Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഹിഷ്ണുതയുടെ മാടപ്രാവുകൾക്കു അവർക്കെതിരെ ഒരു ബ്ലോഗ് കണ്ടാൽ വിയർക്കും; ഞരമ്പുകളിൽ രക്ത ഓട്ടം കൂടും; ബംഗാൾ ചിന്തിച്ചുകഴിഞ്ഞു ഏറെക്കുറെ ഇന്ത്യയും; അത് കേരളവും ചിന്തിക്കും; ചാണക സംഘികൾ എന്നൊക്കെ പറഞ്ഞു ബിജെപി അനുഭാവം പുലർത്തുന്നവരെ പരിഹസിക്കുന്നവരോട് ജിതിൻ ജേക്കബിന് പറയാനുള്ളത്

സഹിഷ്ണുതയുടെ മാടപ്രാവുകൾക്കു അവർക്കെതിരെ ഒരു ബ്ലോഗ് കണ്ടാൽ വിയർക്കും; ഞരമ്പുകളിൽ രക്ത ഓട്ടം കൂടും; ബംഗാൾ ചിന്തിച്ചുകഴിഞ്ഞു ഏറെക്കുറെ ഇന്ത്യയും; അത് കേരളവും ചിന്തിക്കും; ചാണക സംഘികൾ എന്നൊക്കെ പറഞ്ഞു ബിജെപി അനുഭാവം പുലർത്തുന്നവരെ പരിഹസിക്കുന്നവരോട് ജിതിൻ ജേക്കബിന് പറയാനുള്ളത്

വിമർശകര്ക്കും, ഉപദേശികൾക്കും, ഭീഷണിയുമായി വരുന്ന 'സഹിഷ്ണുതവാദികൾക്കുമുള്ള' മറുപടി. പോസിറ്റീവായി വരുന്ന കമെന്റുകൾ മാത്രം ശ്രദ്ധിച്ചാൽ പോരല്ലോ, പോസ്റ്റിറ്റീവായ വിമര്ശങ്ങളെയും ശ്രദ്ധിക്കണം. തെറിവിളി, തന്തക്കു വിളി, തള്ളക്കുവിളി തുടങ്ങിയ കലാപരിപാടികൾ നടത്തുന്ന ഭീരുക്കൾക്കു മറുപടി ഇല്ല.

ഈ അടുത്തകാലത്ത് ഞാൻ നേരിട്ടുള്ള പ്രധാന ചോദ്യങ്ങൾ ഇവയാണ്:-
എന്താണ് നിന്റെ രാഷ്ട്രീയം?
എന്തുകൊണ്ടാണ് ബിജെപി/RSS നെ സപ്പോർട്ട് ചെയ്യുന്നത്?
എന്തുകൊണ്ടാണ് മാർക്‌സിസ്റ്റ് വിരുദ്ധത പ്രകടിപ്പിക്കുന്നത്?
ആദ്യത്തെ ചോദ്യം. എന്റെ രാഷ്ട്രീയം?

അതിനു ഉത്തരം വളരെ സിമ്പിൾ ആണ്. ഇപ്പോഴത്തെ എന്റെ രാഷ്ട്രീയ വിശ്വാസം എന്നത് നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സർക്കാരിലാണ്. ഒരു പക്ഷെ നാളെ അത് മാറിയേക്കാം. പക്ഷെ ഇന്ന് ഞാൻ വിശ്വസിക്കുന്നത് നരേന്ദ്ര മോദി നയിക്കുന്ന സർക്കാരിന് ഇന്ത്യയെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ കഴിയും എന്നതാണ്.

എന്തുകൊണ്ടാണ് ബിജെപി/RSS നെ സപ്പോർട്ട് ചെയ്യുന്നത്?

ബിജെപി എന്ന പാർട്ടിയെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല. അവർ ഇന്ത്യ ഭരിക്കുന്നു ഇന്ത്യയിലെ 17 സംസ്ഥാങ്ങളും ഭരിക്കുന്നു എന്നതുകൊണ്ടല്ല ഞാൻ പിന്തുണക്കുന്നത്. അവരുടെ നയങ്ങൾ രാജ്യത്തിന്റെ വികസനത്തിനും , പൊതുജനനന്മക്കും, സാമ്പത്തീക മുന്നേറ്റങ്ങൾക്കും നല്ലതാണെന്നു ഞാൻ വിശ്വസിക്കുന്നു. ബിജെപി എന്ന രാഷ്ട്രീയ പാർട്ടി എല്ലാം തികഞ്ഞവരാണെന്നോ അവർക്കു പിഴവുകൾ ഇല്ലെന്നോ ഒന്നും ഞാൻ പറയുന്നില്ല, പക്ഷെ ഇന്ത്യയിലെ ജനങ്ങൾ ബിജെപി യിൽ വലിയ പ്രതീക്ഷ വെക്കുന്നു. ഒരു പക്ഷെ നരേന്ദ്ര മോദി എന്ന നേതാവിന്റെ ഒറ്റ ബലത്തിലായിരിക്കാം ഇതെല്ലം. ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ പറയും With Narendra Modi, BJP is special, without Narendra Modi BJP is a vehicle without engine.

ഗുജറാത്തു, ഗർഭിണി, ശൂലം, അസഹിഷ്ണുത, ദളിത് പീഡനം, ന്യൂനപക്ഷ പീഡനം, സവർണ്ണ പാർട്ടി, ഗാന്ധിജിയെ കൊന്ന പാർട്ടി, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്ത പാർട്ടി, ബീഫ് വിഷയം, ശവപ്പെട്ടി കുംഭകോണം...ഇതൊക്കെ സ്ഥിരമായി ബിജെപി എന്ന പാർട്ടിക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങളാണ്.

ചിലകാര്യങ്ങളെക്കുറിച്ചു മാത്രം മറുപടി നൽകാം:-

ഗുജറാത്തു കലാപം - ആദ്യമേ ഒന്ന് ചോദിച്ചോട്ടെ ഗുജറാത്തിൽ നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷമാണോ കലാപം ഉണ്ടായിട്ടുള്ളത്? ഗുജറാത്തിനു മുമ്പും അതിനു ശേഷവും ഇന്ത്യയിൽ കലാപങ്ങൾ ഉണ്ടായിട്ടില്ലേ? കേരളത്തിൽ മാറാട് കലാപം നടന്നപ്പോൾ മുഖ്യമന്ത്രി എ കെ ആന്റണി ആയിരുന്നു. 2009 ൽ പൂന്തുറയിൽ കലാപം നടന്നപ്പോൾ മുഖ്യ മന്ത്രി വി എസ് ആയിരുന്നു. ഈ കലാപങ്ങളുടെയെല്ലാം ഉത്തരവാദി ഇവരാണോ? 2002 ലെ കലാപത്തെ കുറിച്ച് രാജ്യത്തെ വിവിധ ഏജൻസികളും, ജുഡീഷ്യൽ കമ്മീഷനുകളും അന്വേഷണം നടത്തിയിട്ടുണ്ട്.

ബാനർജി കമ്മീഷൻ - അന്നത്തെ റെയിൽവേ MINISTER ആയിരുന്ന നമ്മുടെ 'അഴിമതി രഹിതനായ' ലാലുജി നിയോഗിച്ച കമ്മീഷൻ. ഈ കമ്മീഷനെ നിയമവിരുദ്ധമായി ഗുജറാത്തു ഹൈ കോടതി വിധിച്ചു.

ഗുജറാത്തു സർക്കാർ നിയോഗിച്ച ഏകാംഗ കമ്മീഷൻ ആയിരുന്നു ഷാ കമ്മീഷൻ (കെ. ജി. ഷാ ). ഇദ്ദേഹം അന്നത്തെ ഗുജറാത്തു മുഖ്യ മന്ത്രി മോദി യുടെ അടുത്തയാൾ ആയിരുന്നു എന്ന് ആരോപണം ഉയർന്നപ്പോൾ, JUSTICE നാനാവതിയെക്കൂടി ഉൾപ്പെടുത്തി ജുഡീഷ്യൽ കമ്മീഷൻ അംഗങ്ങളുടെ എണ്ണം രണ്ടായി ഉയർത്തി .ഈ JUST. നാനാവതിയെ എല്ലാവരും അറിയും. സുപ്രീം കോടതി ജഡ്ജ് ആയിരുന്നു . ANTI SIKH കലാപം അന്വേഷിച്ചതും ഇദ്ദേഹമാണ്. അന്വേഷണം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ''ആരോപണവിധേയനായ'' JUSTICE ഷാ (കെ ജി ഷാ) കാഞ്ഞുപോയി. പിന്നീട് അക്ഷയ് H മെത്ത എന്ന ഹൈ കോർട്ട്

ജഡ്ജിനെകൂടി ഉൾപ്പെടുത്തി കമ്മീഷൻ മുമ്പോട്ടു പോയി. ആ കമ്മീഷൻ റിപ്പോർട്ട് 2008 ൽ ആദ്യ റിപ്പോർട്ടും 2014 ൽ ഫൈനൽ റിപ്പോർട്ടും നൽകി. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ R കെ രാഘവൻ എന്ന തമിഴ്‌നാട് സ്വാമി (സിബിഐ മുൻ ഡയറക്ടർ - ഇപ്പോഴും ഇടതുപക്ഷ പത്രമായ ദി ഹിന്ദു വിലെ സ്ഥിരം കോളമിസ്‌റ് ) യുടെ നേതൃത്വത്തിൽ ഒരു സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഫോം ചെയ്തു അന്വേഷിച്ചു. ഇതിന്റെയും റിപ്പോർട്ട് പുറത്തു വന്നത് 2012 ൽ ആണ്. ഈ സമയമൊക്കെയും കോൺഗ്രസ് ആയിരുന്നു അധികാരത്തിൽ എന്നോർക്കണം.

മുകളിൽ പറഞ്ഞ ഈ അന്വേഷണങ്ങളിൽ ഒന്നും മോദി എന്ന വ്യക്തിയോ, മുഖ്യമന്ത്രി എന്ന പദവിയിൽ കലാപത്തെ നേരിടുന്നതിൽ അദ്ദേഹത്തിനെ തെറ്റ് പറ്റിയതായോ വിലയിരുത്തൽ ഒന്നും ഇല്ല. കലാപം നടത്തിയവരെ ശിക്ഷിച്ചു കഴിഞ്ഞു.

ശവപ്പെട്ടി കുംഭകോണം:-

2004 മുതൽ രാജ്യം ഭരിച്ചത് UPA ഗവണ്മെന്റ് ആയിരുന്നു എന്നറിയാം. ശവപ്പെട്ടി കുംഭകോണം ഉൾപ്പെടെ മൊത്തം 24000 കോടി രൂപയുടെ അഴിമതി ആരോപണങ്ങളാണ് അന്വേഷണവിധേയമാക്കിയത്. സിബിഐ ചാർജ് ഷീറ്റ് നൽകിയെങ്കിലും വിചാരണ കോടതി 2013 ൽ എല്ലാ കുറ്റാരോപിതരെയും വെറുതെ വിട്ടു. തുടർന്ന് ഹൈ കോടതിയും, സുപ്രീം കോടതിയും.

ന്യൂനപക്ഷ പീഡനം:-

ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സ്‌കൂളുകളും നടത്തുന്നത് കേരളത്തിൽനിന്നുള്ള അച്ചന്മാരും കന്യാസ്ത്രീകളുമാണ്. വര്ഷങ്ങളായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലോക്കെ 30 വർഷമായി സേവനം ചെയ്യുന്ന അച്ചന്മാരെയും കന്യാസ്ത്രീകളെയും എനിക്കറിയാം. അവരൊക്കെ ഈ ന്യൂനപക്ഷ പീഡനം എന്ന ആരോപണം കേൾക്കുമ്പോൾ ചിരിച്ചു തള്ളും.

മധ്യ ഇന്ത്യയിലെ മുണ്ടസ് പോലുള്ള ചില ആദിവാസി വിഭാഗങ്ങൾ ബ്രിട്ടീഷുകാരുടെ കാലം മുതലേ ക്രിസ്ത്യൻ മിഷൻ പ്രവർത്തങ്ങളെ എതിർത്തിരുന്നു. അത് ഇപ്പോഴും തുടരുന്നു എന്നത് സത്യമാണ്. മതപരിവർത്തനം ഒരു സാമൂഹിക വിഷയമാണ്. ഇന്ത്യയിൽ നിയമപ്രകാരം നിർബന്ധിത മതപ്രതിവർത്തനം നിരോധിച്ചിട്ടുള്ളതാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചുകാട്ടി ന്യൂനപക്ഷങ്ങളെല്ലാം അപകടത്തിലാണെന്ന് പറയുന്നത് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ്. അതുതന്നെയുമല്ല വലിയ മതേതരത്വം പ്രസംഗിക്കുന്ന ആളുകൾ വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന തെളിവ് സഹിതം പുറത്തു വന്നിട്ട് അധികം ദിവസം ആയിട്ടില്ല.

ന്യൂനപക്ഷങ്ങൾക്കു ഇന്ത്യയിൽ രക്ഷയില്ല എന്ന ധാരണ പരത്തി സാമ്പത്തീക മുതലെടുപ്പുനടത്താനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ശ്രമിക്കുന്ന മതേതരത്വം വിളമ്പുന്ന രാഷ്ട്രീയക്കാരും ചില വിദേശ ഫണ്ട് സ്വീകരിക്കുന്ന സംഘടനകളുമാണ് ഈ ആരോപണങ്ങൾക്കു പിന്നിൽ.

ഗാന്ധി വധം:

ജസ്റ്റിസ് കെ ടി തോമസിന്റെ ഒരു വീഡിയോ കണ്ടതായി ഓർക്കുന്നു. അതിന്റെ ലിങ്ക് ആരെങ്കിലും ഷെയർ ചെയ്യുമെന്ന് കരുതുന്നു. അദ്ദേഹം അതിൽ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല. രാഹുൽ ഗാന്ധി കോടതി കയറി ഇറങ്ങുന്നത് കൂടി ഓർത്താൽ മതി. ഗാന്ധിജിയെ കൊന്നതിൽ RSS നു പങ്കുണ്ട് എന്ന് രാഹുൽ ഗാന്ധി ആരോപിച്ചപ്പോൾ സുപ്രീം കോടതി പറഞ്ഞത് ഒന്നെകിൽ ആരോപണം പിൻവലിച്ചു മാപ്പു പറയുക അല്ലെങ്കിൽ വിചാരണ നേരിടുക എന്നതാണ്.

ബീഫ് വിഷയം:-

ഇന്ത്യയുടെ ബിജെപി കാരനായ ആഭ്യന്തര സഹമന്ത്രി പരസ്യമായി പറഞ്ഞത് ഞാൻ ബീഫ് കഴിക്കുന്നയാളാണ് എന്നാണ്. അത് തങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാണെന്നും. ഈ വിവാദങ്ങൾ ഉണ്ടായ ശേഷം ഒരു ബീഫ് EXPORTING കമ്പനിക്ക് കേന്ദ്ര സർക്കാർ ഒരു അവാർഡ് കൊടുത്തിരുന്നു. എന്തിനാണെന്നറിയാമോ? ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്തതിനു. ഇന്ത്യയിൽ ബീഫ് നിരോധിച്ചിട്ടുണ്ടോ? ഇല്ലല്ലോ. ഇന്ത്യയിൽ ഭൂരിപക്ഷം സംസ്ഥാങ്ങളിലും നിരോധിച്ചത് പശു, കാള എന്നിവയുടെ ഇറച്ചി മാത്രമാണ്.
http://www.news18.com/news/india/indias-biggest-buff-meat-exporter-gets-govt-award-for-outstanding-performance-1432427.html

ബിജെപി വന്നതിനു ശേഷമാണോ ഇന്ത്യയിൽ ഗോവധം നിരോധിച്ചത്? ഇന്ദിര ഗാന്ധി തിരഞ്ഞെടുപ്പുകളിൽ ഉയർത്തിക്കാട്ടിയ ഭരണ നേട്ടമായിരുന്നു കോൺഗ്രസിന്റെ കാലത്തേ ഗോവധനിരോധനം. പശുക്കടത്തിന്റെ പേരിൽ ആളുകളെ തല്ലികൊല്ലുന്നവരെ ക്രിമിനൽസ് എന്ന് പറഞ്ഞു അവരെ തള്ളിപ്പറഞ്ഞത് ഇന്ത്യയുടെ പ്രധാന മന്ത്രി നേരിട്ടാണ്. പശുസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അക്രമണങ്ങളെ RSS ഉം തള്ളിക്കളഞ്ഞിട്ടുണ്ട്. http://www.ndtv.com/india-news/pm-modi-hits-out-at-cow-vigilantes-says-most-cows-die-after-eating-plastic-1441079

അപ്പോൾ ചോദിക്കും ചുമ്മാ പറഞ്ഞിട്ട് കാര്യമുണ്ടോ ഇപ്പോഴും രാജ്യത്തു കന്നുകാലികടത്തിന്റെ പേരിൽ അതിക്രമം ഉണ്ടാകുന്നില്ല എന്ന്? അതാതു സംസ്ഥാങ്ങളാണ് ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടത്. തിരിച്ചൊന്നും ചോദിച്ചോട്ടെ കേരളത്തിലെ നോക്കുകൂലിക്കെതിരെ പിണറായി വിജയൻ എത്രയോ തവണ രംഗത്തുവന്നിട്ടുള്ളതാണ്. കേരളത്തിൽ ഇപ്പോഴും നോക്കുകൂലിയെന്ന പേരിൽ പിടിച്ചുപറി നടക്കുന്നില്ലേ?
ഇതൊക്കെ പറയുമ്പോൾ എല്ലാവരും ചോദിക്കും ബിജെപി എല്ലാ കാര്യങ്ങളിലും പെർഫെക്റ്റ് ആണോ എന്ന്? ആരും അങ്ങനെ അവകാശപ്പെടുന്നില്ല.
എന്തുകൊണ്ടാണ് മാർക്‌സിസ്റ്റ് വിരുദ്ധത പ്രകടിപ്പിക്കുന്നത്?

ഇന്ത്യയിൽ മാർക്‌സിസം എന്നൊന്നില്ല എന്നാദ്യം മനസിലാക്കുക. ഇതൊരു തട്ടികൂട് കമ്പനി എന്നല്ലാതെ കമ്മ്യൂണിസവുമായി യാതൊരു ബന്ധവുമില്ല. പറയുമ്പോൾ കമ്മ്യൂണിസം എന്ന് പറയുമെങ്കിലും ചെയ്യുന്നത് കോർപറേറ്റുകളെ വെല്ലുന്ന കാര്യങ്ങളും.

കമ്മ്യൂണിസം ഒരു രാജ്യത്തു വേരുറപ്പിക്കണമെങ്കിൽ അവിടെ ക്ലാസ് സിസ്റ്റം ഉണ്ടാകണം, നിർഭാഗ്യവശാൽ അല്ലെങ്കിൽ, ഇന്ത്യയുടെ ഭാഗ്യം നിമിത്തം ഇന്ത്യയിൽ ഉള്ളത് കാസറ്റ് സിസ്റ്റെം (ജാതി വ്യവസ്ഥ) ആണ്. അത് വളരെ ആഴത്തിലുള്ളതാണ്. അതുകൊണ്ടു തന്നെ ഇനിയൊരു ആയിരം വര്ഷം കഴിഞ്ഞാലും കമ്മ്യൂണിസ്റ്റ് എന്ന പേരിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്ക് ഇന്ത്യൻ മണ്ണിൽ വേരോട്ടമുണ്ടാകില്ല.

പറച്ചിൽ ഒന്ന് പ്രവർത്തി വേറൊന്നു :-

ജീവിതത്തിൽ ഇന്നേവരെ ഒരു ജോലിയും ചെയ്യാത്ത പ്രത്യേകിച്ച് ഒരു വരുമാനവും ഇല്ലാത്ത കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ ജീവിത രീതികളൊക്കെ തന്നെ പരിശോദിച്ചാൽ മതി. മക്കളെല്ലാം ഇവർ തന്നെ ബൂർഷ്വാ രാജ്യങ്ങളെന്നുവിളിക്കുന്ന അമേരിക്കയിലും മറ്റും പഠനം, ജോലി. സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന കോളേജുകളിൽ അടി, ഇടി, ബഹളം, സമരം.
ബാങ്ക് വായ്‌പ്പാ എടുത്താണ് നേതാവ് മക്കളെ വിദേശത്തുവിട്ടു പഠിപ്പിക്കുന്നത് എന്നൊന്നും പറഞ്ഞു ആരും വരണ്ട. 5000 രൂപയുടെ ഒരു വായ്‌പ്പാ കിട്ടാൻ ഒരു ബാങ്കിൽ എന്തൊക്കെ വേണ്ടിവരുമെന്ന് ഒരിക്കലെങ്കിലും ബാങ്കിൽ വായ്‌പ്പക്കയി പോയിട്ടുള്ളവർക്കറിയാൻ പറ്റും.

ഇന്ത്യ വിരുദ്ധത:

പേരിൽ തന്നെ ഇന്ത്യ വിരുദ്ധത ഉള്ള പാർട്ടിയുടെ കൂടുതൽ ഇന്ത്യ വിരുദ്ധത വിശദീകരിക്കണ്ടല്ലോ. ഒരു പക്ഷെ ഇടതുപാർട്ടികൾ ഇന്ത്യയിൽ നേരത്തെ ഇല്ലാതായിരുന്നു എങ്കിൽ ഇന്ത്യയുടെ ഇക്കോണമി ഒരു 3 TRILLION നിൽ എത്തിയേനെ എന്നാണ് ഞാൻ കരുതുന്നത്.

കേരളം ഇന്ത്യയിലെ എല്ലാ കാര്യങ്ങളിലും ഒന്നാമതായി നിൽക്കുന്നത് കേരളം കമ്മ്യൂണിസ്റ്റുകാർ ഭരിച്ചതുകൊണ്ടാണ് എന്ന സ്ഥിരം പല്ലവി കേൾക്കാറുണ്ട്.
ഹ്യൂമൻ ഡെവലൊപ്‌മെന്റ് ഇൻഡക്‌സ് ൽ കേരളം മുമ്പിൽ നിൽക്കുന്നത് ഇടതു പക്ഷ ഭരണത്തിന്റെ ഗുണമേ കൊണ്ടാണെങ്കിൽ, 35 വര്ഷം തുടർച്ചയായി ഇടതുപക്ഷം ഭരിച്ച ബംഗാൾ, ഹ്യൂമൻ ഡെവലൊപ്‌മെന്റ് ഇൻഡക്‌സ് ൽ ഏറ്റവും മുന്നിലുള്ള ലോകരാജ്യങ്ങളെ വരെ പിൻതള്ളേണ്ടതല്ലായിരുന്നോ?

അപ്പോൾ പിന്നെ കേരളം എങ്ങനെ മുന്നിലെത്തി? ഇടതുപക്ഷ ചിന്തകനും ചരിത്രകാരനായ രാമ ചന്ദ്ര ഗുഹ തന്റെ Patriots & Partisans എന്ന ബുക്കിൽ പറയുന്നു. കേരളത്തിന്റെ സാമൂഹിക സാമ്പത്തീക മുന്നേറ്റങ്ങൾക്ക് കാരണം:-

ശ്രീനാരായണ ഗുരുവിനെപ്പോലുള്ള നവോഥാന നായകരുടെ വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നൽകിയുള്ള ഇടപെടൽ. പുരോഗമന വാദികളായ രാജാക്കന്മാർ കേരളം ഭരിച്ചിരുന്നതിന്റെ ഗുണം (1815 ൽ തിരുവിതാംകൂറിൽ പ്രാഥമീക വിദ്യാഭ്യാസം നിർബന്ധമാക്കിയിരുന്നു).
ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തങ്ങൾ. ജനം വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി, പുതിയ അറിവുകൾ ലഭിച്ചു. പട്ടിണി കുറഞ്ഞു. കുട്ടികളെ സ്‌കൂളുകളിലേക്കയക്കാൻ തുടങ്ങി.
മേല്പറഞ്ഞ കാര്യങ്ങൾ ഇല്ലായിരുന്നെകിൽ കേരളവും ബംഗാൾ പോയേയ്ക്കുമായിരുന്നു എന്നതാണ് വസ്തുത.

ഇടതുപക്ഷം കേരളത്തിൽ ചെയ്തതിൽ ചെയ്ത ഏറ്ററ്വും മികച്ച കാര്യം എന്താണെന്നു ചോദിച്ചാൽ ഞാൻ പറയും അത് ഭൂപരിഷ്‌ക്കരണമായിരുന്നു എന്ന്. ബാക്കി കേരളത്തിന്റെ ഇന്നത്തെ അവസ്ഥക്ക് അത് നല്ലതായാലും ചീത്തയായലും കോൺഗ്രസിനും അവകാശമുണ്ട്.  അവസാനമായി ഏറ്റവും പ്രധാന കാര്യം. ഇടതുപക്ഷം ഇപ്പോഴും ഒരു 30 വര്ഷം പുറകിലാണ് ചിന്തിക്കുന്നത്(നേതാക്കന്മാരുടെയും കുടുംബങ്ങളുടെയും ജീവിത നിലവാരം മാത്രമേ 5G നിലവാരത്തിൽ എത്തിയിട്ടുള്ളൂ). ബിജെപി 2022 ൽ ഇന്ത്യയെ വികസന രാഷ്ട്രമാക്കും എന്ന് പറയുമ്പോൾ ഇടതുപക്ഷം ഇപ്പോഴും ബീഫും, ഗാന്ധി വധവും, ഗുജറാത്തും പറഞ്ഞിരിപ്പാണ്.

എന്റെ ഇടതു അനുഭാവികളെ, ഇന്ത്യയുടെ 65% വരുന്ന യുവജനതക്കു ഒരു 5 വര്ഷം മുമ്പ് ഇന്ത്യയിൽ എന്ത് നടന്നു എന്നുപോലും അറിയേണ്ട. അവർക്കു അവരുടെ ഭാവിയെകുറിച്ചാണ് അറിയേണ്ടത്. അതുകൊണ്ടാണ് യുവജനത ബിജെപി യെ പിന്തുണക്കുന്നത്.

ചാണക സംഘികൾ എന്നൊക്കെ പറഞ്ഞു ബിജെപി അനുഭാവം പുലർത്തുന്നവരെ പരിഹസിക്കുന്നവർ ഓർക്കുക ബിജെപി അനുഭാവം പുലർത്തുന്ന യുവാക്കളിൽ നല്ലൊരു ശതമാനവും ഉന്നത വ്ദ്യാഭ്യസം നേടിയവരും, വൻകിട സ്ഥാപങ്ങളിലും മറ്റും ജോലി ചെയ്യുന്ന പ്രൊഫെഷനൽസുമാണ്. വൈറ്റ് കോളർ ജോലി ചെയ്യുന്നവർ രാഷ്ട്രീയത്തിൽ ഇടപെടില്ല എന്നൊക്കെ ചിന്തിക്കുന്നത് മണ്ടത്തരമാണ്. അവരൊക്കെ എഴുതാൻ തുടങ്ങിയാൽ അല്ലെങ്കിൽ പൊതുപ്രവർത്തന രംഗത്തേക്ക് വന്നാൽ അവരുടെയൊക്കെ ചോദ്യങ്ങൾക്കു മുമ്പിൽ നിങ്ങൾക്കൊന്നും ഉത്തരം ഉണ്ടാകില്ല. വലിച്ചു കീറി ഒട്ടിക്കും.

ഇൻഫോസിസിൽ സീനിയർ എക്‌സിക്യൂട്ടീവായി ഇപ്പോൾ ലണ്ടനിൽ ജോലി ചെയ്യുന്ന ഒരു ചേട്ടൻ പറഞ്ഞത് കുറച്ചുനാൾ കൂടി ജോലി ചെയ്തു ഭാവിയിലേക്കുള്ള സമ്പാദ്യം സ്വരൂപിച്ചിട്ടു പൊതുപ്രവർത്തനത്തിലേക്കിറങ്ങും എന്നാണ്. അതായതു അദ്ദേഹം രാഷ്ട്രീയത്തെ പൈസ ഉണ്ടാക്കാനുള്ള മാർഗമായല്ല കാണുന്നത് എന്നാണ്. അദ്ദേഹത്തെ പോലെ ചിന്തിക്കുന്ന ഒത്തിരി ആളുകൾ വിദേശങ്ങളിലും കേരളത്തിലുമൊക്കെ ജോലി ചെയ്യുന്നുണ്ട്. അവരൊക്കെ പൊതുപ്രവർത്തനത്തിലേക്കിറങ്ങുമ്പോൾ കേരളത്തിലും മാറ്റങ്ങൾ വരും എന്ന് തീർച്ച.

ഇന്ന് ബംഗാൾ ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കും എന്നാണ് പറയുന്നത്. ബംഗാൾ ചിന്തിച്ചുകഴിഞ്ഞു, ഏറെക്കുറെ ഇന്ത്യയും. അത് കേരളവും ചിന്തിക്കും. അതിനു അധികം സമയം വേണ്ട.

പ്രത്യേക അറിയിപ്പ്:- എന്റെ പോസ്റ്റുകൾക്ക് താഴെ വെറുതെ ഭീഷണി എഴുതി സമയം കളയണ്ട. ചാറ്റ് ബോക്‌സിൽ വന്നു തെറിയും വിളിക്കണ്ട. ഇന്നലെ ഒരു ലോക്കൽ നേതാവ് എന്റെ കുടുംബാഗങ്ങളെ വരെ വലിച്ചിഴക്കൻ നോക്കുന്നത് കണ്ടു. ഡൽഹിയിലെ സഹിഷ്ണുതയുടെ മാടപ്രാവുകൾക്കു അവർക്കെതിരെ ഒരു ബ്ലോഗ് കണ്ടാൽ വിയർക്കും, ഞരമ്പുകളിൽ രക്ത ഓട്ടം കൂടും. പക്ഷെ ബ്ലോഗുമായി ബന്ധപെട്ടു മറുപടി എഴുതാൻ അറിയില്ല. അതുമായി യാതൊരു ബന്ധവുമില്ലത്ത കാര്യങ്ങൾ എഴുതിപിടിപ്പിക്കും, അല്ലെങ്കിൽ ഭീഷണിയുമായി വരും, കുടുംബാംഗങ്ങളെപോലും വെറുതെ വിടില്ല.. ഇത്രേ ഉള്ളൂ നിങ്ങളൊക്കെ ഈ പൊക്കി പിടിക്കുന്ന സഹിഷ്ണുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP