Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആവിഷ്‌കാര സ്വാതന്ത്ര്യം മീശപിരിക്കുമ്പോൾ

ആവിഷ്‌കാര സ്വാതന്ത്ര്യം മീശപിരിക്കുമ്പോൾ

ജോയ് ഡാനിയേൽ, ദുബായ്

മീശ എന്ന വിവാദ നോവൽ ഒരു നോവലായി മലയാളി മനസ്സുകളിൽ പതിഞ്ഞ അന്നുമുതൽ ഉറവയെടുത്ത ചില ചിന്തകളാണ് താഴെ. ആദ്യം വിവാദമായ അദ്ധ്യായങ്ങൾ ആഴ്ചപ്പതിപ്പിൽ വായിക്കുക, പിന്നെ അഭിപ്രായം എന്നുകരുതി. പലരുടെയും എടുത്തുചാടി, കഥയറിയാതെ ആട്ടം കാണുന്ന കുറിപ്പുകളും, ഭീഷണികളും, നോവൽ പിൻവലിക്കലും അവസാനം പുസ്തകമാക്കലും നടന്നു. ഇനി ണ്ട് വരികൾ കുറിക്കാം എന്ന് തോന്നി. 

ക്ഷേത്രങ്ങളിലും പള്ളികളിലും ഒക്കെ കാലെടുത്തവയ്ക്കുമ്പോൾ ഓർമ്മ വരുന്നത് എല്ലാ മതങ്ങളും ഒരേ ദൈവത്തിലേക്കുള്ള പല വഴികൾ ആണെന്നുള്ള ശ്രീരാമകൃഷ്ണ പരമഹംസന്റെയും എന്റെ ആലയം പ്രാർത്ഥനാലയം ആകുന്നു എന്ന യേശുവിന്റെയും വാക്കുകളാണ്. അതിനാൽത്തന്നെ അൾത്താരയുടെ മുന്നിലും ശ്രീകോവിലിനു മുന്നിലും ഒരേ ദൈവചിന്തയിൽ നിൽക്കാൻ കഴിയുന്നു. അവിടെ ഞാനോ എന്റെ വീട്ടുകാരോ കൂട്ടുകാരോ സെക്‌സ് എന്ന ഒരു ചിന്തയിൽ നിൽക്കുന്നുവെങ്കിൽ എനിക്കോ അവർക്കോ എന്തോ മാനസിക വൈകല്യം ഉണ്ടെന്ന് ഉറപ്പാണ്. 

ചിന്തിക്കുന്നതാണ് എഴുതുന്നത്. എഴുതുന്നതാണ് വായിക്കപ്പെടുന്നത്. വായിക്കുന്നതാണ് പഠിക്കുന്നത്. നമ്മുടെ മതഗ്രന്ഥങ്ങൾ, കഌസിക്കുകൾ എല്ലാം കാണുന്നതും, വായിക്കുന്നതും അത് എഴുതപെട്ട കാലംകൂടി മനസ്സിൽ കണ്ടുവേണം. അന്ധമായ വിശ്വാസമോ മതാനുകരണമോ നമ്മളെ മതഭ്രാന്തന്മാരാക്കും. പാഞ്ചാലിക്ക് അഞ്ച് ഭർത്താക്കന്മാരുള്ളതും, പുരുഷനെ അറിയാതെ കന്യക പ്രസവിക്കുന്നതും, ശബരിമലയിൽ സ്ത്രീ വിലക്കും എല്ലാം വിശ്വാസ ബന്ധിതമാണ്. അതിന്റെ പൊരുളും, സത്യവും, സമത്വവും ഒക്കെ അന്വേഷിച്ച് പോകുന്നത് ക്രിസ്ത്യാനി ഉള്ളിയും, ഹിന്ദു കാബേജ്ജും കുത്തിയിരുന്ന് പൊളിക്കുന്നപോലായാകും. അല്ലെങ്കിൽ മുസ്‌ളീം മാങ്ങയാണോ മാങ്ങയണ്ടിയാണോ മൂത്തത് എന്നും സിക്കുകാരൻ മുട്ടയാണോ കോഴിയാണോ ആദ്യം വന്നത് എന്നും അന്വേഷിക്കുന്നപോലെയായിരിക്കും. 

ഏതെങ്കിലും മതത്തിൽ ജനിച്ചത് നമ്മുടെ തെറ്റല്ല. ജനിച്ച മതത്തിൽ വിശ്വസിച്ച് അവസാന ശ്വാസം വരെയും ജീവിക്കാൻ നമുക്കവകാശംമുണ്ട്. വിവിധ മതത്തിലെ അംഗങ്ങൾ ആയിരിക്കുമ്പോളും, നാമെല്ലാം ഭാരതീയരാണ്. നമ്മുടെ സംസ്‌കാരം സിന്ധു നദിയുടെ തീരത്തുണ്ടായ, പത്തൊൻപതാം നൂറ്റാണ്ടുവരെ വെറും ജ്യോഗ്രഫിക്കലായി മാത്രം സിന്ധുക്കൾ എന്നും പിന്നീട് ഹിന്ദുക്കൾ എന്നും അറിയപ്പെട്ട സംസ്‌കാരത്തിന്റെ ഭാഗമാണ്. നാനാമതസ്ഥരെ രണ്ടുകൈയും നീട്ടി സ്വീകരിച്ച സംസ്‌കാരത്തിനുടമകളാണ്. അപ്പോൾ നമ്മളിൽ നിക്ഷിപ്തമായിരിക്കുന്ന ആദ്യ ധർമ്മം ഒരിക്കലും എന്റെയോ എന്റെ സഹോദരന്റെയോ പരിപാവനതയെ, അവരുടെ വിശ്വാസത്തെ ഹനിക്കാതിരിക്കുകയാണ്. 

മീശയിൽ ഹരീഷ് എന്ന എഴുത്തുകാരന് സംഭവിച്ച പാളിച്ച മേൽപറഞ്ഞ വിശ്വാസത്തിന്റെ പരിപാവനതേയും, നമ്മുടെ സ്ത്രീത്വത്തിന്റെ മഹത്വത്തെയും കുത്തിനോവിച്ചു എന്നതാണ് (വായിച്ചടത്തോളം അത് മനഃപൂർവമാണ്). എന്താണ് എഴുത്തുകാരന് അതുകൊണ്ട് കിട്ടുന്ന സംതൃപ്തി? അഭിപ്രായ സ്വാതന്ത്ര്യം, എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞ് കാടുകയറേണ്ട ഒരാവശ്യവും ഇല്ല. മീശയുടെ വിവാദമായ രണ്ടാം അധ്യായത്തിൽ രണ്ടിടത്ത് സ്ത്രീകളെ ഇത്തരത്തിൽ വർണിക്കുന്നുണ്ട്. ഒന്ന് വിവാദ കൂട്ടുകാരന്റെ സംഭാഷണം, രണ്ടാമത്തേത് എതിരാളിയുടെ പ്രസംഗത്തിൽ നായകനെ കളിയാക്കി ചിരിക്കുന്ന സ്ത്രീകൾ വേണമെങ്കിൽ നാളെ എന്റെ കൂടെ കിടക്കയും പങ്കിടും എന്ന വരികൾ. അവസാന ഭാഗത്ത് ഒരു അശഌല പുസ്തകത്തിലെപ്പോലെ ചില വാക്കുകളും. ഈ രംഗങ്ങൾ എല്ലാം ഒരുപക്ഷേ വിവാദത്തിന് വേണ്ടി കൂട്ടിച്ചേർത്താത്തതാണോ എന്നുവരെ വായനക്കാരന് സംശയം തോന്നുന്നവയാണ്. 

ചിന്തകളുടെ താളംപിഴക്കലല്ലേ ഇത്തരം എഴുത്തുകൾ? ഇത് എഴുത്തുകാരന്റെ ചിന്തയല്ല, കേവലം കഥയിലെ കഥാപാത്രത്തിന്റെ വാക്കുകൾ മാത്രമാണ് എന്ന് പറയുമ്പോൾ 'എന്റെ ഗർഭം ഇങ്ങനെ അല്ല'എന്ന് ജഗതി സിനിമയിൽ പറയുന്ന വാക്കുകൾ ആണ് ഓർമ്മവരുന്നത്. കഥകൾ വരുന്നത് എഴുത്തുകാരന്റെ തലയിൽനിന്ന് തന്നെയാണ്. അല്ലാതെ അയലത്തുകാരന്റെ പറമ്പിൽനിന്നല്ല.

ചുരുക്കത്തിൽ ഇവിടെ കേവലം ഒരു പത്രാധിപരുടെ മേശമേൽ ചെയ്യേണ്ടിയിരുന്ന താക്കോൽദ്വാര സർജറിയുടെ നിലയിൽ നിന്നും ശരീരം മുഴുക്കെ വെട്ടിമുറിച്ച് തുന്നികെട്ടേണ്ട ഗതിയിലാക്കി എന്നതാണ് സത്യം. 

ഇതിലും മോശം എഴുത്തുകളും വരികളും മുമ്പും ഉണ്ടായിട്ടില്ലേ എന്ന് ചോദിച്ചേക്കാം. ഉണ്ടായിരിക്കാം. പക്ഷേ കാലം മാറി. ഞാൻ ഈ എഴുതുന്ന വരികൾ പൊതുജനസമക്ഷം എത്തിക്കാൻ അസാധ്യമായിരുന്ന പഴയ കാലമല്ല ഇത്. ആറിയ കഞ്ഞി പഴങ്കഞ്ഞി പോലെ പ്രതികരണം തപാൽവഴി എത്തുന്ന കാലവുമല്ല. പിന്നെയോ മിനിട്ടുകൾക്കകം ലൈക്കും, കമന്റുകളും, ഫോർവേർഡുകളും പ്രത്യക്ഷപ്പെടുന്ന കാലത്തിലേക്കാണ് നാം എത്തിയിരിക്കുന്നത്. ഈ ഫൈബർ ഒപ്റ്റിക് കേബിൾ വേഗതയും സോഷ്യൽ മീഡിയാകളുടെ അമിത ഉപയോഗവും വായനക്കാരുടെ വൈകാരികതയിലും ഉണ്ടാകും. 

നെഗറ്റീവ് പബ്ലിസിറ്റിയുടെ കാലമാണിത്. നിങ്ങൾ ചെയ്യുന്ന സാമൂഹ്യ സേവനങ്ങൾ ആരും കാണില്ല. എന്നാൽ ഒരു പള്ളിയെയോ അമ്പലത്തെയോ ചീത്തവിളിച്ചാൽ നിങ്ങൾ ഒരു നിമിഷംകൊണ്ട് (കു)പ്രസിദ്ധനാകും. അല്ലെങ്കിൽ വൈറൽ ആകും. ഇവിടെ ഈ നെഗറ്റീവ് പബ്ലിസിറ്റി മീശയുടെ എഴുത്തുകാരനും പ്രസാധകരും മനപ്പൂർവ്വം ആഗ്രഹിച്ചിരുന്നോ എന്ന് സംശയം തോന്നാം. അല്ലെങ്കിൽ ഇത്തരം വിവാദങ്ങൾക്കല്ലാതെ ആർക്കും വേണ്ടാത്ത വാക്കുകൾ കഥയിൽ കുത്തിനിറയ്ക്കില്ലല്ലോ. ഇപ്പോൾ ഒരുദിവസം കൊണ്ട് ദേശീയ മാധ്യമങ്ങളിൽ വരെ മീശ പിരിച്ച് മതത്തിന്റെ ഏണിയെടുത്ത്‌വച്ച് കയറിയില്ല? കേസ് കോടതിവരെ എത്തിയില്ലേ? 

മതം എപ്പോളും വൈകാരികമായ രംഗമാണ്. തന്റെ വിശ്വാസത്തെ, ഭക്തിയെ ഹനിക്കപ്പെടുമ്പോൾ പലരും പ്രതികരിക്കും. പരമാവധി നമ്മുടെ സമൂഹത്തെ കുത്തിനോവിക്കാതിരിക്കുക എന്നത് ഒരു എഴുത്തുകാരന്റെ കടമമാത്രമല്ല, കർത്തവ്യംകൂടിയാണ്. പ്രത്യേകിച്ച് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ഏറെ ശ്വസിക്കുന്ന നമ്മുടെ കൊച്ചുകേരളത്തിൽ. 

ആവിഷ്‌കാര സ്വാതന്ത്ര്യമേ നമുക്കുള്ളൂ, അനാവശ്യത്തിനുള്ള സ്വാതന്ത്ര്യം ഇല്ല. സ്ത്രീത്വത്തെയും, മതത്തെയും, സംസ്‌കാരത്തെയും ബലാത്‌സംഗം ചെയ്യാനുള്ള ആഗ്രഹം എഴുത്തുകാരന് നല്ലതുമല്ല. മാന്യമായി കല്യാണം കഴിച്ച് പരിഗ്രഹിച്ച് ജനിക്കാത്ത കുട്ടികൾ ജാരസന്തതികൾ എന്നറിയപ്പെടും. കഥകൾ, കവിതകൾ എല്ലാം ജാരസന്തതികൾ ആകേണ്ടതല്ല. സൗന്ദര്യവും, മാനവും മഹിമയും ഉള്ള നല്ല മക്കളായി വിളങ്ങേണ്ടവരാണ്. 

'മാ നിഷാദ' എന്ന് കാട്ടാളന് തോന്നാൻ ഒരു കാരണം ഉണ്ട്. ഒരു നല്ല കാരണം. നന്മയുടെ കാരണം. 

തന്റെ വിശ്വാസത്തിന് അമ്പേൽക്കുമ്പോൾ ഭക്തൻ പ്രതികരിക്കും. വികാരംകൊള്ളും. ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് തന്നെ പന്നിയുടെയും പശുവിനെയും കൊഴുപ്പ് ഉപയോഗിക്കുന്നു എന്ന പ്രചരണംകൊണ്ടല്ലേ? ഇന്ത്യ എന്ന രാജ്യം വെട്ടിമുറിച്ചത് തന്നെ മതം എന്ന ചിന്തയല്ലാതെ പിന്നെന്താണ്? ലക്ഷകണക്കിന് ആൾക്കാരുടെ മരണവും, പട്ടിണിയും, കൊടും ക്രൂരതയും സാക്ഷ്യം വഹിച്ച വിഭജന കാലഘട്ടത്തിലെ തുറന്നുവിട്ട ഭൂതം മതം മാത്രമായിരുന്നു. 

വിവാദം അതിരുവിട്ടതോടെ മാതൃഭൂമി ജൂലൈ 29 ലക്കത്തിൽ ഹരീഷ് ഇങ്ങനെ എഴുതി '.....അതുകൊണ്ട് എന്റെ നോവൽ 'മീശ' ഞാൻ പിൻവലിക്കുകയാണ്. ഉടനെ പുസ്തകമാക്കാനും ഉദ്ദേശിക്കുന്നില്ല. സമൂഹം വൈകാരികത അടങ്ങി നോവൽ ഉൾകൊള്ളാൻ പാകപെട്ടെന്നുതോന്നുമ്പോൾ പുറത്തിറക്കും'. 

ഇത് പറഞ്ഞ് ഒരാഴ്ചയ്ക്കകം നോവൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങി. വില 299/ രൂപ!! ചീത്ത വിളിച്ചവരും, എന്താണ് സംഭവം എന്നറിയാത്തവരും എല്ലാം പോയി വായിക്കുന്നതിന് മുമ്പ് അഭിപ്രായം പറഞ്ഞവരും എല്ലാവരും ചൂടപ്പം പോലെ ഓടിപ്പോയിവാങ്ങും. അത് സ്വാഭാവികം. അല്ലെങ്കിൽ തന്നെ ഇന്ന് എല്ലാ വലിയ പ്രസാധകരും വിവാദം എന്ന കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്നവരാണ്. പ്രത്യേകിച്ച് ആത്മകഥ, അനുഭവക്കുറിപ്പ് എന്നൊക്കെ പറഞ്ഞ് പടച്ചുവിടുന്ന പേക്കൂത്തുകൾ. ആകാംഷ എന്ന മനുഷ്യന്റെ കൂടപ്പിറപ്പിനെ കൂട്ടുപിടിച്ചാണ് ഇന്ന് ഇത്തരം വിപണന തന്ത്രങ്ങൾ ഒരുക്കുന്നത്. അങ്ങനെ മുട്ടൻ വിവാദമുണ്ടാക്കി സിനിമകളും, ടി.വി ഷോകളും, പ്രസംഗങ്ങളൂം, ബുക്കുകളും ഏണിയും പാമ്പും കളിക്കുംപോലെ ഒറ്റയടിക്ക് ചാടി മുകളിൽ കയറുന്നു. 

മീശ മാതൃഭൂമിയിൽ നിന്നും പിൻവലിച്ച് ആദ്യ വിവാദം ഒന്നടങ്ങും മുമ്പ് ഇത് പ്രസിദ്ധീകരിച്ചതിൽ നിന്നും എഴുത്തുകാരനോ മാതൃഭൂമി ആഴ്ച പതിപ്പോ നട്ടാൽ കിളിക്കാത്ത കള്ളം പറയുകയായിരുന്നു എന്നതല്ലേ സത്യം? സത്യത്തിൽ ഈ പിൻവലിക്കലിലും, മീശ എന്ന പുസ്തകത്തിലും ഒരേസമയത്തല്ലേ അച്ചടിമഷി പുരണ്ടത്. ഇവിടെ വിഡ്ഢി വായനക്കാരൻ മാത്രം. 

ഒന്നുകൂടി. മീശ എന്ന നോവൽ എഴുതിയ ഹരീഷിന് നേരെയും കുടുംബത്തിന് നേരെയും ഭീഷണിയും ചീത്തവിളിയും നല്ലൊരു സംസ്‌കാരത്തിനും നല്ല ഈശ്വരവിശ്വാസിക്കും യോജിച്ചതല്ല. നിയമം കയ്യിലെടുക്കാൻ നമുക്ക് ആരും അധികാരം തന്നിട്ടുമില്ല. അതിന് നിയമമുണ്ട്, കോടതിയുണ്ട്, ഭരണകൂടമുണ്ട്. 

നമുക്ക് മുന്നിൽ നെഗറ്റീവ് പബ്ലിസിറ്റിക്കുവേണ്ടിയുള്ള, നേരായ മാർഗ്ഗം വ്യതിചലിച്ച് കുറുക്കുവഴി തേടുന്ന പേക്കൂത്തുകൾ അല്ലെങ്കിൽ മീശപിരിക്കൽ ഇനിയും ഒട്ടനവധി കാണേണ്ടിവരും. അതിനൊക്കെ അത് അർഹിക്കുന്ന വില മാത്രം കൊടുക്കുക അല്ലെങ്കിൽ അവഗണിക്കുക. നിങ്ങൾക്ക് വേണ്ടാത്തത് ചവറ്റുകൊട്ടയിൽ എറിയുക. അല്ലാതെ വെട്ടാനും, തല്ലാനും കൊല്ലാനും പോയി ആവശ്യമില്ലാത്ത റീച്ച് ഒന്നിനും ഉണ്ടാക്കികൊടുക്കാതിരിക്കുക. വാളെടുത്തവൻ വാളാൽ. 

ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കണം. അതോടൊപ്പം മതത്തിന്റെയും സമൂഹത്തിന്റെയും പരിപാവനതയും. 

വളക്കാം... എന്നാൽ ഒടിക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP