്ങൾ പുതിയ മേഖലകളിലേക്കും കടന്നെത്തിയിരിക്കുന്നു. എല്ലുമുറിയെയുള്ള പണികളും കുറച്ച് തീറ്റയും മാത്രം മിച്ചം!

'തുടർച്ചയായി ജോലിചെയ്തുകൊണ്ടിരിക്കാനുള്ള നിർബന്ധിതവും അനിയന്ത്രിതവുമായ ഉൾപ്രേരണ' എന്നാണ് 'വർക്കഹോളിസം' എന്ന മാനസീകരോഗത്തെ നിർവ്വചിച്ചിരിക്കുന്നത്. സാമ്പത്തീകഭൗതീക ആവശ്യം, പ്രസ്ഥാനത്തിന്റെ നിലനില്പ്, മാനസീക സംതൃപ്തി നൽകുന്ന ക്രിയാത്മകയുടെ പ്രകാശനം എന്നിവയ്ക്ക് അപ്പുറത്തേക്ക് ആരെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കിൽ അതിനെ വർക്കഹോളിസം എന്ന രോഗത്തിന്റെ ലക്ഷണമായി കണക്കാക്കണം. ഈ പ്രശ്‌നം തലയ്ക്കുപിടിച്ചവർ ജോലി ചെയ്യാത്തപ്പോഴും ജോലിയെക്കുറിച്ച് തന്നെ ചിന്തിച്ചുകൊണ്ടിരിക്കും. വീട്ടിൽ വന്നാൽ മക്കൾക്കൊപ്പം കളിക്കാൻ സാധിക്കുന്നില്ല, കുടുംബമൊരുമിച്ച് മന:സമാധാനത്തോടെ ഒരു യാത്രപോകാൻ ആവുന്നില്ല, ചില കുടുംബിനികള്ക്ക് വീട്ടിൽ നിന്ന് ഒരു ദിവസം പോലും മാറിനില്ക്കാൻ ആവുന്നില്ല, ഭാര്യയോട്/ ഭർത്താവിനോട് മാനസീക സമ്മർദം ഇല്ലാതെ ഉള്ളു തുറന്ന് സംസാരിക്കാനാവുന്നില്ല. വർക്കഹോളിക്ക് ആയ ഒരാളുടെ കുടുംബവും വലിയ സമ്മർദത്തിലായിരിക്കും. കുട്ടികൾക്കും ജീവിതപങ്കാളിക്കും വേണ്ട വൈകാരിക കരുതൽ കിട്ടാതെ പോവുകയും വിനോദത്തിന്റേയും ക്രിയാത്മകതയുടേയും ലോകം അവർക്ക് നിക്ഷേധിക്കപ്പെടുകയും ചെയ്യും. കൂടാതെ വർക്കഹോളിക്കുകളിൽ നല്ലൊരു ശതമാനവും പെർഫക്ഷനിസ്റ്റുകൾ (പൂർണ്ണതാവാദികൾ) ആയതിനാൽ അവർ നിരന്തരം മറ്റുള്ളവരുടെ ജോലികളിൽ കുറ്റം കണ്ടുപിടിച്ചുകൊണ്ടിരിക്കും. അത് കൂടെ ജീവിക്കുന്നവരേയും വല്ലാതെ മടുപ്പിക്കുന്നു. പ്രത്യേക കഴിവുകൾ ഇല്ലാത്തതുകൊണ്ടും, നിർഭാഗ്യകരമായ സാഹചര്യങ്ങളിൽ ജനിച്ചതുകൊണ്ടും, ഒരു വ്യക്തിയിലുണ്ടാകുന്ന അപകർഷതാബോധം അയാളെ വർക്കഹോളിസ്റ്റ് ആക്കിയേക്കാം.

വർക്കഹോളിസം എന്ന രോഗത്തിന്റെ ലക്ഷണങ്ങളായി പറയപ്പെടുന്നവ ഇവയാണ്:

1. ജോലിക്ക് വേണ്ടി എങ്ങനെ കൂടുതൽ സമയം കണ്ടെത്താം എന്ന് സദാ ആലോചിച്ചുകൊണ്ടിരിക്കുക.
2. തുടക്കത്തിൽ നിശ്ചയിച്ചതിൽ കൂടുതൽ സമയം ജോലിയിൽ ചെലവഴിക്കുക.
3. കുറ്റബോധം, ഉത്കണ്ഠ, നിസ്സഹായത, നിരാശ എന്നിവ മറികടക്കാനായി ജോലിയിൽ മുഴുകുക.
4. 'ജോലി കുറയ്ക്കുക' എന്ന് പലവട്ടം പലരും പറഞ്ഞിട്ടും അത് പ്രാവർത്തികമാക്കാൻ കഴിയാതെ വരിക.
5. ജോലി ചെയ്യാൻ കഴിയാതെ വരുമ്പോൾ മാനസീക പിരിമുറുക്കം അനുഭവക്കുക; ജോലി തുടങ്ങിക്കഴിയുമ്പോൾ വലിയ ആശ്വാസം തോന്നുക.
6. വിനോദം. വിശ്രമം, ആരോഗ്യപരിരക്ഷ എന്നിവ ജോലിയുടെ പേരിൽ മാറ്റിവെക്കേണ്ടിവരിക.
7. ചെയ്യുന്ന ജോലി ആരോഗ്യത്തെ ബാധിക്കാൻ തുടങ്ങുക.
8. ജോലി സ്ഥലത്ത് നിന്ന് മാറിനിൽക്കുമ്പോൾ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതെന്തോ നഷ്ടപ്പെടുന്നു എന്ന തോന്നൽ നിരന്തരം അലട്ടുക.

വർക്കഹോളിക് ആയ ഒരാൾ സ്വന്തം വില കണക്കാകുന്നത് അയാൾ ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിൽ ആയതുകൊണ്ട് താൻ ചെയ്യുന്ന ജോലിക്ക് എപ്പോഴും മറ്റുള്ളവരുടെ അംഗീകാരം പ്രതീക്ഷിച്ചുകൊണ്ടിരിക്കും. കൂടാതെ മറ്റുള്ളവരുടെ ജോലികളെ തങ്ങളുടെതിനേക്കാൾ മെച്ചം എന്ന് അവർ ഒരിക്കലും സമ്മതിച്ചു തരില്ല. തങ്ങളുടെ പഴയ ജോലികൾ ആകട്ടെ ഇപ്പോഴത്തേതിനേക്കാൾ മെച്ചം എന്നായിരിക്കും അവരുടെ ഭാഷ്യം. ഒപ്പം സാധാരണ ജീവിതത്തിലെ പല പ്രശ്‌നങ്ങളിൽ നിന്നും ഒളിച്ചോടാനുള്ള ഒരു ഉപാധിയായും അവർ ജോലിയെ ഉപയോഗിച്ചേക്കാം. ആശുപത്രി ചികിത്സയോളം പോകേണ്ട വർക്കഹോളിസമൊന്നും നമ്മളിൽ പലർക്കും ഇല്ല. ജോലി സ്വന്തം ശരീരത്തിനേയും മനസ്സിനേയും കുടുംബത്തേയും സാമൂഹ്യബന്ധങ്ങളേയും അലട്ടാൻ തുടങ്ങിയെങ്കിൽ ഇങ്ങനെ ചില സെൻ വഴികൾ നോക്കാം:

ചെറിയ ഇടവേള എല്ലാ ജോലികളിലും നിന്ന് ഒന്നുമാറിനിന്നു നോക്കുക. അപ്പോൾ നമ്മുടെ ഉള്ളിൽ തന്നെ എന്താണ് നടക്കുന്നത് എന്ന് കാണാൻ കഴിഞ്ഞേക്കാം. ഈ ഇടവേളയുടെ കാലം വായന, സിനിമ പോലുള്ള വിനോദമാർഗ്ഗങ്ങൾ, തോട്ടനിർമ്മാണം, പൊതുപ്രവർത്തനം, മലനടത്തം, വനനടത്തം, മഴനടത്തം, ഒന്നിനുമല്ലാത്ത ഒരു യാത്ര... അങ്ങനെ ചിലതൊക്കെ പരീക്ഷിച്ചുനോക്കുക. ഈ ഇടവേളയുടെ കാലഘട്ടത്തിൽ ജോലി സംബന്ധമായ മെയിലുകൾ, സന്ദേശങ്ങൾ, ഫോൺ വിളികൾ എന്നിവയിൽ നിന്ന് വിട്ടുനില്ക്കുക.

ജോലി ചെയ്യുന്ന കാലയളവിലും വീട്ടിൽ എത്തിയാൽ ജോലിയിടം വീട്ടിൽ നൂഴ്ന്ന് കയറാതിരിക്കാൻ നിങ്ങളുടെ സ്വകാര്യ ഫോൺ മാറ്റിവെക്കുക. ബന്ധുക്കൾ, സുഹൃത്തുക്കൾ, അത്യാവശ്യം ബന്ധപ്പെടേണ്ടവർ (നിങ്ങളുടെ മേലധികാരി) എന്നിവർക്ക് വീട്ടിലെ പൊതുനമ്പർ കൊടുക്കുക. കുടുംബവുമൊത്ത് സമയം ചെലവഴിക്കുമ്പോൾ അത്യാവശ്യമല്ലെങ്കിൽ സുഹൃത്തുക്കളുടെ ഫോൺ വിളികൾ പോലും മാറ്റിവെക്കുന്ന ബ്ലെസനും (ആഹ്വ ഖരയ) പത്‌നിയും ഈ കാര്യത്തിൽ വിദഗ്ധ ഉപദേശം തരും. ഓരോ ദിവസവും 68 മണിക്കൂറിന് ആപ്പുറത്തേയ്ക്ക് ജോലി സമയം നീളുന്നില്ല എന്ന് ഉറപ്പുവരുത്തുക. ശേഷം സമയം കുടുംബം, സമൂഹം, ക്രിയാത്മ പ്രവർത്തനങ്ങൾ, വിശ്രമം, വിനോദം എന്നിവയ്ക്ക് വേണ്ടി ക്രമപ്പെടുത്തുക. ആഴ്ചയിൽ ഒരു ദിവസമെങ്കിലും വിശ്രമിക്കുക. അതായത് ജീവിതത്തിൽ മൂല്യക്രമങ്ങളെ പുനഃക്രമീകരിക്കുക എന്നർത്ഥം. കുടുംബംസുഹൃത്തുകൾബന്ധുക്കൾ, ആരോഗ്യം, മനസ്സിന്റെ സന്തോഷംസമാധാനം, സമൂഹം, പണം എന്നിവയ്ക്ക് ശേഷം മാത്രം ജോലിയെ കൊണ്ടുവരിക.

ഒരു ജോലി അത് എത്ര പ്രതിഫലം കിട്ടുന്നത് ആയാലും നിങ്ങളിൽ ഉണ്ടാക്കുന്ന മാനസീകശാരീരികസാമൂഹ്യ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് മാത്രം ജോലി തിരഞ്ഞെടുക്കുക. ദിവസവും ഒരു 10 മിനിട്ട് എങ്കിലും ഒന്നും ചെയ്യാതെ മനസ്സിനെ ശാന്തമാക്കി കസേരയിൽ ഇരിക്കുകയോ, തോട്ടത്തിൽ നടക്കുകയോ, ധ്യാനത്തിൽ മുഴുകുകയോ ചെയ്തുനോക്കുക. മനുഷ്യൻ ഒരു യന്ത്രം അല്ല എന്ന് തിരിച്ചറിയാനുള്ള നല്ല വഴി അതാണ്. 'എനിക്ക് ശേഷം ഇവിടെ പ്രളയം സംഭവിക്കില്ല' എന്നൊരു തിരിച്ചറിവാണ് വർക്കഹോളിസത്തിൽ നിന്ന് രക്ഷനേടാനുള്ള ഏറ്റവും നല്ല വഴി. നമുക്ക് മുൻപും ഇവിടെ ലോകവും മനുഷ്യരും ഉണ്ടായിരുന്നു, നമ്മൾ ഇല്ലാതായാലും ജീവിതപങ്കാളിയും മക്കളും അടക്കം ഉള്ളവർ പോലും ദുഃഖസാന്ദ്രമായ ഏതാനും ദിവസങ്ങള്ക്ക് ശേഷം സ്വാഭാവിക രീതിയിൽ ജീവിക്കും, ജീവിച്ചേ മതിയാകൂ. ലോകത്തിൽ ആരും അനിവാര്യമായവരല്ല.

:അവസാനമായി, പണം ജീവിക്കാൻ മാത്രമാണ്, പണം ഉണ്ടാവുകളും ജീവിതം ഇല്ലാതിരിക്കുകയും ചെയ്യുന്ന കോടിക്കണക്കിന് വിഡ്ഢികൾ ഉള്ള ലോകത്ത് ഞാൻ അടുത്ത വിഡ്ഢിയാകില്ല എന്നൊരു തീരുമാനം വേണം. മക്കൾക്ക് വേണ്ടി (അവരുടെ ഭാവി ജീവിതത്തിന് വേണ്ടി) സമ്പാദിക്കാതിരിക്കുക, ആവശ്യത്തിൽ കൂടുതൽ സമ്പാദിക്കാതിരിക്കുക, സ്വന്തം സന്തോഷം, പ്രിയപ്പെട്ടവർ, ആരോഗ്യം എന്നിവ നശിപ്പിച്ച് സമ്പാദിക്കാതിരിക്കുക. എപ്പോൾ വേണമെങ്കിലും തീർന്നു പോകാവുന്ന ജീവിതം ജീവിക്കാനുള്ളതാണ്, കൂട്ടിവെക്കാൻ ഉള്ളതല്ല.

എല്ലുമുറിയെ പണിയെടുത്ത് ഒരു ജീവിതവും കുടുംബവും ഈ കാണായ ഭൂസ്വത്തും മുഴുവൻ സമ്പാദിച്ചത് മത്തായി ചേട്ടനാണ്. മത്തായി ചേട്ടന് ആണ്മ!ക്കൾ മൂന്ന് ജോസഫ്, ജോണി, ഷാജി. മക്കളെ അല്ലലും അലച്ചിലും അറിയിക്കാതെ തള്ള വളർത്തിയതുകൊണ്ടാണ് അവര്ക്ക് വലിയ ഉത്തരവാദിത്വബോധം ഉണ്ടാകാത്തത് എന്ന ഒറ്റ അപവാദം മാത്രമേ മത്തായി ചേട്ടന് തന്റെ പൊന്നുമക്കളെക്കുറിച്ചു പറയാനുള്ളൂ. അല്ലെങ്കിൽ മക്കൾ എന്ന് പറഞ്ഞാൽ ജീവനാണ്. എന്നാലോ തുണിക്കടയുടെ കാര്യം നോക്കുന്ന ജോസപ്പും, മുപ്പതേക്കർ കുരുമുളക്ഏലം തോട്ടത്തിന്റെ പണിയും വരവുചെലവും മുഴുവൻ നോക്കിനടത്തുന്ന ജോണിക്കുട്ടിയും, ഓട്ടം പോകുന്ന ടിപ്പർ ലോറികളുടെ മേൽനോട്ടം വഹിക്കുന്ന ഷാജിയും വൈകുന്നേരം വീട്ടിൽ എത്തിയാൽ പെണ്ണുംമ്പുള്ളമാരേയും മക്കളേയും കാണുന്നതിന് മുൻപ് അപ്പന്റെ അടുത്ത് കണക്ക് ഏല്പിച്ച് അടുത്ത ദിവസത്തേക്കുള്ള നിർദ്ദേശങ്ങളും വാങ്ങിയേ പോകൂ.

പറമ്പിലും പണിസ്ഥലത്തുമായി ഓടി നടന്ന മത്തായി ചേട്ടൻ ഒറ്റ മാസം കൊണ്ട് കിടപ്പായി. മരണം ഏതാണ് ഉറപ്പായപ്പോൾ മക്കളെ വിളിച്ചോ എന്ന് ഡോക്ടർ പറഞ്ഞു. മക്കൾ മൂന്നും പണിസ്ഥലത്തു നിന്ന് ഓടിയെത്തി. മക്കൾ എത്തി എന്ന വാര്ത്ത ആരോ ചെവിയിൽ മന്ത്രിച്ചപ്പോൾ കാഴ്ച മങ്ങിയിരുന്ന മത്തായി ചേട്ടൻ മക്കളെ ഓരോരുത്തരെയായി വിളിച്ചു: 'മോനേ ജോസപ്പേ..., മോനേ ജോണിക്കുട്ടി...., മോനേ ഷാജി....' ഓരോരുത്തരും നിറഞ്ഞ സങ്കടത്തിൽ 'എന്തോ...' എന്ന് വിളികേട്ടു. ഷാജിയും വിളികേട്ടു കഴിഞ്ഞപ്പോൾ മൂത്തവനായ ജോസപ്പിനോട് ഒരു ശകാരം: 'എടാ ജോസപ്പേ, നിനക്കെങ്കിലും ബോധം വേണ്ടേടാ....? നിങ്ങൾ മൂന്നാളും ഇവിടെ വന്ന് വായും പൊളിച്ചു നിന്നാൽ കടയിലും പണിസ്ഥലത്തും ആരെടാ ഒള്ളേ?! പോകിനെടാ വേഗം.' ഇതുപറഞ്ഞു മത്തായി ചേട്ടൻ കണ്ണടച്ചു. പോയപ്പോൾ ഒന്നും കൊണ്ടുപോയതുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP